Asianet News MalayalamAsianet News Malayalam

ഇന്ത്യ ദരിദ്രരാജ്യമെന്ന് സ്‌നാപ്ചാറ്റ് സിഇഒ; സോഷ്യല്‍മീഡിയയില്‍ പൊങ്കാല

snapchat denies poor india comment
Author
First Published Apr 16, 2017, 5:37 AM IST

ദില്ലി: ഇന്ത്യ പോലെയുള്ള ദരിദ്രരാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന‍് താല്‍പര്യമില്ലെന്ന സ്‌നാപ് ചാറ്റ് സിഇഒയുടെ പരാമര്‍ശം വിവാദമായി. പ്രമുഖ അമേരിക്കന്‍ ന്യൂസ് പോര്‍ട്ടല്‍ വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍ സ്‌നാപ്ചാറ്റ് ജീവനക്കാരന്റെ അഭിമുഖമാണ് വിവാദമായത്. ഇന്ത്യപോലെയുള്ള ദരിദ്രരാജ്യങ്ങള്‍ക്ക് വേണ്ടിയല്ല, പണക്കാര്‍ക്ക് വേണ്ടിയാണ് സ്‌നാപ്ചാറ്റ് ആപ്പെന്ന് കമ്പനി സിഇഒ ഇവാന്‍ സ്‌പൈജെല്‍ പറഞ്ഞതായി കമ്പനിയിലെ മുന്‍ ജീവനക്കാരനായ ആന്റണി പോംപ്ലിയാനോ വെളിപ്പെടുത്തിയത്. കൂടുതല്‍ രാജ്യങ്ങളിലേക്ക് സ്‌നാപ്ചാറ്റ് പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന തന്റെ നിര്‍ദ്ദേശം അവഗണിച്ചാണ് സ്‌പൈജെല്‍ ഇങ്ങനെ പറഞ്ഞത്. ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ക്ക് വലിയ സാധ്യതയാണുള്ളതെന്ന് പറഞ്ഞപ്പോഴാണ്, ദരിദ്രരാജ്യങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല സ്‌നാപ്ചാറ്റ് ആപ്പെന്ന് സ്‌പൈജെല്‍ മറുപടി നല്‍കിയത്. ഇന്ത്യയ്ക്കെതിരായ സ്‌പൈജെലിന്റെ പരാമര്‍ശനം വലിയതോതിലുള്ള വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. മുകേഷ് അംബാനി ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മൂന്നു ബില്യണ്‍ മാത്രം ആസ്‌തിയുള്ള സ്നാപ്ചാറ്റിനെ 30 ബില്യണ്‍ ആസ്‌തിയുള്ള തനിക്ക് ഏഴു തവണ വാങ്ങാനാകുമെന്നായിരുന്നു മുകേഷ് അംബാനിയുടെ ട്വിറ്ററിലൂടെയുള്ള മറുപടി. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ സ്‌നാപ്ചാറ്റിന് ട്രോളും പൊങ്കാലയുമായി ഉശിരന്‍ മറുപടികളാണ് ഇന്ത്യക്കാര്‍ നല്‍കുന്നത്. സംഗതി വിവാദമായതോടെ അങ്ങനെ പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി സ്‌നാപ്ചാറ്റ് ഔദ്യോഗികമായി രംഗത്തെത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios