Asianet News MalayalamAsianet News Malayalam

ജിയോയ്ക്ക് ട്രായി നല്‍കിയ 'ഷോക്ക് ട്രീറ്റ്മെന്‍റ്' ഉപയോക്താവിന് ഗുണം ചെയ്യും

TRAI did not use powers to stop Jio Summer Surprise at once
Author
First Published Apr 8, 2017, 6:03 AM IST

 റിലയന്‍സ് ജിയോ അടുത്തിടെ പ്രഖ്യാപിച്ച സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ഏപ്രില്‍ 6ന് അപ്രതീക്ഷിതമായാണ് പിന്‍വലിച്ചത്. ടെലികോം റെഗുലേറ്ററി അതോററ്റിയുടെ നിര്‍ദേശപ്രകാരമായിരുന്നു 70 മില്ല്യണില്‍ ഏറെ ഉപയോക്താക്കള്‍ക്ക് ലഭിക്കുമായിരുന്നു മൂന്നുമാസത്തെ ഓഫര്‍ ജിയോ പിന്‍വലിച്ചത്. ഏപ്രില്‍ 15നകം പ്രൈം അംഗത്വം എടുക്കുന്നവര്‍ക്ക് 303 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല് മൂന്നു മാസം വരെ ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ഓഫര്‍. 

എന്നാല്‍ ഈ ഓഫര്‍ തുടരാനാകില്ലെന്ന് ട്രായ് അറിയിച്ചതോടെയാണ് സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിച്ചത്. അതേസമയം ഇതിനോടകം 99 രൂപ മുടക്കി പ്രൈം അംഗത്വം എടുത്തവര്‍ക്ക് ഈ ഓഫര്‍ തുടരാനാകും. പ്രൈം അംഗത്വം എടുത്തവര്‍ക്ക് 303 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ മൂന്നു മാസം വരെ ദിവസം ഒരു ജിബി വരെ ഡാറ്റ സൌജന്യമായി ലഭിക്കും. 

എന്നാല്‍ ജൂലൈ മാസത്തിന് ശേഷം 303 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 28 ദിവസം മാത്രമായിരിക്കും ഓഫര്‍ ലഭ്യമാകുക. ജിയോയുടെ സൌജന്യ ഓഫറുകള്‍ക്കെതിരെ മറ്റ് നെറ്റ്വര്‍ക്കുകള്‍ ട്രായിക്ക് പരാതി നല്‍കിയിരുന്നു. ജിയോ സൌജന്യ കോള്‍ സേവനം നല്‍കുന്നത് നെറ്റ്വര്‍ക്കുകളെ ബാധിക്കുന്നുവെന്നായിരുന്നു പരാതി. 

എന്നാല്‍ ഇത് മാത്രമല്ല ട്രായ് ഇത്തരം ഒരു തീരുമാനത്തില്‍ എത്തുവാന്‍ കാരണം എന്നതാണ് സത്യം. 2016 സെപ്തംബര്‍ മാസത്തില്‍ ആരംഭിച്ച ജിയോ ഡിസംബര്‍ അവസാനം വരെ വെല്‍ക്കം ഓഫര്‍ എന്നപേരില്‍ സൗജന്യം പ്രഖ്യാപിച്ചാണ് തുടങ്ങിയത്. അന്നു തന്നെ മറ്റ് നെറ്റ്വര്‍ക്കുകള്‍ ജിയോയ്ക്ക് എതിരെ ട്രായിയെ സമീപിച്ചിരുന്നു. എന്നാല്‍ അത് ട്രായി തള്ളി, പിന്നീട് വിവിധ കമ്മീഷനുകളില്‍ ജിയോയ്ക്കെതിരെ എതിരാളികള്‍ സമീപിച്ചെങ്കിലും അവിടെ എല്ലാം ജിയോ വിജയം നേടി എന്നതാണ് സത്യം. ജനുവരി മുതല്‍ വീണ്ടും മാര്‍ച്ച് 31വരെ സൗജന്യം വീണ്ടും നീട്ടിയതോടെ ട്രായിയെ സമീപിച്ച എതിരാളികള്‍ക്ക് അവിടെയും പളിപാളി.

ഇതിന് പുറമേ തങ്ങളുടെ കോളുകള്‍ മറ്റ് നെറ്റ്വര്‍ക്കുകള്‍ കണക്ട് ചെയ്ത് തരുന്നില്ലെന്ന ജിയോയുടെ പരാതിയിലും ജിയോയ്ക്ക് അനുകൂലമായാണ് ട്രായി വിധി കല്‍പ്പിച്ചത്. ഇത്തരത്തില്‍ 6 മാസത്തില്‍ എട്ടോളം പരാതികളാണ് ജിയോയുമായി ബന്ധപ്പെട്ട് രാജ്യത്തെ ടെലികോം നിയന്ത്രണ അതോററ്റിയില്‍ എത്തിയത്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചുവരെ ഇത്തരത്തില്‍ കിട്ടിയ എല്ലാ പരാതിയിലും ജിയോയ്ക്ക് ഒപ്പമായിരുന്ന ട്രായി.

എന്നാല്‍ സമ്മര്‍ സര്‍പ്രൈസ് ഓഫറില്‍ സംഭവിച്ചത് എന്താണ്?

ജിയോയുടെ കടന്നുവരവ് ഒരു വിപ്ലവം ഇന്ത്യന്‍ ടെലികോം മേഖലയില്‍ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ തെറ്റില്ല. 2ജി അഴിമതി ആരോപണ നിഴലില്‍ പല കമ്പനികളും രംഗം വിട്ടപ്പോള്‍ മുതല്‍ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ എല്ലാം ചേര്‍ന്ന് പരസ്പര ധാരണയോടെ ഉപയോക്താക്കളെ കൊള്ളയടിച്ചെന്ന് പറഞ്ഞാല്‍ തെറ്റില്ല. 1 ജിബിക്ക് 250ന് മുകളില്‍ ചാര്‍ജ് ചെയ്ത കാലം നമ്മുക്ക് സമീപ ഭാവിയില്‍ പോലും ഓര്‍മ്മയുണ്ട്. അതേ സ്ഥലത്ത് ആറുമാസത്തില്‍ , അതായത് ജിയോ വന്നതിന് ശേഷം 240 രൂപയ്ക്ക് 30 ജിബി ഡാറ്റയും, ഫ്രീ കോളും തരുന്നു ടെലികോം കമ്പനികള്‍.

മുന്‍പ് തന്നെ ഉപയോക്താക്കള്‍ക്ക് ഗുണകരമായ ഓഫറുകള്‍ പ്രഖ്യാപിക്കണം എന്ന് ട്രായി പലപ്പോഴും ആവശ്യപ്പെട്ടിട്ടും തങ്ങള്‍ മത്സരത്തിലാണെന്ന് ഭാവിക്കുന്ന ടെലികോം കമ്പനികള്‍ സംഘടിതമായി ട്രായിയുടെ നിര്‍ദേശങ്ങളെ മറികടക്കുകയായിരുന്നു. അന്ന് കൃത്യമായ പ്രൈസ് നിരക്കുകള്‍ ശ്രദ്ധിച്ചവര്‍ക്ക് മനസിലാകും ഓഫറിന്‍റെ പേരില്‍ മാത്രമാണ് വ്യത്യാസമുണ്ടായത്, ബാക്കിയൊക്കെ ഒന്ന് തന്നെയായിരുന്നു. 

ഇത്തരം ഒരു അവസ്ഥയില്‍ കടന്നുവന്ന ജിയോ ശരിക്കും ഈ ടെലികോം കമ്പനികളുമായി മത്സരിക്കുകയാണ് ചെയ്തത്. അത് അഭിനയമല്ലായിരുന്നു. പരസ്യവും മാര്‍ക്കറ്റിംഗും ചെയ്ത് ഒരു കമ്പനി ബില്‍ഡപ്പ് ചെയ്യുന്നതിനപ്പുറം ആ തുകകൂടി മികച്ച ടെക്നോളജിക്കായി നീക്കിവച്ച് ഓഫറുകളിലൂടെ വിപണി പിടിക്കാനുള്ള തന്ത്രമാണ് ജിയോ പയറ്റിയത്. അത് ശരിക്കും വിജയിച്ചു. 12 കോടിക്ക് അടുത്തായിരുന്നു മാര്‍ച്ച് അവസാനം ജിയോ മെമ്പര്‍മാരുടെ അംഗസംഖ്യ.  ഇതോടെ ഒട്ടുമിക്ക നെറ്റ്വര്‍ക്കുകളും ജിയോയ്ക്ക് അടുത്ത് നില്‍ക്കുന്ന ഓഫറുകള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. 

ഈ അവസരത്തിലാണ് ജിയോ പ്രൈം മെമ്പര്‍ഷിപ്പും, അതിന്‍റെ കൂടെ സമ്മര്‍ സര്‍പ്രൈസും പ്രഖ്യാപിച്ചത്. എന്നാല്‍ ശരിക്കും മറ്റ് കമ്പനികളെ വിപണിയില്‍ നിന്നും 6 മാസം അപ്രത്യക്ഷരാക്കിയ ജിയോയുടെ ഈ നടപടി ട്രായി അംഗീകരിച്ചില്ല. ഇത്രയും നീണ്ട കാലം ഫ്രീ ഓഫര്‍ നല്‍കുന്നത് ഇന്ത്യയിലെ നിലവിലെ ടെലികോം റെഗുലേഷനുകള്‍ക്ക് വിരുദ്ധമാണ്. അതിനാല്‍ തന്നെ ട്രായി ഇടപെട്ടു, ഇത്തരത്തില്‍ ഫ്രീ ഓഫര്‍ നല്‍കുന്നത്  ജിയോയ്ക്ക് ഇന്ത്യന്‍ ടെലികോം രംഗത്ത് ഏകാധിപത്യം സൃഷ്ടിക്കുമെന്ന് ട്രായി വിശ്വസിക്കുന്നു എന്നതിന്‍റെ തെളിവാണ്. മത്സരങ്ങളാണ് ഒരു രംഗത്തെ മുന്നോട്ട് നയിക്കുന്നത്.

എന്തായാലും ട്രായിയുടെ ഈ ഇടപെടല്‍ ആത്യന്തികമായി ഉപയോക്താവിനാണ് ഗുണം ചെയ്യുക എന്നതില്‍ സംശയമില്ല. ജിയോയുടെ സൗജന്യ ഓഫറുകള്‍ അവസാനിക്കുന്നതോടെ കൃത്യമായ മത്സരക്ഷമതയില്‍ ഇന്ത്യന്‍ ടെലികോം വിപണി പ്രവേശിക്കും. ഇപ്പോള്‍ തന്നെ ജിയോയുടെ ഓഫറിന് ഒരു പടി പിന്നിലാണ് ഇപ്പോഴും ടെലികോം കമ്പനികള്‍ അതിനാല്‍ എനിയെന്ത് ഓഫറുകള്‍ അവര്‍ മുന്നോട്ട് വയ്ക്കും എന്നത് ഉപയോക്താവിന്‍റെ ഭാവിയെക്കുറിച്ച് നല്ല സൂചനകളാണ് നല്‍കുന്നത്.

Follow Us:
Download App:
  • android
  • ios