Asianet News MalayalamAsianet News Malayalam

യാഹൂവിനെ വിറ്റു; തുക അ‌ഞ്ച് ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍

Verizon to buy Yahoo for $5 billion
Author
New York, First Published Jul 25, 2016, 12:05 PM IST

ന്യൂയോര്‍ക്ക്: യാഹൂവിനെ അമേരിക്കന്‍ ടെലികോം ഭീമന്‍ വെറയ്സണ്‍ വാങ്ങി. 5 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിനാണ് യാഹൂവിനെ ഇവര്‍ ഏറ്റെടുക്കുന്നത്. അടുത്ത് യാഹൂവുമായി അടുത്ത വൃത്തങ്ങള്‍ കമ്പനി വില്‍ക്കുവാന്‍ ഒരുങ്ങുന്ന കാര്യം സ്ഥിരീകരിച്ചിരുന്നു. അമേരിക്കന്‍ ഓഹരി വിപണി തുറക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് വെറയ്സണ്‍ വൃത്തങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടത്.

അമേരിക്കന്‍ ഇക്കണോമിക് സൈറ്റ് ബ്ലൂംബര്‍ഗ് ആണ് ആദ്യം ഈ വിവരം പുറത്തുവിട്ടത്. ഏതാണ്ട് 4.8 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിനാണ് ഏറ്റെടുക്കല്‍ എന്നാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വെറയ്സണ്‍ തങ്ങളുടെ ഇന്‍റര്‍നെറ്റ് ബിസിനസില്‍ കുതിപ്പ് ഉണ്ടാക്കും എന്നാണ് കരുതുന്നത്. യാഹൂവിന്‍റെ ഇപ്പോഴുള്ള സ്വഭാവം പൂര്‍ണ്ണമായും ഇവര്‍ നിലനിര്‍ത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം വെറയ്സണ്‍ യാഹൂവിന്‍റെ പരസ്യ സാങ്കേതിക വിദ്യ സ്വന്തമാക്കിയിരുന്നു. 

പുതിയ ഏറ്റെടുക്കലോടെ യാഹൂവിന്‍റെ സെര്‍ച്ച്, മെയില്‍, മെസഞ്ചര്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയുടെ നിയന്ത്രണവും വെറയ്സണ്‍ സ്വന്തമാക്കും.

2008 ല്‍ യാഹൂവിനെ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് ഒരു ശ്രമം നടത്തിയിരുന്നു എന്നാല്‍ അത് വിജയകരമായില്ല. ഇന്‍റര്‍നെറ്റ് സേവനങ്ങൾ ചെയ്യുന്ന ഒരു അമേരിക്കൻ പബ്ലിക് കോർപ്പറേഷനായാണ് യാഹൂ സ്ഥാപിക്കപ്പെട്ടത്. വെബ് പോർട്ടൽ, സേർച്ച് എഞ്ചിൻ, ഇ-മെയിൽ‍, വാർത്തകൾ തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിൽ ധാരാളം സേവനങ്ങൾ യാഹൂ നൽകി വരുന്നു. 

സ്റ്റാൻഫോർഡ്‌ സർവ്വകലാശാല ബിരുദധാരികളായ ജെറി യാങ്, ഡേവിഡ് ഫിലോ എന്നിവർ 1994 ജനുവരിയിൽ സ്ഥാപിച്ചതാണിത്‌. 1995 മാർച്ച്‌ 2ന്‌ ഇത്‌ നിയമവിധേയമാക്കി. കാലിഫോണിയയിലെ സണ്ണിവേലിൽ ഇതിന്‍റെ ആസ്ഥാനം സ്ഥിതിചെയ്യുന്നു.

Follow Us:
Download App:
  • android
  • ios