Asianet News MalayalamAsianet News Malayalam

വാട്ട്സ്ആപ്പിന്‍റെ നാലിലൊന്ന് വിലയില്ലാത്ത യാഹൂ..!

Verizon’s purchase of Yahoo, explained
Author
New York, First Published Jul 25, 2016, 8:18 PM IST

Verizon’s purchase of Yahoo, explained

കാലിഫോണിയയിലെ സണ്ണിവേലില്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യാഹൂവിനെ അമേരിക്കന്‍ ടെലികോം ഭീമന്മാര്‍ വെരിസോണ്‍ കമ്മ്യൂണിക്കേഷന്‍ വാങ്ങി. 4.8 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെയാണ് ഇടപാട്. 2017 മദ്ധ്യത്തോടെ ഈ വില്‍പ്പന പൂര്‍ണ്ണമാകും. നിലവില്‍ യാഹുവിന്റെ 15 ശതമാനം ഓഹരി ചൈനീസ് ഇ കോമേഴ്‌സ് കമ്പനിയായ ആലിബാബയും 35.5 ശതമാനം ഓഹരി യാഹു ജപ്പാന്‍ കോര്‍പറേഷനിലുമാണ്. ഇവരുടെ സമ്മതവും ഈ വില്‍പ്പനയിലുണ്ട്. കഴിഞ്ഞവര്‍ഷം മാത്രം യാഹൂ ഉണ്ടാക്കിയ നഷ്ടം 2.2 കോടി അമേരിക്കന്‍ ഡോളറായിരുന്നു. 

നഷ്ടകച്ചവടം.!

Verizon’s purchase of Yahoo, explained

അടുത്തകാലത്ത് ബിസിനസ് ലോകവും ടെക് ലോകവും ഒരുപോലെ ആഘോഷിച്ച ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു ഫേസ്ബുക്ക് മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പിനെ ഏറ്റെടുത്തത്. 2014 ഫെബ്രുവരിയില്‍ നടന്ന ഈ ഏറ്റെടുക്കലിന് ഫേസ്ബുക്ക് മുടക്കിയ തുക 19 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍. അഞ്ച് കൊല്ലം കഷ്ടിച്ച് പ്രായമുള്ള ഒരു കമ്പനിക്കാണ് 10 കൊല്ലം പഴക്കം മാത്രമുള്ള ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കേട്ട്കേള്‍വി പോലും ഇല്ലാത്ത തുക മുടക്കിയത്. അതിന്‍റെ വിപണി സാധ്യത അവിടെ നില്‍ക്കട്ടെ. എങ്കില്‍ തന്നെ ഇപ്പോഴത്തെ യാഹൂവിന്‍റെ കച്ചവടത്തിന് എത്ര മൂല്യം വേണം. 2000ത്തിന്‍റെ തുടക്കം യാഹൂവിന്‍റെ സുവര്‍ണ്ണകാലഘട്ടമായിരുന്നു അന്ന് യാഹൂവിന്‍റെ വിപണി മൂല്യം 100 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറായിരുന്നു.. അത്തരത്തില്‍ ഉള്ള ഒരു കമ്പനിയാണ് ഇപ്പോള്‍ വെറും 4.8 ബില്ല്യണ്‍ ഡോളറിന് വില്‍ക്കുന്നത്. അതായത് വാട്ട്സ്ആപ്പിനെ വാങ്ങുവാന്‍ ഫേസ്ബുക്ക് മുടക്കിയ തുകയുടെ നാലില്‍ ഒന്ന് മാത്രമാണ് യാഹൂവിന്‍റെ വില. എന്താണ് ഇന്‍റര്‍നെറ്റ് എന്ന് ലോകം അറിയുന്നതില്‍ പ്രധാന പങ്കുവഹിച്ച ഒരു വലിയ കമ്പനിക്ക് 60 പേര്‍ ജോലി ചെയ്യുന്ന 7 കൊല്ലം പഴക്കമുള്ള ഒരു മൊബൈല്‍ ആപ്പിന്‍റെ നാലില്‍ ഒന്നെ വിലയുള്ളു.. വിചിത്രമാണ് ചിലപ്പോള്‍ ടെക് ലോകത്തെ കണക്കുകളും.. സംഭവങ്ങളും.

യാഹൂവിന് എന്ത് പറ്റി..

Verizon’s purchase of Yahoo, explained

സിലിക്കണ്‍ വാലിയിലെ മറ്റു കമ്പനികളെ ഒന്ന് ശ്രദ്ധിച്ചാല്‍ മതി. ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്... പിന്നെ ഫേസ്ബുക്ക് ഇവയെല്ലാം തന്നെ തങ്ങളുടെ സാങ്കേതിക വിദ്യയില്‍ എന്തെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. കിട്ടാവുന്ന മികച്ച വിദഗ്ധരെ അവര്‍ ഒപ്പം കൂട്ടും, ആപ്പിള്‍ ആണെങ്കില്‍ ഡിസൈനര്‍മാരെയും. അതിനാല്‍ തന്നെ അവര്‍ മികച്ച പ്രോഡക്ടുകള്‍ ഉണ്ടാക്കുന്നു. എന്നും ബെസ്റ്റായ റിക്രൂട്ട്മെന്‍റ് ടെക്നോളജി ജീവനക്കാരുടെ കാര്യത്തില്‍ ഈ കമ്പനികള്‍ ആഗ്രഹിക്കുന്നു.

എന്നാല്‍ യാഹൂ ഒരിക്കലും ഇത്തരത്തിലുള്ള ഒരു രീതി സ്വീകരിച്ചില്ല. യാഹൂ എന്ന കമ്പനി തങ്ങളുടെ സ്വഭാവം തന്നെ പലപ്പോഴും നിര്‍വചിക്കാന്‍ പരാജയപ്പെടുന്ന കാഴ്ചയാണ് ടെക് ലോകം കണ്ടത്. മാറി മാറി വരുന്ന തലവന്മാരുടെ കാലത്ത് ടെക്നോളജി കമ്പനിയാണോ, അല്ല മീഡിയ കമ്പനിയാണോ എന്ന സംശയം യാഹൂ എക്സീക്യൂട്ടീവുമാര്‍ക്ക് തന്നെ ഉണ്ടായിരുന്നു. 

1998 ല്‍ സ്വന്തം സ്റ്റാര്‍ട്ട് അപ്പ് യാഹൂവിന് നല്‍കി യാഹൂവില്‍ ജോലിക്ക് കയറിയ പോള്‍ഗ്രഹാം തന്‍റെ യാഹൂ അനുഭവങ്ങള്‍ എന്ന ലേഖനത്തില്‍ ഇങ്ങനെ പറയുന്നു

"യാഹൂവില്‍ ഞാന്‍ എത്തിയപ്പോള്‍ തന്നെ അതിന് ഉള്ളിലുള്ളവര്‍ ഇതിനെ ഒരു മീഡിയ കമ്പനി എന്നാണ് വിശേഷിപ്പിക്കാറ്, എന്നാല്‍ ഒട്ടനവധി പ്രോഗ്രാമേര്‍സ് അവിടെയുണ്ടായിരുന്നു. അവര്‍ പുതിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കുമായിരുന്നു, പക്ഷെ അത് എന്തിന് ഉണ്ടാക്കുന്നുവെന്നോ, അവയുടെ എതിരാളികള്‍ ആരാണെന്നോ അവര്‍ക്ക് ഉള്‍കാഴ്ച ഉണ്ടായിരുന്നില്ല"

ഇത്തരം ഒരു യാഹൂ രീതിക്ക് കാരണമായി പറയുന്നത് 1994 ല്‍ രൂപീകരണകാലം തൊട്ട് അതില്‍ ഉണ്ടായിരുന്ന രീതികളാണ്. ഒരു മാധ്യമ സ്ഥാപനം എന്നപോലെ വലിയ യൂസര്‍ബേസ് ഉണ്ടാക്കിയെടുത്ത് അവിടെ പരസ്യം വില്‍ക്കുക എന്നതായിരുന്നു യാഹൂ നടത്തിയത്. പക്ഷെ ഇത് ഒരു 
ടെക്നോളജി കമ്പനി എന്ന നിലയില്‍ ഇവര്‍ക്ക് പരാജയമായി. യാഹൂവിന്‍റെ ടെക്നോളജി വിഭാഗം പലപ്പോഴും മെച്ചപ്പെട്ട പ്രകടനം നടത്തിയില്ല. സാങ്കേതികമായി ഇത് യാഹൂവിനെ വളരെ പിന്നോട്ട് അടിപ്പിച്ചു. മാറി മാറി വന്ന തലവന്മാര്‍ ഒന്നും ഇത് ശ്രദ്ധിച്ചും ഇല്ല. 

ഗൂഗിളിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും യാഹൂവിന്‍റെ തലപ്പത്ത് എത്തിയ മരീസ മേയര്‍ ഈ കമ്പനി സ്വഭാവത്തെ മാറ്റാന്‍ തന്നെയാണ് ഉറച്ചത്.. അതിനായി നല്ല സാങ്കേതിക വിദഗ്ധരെ മികച്ച യൂണിവേഴ്സിറ്റികളില്‍ നിന്നും റിക്രൂട്ട് ചെയ്തു. പക്ഷെ യാഹൂവിന്‍റെ സ്വഭാവം മാറിയില്ല. കഴിഞ്ഞ ഡിസംബറില്‍ യാഹൂവിനെ ഒരു പ്രോഗ്രാമര്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു.

" എനിക്ക് മാനക്കേട് ഉണ്ടാക്കാത്ത രീതിയില്‍ ഒരു പ്രോഡക്ട് പുറത്തിറക്കുക എന്നതാണ് രീതി, എന്നാല്‍ അത് വേണോ എന്ന് തീരുമാനിക്കുന്നത് യാഹൂവാണ്"

മരീസയുടെ പരിശ്രമങ്ങള്‍

Verizon’s purchase of Yahoo, explained

2012 ലാണ് മരീസ മേയര്‍ ഗൂഗിളിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും യാഹൂവില്‍ എത്തുന്നത് ( ഇന്ന് ഗൂഗിളില്‍ നിന്നിരുന്നെങ്കില്‍ ചിലപ്പോള്‍ സുന്ദര്‍ പിച്ചെ ഇരിക്കുന്ന സീറ്റ് ഇവര്‍ക്ക് കിട്ടുമായിരുന്നു എന്നാണ് അണിയറ വര്‍ത്തമാനം). മരീസ വളരെ നല്ല രീതിയിലുള്ള മാറ്റങ്ങള്‍ യാഹൂവില്‍ ഉണ്ടാക്കി. ഇരട്ടകുട്ടികളെ പ്രസവിച്ച ശേഷം , രണ്ടാഴ്ച മാത്രം പ്രസവാവധിയെടുത്ത് തിരികെ ഓഫീസിലെത്തിയ കരുത്തുറ്റ വനിതയാണ് അവര്‍.

കൂടുതല്‍ ടെക്നിക്കല്‍ വിദഗ്ധരെ കമ്പനിയില്‍ എത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ഒപ്പം തന്നെ മീഡിയ കമ്പനി എന്ന നിലയില്‍ യാഹൂ ന്യൂസ് അടക്കമുള്ള സംവിധാനങ്ങള്‍ വിപൂലീകരിക്കാന്‍ കൊണ്ട് പിടിച്ച ശ്രമങ്ങള്‍ നടത്തി. സിഎന്‍എന്‍, സിഎന്‍ബിസി പോലുള്ള ചാനലുകളില്‍ നിന്നും കാറ്റികോര്‍ഗ്, ഡേവിഡ് പോഗ് പോലുള്ള ജേര്‍ണലിസ്റ്റുകളെ വന്‍ വിലയ്ക്ക് ഇവര്‍ യാഹൂവില്‍ എത്തിച്ചു. ടെംബ്ലര്‍, ഫ്ലിക്കര്‍ പോലുള്ള സേവനങ്ങള്‍ പരിഷ്കരിച്ചു. വിവിധ ആപ്പുകള്‍ ഇറക്കി.. ഇങ്ങനെ നീളുന്നു പരിഷ്കാരങ്ങള്‍.

മരീസയുടെ ഈ പരിശ്രമം എല്ലാം മോശമായി എന്നല്ല പറയുന്നത്. ഓണ്‍ലൈന്‍ വിപണിയില്‍ ഇത് യാഹൂവിന് നന്നായി തന്നെ ഉപകാരം ചെയ്തിട്ടുണ്ട്. 2005 ലാണ് യാഹൂ ചൈനീസ് കമ്പനിയായ ആലിബാബയില്‍ ഒരു ബില്ല്യണിന്‍റെ നിക്ഷേപം നടത്തിയത്. മരീസയുടെ കാലത്ത് ഓണ്‍ലൈന്‍ ബിസിനസിലുണ്ടായ മുന്നേറ്റം ആലിബാബയ്ക്ക് യാഹൂവിലുണ്ടായ ഓഹരികളുടെ മൂല്യം മൂലം ഇപ്പോള്‍ നടന്ന കച്ചവടം ഇത്രയെങ്കിലും നന്നാക്കാന്‍ സാധിച്ചു.

എന്നാല്‍ ഏതു തരത്തില്‍ പുതിയ കൈമാറ്റം നടക്കും എന്ന് വ്യക്തമല്ല, പുതിയ വില്‍പ്പനയില്‍ ആലിബാബയുടെ ഷെയറുകള്‍ കൈമാറില്ലെന്നാണ് റിപ്പോര്‍ട്ട്. മറ്റ് ഷെയറുകള്‍ കൈമാറുന്നതോടെ മരീസയുടെ പദവി മിക്കവാറും തെറിക്കും എന്ന് ഉറപ്പാണ്. അതോടെ എടുത്ത അദ്ധ്വാനം പാഴായി മുന്‍ ഗൂഗിള്‍ വൈസ് പ്രസിഡന്‍റ് വിടവാങ്ങും. 

Follow Us:
Download App:
  • android
  • ios