Asianet News MalayalamAsianet News Malayalam

അടിമുടി "സ്റ്റാറ്റസ്" മാറ്റി വാട്ട്സ്ആപ്പ്; കണ്‍ഫ്യൂഷനായി ഉപയോക്താക്കള്‍

Whatsapp Status Feature Explained
Author
First Published Feb 24, 2017, 9:55 AM IST

ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പില്‍ വന്‍ അഴിച്ചുപണി. സ്റ്റാറ്റസ് എന്ന ഫീച്ചറാണ് ഫെബ്രുവരി 24ന് ലോകമെമ്പാടും വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. ഫേസ്ബുക്ക് ഏറ്റെടുത്തതിന് ശേഷം വാട്ട്സ്ആപ്പില്‍ വരുന്ന ഏറ്റവും വലിയ മാറ്റം എന്നാണ് ഇതിനെ ടെക് ലോകം വിലയിരുത്തുന്നത്. ഐഫോണ്‍, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് എല്ലാം ഈ ഫീച്ചര്‍ ലഭ്യമാകും.

പണ്ട് വാട്ട്സ്ആപ്പില്‍ ഒരാളുടെ സ്റ്റാറ്റസ് എന്നത് ഒരു ടെക്സ്റ്റ് ആയിരുന്നു. ഇതിന് പകരം നിങ്ങള്‍ക്ക് ഇനി വീഡിയോ, ജിഫ്, ഇമേജ് എന്ത് വേണമെങ്കിലും ആഡ് ചെയ്യാം. വാട്ട്സ്ആപ്പിന്‍റെ എട്ടാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ഇത്തരത്തില്‍ ഒരു മാറ്റം എന്നാണ് വാട്ട്സ്ആപ്പ് സ്ഥാപകരില്‍ ഒരാളും സിഇഒയുമായ ജെന്‍ കോം തന്‍റെ ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു.

സ്റ്റാറ്റസില്‍ ഇമേജുകളും വീഡിയോകളും താല്‍ക്കാലികമായി മാത്രമേ അപ്ലോഡ് ചെയ്യാന്‍ കഴിയൂ. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ഇമേജ്/വീഡിയോ/ജിഫ് സ്റ്റാറ്റസ് അപ്രത്യക്ഷമാകും.സ്നാപ്പ്ചാറ്റിന്റെ സ്റ്റോറീസ് ഫീച്ചറിന് സമാനമാണ് ഈ ഫീച്ചറും. ചാറ്റ്‌സ്, കോള്‍സ് ടാബുകള്‍ക്കിടയില്‍ സ്റ്റാറ്റസ് എന്ന പുതിയ ടാബ് കൂടി വരുമെന്നതാണ് മറ്റൊരു പ്രത്യേകത. സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുക ഇനി അതിവേഗം സാധ്യമെന്ന് ചുരുക്കം. സ്റ്റാറ്റസ് ആരെല്ലാം കാണണമെന്ന് യൂസര്‍ക്ക് തീരുമാനിക്കാം.

സ്റ്റാറ്റസ് ബട്ടണില്‍ ടാപ്പ് ചെയ്താല്‍, നിലവിലുളള ഫോട്ടോ സെലക്ട് ചെയ്യാനും പുതിയ ഫോട്ടോയൊ വീഡിയോയൊ എടുക്കാനുള്ള ഓപ്ഷനുകള്‍ ഉണ്ടാകും. ക്യാമറ ഫ്രണ്ടില്‍ നിന്നും ബാക്കിലേക്കും തിരിച്ചും മാറ്റാം. പുതുതായി നല്‍കുന്ന എല്ലാ ഫോട്ടോ/വീഡിയോ/ ജിഫ് സ്റ്റാറ്റസുകളും മൈ സ്റ്റാറ്റസിന് കീഴില്‍ ലിസ്റ്റ് ചെയ്യപ്പെടും. പോസ്റ്റ് ചെയ്ത സമയവും എത്ര പേര്‍ കണ്ടുവെന്ന വിവരവും മൈ സ്റ്റാറ്റസില്‍ ലിസ്റ്റ് ചെയ്ത സ്റ്റാറ്റസുകള്‍ക്ക് ഒപ്പമുണ്ടാകും. 

ഇതുകൂടാതെ അവസാന 24 മണിക്കൂറിനുള്ളില്‍ സുഹൃത്തുക്കള്‍ ആരെങ്കിലും സ്റ്റാറ്റസ് മാറ്റിയിട്ടുണ്ടെങ്കില്‍ അത് സ്റ്റാറ്റസ് ടാബിനുള്ളിലെ റീസന്റ് അപ്‌ഡേറ്റ്‌സില്‍ കാണാം.

എന്നാല്‍ ഈ ഫീച്ചര്‍ ഇത്തിരി കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് വാട്ട്സ്ആപ്പ് ഉപയോക്താക്കളില്‍ ചിലരുടെ വാദം. അതിന് ഒപ്പം തന്നെ സ്നാപ്ചാറ്റ് പോലുള്ളവയില്‍ നിന്നും കടമെടുത്തതാണ് ഈ ഫീച്ചര്‍ എന്നും ആരോപിക്കുന്നവരുണ്ട്.

Follow Us:
Download App:
  • android
  • ios