Asianet News MalayalamAsianet News Malayalam

അതിസാഹസികമായ ടോപ് ലാൻഡിംഗ്, പറന്നത് 5000 അടി ഉയരത്തിൽ, വാഗമണ്ണിൽ ആകാശ വിസ്മയമായി പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ

പാരാഗ്ലൈഡിങ് പൈലറ്റുമാരുടെ ആകാശത്തെ സാഹസിക മായാജാലങ്ങള്‍  കണ്ടുനിൽക്കുന്നവരെ ആദ്യം പേടിപ്പിച്ചെങ്കിലും പിന്നീട് അത് ഹരമായി മാറി

adventurous top landing flying at  height of 5000 feet international paragliding festival vagamon SSM
Author
First Published Mar 18, 2024, 9:37 AM IST

ഇടുക്കി: സാഹസികര്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കുമായി കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി ഒരുക്കിയ വാഗമൺ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് ആവേശകരമായ സമാപനം. വിവിധ രാജ്യങ്ങളിൽ നിന്നടക്കമുള്ള പൈലറ്റുമാർ പങ്കെടുത്ത ഫെസ്റ്റിവൽ കാണാൻ വൻജനപ്രവാഹമായിരുന്നു. ലോകശ്രദ്ധ നേടിയ വാഗമണ്ണിലെ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവലിൽ അതിസാഹസികമായ ടോപ് ലാൻഡിംഗ് മത്സരത്തിൽ പങ്കെടുത്തത് വിദേശികൾ ഉൾപ്പെടെയുള്ളവരാണ്. സമുദ്ര നിരപ്പിൽ നിന്ന് നാലായിരം മുതൽ അയ്യായിരം അടി ഉയരത്തിലാണ് പാരാഗ്ലൈഡിങ് പൈലറ്റുമാർ പറന്നത്.

പാരാഗ്ലൈഡിങ് പൈലറ്റുമാരുടെ ആകാശത്തെ സാഹസിക മായാജാലങ്ങള്‍  കണ്ടുനിൽക്കുന്നവരെ ആദ്യം പേടിപ്പെടുത്തുമെങ്കിലും പിന്നീട് അത് ഹരമായി മാറും. വര്‍ഷങ്ങളായി വാഗമൺ അഡ്വഞ്ചർ പാർക്കിലെ ഹിൽ സ്റ്റേഷനിൽ പാരാഗ്ലൈഡിങ് നടക്കുന്നുണ്ടെങ്കിലും ആദ്യമായാണ് മത്സരമായി സംഘടിപ്പിച്ചത്. സ്‌പോട്ട് ലാന്‍ഡിങ് അറ്റ് ടോപ്പ് ലാന്‍ഡിങ് സ്‌പോട്ട് എന്ന വിഭാഗത്തില്‍ വിദേശികളും സ്വദേശികളുമായ 75 പൈലറ്റുമാര്‍ മത്സരിച്ചു.

രാജ്യത്ത് പാരാഗ്ലൈഡിങ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൈലമറ്റുമാരും പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഫ്രാന്‍സ്, നേപ്പാള്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എട്ട് സാഹസികരും മത്സരത്തിലെത്തി.  വിജയികള്‍ക്ക് 50,000 മുതൽ 1.5 ലക്ഷം രൂപ വരെയാണ് പാരിതോഷികം. പാരാഗ്ലൈഡിങ് പൈലറ്റുമാര്‍ക്കുള്ള കോഴ്സ് വിജയകരമായി പൂര്‍ത്തീകരിച്ച് കൃത്യമായി പരിശീലനം പൂര്‍ത്തിയാക്കിയവരെയും പൈലറ്റ് ഇന്‍ഷുറന്‍സ്, പാരാഗ്ലൈഡിങ് അസോസിയേഷന്‍ അംഗത്വം എന്നിവയുള്ളവരെയുമാണ് മത്സരത്തിലേക്ക് തെരഞ്ഞെടുത്തത്.

മന്ത്രി പി എ മുഹമ്മദ് റിയാസാണ് മേള ഉദ്ഘാടനം ചെയ്തത്. വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് പാരാഗ്ലൈഡിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്. പാരാഗ്ലൈഡർമാക്ക് ടോപ് ലാന്‍ഡിങ്ങ് ചെയ്യാൻ സാധിക്കുന്ന രാജ്യത്തെ ഒരേയൊരു ഇടമാണ് വാഗമൺ ഹിൽസ്റ്റേഷൻ. 

Follow Us:
Download App:
  • android
  • ios