Asianet News MalayalamAsianet News Malayalam

1400 ഹൈ ഡെന്‍സിറ്റി ഫ്ളോട്ടിങ് പോളി എത്തിലീന്‍ ബ്ലോക്കുകള്‍, 100 പേർക്ക് ഒരേ സമയം കയറാം; കടൽ കാണാൻ വായോ..!

കടലിനു മുകളില്‍ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം സഞ്ചരിക്കാനാകുമെന്നതാണ് ഫ്ളോട്ടിങ് ബ്രിഡ്ജിന്‍റെ സവിശേഷത. 100 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള പാലത്തിന് ഇരുവശങ്ങളിലും തൂണുകളുമുണ്ട്.

floating bridge varkala opens btb
Author
First Published Dec 24, 2023, 6:22 PM IST

വര്‍ക്കല: തീരദേശ ജില്ലകളില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുന്ന ടൂറിസം വകുപ്പിന്‍റെ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്ളോട്ടിങ് ബ്രിഡ്ജ് നാളെ (ഡിസംബര്‍ 25) വര്‍ക്കല പാപനാശം ബീച്ചില്‍ തുറക്കും. രാവിലെ 10ന് ഫ്ളോട്ടിങ് ബ്രിഡ്ജിന്‍റെയും ബീച്ചിലെ ജല കായിക പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. വി ജോയ് എംഎല്‍എ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ ഏഴാമത്തെ ഫ്ളോട്ടിങ് ബ്രിഡ്ജാണിത്.

കടലിനു മുകളില്‍ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം സഞ്ചരിക്കാനാകുമെന്നതാണ് ഫ്ളോട്ടിങ് ബ്രിഡ്ജിന്‍റെ സവിശേഷത. 100 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള പാലത്തിന് ഇരുവശങ്ങളിലും തൂണുകളുമുണ്ട്. പാലം അവസാനിക്കുന്നിടത്ത് 11 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയുമുള്ള ഒരു പ്ലാറ്റ് ഫോം ഉണ്ട്. ഇവിടെനിന്ന് സന്ദര്‍ശകര്‍ക്ക് കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാം. ഒരേസമയം 100 സന്ദര്‍ശകര്‍ക്ക് ബ്രിഡ്ജില്‍ പ്രവേശിക്കാം. രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയാണ് പ്രവേശനം.

വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം ലാജി, വൈസ് ചെയര്‍പേഴ്സണ്‍ കുമാരി സുദര്‍ശിനി, കൗണ്‍സിലറും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സി.അജയകുമാര്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. നിതിന്‍ നായര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ രാജീവ് ജി.എല്‍, കെഎടിപിഎസ് സിഇഒ ബിനു കുര്യാക്കോസ്, ഡിടിപിസി സെക്രട്ടറി ശ്യാം കൃഷ്ണന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, വര്‍ക്കല മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ടൂറിസം വകുപ്പ് വര്‍ക്കലയിലെ ഫ്ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. 700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തെ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന 1400 ഹൈ ഡെന്‍സിറ്റി ഫ്ളോട്ടിങ് പോളി എത്തിലീന്‍ ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചത്. സുരക്ഷാ ബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, ലൈഫ് ഗാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. 

ജമ്പനും തുമ്പനും ഇൻസ്റ്റഗ്രാം പേജ്, കൂടെ യൂട്യൂബ് വീഡിയോ; അബ്‌കാരിആക്ട് സെക്ഷൻ 55 എച്ച് പ്രകാരം കേസ്, അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios