Asianet News MalayalamAsianet News Malayalam

റദ്ദാക്കിയത് നിരവധി വിമാനങ്ങൾ, ടാറ്റയുടെ വിമാനക്കമ്പനിയിൽ പ്രതിസന്ധി രൂക്ഷം, വിസ്‍താരയിൽ സംഭവിക്കുന്നതെന്ത്?

കഴിഞ്ഞ ദിവസങ്ങളിൽ വിസ്താര എയർലൈൻസ് എഴുപതിലധികം വിമാനങ്ങൾ റദ്ദാക്കി. ഇപ്പോൾ സിവിൽ ഏവിയേഷൻ മന്ത്രാലയം (എംഒസിഎ) ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് തേടി എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. 

More than 70 flights cancelled, what happening in Vistara
Author
First Published Apr 2, 2024, 11:00 AM IST

ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള വിസ്താര വിമാനക്കമ്പനിയുടെ പ്രതിസന്ധി വർധിക്കുന്നതായി റിപ്പോര്‍ട്ട്. പൈലറ്റുമാരുടെ കുറവ് കാരണം ഈ എയർലൈൻ അതിൻ്റെ ഫ്ലൈറ്റുകൾ താൽക്കാലികമായി കുറച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വിസ്താര എയർലൈൻസ് എഴുപതിലധികം വിമാനങ്ങൾ റദ്ദാക്കി. ഇപ്പോൾ സിവിൽ ഏവിയേഷൻ മന്ത്രാലയം (എംഒസിഎ) ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് തേടി എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. 

ശമ്പള പരിഷ്‍കരണത്തിനെതിരെ പ്രതിഷേധിച്ച് വിസ്താര എയർലൈനിലെ നിരവധി ജീവനക്കാരും ഉദ്യോഗസ്ഥരും മെഡിക്കൽ അവധിയിൽ പ്രവേശിച്ചു. ഇതിനെത്തുടർന്ന് എയർലൈന് നിരവധി വിമാനങ്ങൾ റദ്ദാക്കേണ്ടിവന്നു. പല വിമാന സർവീസുകളും വൈകുകയാണ്. വിമാനങ്ങൾ റദ്ദാക്കുന്നവരുടെ എണ്ണം തുടർച്ചയായി വർധിച്ചുവരികയാണ്. ചൊവ്വാഴ്ച രാവിലെ മാത്രം 38 സ‍ർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ 50 സ‍ർവീസുകൾ റദ്ദാക്കുകയും 160 എണ്ണം വൈകുകയും ചെയ്തിരുന്നു. പലയിടത്തും യാത്രക്കാരുടെ പ്രതിഷേധമുണ്ടായി. വിമാനങ്ങൾ മണിക്കൂറുകൾ വൈകുന്നതും സ‍ർവീസുകൾ റദ്ദാക്കുന്നതും സമയത്ത് അറിയിക്കുന്നത് പോലുമില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു.  അതിനിടെ വിമാനം തടസപ്പെട്ടതിൽ വിമാനക്കമ്പനി യാത്രക്കാരോട് ക്ഷമാപണം നടത്തി. 

ജീവനക്കാരുടെ കുറവുൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എയർലൈൻസിന് ധാരാളം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നതായും പല കേസുകളിലും വൈകിയതായും വിസ്താര വക്താവ് പറഞ്ഞു. തങ്ങളുടെ നെറ്റ്‌വർക്കിൽ മതിയായ കണക്റ്റിവിറ്റി ഉറപ്പാക്കാൻ ഫ്ലൈറ്റുകളുടെ എണ്ണം താൽക്കാലികമായി കുറയ്ക്കാൻ തീരുമാനിച്ചുവെന്നും സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സാധാരണ പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്നും വിസ്‍താര പറയുന്നു.

എന്താണ് പ്രശ്‍നം?
പുതിയ കരാറുകൾ പ്രകാരം A320 ഫ്ലീറ്റിലെ ഫസ്റ്റ് ഓഫീസർമാരുടെ പ്രതിമാസ ശമ്പളം പരിഷ്കരിച്ചതിനെ തുടർന്ന് വിസ്താര പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതായി വൃത്തങ്ങൾ അറിയിച്ചു. അസുഖം റിപ്പോർട്ട് ചെയ്ത എക്സിക്യൂട്ടീവുകൾ അവരുടെ ശമ്പളം വെട്ടിക്കുറച്ചതിനാൽ വിമാനങ്ങൾ റദ്ദാക്കാൻ എയർലൈനിനെ നിർബന്ധിച്ചതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. ശമ്പളത്തിൻ്റെ ചില ഘടകങ്ങൾ കുറച്ചിട്ടുണ്ടെന്നും ഫ്ലൈയിംഗ് മണിക്കൂറുമായി ബന്ധപ്പെട്ട ഇൻസെൻ്റീവുകൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

എയർ ഇന്ത്യയും വിസ്‍താരയും
അടുത്തിടെ എയർ ഇന്ത്യ-വിസ്താര ലയനത്തിന് സിംഗപ്പൂർ റെഗുലേറ്ററിൻ്റെ അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ ഇരു വ്യോമയാന കമ്പനികളുടെയും ലയനത്തിന് വഴി തെളിഞ്ഞിരിക്കുകയാണ്. വിസ്താരയെ എയർ ഇന്ത്യയുമായുള്ള ലയനം 2022 നവംബറിലാണ് പ്രഖ്യാപിച്ചത്. ഇത് പ്രകാരം എയർ ഇന്ത്യയുടെ 25.1 ശതമാനം ഓഹരികൾ സിംഗപ്പൂർ എയർലൈൻസിന് ലഭിക്കും. സിംഗപ്പൂർ എയർലൈൻസിൻ്റെയും ടാറ്റ ഗ്രൂപ്പിൻ്റെയും സംയുക്ത സംരംഭമാണ് വിസ്‍താര.

Follow Us:
Download App:
  • android
  • ios