Asianet News MalayalamAsianet News Malayalam

എന്തെല്ലാം തരം മനുഷ്യരാണപ്പാ; കൂറ്റൻ അലമാര സ്കൂട്ടറിൽ വച്ച് സിംപിളായി പോകുന്ന മനുഷ്യൻ, അതിശയിച്ച് നെറ്റിസൺസ്

ഉറപ്പായും ഇയാൾക്ക് ഈ അലമാര സ്കൂട്ടറിൽ കൊണ്ടുപോകാൻ കഴിയില്ല എന്ന് നമ്മൾ കരുതും. എന്നാൽ, ആ കരുതലൊക്കെ തെറ്റാണ്. അയാൾ സ്കൂട്ടറിൽ അലമാരയുമായി പോകുന്നതാണ് പിന്നെ കാണുന്നത്.

man transport almirah in scooter Anand Mahindra share video
Author
First Published May 5, 2024, 11:24 AM IST

നിങ്ങൾക്ക് അത്യാവശ്യം വലുതായ ഒരു അലമാര ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് മാറ്റണം. എന്തു ചെയ്യും ഒന്നുകിൽ ഒരു പിക്കപ്പ് ട്രക്ക് വിളിക്കും. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഫോർ വീലർ. സ്കൂട്ടറിൽ കൊണ്ടുപോകുന്നതിനെ കുറിച്ച് ചിന്തിക്കാനാകുമോ? എന്നാൽ, സ്കൂട്ടറിൽ കൊണ്ടുപോകാനും മാത്രം സ്മാർട്ടായവരൊക്കെ നമ്മുടെ നാട്ടിലുണ്ട്. 

ഒരു വമ്പൻ അലമാര സ്കൂട്ടറിൽ വച്ചുകൊണ്ടു പോകുന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയർപേഴ്സൺ, ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയും വീഡിയോ ആകർഷിച്ചു. മിക്കവാറും ഇത്തരം വീഡിയോകൾ ആനന്ദ് മഹീന്ദ്ര തന്റെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അതുപോലെ ഈ വീഡിയോയും അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുകയാണ്. 

ഈ വീഡിയോ കണ്ടാൽ ആരായാലും തലയിൽ കൈ വച്ചു പോകും എന്നതിൽ ഒരു സംശയവും വേണ്ട. കുറച്ചുപേർ ചേർന്ന് ഒരു വൻ അലമാര സ്കൂട്ടറിൽ വയ്ക്കുന്നതാണ് ആദ്യം കാണുന്നത്. കയർ‌ കൊണ്ട് കെട്ടിയ നിലയിലാണ് അലമാര ഉള്ളത്. ഒരുവിധത്തിൽ, കഷ്ടപ്പെട്ടാണ് അലമാര സ്കൂട്ടറിന്റെ മുകളിൽ വയ്ക്കുന്നത്. ശേഷം ഒരാൾ സ്കൂട്ടറിൽ കയറിയിരിക്കുന്നു. ഒരു സ്ത്രീയടക്കം പലരും ആശങ്കയോടെ നോക്കുന്നതും വീഡിയോയിൽ കാണാം. 

ഉറപ്പായും ഇയാൾക്ക് ഈ അലമാര സ്കൂട്ടറിൽ കൊണ്ടുപോകാൻ കഴിയില്ല എന്ന് നമ്മൾ കരുതും. എന്നാൽ, ആ കരുതലൊക്കെ തെറ്റാണ്. അയാൾ സ്കൂട്ടറിൽ അലമാരയുമായി പോകുന്നതാണ് പിന്നെ കാണുന്നത്. അതും കുറേദൂരം നല്ല റോഡിലൂടെയും മൺറോഡിലൂടെയും ഒക്കെ ഇയാൾ അലമാരയുമായി പോകുന്നു. ഒടുവിൽ തന്റെ ലക്ഷ്യത്തിലെത്തി നിൽക്കുന്നതാണ് വീഡിയോയുടെ അവസാനം കാണുന്നത്. 

'10 മിനിറ്റ് ഫർണിച്ചർ സർവീസ് (ഭക്ഷണമോ പലചരക്കോ അല്ല) ഇതുപോലെയിരിക്കും എന്നാണ് ഞാൻ കരുതുന്നത്' എന്ന കാപ്ഷനോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. എന്തായാലും, നെറ്റിസൺസിനെ വീഡിയോ അതിശയിപ്പിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയുടെ താഴെ രസകരമായ കമന്റുകളുമായി എത്തിയിട്ടുള്ളത്. അതേസമയം തന്നെ ഇതിന്റെ അപകടം സൂചിപ്പിച്ചവരും ഉണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios