Asianet News MalayalamAsianet News Malayalam

എന്തൊക്കെയാ ഇവിടെ നടക്കുന്നേ, ആ എന്തൊക്കെയാ; നടുറോഡിൽ ഒട്ടകപ്പക്ഷി, അമ്പരന്ന് ജനങ്ങൾ, വീഡിയോ

റോഡിലൂടെ സഞ്ചരിക്കുകയായിരുന്നവരെല്ലാം അപൂർവമായ ഈ കാഴ്ച കണ്ട് അമ്പരന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

Tadori escaped Ostrich running in city north korea video rlp
Author
First Published Mar 28, 2024, 1:50 PM IST

ദക്ഷിണ കൊറിയയിലെ സിയോങ്‌നാം നഗരത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ആളുകൾ കഴിഞ്ഞ ദിവസം വിചിത്രമായ ഒരു കാഴ്ച കണ്ട് അമ്പരന്നു. മറ്റൊന്നുമല്ല, ന​ഗരമധ്യത്തിലൂടെ ഒരു ഒട്ടകപ്പക്ഷി ഓടുന്നു. രാവിലെ 9.30 ഓടെയാണ് തഡോരി എന്ന് പേരിട്ടിരിക്കുന്ന ഒട്ടകപ്പക്ഷി റോഡിൽ പ്രത്യക്ഷപ്പെട്ടത്. സമീപത്തെ പാർക്കിൽ നിന്നും രക്ഷപ്പെട്ടതായിരുന്നു ഈ ഒട്ടകപ്പക്ഷി.

ഒരു മണിക്കൂറിനുള്ളിൽ പക്ഷിയെ പിടികൂടി പാർക്കിൽ തിരികെ എത്തിച്ചു. പാർക്കിൽ തഡോരിയും ഇണയും ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഇണയായ തസുനി ചത്തതു മുതൽ തഡോരി ആകെ സമ്മർദ്ദത്തിലായിരുന്നു എന്നും അക്രമണാത്മക സ്വഭാവം കാണിച്ചിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. പാർക്കിലെ വേലിക്കിടയിലുള്ള വിടവിലൂടെയാണ് ഒട്ടകപ്പക്ഷി രക്ഷപ്പെട്ടത്. 

പിന്നാലെ, അത് നേരെ ന​ഗരത്തിലെത്തുകയായിരുന്നു. റോഡിലൂടെ സഞ്ചരിക്കുകയായിരുന്നവരെല്ലാം അപൂർവമായ ഈ കാഴ്ച കണ്ട് അമ്പരന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അതിൽ നടുറോഡിൽ വാഹനങ്ങൾക്കിടയിലൂടെ ഓടുന്ന ഒട്ടകപ്പക്ഷിയെ കാണാമായിരുന്നു. രാവിലെ 10.25 ന് സിയോങ്‌നാമിലെ സാങ്‌ഡേവോൺ-ഡോങ്ങിലെ ഒരു ​​കെട്ടിടത്തിന് സമീപം വച്ചാണ് പക്ഷിയെ പിടികൂടിയത്. ഇത് ആരേയും ആക്രമിക്കുകയോ ആർക്കും പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, ഒട്ടകപ്പക്ഷിയുടെ കാലിൽ വളരെ ചെറിയ പരിക്കുകളുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

ഇന്ന് ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും വലിയ പക്ഷിയാണ് ഒട്ടകപ്പക്ഷി. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേ​ഗത്തിൽ ഓടാൻ ഇവയ്ക്ക് കഴിയും. എന്നാൽ, ഇവയ്ക്ക് പറക്കാനുള്ള കഴിവില്ല. 

ഇത് ആദ്യമായിട്ടല്ല, ഒരു ഒട്ടകപ്പക്ഷി അതിനെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്ത് നിന്നും ന​ഗരത്തിലേക്കിറങ്ങുന്നത്. നേരത്തെ പാകിസ്ഥാനിലെ കറാച്ചിയിലും മൃ​ഗശാലയിൽ നിന്നും ഒരു ഒട്ടകപ്പക്ഷി ഇതുപോലെ പുറത്തേക്കിറങ്ങിയിരുന്നു. റോഡിലൂടെ ഓടിപ്പോകുന്ന അതിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു. 

Follow Us:
Download App:
  • android
  • ios