Asianet News MalayalamAsianet News Malayalam

ഇത് ദ്രാവിഡമണ്ണ്'; ഹിന്ദി വിരുദ്ധതയില്‍ ഉയര്‍ന്ന് വീണ്ടും ദ്രാവിഡ രാഷ്ട്രീയം

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന് എതിരെ പ്രതിഷേധം കടുപ്പിക്കാന്‍ തയാറെടുത്തു തന്നെയായിരുന്നു ഡിഎംകെ.ഹിന്ദി നിര്‍ബന്ധ പഠനവിഷയമാക്കുന്ന ത്രിഭാഷാ സംവിധാനം തമിഴ് വികാരത്തിലേക്കുള്ള കടന്നുകയറ്റമെന്ന ഡിഎംകെ വിമര്‍ശനം വ്യാപകമായാണ് തമിഴ്നാട് ഏറ്റെടുത്തത്

Hindi imposition Tamil Nadu Opposition parties cry foul over draft National Education Policy
Author
Tamil Nadu, First Published Jun 3, 2019, 10:23 PM IST

നിര്‍ബന്ധിത ഹിന്ദി പഠന നീക്കം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നത് ആദ്യമായല്ല. ദ്രാവിഡ പ്രസ്ഥാനങ്ങള്‍ തമിഴ്നാട്ടില്‍ വേരുറപ്പിച്ചത് പോലും ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിലൂടെയാണ്. സര്‍വമേഖലയിലും ഹിന്ദി അടിച്ച് ഏല്‍പ്പിക്കാനുള്ള നയങ്ങളുടെ തിരിച്ചടിയാണ് ഇന്ന് തമിഴകത്തെ കോണ്‍ഗ്രസിന്‍റെ ബലക്ഷയം പോലും. 1965ല്‍ കേന്ദ്രത്തിലും തമിഴ്നാട്ടിലും അധികാരത്തില്‍ ഉണ്ടായിരുന്നു കോണ്‍ഗ്രസ് ഹിന്ദി വിരുദ്ധ സമരങ്ങളെ അടിച്ചമര്‍ത്തി. 

ഡിഎംകെയുടെ നേതൃത്വത്തില്‍ നടന്ന അന്നത്തെ പ്രക്ഷോപത്തില്‍ എഴുപതോളം പേര്‍ മരിച്ചു, നിരവധി വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. ഹിന്ദിയേക്കാള്‍ വലുത് തമിഴ്ഭാഷയാണെന്ന നിലപാടില്‍ ജനങ്ങള്‍ ഉറച്ച് നിന്നു. കേന്ദ്രനിര്‍ദേശം പിന്‍വലിക്കുന്നുവെന്ന പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ ഉറപ്പിന്‍മേലാണ് ഒടുവില്‍ പ്രക്ഷോഭ അവസാനിച്ചത്. കരണാനിധി ഉള്‍പ്പടെയുള്ള ദ്രാവിഡ നേതാക്കള്‍ മുഖ്യധാരയിലേക്ക് എത്തുന്നതും ഈ പ്രക്ഷോഭങ്ങളിലൂടെ തന്നെ. പെരിയോര്‍ ഇ.വി.രാമസ്വാമിയുടെ നേതൃത്വത്തില്‍ ഉയര്‍ത്തിപ്പിടിച്ച തമിഴ് ഭാഷാ വികാരം ഒറ്റക്കെട്ടായി ഇന്നും തമിഴ്നാട് നെഞ്ചിലേറ്റുന്നു.

തമിഴില്‍ അല്ലാതെ ഹിന്ദിയിലോ, അപൂര്‍വ്വമായി ഇംഗ്ലീഷിലോ പോലും സ്ഥലപേര് എഴുതിയ ബസ്സുകള്‍ തമിഴകത്ത്  വിരളമാണ്. ബോളിവുഡ് ചിത്രങ്ങള്‍ പൊതുവേ ഭാഷാഭേദമന്യേ തിയറ്റേറുകളില്‍ അരങ്ങ് തകര്‍ക്കാറുണ്ടെങ്കിലും, സിനിമാപ്രേമികളുടെ ഈറ്റില്ലമായ മദ്രാസില്‍ ഹിന്ദി സിനിമകള്‍ കാര്യമായി ക്ലച്ച് പിടിക്കാറില്ല. ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ ഇല്ലാത്ത സംസ്ഥാനങ്ങളുടെ പട്ടികയിലും മുന്‍പന്തിയിലുണ്ടാകും തമിഴ്നാട്. തമിഴ് ഭാഷയ്ക്ക് തമിഴ് ജനത അത്രയേറെ പ്രധാന്യം നല്‍കുന്നു. തമിഴിനെ സംരക്ഷിക്കേണ്ടത് രാഷ്ട്രീയ ധര്‍മ്മമാണെന്ന് എന്‍ഡിഎയുടെ ഭാഗമായ അണ്ണാഡിഎംകെ പോലും ആവര്‍ത്തിച്ച് പറയുന്നു. ആളിപടര്‍ന്നേക്കാവുന്ന പ്രതിഷേധം കൈവിട്ട് പോകാതെ തണുപ്പിച്ചെന്ന് ഇന്ന് കേന്ദ്രസര്‍ക്കാരിന് ആശ്വസിക്കാം.

Hindi imposition Tamil Nadu Opposition parties cry foul over draft National Education Policy
                                               
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന് എതിരെ പ്രതിഷേധം കടുപ്പിക്കാന്‍ തയാറെടുത്തു തന്നെയായിരുന്നു ഡിഎംകെ.ഹിന്ദി നിര്‍ബന്ധ പഠനവിഷയമാക്കുന്ന ത്രിഭാഷാ സംവിധാനം തമിഴ് വികാരത്തിലേക്കുള്ള കടന്നുകയറ്റമെന്ന ഡിഎംകെ വിമര്‍ശനം വ്യാപകമായാണ് തമിഴ്നാട് ഏറ്റെടുത്തത്.

ഹിന്ദി ഹൃദയമേഖലകളില്‍ ബിജെപി ആധിപത്യ  ഉറപ്പിച്ചപ്പോഴും തമിഴകത്ത് ചുവട് ഉറപ്പിക്കാന്‍  ഇടം നല്‍കിയിട്ടില്ല ദ്രാവിഡ പ്രസ്ഥാനങ്ങള്‍. നിര്‍ബന്ധിത ഹിന്ദി പഠനത്തിന്റെ  പേരിലാണ് ഒടുവിലത്തെ കൊമ്പ്‌കോര്‍ക്കല്‍. ഹിന്ദുത്വ രാഷ്ട്രീയം തമിഴകത്ത് വേണ്ടെന്ന് പ്രസംഗിച്ചിരുന്ന ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ മുദ്രാവാക്യത്തിനൊപ്പം ഹിന്ദിയും വേണ്ടെന്ന് കൂട്ടിചേര്‍ത്തു. മാധ്യമങ്ങള്‍ക്ക് മുന്‍പിലും പൊതുവേദികളിലും നിലപാട് ആവര്‍ത്തിച്ചു. ഹിന്ദുത്വവും ഹിന്ദിയും പ്രതിരോധിക്കണമെന്ന ഡിഎംകെ പ്രചാരണങ്ങള്‍ രാഷ്ട്രീയഭേദമന്യേയാണ് തമിഴ്‌നാട്ടില്‍ പ്രചരിച്ചത്.  ഡിഎംകെ നിലപാടിന് സമൂഹമാധ്യമങ്ങളിലൂടെ സ്വീകര്യത ഏറി. ഹിന്ദി വേണ്ട, നിര്‍ബന്ധിതഹിന്ദി പഠനം അവസാനിപ്പിക്കുക, ഞങ്ങള്‍ ഇന്ത്യക്കാര്‍ എന്നാല്‍ ഹിന്ദി വേണ്ട തുടങ്ങിയ ഹാഷ് ടാഗ് ക്യാമ്പെയിനുകള്‍  സമൂഹമാധ്യമങ്ങളിലൂടെ പടര്‍ന്നു.

മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ഹാസന്‍, അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ്  ടി.ടി.വി ദിനകരന്‍, കോണ്‍ഗ്രസ് അടക്കം ഒരുമിച്ച് പ്രതിഷേധ നിരയില്‍ അണിനിരന്നു. ഒരു കേന്ദ്രമന്ത്രിയെ പോലും ലഭിച്ചില്ലെന്ന ആക്ഷേപങ്ങള്‍ക്കിടെ വിദ്യാഭ്യാസ നയത്തിന്‍റെ പേരിലെ നിര്‍ദേശങ്ങളുടെ പേരിലുയര്‍ന്ന അകല്‍ച്ച കുറയ്ക്കാന്‍ തമിഴ്നാട്ടുകാരായ കേന്ദ്രമന്ത്രിമാരെ തന്നെ നരേന്ദ്രമോദി സര്‍ക്കാര്‍ നിയോഗിച്ചു. ദേശീയ വിദ്യാഭ്യാസനയത്തിന്‍റെ കരടുനിര്‍ദേശം മാത്രമാണിതെന്നും പൊതുജനാഭിപ്രായം തേടിയ ശേഷമേ തുടര്‍നടപടിയുണ്ടാകൂ എന്നും നിര്‍മ്മലാ സീതാരാമനും, എസ്. ജയശങ്കറും ട്വിറ്ററില്‍ കുറിച്ചും,അതും തമിഴില്‍. എങ്കിലും പ്രതിഷേധം കെട്ടടങ്ങിയില്ല. പാര്‍ലമന്‍റിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്ന നിലപാട് ഡിഎംകെ ആവര്‍ത്തിച്ചു.  തമിഴിനായി തമിഴകം ഒറ്റകെട്ടായി നിന്നതോടെ നിലവിലുള്ള ദ്വിഭാഷാ സംവിധാനം തുടരുമെന്നറിയിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് കേന്ദ്രസര്‍ക്കാരിന് കത്തയക്കേണ്ടി വന്നു.

Hindi imposition Tamil Nadu Opposition parties cry foul over draft National Education Policy

 മുന്‍ ഐഎസ്ആര്‍ഒ മേധാവി കസ്തൂരിരംഗന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം തയാറാക്കിയ റിപ്പോര്‍ട്ട് അരനൂറ്റാണ്ടായി തുടര്‍ന്നുവന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ പൊളിച്ചെഴുത്തായാണ് തമിഴ്നാട് വിലയിരുത്തുന്നത്. ഒന്നാം മോദി സര്‍ക്കാര്‍ പരിഗണിച്ച ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള ആദ്യ കരട് റിപ്പോര്‍ട്ട് സംഘപരിവാര്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതെന്നായിരുന്നു വിമര്‍ശനം. ഇതോടെയാണ് ഡോ.കെ.കസ്തൂരിരംഗന്‍ അധ്യക്ഷനായി 2017ല്‍ പുതിയ സമിതിയെ നിയോഗിച്ചത്.സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുല്യ പരിഗണന, ബിരുദ്ധ കോഴ്സുകളുടെ സമഗ്ര പുനസംഘടന,വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണത്തിന് രാഷ്ട്രീയ ശിക്ഷാ ആയോഗ് തുടങ്ങി 19 പ്രധാന നിര്‍ദേശങ്ങളാണ് സമിതി മുന്നോട്ട് വച്ചിരിക്കുന്നത്. 

ഇതില്‍ മൂന്നാം  ഭാഷയായി ഹിന്ദി കൊണ്ടുവരുന്ന നീക്കം തമിഴകത്ത് വീണ്ടും വിലപ്പോയില്ല. തമിഴ്നാട്ടില്‍ നിലവിലെ സംവിധാനപ്രകാരം ഹിന്ദി ഓപ്ഷണല്‍ വിഷയമാണ്. നടപ്പാകാത്ത പരീക്ഷണം തമിഴകത്തെ ദ്രാവിഡ പ്രസ്ഥാനങ്ങളില്‍ ഡിഎംകെയ്ക്ക് രാഷ്ട്രീയ ആയുധമായി കഴിഞ്ഞു. ഡിഎംകെയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തെക്കുറിച്ച് രാജ്യമാകെ ചര്‍ച്ച ചെയ്യുന്നുവെന്നാണ് പ്രവര്‍ത്തകര്‍ക്ക് എഴുതിയ കത്തില്‍ എം.കെ.സ്റ്റാലിന്‍ വിശേഷിപ്പിച്ചത്,  രണ്ട് വര്‍ഷത്തിനകം തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ തമിഴ് വികാരവും തമിഴ്ഭാഷയിലേക്കുള്ള കടന്നുകയറ്റവും രാഷ്ട്രീയ തിരമാലയായി ആഞ്ഞടിച്ചുകൊണ്ടേയിരിക്കും.

Follow Us:
Download App:
  • android
  • ios