Asianet News MalayalamAsianet News Malayalam

ആ 12 വയസ്സുകാരി 250 രൂപ മോഷ്‍ടിച്ചത് ഇതിന് വേണ്ടിയായിരുന്നു; എന്നിട്ടും അവളെ ദുര്‍ഗുണപരിഹാരപാഠശാലയിലയച്ചത് എന്തിന്?

വെറും 250  രൂപ കട്ടെടുത്ത കുറ്റത്തിന്, തന്റെ മകളെ അവർ ദുർഗുണപരിഹാരപാഠശാലയിലേക്ക് പറഞ്ഞുവിട്ടു എന്നത് വിശ്വസിക്കാനാവാതെ അന്തംവിട്ടിരിക്കുന്ന അവളുടെ അച്ഛൻ മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞു

12 year old girl stole 250 rupees from temple but
Author
Madhya Pradesh, First Published Oct 3, 2019, 5:54 PM IST

ഇനി പറയാൻ പോകുന്നത് ഒരു സിനിമാക്കഥയല്ല. നമ്മുടെ ഇന്ത്യയിൽ തന്നെ നടന്ന ഒരു സംഭവമാണ്. ഇത് നമ്മുടെ സമൂഹത്തിന്റെ പ്രതികരണശേഷിയില്ലായ്മയുടെ പ്രതിഫലനമാണ്. ഈ വാർത്ത വന്നിരിക്കുന്നത് മധ്യപ്രദേശിലെ സാഗർ ജില്ലയിൽ നിന്നാണ്. ജില്ലയിലെ റഹ്‍ലി ഥാനാ പ്രദേശത്തെ ടിക്ടോറിയാ അമ്പലത്തിലെ ഭണ്ഡാരത്തിൽ നിന്ന് പണം മോഷ്ടിക്കപ്പെടുന്നു. യാദൃച്ഛികമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അമ്പലക്കമ്മിറ്റിക്കാരിൽ ഒരാൾ അത് കണ്ടെത്തുന്നു. അയാൾ ഉടനടി കമ്മിറ്റി വിളിച്ചു കൂട്ടി അവരെയും കാണിക്കുന്നു. പന്ത്രണ്ടു വയസ്സുള്ള ഒരു പെൺകുട്ടിയാണ് മോഷണം നടത്തുന്നത്. നൂറിന്റെ രണ്ടു നോട്ടുകളും, അമ്പതിന്റെ ഒരു നോട്ടുമാണ് എടുത്തിരിക്കുന്നത്. ആകെ മോഷണം പോയ തുക 250 രൂപ. മോഷണം പോയത് എത്ര ചെറിയ തുകയാണെങ്കിലും, കളവ് കളവുതന്നെ. പൊലീസിൽ അറിയിക്കണം. കമ്മിറ്റി ഏകകണ്ഠമായി പറഞ്ഞു. ഒടുവിൽ  വിവരം പൊലീസിനെ അറിയിക്കാൻ തന്നെ തീരുമാനമായി.

പൊലീസ് വന്നു, ദൃശ്യങ്ങൾ പരിശോധിച്ചു. മോഷ്ടാവ് ഗ്രാമത്തിൽ തന്നെയുള്ള ഒരു പെൺകുട്ടിയാണ് എന്ന് പൊലീസിന് ബോധ്യപ്പെട്ടു. കുട്ടിയെ അറസ്റ്റുചെയ്ത്, മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി. പ്രായപൂർത്തിയാകാത്തതുകൊണ്ട് കുട്ടിയെ ദുർഗുണപരിഹാരപാഠശാലയിലേക്ക് അയക്കാൻ മജിസ്‌ട്രേറ്റ് വിധിച്ചു. അടുത്ത ദിവസം അതേപ്പറ്റിയുള്ള ആദ്യത്തെ വാർത്തകളും വന്നു. ആ പെൺകുട്ടി ഭണ്ടാരത്തിലെ മുഴുവൻ പണവും അടിച്ചുമാറ്റുകയൊന്നും ചെയ്തിരുന്നില്ല. പണമെടുത്തത്, പട്ടിണി കിടക്കുന്ന സഹോദരങ്ങൾക്ക് ഗോതമ്പുവാങ്ങാൻ വേണ്ടിയാണെന്നാണ് അവൾ പൊലീസിനോട് പറഞ്ഞത്. സ്വന്തം സഹോദരങ്ങളുടെ വയറിന്റെ വിളി അടക്കാൻ വേണ്ടി അങ്ങനെ ചെയ്തത് ഒരു പാപമായി അവൾക്ക് തോന്നിയില്ല.

അങ്ങാടിക്കടുത്തുള്ള ആ അമ്പലം അവൾ എന്നും കാണാറുണ്ടായിരുന്നു. ഒരിക്കലും കേറാൻ തോന്നിയിട്ടില്ല. ഭക്തർ പലരും അവിടെ വരുന്നതും, തങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും മറ്റും ദൈവത്തോട് പറയുന്നതും ഒക്കെ അവൾ പലപ്പോഴും കണ്ടിട്ടുണ്ട്. അപ്പോഴൊന്നും അവൾക്ക് പോകാൻ തോന്നിയിട്ടില്ല. പതിവിനു വിരുദ്ധമായി, അന്നവൾ ആ അമ്പലത്തിലേക്ക് ചെന്നു. തന്റെയും സഹോദരങ്ങളുടെയും വിശപ്പുമാറ്റാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാനൊന്നുമല്ല അവളവിടേക്ക് പോയത്. പകരം അവൾ ദൈവത്തിനെന്നു കരുതി ഭക്തര്‍ ഭണ്ടാരത്തിൽ കൊണ്ടിടുന്ന പണത്തിൽ നിന്ന് 'തങ്ങൾക്ക് അവകാശപ്പെട്ടത്' മാത്രം അവൾ എടുത്തു. 250 രൂപ. എന്നാൽ, ഈ ലോകത്തിന്റെ കണ്ണിൽ അതൊരു കുറ്റം തന്നെയായിരുന്നു. മോഷണമായിരുന്നു അത്. അക്ഷന്തവ്യമായ അപരാധം. അത് അവളെക്കൊണ്ടെത്തിച്ചത് കുട്ടികൾക്കുള്ള ജയിലിലായിരുന്നു.

പിന്നീടാണ് ആ കുട്ടി നടത്തിയ കളവിന് തൊട്ടുമുമ്പുനടന്ന മറ്റൊരു മോഷണത്തിന്റെ കഥ വെളിപ്പെടുന്നത്. അവളെ ആ മോഷണത്തിന് പ്രേരിപ്പിച്ച സാഹചര്യം. അവൾ അങ്ങനെ സ്ഥിരം മോഷ്ടാവൊന്നും അല്ല. അന്നാദ്യമായിട്ടാണ് എന്തെങ്കിലും മോഷ്ടിക്കുന്നത്. അതിനും വ്യക്തമായ ഒരു കാരണമുണ്ടായിരുന്നു.

നാലഞ്ചുനാൾ നീണ്ട പട്ടിണിക്കുശേഷം, എവിടെന്നോ അവളുടെ അച്ഛൻ പത്തുസേര്‍ ഗോതമ്പും സംഘടിപ്പിച്ചുകൊണ്ട് വന്ന് അത് പൊടിപ്പിക്കാൻ വേണ്ടി മൂത്തവളെ മില്ലിലേക്ക് പറഞ്ഞുവിട്ടതാണ്. പൊടിപ്പിക്കുന്നിടത്തെ നീണ്ട ക്യൂ കണ്ടപ്പോൾ ഒന്ന് പുറത്തേക്കിറങ്ങിയതാണ് അവൾ. തിരിച്ചുവന്നപ്പോഴേക്കും അകത്തുവെച്ച ഗോതമ്പിന്റെ സഞ്ചി കാണാനില്ല. വെച്ചിരുന്നേടത്തുനിന്ന്  അതാരോ കട്ടുകൊണ്ടുപോയി. ചോദിച്ചപ്പോൾ മില്ലുകാരൻ കൈമലർത്തി. "ഗോതമ്പില്ലാതെ വീട്ടിലേക്ക് ചെന്നാൽ അച്ഛൻ അടിക്കും..." എന്നവൾ പറഞ്ഞപ്പോൾ "നിന്റെ ഗോതമ്പ്, നീ സൂക്ഷിക്കാതെ എന്റെ മെക്കിട്ടു കേറുന്നോ" എന്നായി മില്ലുടമ. അവൾ ആകെ പരിഭ്രമിച്ചുപോയി. ഗോതമ്പുപൊടിയും കൊണ്ടല്ലാതെ വീട്ടിലെ ചെന്നുകേറാനാവില്ല. അച്ഛൻ വഴക്കുപറയും. സഹോദരങ്ങളും ചേച്ചി ഗോതമ്പുപൊടിയും കൊണ്ടുവരുന്നതും കാത്തിരിക്കുകയാണ്. ഒഴിഞ്ഞ കയ്യുമായി  എങ്ങനെ ചെന്നുകേറും വീട്ടിൽ..!

അങ്ങനെ മില്ലിന് പുറത്ത് എന്തുചെയ്യണം എന്നറിയാതെ ഇരിക്കുമ്പോഴാണ് അമ്പലം കാണുന്നതും അവിടേക്ക് ചെന്നുകേറി കൃത്യം പത്തുസേർ ഗോതമ്പിന് വേണ്ടതെന്ന് അവൾക്ക് തോന്നിയ 250 രൂപ മാത്രം അകത്തെ  ഭണ്ഡാരത്തിൽ നിന്ന് എടുക്കുന്നതും, പിടിക്കപ്പെടുന്നതും. അതിന് അരമണിക്കൂർ മുമ്പ്, അവളുടെ ഗോതമ്പ് മോഷ്ടിച്ചവരെ ആരും പിടിച്ചില്ല. ആകെ അമ്പരന്നുപോയ ഒരു സാഹചര്യത്തിൽ, നിൽക്കക്കള്ളിയിയില്ലാതെ അവൾ നടത്തിയ ആ ചെറിയ കളവുമാത്രം കൃത്യമായി പിടിക്കപ്പെട്ടു.

വെറും 250  രൂപ കട്ടെടുത്ത കുറ്റത്തിന്, തന്റെ മകളെ അവർ ദുർഗുണപരിഹാരപാഠശാലയിലേക്ക് പറഞ്ഞുവിട്ടു എന്നത് വിശ്വസിക്കാനാവാതെ അന്തംവിട്ടിരിക്കുന്ന അവളുടെ അച്ഛൻ മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞു, "അവൾ പത്തു സേർ ഗോതമ്പാണ് കൊണ്ടുവന്നത്. അവളുടെ സ്‌കൂൾബാഗിൽ നിന്ന് എനിക്ക് എഴുപതു രൂപ കിട്ടി. അമ്പത് രൂപയുടെ ഒരു നോട്ടും. ഇരുപതിന്റെ മറ്റൊന്നും. മൂന്നു മക്കളാണെനിക്ക്. അവളാണ് മൂത്തത്. അവരുടെ അമ്മ നേരത്തെ മരിച്ചുപോയതാ. അന്നുതൊട്ട് ഞാനാണ് വളർത്തുന്നത്.  കൂലിപ്പണിയാണ്. പണികിട്ടാത്ത ദിവസങ്ങളിൽ ഞങ്ങൾ പട്ടിണിയാണ്. ഞങ്ങൾ ബിപിഎൽ കാർഡിനുവേണ്ടി കുറേക്കാലമായി ശ്രമിക്കുന്നു. ഓരോ കാരണം പറഞ്ഞ് അവർ തരാതെ ഇരിക്കുകയാണ്."

എന്തായാലും, ഇങ്ങനെ ആ പെൺകുട്ടിയെ ദുർഗുണപരിഹാരപാഠശാലയിലേക്ക് പറഞ്ഞുവിട്ടത്തിനു പിന്നിലെ മേൽപ്പറഞ്ഞ വിസ്തരിച്ചുള്ള കഥകൾ അടുത്ത ദിവസങ്ങളിൽ മാധ്യമങ്ങൾ പുറത്തു വിട്ടു. അപ്പോഴാണ് അമ്പലക്കമ്മിറ്റിക്കാർക്ക് തങ്ങൾ പ്രവർത്തിച്ച അപരാധം മനസ്സിലാകുന്നത്. അവർ തന്നെ വക്കീലിനെയും കൊണ്ട് ചെന്ന് കുട്ടിയെ ജാമ്യത്തിലിറക്കാൻ വേണ്ടത് ചെയ്തു. റഹ്‌ലിയിലെ ഡിസിപി അനുരാഗ് പാണ്ഡെ കുട്ടികളുടെ ചെലവുകൾ പൂർണ്ണമായും വഹിക്കാൻ സന്നദ്ധനായി മുന്നോട്ടുവന്നു.  മന്ത്രി ഹർഷ് യാദവും സഹായങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് രംഗത്തെത്തി.

കാര്യങ്ങൾ അവിടെ അവസാനിച്ചില്ല. കാര്യം മുഖ്യമന്ത്രി കമൽനാഥിന്റെ അടുത്തെത്തി. സർക്കാരും ആ കുടുംബത്തെ സഹായിക്കാൻ മുന്നോട്ടുവന്നു. കമൽനാഥ് ഇങ്ങനെ ട്വീറ്റ് ചെയ്തു, "പലപ്പോഴും അതിജീവനത്തിനായാണ് പല കുട്ടികളും തെറ്റായ മാർഗത്തിലേക്ക് കടക്കുന്നത്. ഇത്തരത്തിലുള്ള സാമ്പത്തിക സഹായം അർഹിക്കുന്ന കേസുകൾ കണ്ടെത്തി വേണ്ടത് ചെയ്യാൻ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്."

ഇവിടെ നമ്മുടെ മനഃസാക്ഷിയെ പിടിച്ചുലക്കുന്നത് മറ്റൊരു യാഥാർഥ്യമാണ്. ഇങ്ങനെ ഒരു മോഷണക്കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, ആ കുട്ടി എന്തിന് അങ്ങനെ ചെയ്തു എന്ന് അവളോടൊന്ന് ചോദിക്കാനുള്ള മനസ്സ് പൊലീസ് അധികാരികളുടെ ഭാഗത്തു നിന്നുണ്ടായില്ല. കോടതിയിലെ മജിസ്‌ട്രേട്ടും അവളെ  'കള്ളി' എന്ന് മുദ്രകുത്തി ഉടനടി ദുർഗുണപരിഹാരപാഠശാലയിലേക്ക് പറഞ്ഞുവിടുകയാണ് ചെയ്തത്. അവളോട് എന്തിങ്ങനെ പ്രവർത്തിച്ചു എന്ന് മജിസ്‌ട്രേട്ടും ചോദിച്ചില്ല. ഒരു സിസിടിവി ദൃശ്യം കണ്ടപ്പോൾ അമ്പലക്കമ്മിറ്റിയ്ക്കും ആ കൊച്ചുപെണ്‍കുട്ടിയെ മോഷണത്തിന് പ്രേരിപ്പിച്ചതെന്ത് എന്ന് തിരക്കാൻ തോന്നിയില്ല. അവരും കണ്ടത് അവൾ ചെയ്ത കളവുമാത്രമാണ്. അതിനുപിന്നിൽ പ്രവർത്തിച്ച സാഹചര്യമെന്തെന്ന് അവരും ആലോചിക്കാൻ മിനക്കെട്ടില്ല.

കഥയ്ക്ക് ശുഭാന്ത്യമാണെങ്കിൽ അതുവരെ നടന്നതൊക്കെ ക്ഷമിക്കപ്പെടും എന്നാണല്ലോ. ഇങ്ങനെ ഒരു സംഭവം നടന്നതുകൊണ്ടാണല്ലോ കാര്യങ്ങൾ മുഖ്യമന്ത്രിയിലേക്കും, ഡിസിപിയിലേക്കുമൊക്കെ നീണ്ടതും അവരുടെ ആജീവനാന്തപരിചരണത്തിനുള്ള സംവിധാനമായതും. അതുകൊണ്ട്, നടന്നതെല്ലാം നല്ലതിന് എന്ന് ആശ്വസിക്കാം. അവളും സഹോദരങ്ങളും ഇനി മറ്റുള്ള കുട്ടികളെപ്പോലെ വയറുനിറയെ ഭക്ഷണം കഴിക്കും. മറ്റുള്ള കുട്ടികളെപ്പോലെ അവരും അന്നന്നത്തെ അന്നത്തെപ്പറ്റിയുള്ള ആശങ്ക കൂടാതെ പഠിക്കും, സ്വപ്‌നങ്ങൾ കാണും..!  


 

Follow Us:
Download App:
  • android
  • ios