Asianet News MalayalamAsianet News Malayalam

ജെഎൻയുവിൽ തുടങ്ങി, തിഹാർ ജയിൽ വഴി, നൊബേൽ സമ്മാനലബ്‌ധി വരെ...

"ദേശദ്രോഹ(sedition)ക്കുറ്റം ഒന്നും ചുമത്തുകയുണ്ടായില്ല ഭാഗ്യത്തിന്. അന്ന് അത്രയ്ക്ക് പുരോഗമനം വന്നിട്ടില്ല. എന്നാലും, പത്തുദിവസത്തോളം ഞങ്ങൾക്ക് തിഹാർ ജയിലിൽ ഉണ്ടുറങ്ങി കഴിയേണ്ടി വന്നു. എനിക്കടക്കം പലർക്കും നല്ല അടിയും കിട്ടി അവിടെ നിന്ന്..."

Abhijit Banerjee - From JNU, to Nobel Prize via Tihar Jail
Author
Massachusetts Institute of Technology, First Published Oct 15, 2019, 11:29 AM IST

ഇത്തവണത്തെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം പ്രഖ്യാപിക്കപ്പെട്ടപ്പോൾ നമ്മളിൽ പലരും ഉത്സുകരായി. കാരണം, മൂന്നുപേരിൽ ഒരാൾ, ഒരു ഭാരതീയ നാമധാരിയായിരുന്നു. അഭിജിത് ബാനർജി. ആ പേര് മുമ്പെവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നായി പിന്നത്തെ ആലോചന. എന്നാൽ, ഇന്ത്യൻ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ അങ്ങനെ പരിചിതമായ ഒരു പേരുമല്ല അത് എന്നുറപ്പുണ്ട്. അപ്പോൾ പിന്നെ ആരാണ് ഈ ബാനർജി. അഭിജിത് ബാനർജി ഇന്ത്യൻ വംശജനാണ്. ഇപ്പോൾ, അദ്ദേഹം അമേരിക്കൻ പൗരത്വം സ്വീകരിച്ച് മസാച്യുസെറ്റ്സിലെ വിശ്വപ്രസിദ്ധമായ MIT എന്ന സർവകലാശാലയിൽ ഭാര്യയും സഹനൊബേൽ ജേതാവുമായ എസ്തർ ഡ്യുഫ്ലോയുമൊത്ത് സാമ്പത്തികശാസ്ത്രം പഠിപ്പിക്കുകയാണ്. ഇന്ത്യൻ വംശജൻ എന്ന പരാമർശത്തിൽ ഒതുങ്ങുന്നില്ല പക്ഷേ അഭിജിത് ബാനർജിയുടെ നാടുമായുള്ള കണക്ഷൻ. പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്. 

ആരാണ് ഈ അഭിജിത് ബാനർജി..? 

ഇന്ന് സാങ്കേതികമായി പറഞ്ഞാൽ അദ്ദേഹം അമേരിക്കൻ പൗരനാണ് എങ്കിലും, അക്ഷരാർത്ഥത്തിൽ ഒരു 'പാൻ ഇന്ത്യൻ' സ്വഭാവം അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ദൃശ്യമാണ്. എന്തെന്നല്ലേ.., പറയാം. ജനനം 1961-ൽ മുംബൈയിൽ. അഭിജിത് ബാനർജിയുടെ പേരിന്റെ നടുക്ക് ഒരു വിനായക് കൂടിയുണ്ട്. അത്, ജന്മനഗരമായ മുംബൈയിലെ സിദ്ധി'വിനായക'മൂർത്തിയോടുള്ള അമ്മയുടെ പ്രിയത്തിന്റെ സൂചനയാണ്.  എക്കണോമിക്സ് കുടുംബത്തിലാണ് ജനിച്ചത് എന്നുതന്നെ പറയാം. കാരണം, അച്ഛൻ ദീപക് ബാനർജി കൊൽക്കത്തയിലെ വിഖ്യാതമായ പ്രസിഡൻസി കോളേജിലെ എക്കണോമിക്സ് ഡിപ്പാർട്ടുമെന്റ് തലവൻ. അമ്മ, നിർമലാ ബാനർജിയോ സെന്റർ ഓഫ് സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസ് എന്ന മറ്റൊരു കേന്ദ്രഗവൺമെന്റ് സ്ഥാപനത്തിലെ എക്കണോമിക്സ് പ്രൊഫസർ. സൗത്ത് പോയിന്റ് ഹൈ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പ്രസിഡൻസി കോളേജിൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദപഠനം. 1981-83 കാലഘട്ടത്തിൽ ദില്ലിയിലെ ജെഎൻയുവിൽ നിന്ന് അതേ വിഷയത്തിൽ ബിരുദാനന്തരബിരുദം.   

Abhijit Banerjee - From JNU, to Nobel Prize via Tihar Jail

1981-ൽ ജെഎൻയുവിന്റേയും ഡി സ്‌കൂളിന്റെയും പ്രവേശനപരീക്ഷകളിൽ ഒന്നാം റാങ്കും നേടി, ദില്ലിയിലേക്ക് ഉപരിപഠനാർത്ഥം വന്നെത്തിയ അഭിജിത്തിന്റെ മുന്നിൽ രണ്ടു വഴികളുണ്ടായിരുന്നു. ഒന്ന്, അച്ഛന്റെ ഇഷ്ടം - ഇന്ത്യയിൽ സാമ്പത്തികശാസ്ത്രത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന 'ഡി സ്‌കൂൾ' അഥവാ ഡൽഹി സ്‌കൂൾ ഓഫ് എക്കണോമിക്സ്, രണ്ട്, അന്നുതൊട്ടേ ദുഷ്കീർത്തി സമ്പാദിക്കാൻ തുടങ്ങിയിരുന്ന ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി എന്ന ജെഎൻയു. അന്ന് അഭിജിത്തിന് രണ്ടിൽ ഏതുവേണമെങ്കിലും നിഷ്പ്രയാസം തെരഞ്ഞെടുക്കാമായിരുന്നു.എന്നിട്ടും, എന്തുകൊണ്ടോ അഭിജിത്തിന്റെ മനസ്സിനെ ആകർഷിച്ചത് ജെഎൻയുവിന്റെ കാമ്പസ് ആയിരുന്നു.ആയിരുന്നു. അച്ഛന്റെ ഇഷ്ടത്തിന് വിരുദ്ധമായി അന്നദ്ദേഹം ജെഎൻയുവിൽ എംഎ എക്കണോമിക്സിന് ചേർന്നു.

ഒന്നാം റാങ്കിന്റെ പ്രൗഢിയോടെ കാമ്പസിലേക്ക് കടന്നുവന്ന അഭിജിത് പക്ഷെ പരമ്പരാഗത ബുദ്ധിജീവി-പഠിപ്പിസ്റ്റ് ഇമേജിൽ നിന്നൊക്കെ വ്യത്യസ്തനായിരുന്നു. നല്ലൊരു വായനക്കാരനായിരുന്നു അഭിജിത്. അന്ന്, ജെഎൻയുവിൽ ചേർന്നുപഠിക്കുന്ന ഒരുവിധം എല്ലാവരും അങ്ങനെ തന്നെ ആയിരുന്നു. എന്നാൽ, അഭിജിത് അവരിൽ നിന്നൊക്കെ വ്യത്യസ്തനായത് അദ്ദേഹത്തിന്റെ സ്വഭാവത്തിലെ അതിസാധാരണത്വം കൊണ്ടായിരുന്നു. കട്ടിക്കണ്ണടയും ധരിച്ച് ഗൗരവത്തിലൊക്കെ നടക്കുമെങ്കിലും, നേരമിരുട്ടിയാൽ എങ്കിലും, കൂട്ടുകാരോടൊത്ത് എല്ലാവിധ അലമ്പിനും ആൾ മുന്നിൽ തന്നെ കാണും. ഒരു വട്ടം വായിച്ചാൽ മതി എല്ലാം തലയിൽ കേറും. നല്ല ഭക്ഷണം അന്വേഷിച്ച് എത്രദൂരം വേണമെങ്കിലും ചെല്ലും. സംഗീതത്തിലും, സിനിമകളിലും ഒക്കെ കടുത്ത കമ്പമുള്ള ഒരു സഹൃദയനായിരുന്നു അഭിജിത്. കാമ്പസിനുള്ളിൽ നടക്കുന്ന എല്ലാ പ്രശ്നത്തിലും തലയിടുന്ന, ഒരു പക്കാ രാഷ്ട്രീയോപജീവി ആയിരുന്നു ജെഎൻയു കാലത്ത് അഭിജിത് ബാനർജി.
 

Abhijit Banerjee - From JNU, to Nobel Prize via Tihar Jail
 

പ്രത്യേകിച്ച് ഒരു രാഷ്ട്രീയ സംഘടനയിലും അംഗത്വമില്ലായിരുന്നിട്ടും കൃത്യമായ രാഷ്ട്രീയാവബോധം കാത്തുസൂക്ഷിച്ചിരുന്ന, വിഷയങ്ങളിൽ കൃത്യമായി ഇടപെട്ട്, വളരെ നിശിതമായ നിരീക്ഷണങ്ങൾ അന്നേ നടത്തിയിരുന്നു അഭിജിത് എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തും ജെഎൻയുവിൽ അദ്ദേഹത്തിന്റെ സീനിയറുമായ ടികെ അരുൺ എക്കണോമിക്സ് ടൈംസിൽ എഴുതിയ ഓർമ്മക്കുറിപ്പിൽ പറയുന്നത്. അക്കാലത്ത് ഇടതുപക്ഷത്തെ വിമർശിച്ചിരുന്നു എങ്കിലും ആത്യന്തികമായി അഭിജിത്തിന്റെ ചായ്‌വ് അങ്ങോട്ടുതന്നെ ആയിരുന്നു എന്നും  മറ്റുള്ള സകല സംഘടനകളെയും തുറന്ന് എതിർത്തിരുന്ന അദ്ദേഹം യൂണിയൻ തെരഞ്ഞെടുപ്പുകളിൽ എന്നും വോട്ടുചെയ്തിരുന്നത് ഇടതുപക്ഷ പാനലിനായിരുന്നു എന്നും അരുൺ പറഞ്ഞു. ഗണിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ലീനിയർ എക്കണോമിക്സ് മോഡൽസ് പോലുള്ള വിഷയങ്ങളിൽ അപാരമായ താത്പര്യം അഭിജിത്തിനുണ്ടായിരുന്നു. LEM എന്നവിഷയം പേരിനുമാത്രം എക്കണോമിക്‌സും, നിറച്ചും സങ്കീർണ്ണമായ അങ്കഗണിതപ്രശ്നങ്ങളുമായിരുന്നു. ഒരിക്കൽ പ്രൊഫ. അൻജാൻ മുഖർജിയുടെ ക്‌ളാസിൽ നിന്ന് ഉത്തരം കിട്ടാത്ത ഒരു കണക്കുമായി ഇറങ്ങി നടന്ന വിദ്യാർത്ഥികളിൽ അഭിജിത് മാത്രം മറ്റുപലതും ചെയ്തുകൊണ്ടിരുന്നപ്പോഴും തലച്ചോറിൽ ആ ചോദ്യത്തിന്റെ ഉത്തരത്തിനായുള്ള അന്വേഷണം തുടർന്നുകൊണ്ടിരുന്നു. ഒടുവിൽ കാന്റീനിൽ വെച്ച് ഒരു ഫ്രഞ്ച് ടോസ്റ്റ് ചുട്ടുകൊണ്ടിരിക്കെ ആ കണക്കിനുള്ള ഉത്തരം അഭിജിത്തിന്റെ തലയിൽ വെളിപാടുപോലെ അവതരിക്കുന്നതും, ആർക്കിമിഡീസിനെപ്പോലെ അദ്ദേഹം ആഹ്ലാദഭരിതനാകുന്നതും ഒക്കെ അരുൺ ഓർത്തെടുക്കുണ്ട്.

ജെഎൻയു രാഷ്ട്രീയത്തിന് നൽകിയ പിന്തുണ 

2016-ൽ തന്റെ പൂർവ്വകലാലയം വിവാദങ്ങളിൽ ആടിയുലഞ്ഞു നിന്നപ്പോൾ പൂർണപിന്തുണയുമായി അഭിജിത് രംഗത്തു വന്നിരുന്നു. അന്നദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിൽ ഇങ്ങനെ എഴുതി, "ജെഎൻയു പോലുള്ള കലാലയങ്ങൾ നാട്ടുനടപ്പിനെ ചോദ്യം ചെയ്യാനുള്ള ഇടങ്ങളാണ് യുവാക്കൾക്ക് നൽകുന്നത്. നമ്മൾ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങൾ ഉറക്കെ വിളിച്ചുപറയാനുള്ള ഇടങ്ങൾ. പഠനകാലത്തെ അഭിപ്രായങ്ങൾ പലപ്പോഴും പിന്നീട് മാറാം എങ്കിലും, ആ അഭിപ്രായങ്ങളിൽ നിന്നാണ് വിപ്ലവകരമായ പല ചിന്തകളും ഉരുത്തിരിഞ്ഞു വരുന്നതും. അത്തരത്തിലുള്ള ഇടങ്ങൾ നമുക്കിനിയും ആവശ്യമുണ്ട്. ആ ഇടങ്ങളിൽ നിന്ന് ഗവണ്മെന്റ് ഒഴിഞ്ഞു കൊടുക്കേണ്ടത് അത്യാവശ്യമാണ്." ഇതേ ലേഖനത്തിൽ അദ്ദേഹം 1983-ൽ വിദ്യാർഥികൾ സംഘടിച്ചു ചെന്ന് ജെഎൻയു വൈസ് ചാൻസലർ  പി എൻ ശ്രീവാസ്തവയ്ക്ക് നേരെ നടത്തിയ ഒരു ഘെരാവോയെത്തുടർന്ന്, വധശ്രമത്തിന് കേസെടുത്ത് പത്തുദിവസം തിഹാർ ജയിലിൽ അടച്ച കഥ പറയുന്നുണ്ട്, " അത് 1983-ലെ ഒരു വേനൽക്കാലമായിരുന്നു. അന്ന് ജെഎൻയു സ്റ്റുഡന്റ്സ് യൂണിയന്റെ ചെയർമാനെ കാമ്പസിൽ നിന്ന് വിസി പുറത്താക്കിയ സമയമാണ്. അതിനെതിരെയായിരുന്നു സമരം. സമരം ഘെരാവോയിലേക്ക് പുരോഗമിച്ചപ്പോൾ അന്നത്തെ കോൺഗ്രസ് സർക്കാർ പൊലീസിനെ പറഞ്ഞയച്ച് ഞങ്ങളെയെല്ലാം അറസ്റ്റ് ചെയ്യിച്ചു. ദേശദ്രോഹ(sedition)ക്കുറ്റം ഒന്നും ചുമത്തുകയുണ്ടായില്ല ഭാഗ്യത്തിന്. അന്ന് അത്രയ്ക്ക് പുരോഗമനം വന്നിട്ടില്ല. എന്നാലും, വധശ്രമം(IPC307) ചാർജ്ജ് ചെയ്തു. അത് പിന്നീട് കോടതിയിൽ നിലനിന്നില്ല എങ്കിലും, പത്തുദിവസത്തോളം ഞങ്ങൾ നാനൂറോളം വിദ്യാർത്ഥികൾക്ക് തിഹാർ ജയിലിൽ ഉണ്ടുറങ്ങി കഴിയേണ്ടി വന്നു. എനിക്കടക്കം പലർക്കും നല്ല അടിയും കിട്ടി അവിടെ നിന്ന്..."

നരേന്ദ്ര മോദി സർക്കാരിന്റെ സാമ്പത്തികനയങ്ങളുടെ വിമർശനം

അഭിജിത് ബാനർജി നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങളിൽ വിശദമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. കോൺഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കിയപ്പോൾ, അതിലെ സുപ്രധാനഭാഗമായിരുന്ന ന്യായ്(NYAY) പദ്ധതി വിഭാവനം ചെയ്തത് അഭിജിത് ബാനർജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ്. പ്രധാനമന്ത്രി മോദിയും അഭിജിത് ബാനർജിയെ നൊബേൽ പുരസ്‌കാര ലബ്ധിയിൽ അഭിനന്ദിക്കുകയുണ്ടായി.

നോട്ട് നിരോധനം നടപ്പിൽ വരുത്തി, അമ്പത് ദിവസങ്ങൾ പിന്നിട്ട വേളയിൽ അഭിജിത് ബാനർജി ന്യൂസ് 18-ന് ഒരു അഭിമുഖം അനുവദിച്ചിരുന്നു. അതിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നു," ഈ തീരുമാനത്തിന്റെ യുക്തി എനിക്ക് ഇനിയും മനസ്സിലായിട്ടില്ല. ഉദാ. 2000 രൂപയുടെ നോട്ടിറക്കിയതിനു പിന്നിലെ ചേതോവികാരം. രണ്ടായിരം രൂപയും കയ്യിൽ പിടിച്ച് മേലോട്ടും നോക്കിയിരിക്കുന്നവന്റെ സങ്കടം, പണം അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ പറ്റാതെ കുഴങ്ങിയവന്റെതിനേക്കാൾ വലുതാണ്."

NSSO എന്ന സർക്കാർ സ്ഥാപനം, ജിഡിപി സംബന്ധിയായ പരാമീറ്ററുകളെ ഭരിക്കുന്ന ഗവണ്മെന്റിന്റെ സൗകര്യത്തിന് വളച്ചൊടിക്കാൻ ശ്രമിക്കുകയും, തൊഴിലില്ലായ്മ സംബന്ധിച്ച ഡാറ്റ പൊതുമണ്ഡലത്തിൽ ലഭ്യമാക്കാൻ വിസമ്മതിക്കുകയും ചെയ്തപ്പോൾ അതിനെതിരെ, കഴിഞ്ഞ മാർച്ചിൽ അഭിജിത് ബാനർജി അടക്കമുള്ള 108 സാമ്പത്തികവിദഗ്ദ്ധരും, സാമൂഹികശാസ്ത്രജ്ഞരും പരസ്യമായ വിമർശനവുമായി രംഗത്തുവരികയുണ്ടായി. " ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനങ്ങളുടെ കൃത്യത കഴിഞ്ഞ പതിറ്റാണ്ടുകളിൽ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടാകാമെങ്കിലും, ഇന്നുവരെ ഭരണകൂടം ആ കണക്കുകളെ രാഷ്ട്രീയമായി സ്വാധീനിക്കാൻ ശ്രമിച്ചു എന്നൊരു ആക്ഷേപം ഉയർന്നുവന്നിട്ടില്ല. ഇന്ന് ദൗർഭാഗ്യവശാൽ ആ ദിശയിലുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.  തികച്ചും അപലപനീയമായ ഒരു പ്രവണതയാണ് അത്.." എന്ന് അന്നവർ പറഞ്ഞിരുന്നു. അന്ന് അഭിജിത് ബാനർജിക്കൊപ്പം, രാകേഷ് ബസന്ത്, ജെയിംസ് ബോയ്സ്, എമിലി ബ്രെസ, പാട്രിക് ഫ്രാങ്കോയിസ്, ആർ രാമകുമാർ, ഹേമ സ്വാമിനാഥൻ തുടങ്ങിയ പല പ്രസിദ്ധ എക്കണോമിസ്റ്റുകളും ആ നൂറ്റെട്ടു പേരിൽ ഉൾപ്പെട്ടിരുന്നു.

പുരസ്കാരലബ്‌ധിയിലേക്ക് നയിച്ച ഗവേഷണങ്ങൾ

ദാരിദ്ര്യനിർമ്മാർജ്ജനനയങ്ങളുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ പ്രശ്നങ്ങളെ താര്യതമ്യേന ലളിതമായ പരീക്ഷണക്രമങ്ങളായി വിഭജിച്ചുകൊണ്ട് പരിഹാരം തേടുന്ന റാൻഡമൈസ്ഡ് കൺട്രോൾ ട്രയൽസ്(RCT) എന്ന സങ്കേതം വിഭാവനം ചെയ്തതിനും അത് വിജയകരമായി പല രാജ്യങ്ങളിലും നടപ്പിലാക്കിയതിനുമാണ് നൊബേൽ പുരസ്‌കാര സമിതി ബാനർജിയെയും, ഡ്യുഫ്ലോയെയും, ക്രീമറിനെയും അംഗീകരിച്ചത്. പരീക്ഷണത്തിൽ ഊന്നിയുള്ള  ഈ ശാസ്ത്രീയസമീപനങ്ങൾവികസനോന്മുഖസാമ്പത്തികശാസ്ത്രത്തിന്റെ  ഗതിതന്നെ തിരിച്ചുവിടാൻ പോന്നതായിരുന്നു. 

Abhijit Banerjee - From JNU, to Nobel Prize via Tihar Jail
 

'പുവർ എക്കണോമിക്സ്' എന്ന ബാനർജിയും ഡ്യുഫ്ലോയും ചേർന്നെഴുതിയ പുസ്തകത്തിൽ RCT എന്ന സങ്കേതത്തിനെ ഇന്ത്യൻ പരിപ്രേക്ഷ്യത്തിൽ വിശകലനം ചെയ്തുകൊണ്ടുള്ള വിശദമായ പഠനങ്ങളുണ്ട്. പരിമിതമായ വിഭവങ്ങളും, ദാരിദ്ര്യനിർമ്മാർജ്ജനത്തിന് ചുരുങ്ങിയ ഫണ്ടിങ്ങും മാത്രമുള്ള മൂന്നാംലോക രാജ്യങ്ങളിൽ നയങ്ങളുടെ രൂപീകരണത്തെ ഫലസിദ്ധിയിൽ ഊന്നിക്കൊണ്ട് ഉത്തമീകരിക്കുക എന്നതായിരുന്നു RCT പരീക്ഷണങ്ങളുടെ ലക്‌ഷ്യം. ദാരിദ്ര്യരേഖയ്ക്ക് താഴെ നിൽക്കുന്ന കുടുംബങ്ങളിലുള്ളവർ എങ്ങനെയാണ് തങ്ങളുടെ വരുമാനത്തെ വിനിയോഗിക്കുന്നത് എന്നത് സംബന്ധിച്ചുള്ള യഥാതഥമായ പഠനങ്ങളിൽ അധിഷ്ഠിതമാണ് RCT. ഉദാഹരണത്തിന്, പലപ്പോഴും ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികൾ പാളിപ്പോകാനുള്ള ഒരു കാരണം, തങ്ങൾ ലക്ഷ്യമിടുന്ന ജനവിഭാഗത്തിന്റെ ജീവിത ചര്യകളെക്കുറിച്ചും, ചെലവഴിക്കലിന്റെ ഇഷ്ടാനിഷ്ടങ്ങളെപ്പറ്റിയും ഒക്കെ ഒരുവിധത്തിലുള്ള ധാരണകളും ആ ജീവിതം പരിചയിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ, പ്രസ്തുതപദ്ധതികൾ വിഭാവനം ചെയ്യുന്നവർക്ക് ഉണ്ടാകാറില്ല. എന്നാൽ ഒരു വികസനോന്മുഖ സാമ്പത്തികശാസ്ത്രജ്ഞൻ എന്ന നിലയിൽ ഇന്ത്യയിലെയും വിദേശങ്ങളിലെയും ദരിദ്രഗ്രാമങ്ങളിൽ വൻതോതിലുള്ള നിരവധി പഠനങ്ങൾ നടത്തിയ നേർപരിചയമുണ്ട് ബാനർജിക്ക്. 

പാവപ്പെട്ടവൻ അനുഭവിക്കുന്ന മടുപ്പ് എന്ന വികാരം, പലപ്പോഴും വിശപ്പിന്റെ ദുരിതത്തെക്കാൾ വലുതാണെന്നും, അതുകൊണ്ടുതന്നെ മൂന്നുനേരം വയറുനിറയ്ക്കാൻ വകയില്ലാത്ത വീടുകളിൽപ്പോലും വിനോദോപാധിയായി ടെലിവിഷൻ ഉണ്ടാകാറുണ്ട് എന്നതും ഒരു ഉദാഹരണമായി ബാനർജി പറയുന്നുണ്ട്. തന്റെ പഠനങ്ങളിലൂടെ അദ്ദേഹം കണ്ടെത്തിയിട്ടുള്ള പെരുമാറ്റപ്രവണതകൾ(behavioural patterns) പലപ്പോഴും കൂടുതൽ ഫലപ്രദമായ നയരൂപീകരണത്തിനും, നയങ്ങളുടെ കൃത്യതയോടുള്ള നടപ്പാക്കലിനും സഹായകരമാകുന്നുണ്ട്.

പത്നിയ്ക്കൊപ്പം പങ്കിട്ട നൊബേൽ പുരസ്‌കാരം

അഭിജിത് ബാനർജിക്കൊപ്പം നൊബേൽ പങ്കിട്ട എസ്തർ ഡ്യുഫ്ലോ, നോബൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീ കൂടിയാണ്, സാമ്പത്തികശാസ്ത്രത്തിന് നൊബേൽ നേടുന്ന രണ്ടാമത്തെ മാത്രം വനിതയും. "സ്ത്രീകൾക്ക് നേട്ടങ്ങളുണ്ടാകുന്നത്, മറ്റുള്ള സ്ത്രീകളെ പ്രചോദിപ്പിക്കും. സ്ത്രീകളെ ബഹുമാനിക്കാൻ പുരുഷന്മാരെ പ്രേരിപ്പിക്കും.." എന്നാണ് പുരസ്കാരലബ്ധിയെപ്പറ്റി എസ്തർ പ്രതികരിച്ചത്. എസ്തറുമായി വിവാഹം ചെയ്യുന്നതിന് മുമ്പ് അഭിജിത് അരുന്ധതി തുലി ബാനർജിയുമായി വിവാഹിതനായിരുന്നു. കൽക്കത്തയിലെ കോളേജ് വിദ്യാഭ്യാസകാലത്ത് പ്രണയവിവാഹിതരായതാണ് ഇരുവരും. ഇരുവരും MITയിൽ ഗവേഷണത്തിനെത്തിയതും ഒന്നിച്ചുതന്നെയായിരുന്നു. ഈ വിവാഹബന്ധത്തിൽ ഒരു ആൺകുഞ്ഞും ജനിച്ചിരുന്നു ഇരുവർക്കും. പിന്നീടെപ്പോഴോ, അഭിപ്രായഭിന്നതകളെത്തുടർന്ന് ഇരുവരും വേർപിരിയുകയായിരുന്നു. ആ വിവാഹമോചനം നടന്ന് ഏറെക്കാലം കഴിഞ്ഞാണ് അഭിജിത്തിന്റെ ജീവിതത്തിലേക്ക് എസ്തർ കടന്നുവരുന്നത്. അഭിജിത്-ഡ്യുഫ്ലോ ദമ്പതികൾക്കും ഒരു ആൺകുഞ്ഞുണ്ട്.  വിവാഹത്തിന് മുമ്പ് ഏറെക്കാലം ഇരുവരും ലിവ് ഇൻ റിലേഷൻഷിപ്പിൽ ആയിരുന്നു. കുഞ്ഞു ജനിച്ച് മൂന്നുവർഷം കഴിഞ്ഞ് 2015-ലായിരുന്നു അവർ ഔപചാരികമായി വിവാഹിതരാകുന്നത്. 
 

Abhijit Banerjee - From JNU, to Nobel Prize via Tihar Jail


അന്നുമിന്നും, 'ഡെവലപ്‌മെന്റൽ എക്കണോമിക്സ്' അഥവാ വികസനോന്മുഖസാമ്പത്തികശാസ്ത്രമാണ് അഭിജിത്തിന്റെയും എസ്തറിന്റെയും തട്ടകം. ദാരിദ്ര്യനിർമ്മാർജ്ജനം നടപ്പിലാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പദ്ധതികൾ കണ്ടെത്തുന്നതിനായി അവർ വളരെ വലിയ സ്കെയിലിലുള്ള പല പഠനങ്ങളും നടത്തിയിട്ടുണ്ട്. അവയുടെ കണ്ടെത്തലുകളും ഏറെ ശ്രദ്ധേയമാണ്. 1988-ൽ MIT -യിൽ നിന്ന് ഡോക്ടറേറ്റ് പഠനം പൂർത്തിയാക്കി, നാലുവർഷം പ്രിൻസ്ടണിലും, ഒരുവർഷം ഹാർവാർഡിലും പഠിപ്പിച്ച ശേഷം തിരിച്ച് MIT -യിൽ തന്നെ അധ്യാപകനായി എത്തിയ അഭിജിത് ബാനർജി, അവിടെ തന്റെ റിസർച്ച് അസോസിയേറ്റായിരുന്ന എസ്തർ ഡ്യുഫ്ലോയുമൊത്ത് ദാരിദ്ര്യനിർമ്മാർജ്ജനത്തിലും, വികസനോന്മുഖ സാമ്പത്തികശാസ്ത്രത്തിലും ഏറെ പഠനങ്ങൾ നടത്തി. മൈക്കൽ ക്രീമർ RCTയിലുള്ള തന്റെ സ്വതന്ത്രമായ പഠനങ്ങൾ നടത്തിയത് കേംബ്രിഡ്ജ് സർവകലാശാലയിൽ വെച്ചായിരുന്നു. 
 

Abhijit Banerjee - From JNU, to Nobel Prize via Tihar Jail

2003-ൽ ബാനർജിയും ഡ്യുഫ്ലോയും ചേർന്ന് MITയിൽ സ്ഥാപിച്ച 'അബ്ദുൽ ജമീൽ ലത്തീഫ് പോവർട്ടി ആക്ഷൻ ലാബ്' ദാരിദ്ര്യനിർമ്മാർജ്ജനത്തിലെ പല പഠനങ്ങൾക്കും RCT അടക്കമുള്ള രീതിശാസ്ത്രങ്ങളുടെ കണ്ടെത്തലിനും വേദിയായി. ഇന്ത്യയിൽ തന്നെ ദരിദ്രകുടുംബങ്ങളിൽ നിന്നുള്ള അമ്പതുലക്ഷത്തിലധികം വിദ്യാർത്ഥികൾ RCT -യിൽ അധിഷ്ഠിതമായ കർമ്മപദ്ധതികളുടെ ഗുണഭോക്താക്കളാണ്. 

 

Follow Us:
Download App:
  • android
  • ios