Asianet News MalayalamAsianet News Malayalam

1168 പീഡനകേന്ദ്രങ്ങള്‍, അതില്‍ സ്ത്രീകളെ പീഡിപ്പിക്കാനായി 'വെൻഡാ സെക്സി' എന്ന വീട്; പിനോഷെ എന്ന സ്വേച്ഛാധിപതി

ആഴ്ചകൾ നീണ്ട നിരന്തര പീഡനത്തിനൊടുവിൽ ലൈലയെ അവർ തെരുവിലേക്കിറക്കിവിട്ടു. തന്റെ കണ്മുന്നിൽ പട്ടാളക്കാർ കൊന്നുകളഞ്ഞ ഒരു പെൺകുട്ടിയുടെ വസ്ത്രവും ധരിച്ചുകൊണ്ടാണ് ലൈലയ്ക്ക് അവിടെ നിന്നും ഇറങ്ങേണ്ടി വന്നത്. 

Augusto Pinochet and Venda Sexy
Author
Santiago, First Published Oct 16, 2019, 2:24 PM IST

ഈ കാണുന്ന കെട്ടിടമുണ്ടല്ലോ. കണ്ടാൽ നമ്മുടെ ഒരു സാധാരണ വീടെന്നേ തോന്നൂ. ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലെ കാലേ ഐറാൻ എന്ന സ്ഥലത്താണ് ഈ വീട്. പിനോഷെ ഗവണ്മെന്റിന്റെ ഒരു പീഡന കേന്ദ്രമായിരുന്നു ഈ വീട്. ഇതിന്റെ പേര് 'വെൻഡാ സെക്സി' എന്നായിരുന്നു. സ്പാനിഷ് ഭാഷയിൽ ആ പേരിന്റെ അർഥം 'കണ്ണുകെട്ടിയ സെക്സി' എന്നാണ്.  തനിക്കെതിരെ പ്രതിഷേധിച്ചിരുന്നവരെ സ്ത്രീപുരുഷഭേദമെന്യേ കസ്റ്റഡിയിലെടുത്തത് കൊടിയ പീഡനങ്ങൾക്ക് വിധേയരാക്കുക എന്നത് ജനറൽ പിനോഷെയുടെ വിനോദമായിരുന്നു. 1168 പീഡനകേന്ദ്രങ്ങളുണ്ടായിരുന്നു പിനോഷെക്ക് ചിലിയിൽ അങ്ങോളമിങ്ങോളമായി. അക്കൂട്ടത്തിൽ ഒന്നായിരുന്നു 'വെൻഡാ സെക്സി'യും. 

ചിലി എന്ന ലാറ്റിനമേരിക്കൻ രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒക്ടോബർ 16 എന്ന ദിവസം ഏറെ പ്രധാനപ്പെട്ടതാണ്. ഒക്ടോബർ 5 -ന് തുടങ്ങിയ ജനകീയ വിപ്ലവത്തെത്തുടർന്ന് നാടുവിട്ടോടി ലണ്ടനിൽ ചെന്ന ഓഗസ്റ്റോ പിനോഷെ എന്ന സ്വേച്ഛാധിപതി അവിടെ വെച്ച് അറസ്റ്റുചെയ്യപ്പെടുന്നതും, വിചാരണയ്ക്കായി തിരികെ നാടുകടത്തെപ്പെടുന്നതും ഇരുപത്തൊന്നു വർഷം മുമ്പുള്ള ഒരു ഒക്ടോബർ 16 -നാണ്. 1973  സെപ്റ്റംബർ 11 -നാണ് ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന്റെ പ്രതിനിധിയായിരുന്ന ചിലിയൻ പ്രസിഡണ്ടും ഇടതുപക്ഷനേതാവുമായിരുന്ന സാൽവദോർ അല്ലെൻഡേയെ, അമേരിക്കയുടെ പിന്തുണയോടെ നടപ്പിലാക്കിയ ഒരു അട്ടിമറിയിലൂടെ  സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് ജനറൽ പിനോഷെ അധികാരം പിടിച്ചെടുക്കുന്നത്. അട്ടിമറിക്ക് തൊട്ടുപിന്നാലെ ഏകദേശം മൂവായിരത്തോളം രാഷ്ട്രീയ എതിരാളികളെ പിനോഷെ വധശിക്ഷയ്ക്ക് വിധേയരാക്കി. തുടർന്ന് രണ്ടര പതിറ്റാണ്ടോളം തുടർന്ന പട്ടാളഭരണത്തിനിടെ, ഉയർന്നുവന്ന പ്രതിഷേധസ്വരങ്ങളെയെല്ലാം അധികാരത്തിന്റെ ഉരുക്കുമുഷ്ടി പ്രയോഗിച്ച് ജനറൽ നിശ്ശബ്ദമാക്കി. പിനോഷെയുടെയും അനുയായികളുടെയും പീഡനങ്ങളിൽ കൊല്ലപ്പെട്ടത് ഒരു ലക്ഷത്തിൽപരം ചിലിയൻ പൗരന്മാരാണ്. 1998 -ൽ അറസ്റ്റുചെയ്യപ്പെട്ട അന്നുമുതൽ 300 -ലധികം കുറ്റങ്ങൾക്ക് വിചാരണ നേരിട്ടുകൊണ്ടിരുന്ന പിനോഷെ 2006  ഡിസംബർ 10 -ന് വാർധക്യസഹജമായ കാരണങ്ങളാൽ തന്റെ അറുപത്തേഴാം വയസ്സിൽ മരണപ്പെട്ടു.

Augusto Pinochet and Venda Sexy

'വെൻഡാ സെക്സി' എന്നത് പിനോഷെ സ്ത്രീതടവുകാരെ ലൈംഗികമായ പീഡനങ്ങൾക്ക് വിധേയരാക്കാൻ വേണ്ടി മാത്രം നീക്കിവെച്ചിരുന്ന കേന്ദ്രമായിരുന്നു. പ്രതിഷേധത്തിന്റെ സ്ത്രീസ്വരങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിച്ച്, അവരെ ബന്ധിതരാക്കി, കണ്ണ് മൂടിക്കെട്ടി, പലതരം ലൈംഗിക പീഡനങ്ങൾക്ക് വിധേയരാക്കുന്നു. അതോടെ ആത്മാഭിമാനം വ്രണപ്പെട്ട് അവർ പിന്മാറും. നിയമവിരുദ്ധമെങ്കിലും, വളരെ ഫലസിദ്ധിയുള്ള ഒരു പ്രതിരോധമാർഗമായി ജനറല്‍ ഇതിനെക്കണ്ടു. ചിലിയൻ രഹസ്യപ്പൊലീസിന് പുറമേ, സായുധസേനയുടെ വ്യോമ, നാവിക, കരസേനാ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗസ്ഥരും, തങ്ങളുടെ ശത്രുക്കളായ സ്ത്രീകളെ ഈ സങ്കേതത്തിൽ കൊണ്ടുവന്ന പീഡിപ്പിച്ചിരുന്നു. പിനോഷെയുടെ പരമാധികാരത്തിന് ഭീഷണിയെന്ന് തോന്നുന്ന ആരെയും രായ്ക്കുരാമാനം തട്ടിക്കൊണ്ടുവന്ന് പീഡനങ്ങൾക്കിരയാക്കുമായിരുന്നു അവർ.

സമൂഹത്തിന്റെ പല തലങ്ങളിലുള്ള സ്ത്രീകളും, ഗർഭിണികൾ വരെ ഇത്തരത്തിൽ ഗവണ്മെന്റിന്റെ പീഡനത്തിന് ഇരയായി. പ്രതികാരത്തിനായും, വിജയങ്ങളുടെ ആഘോഷത്തിനായും ഒക്കെ നിർബാധം സ്ത്രീകൾ തെരുവുകളിൽ നിന്ന് ഇവിടെ എത്തിക്കപ്പെട്ട് പീഡനങ്ങൾക്ക് വിധേയരായിക്കൊണ്ടിരുന്നു. ഈ കെട്ടിടത്തിനുള്ളിലേക്ക് കണ്ണും മൂടിക്കെട്ടിക്കൊണ്ട് എത്തുന്ന സ്ത്രീകൾ ഒറ്റയ്ക്കോ, കൂട്ടമായോ ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു. ആ ബലാത്സംഗങ്ങൾ ഗർഭിണികൾക്ക് കുഞ്ഞുങ്ങളെ നഷ്ടപ്പെടുത്തി. പതിമൂന്നും പതിനാലും വയസ്സുള്ള പെൺകുട്ടികൾക്ക് ഗർഭമുണ്ടാക്കി. അമ്പതും അറുപതും വയസ്സുള്ള സ്ത്രീകൾ സ്വന്തം മക്കൾക്ക് മുന്നിൽ ബലാത്സംഗം ചെയ്യപ്പെട്ടു.

Augusto Pinochet and Venda Sexy 

ഒരിക്കൽ അറസ്റ്റുചെയ്യപ്പെട്ട് അവിടെയെത്തിയ ഒരുകൂട്ടം കർഷകസ്ത്രീകളെ അവർ വസ്ത്രങ്ങളെല്ലാം ഉരിഞ്ഞുമാറ്റി, മുറ്റത്തെ പുൽത്തകിടിയിൽ ചങ്ങലക്കിട്ടു.  രാത്രിയിലെ തണുപ്പിൽ അവർ വസ്ത്രങ്ങളോ, വെള്ളമോ, ഭക്ഷണമോ ഇല്ലാതെ കഴിച്ചുകൂട്ടി. അടുത്ത ദിവസം അവരെല്ലാം തന്നെ കൂട്ടബലാത്സംഗത്തിന് ഇരയായി. പിനോഷെയുടെ ഒരു പട്ടാള ഉദ്യോഗസ്ഥൻ തന്റെ ജർമ്മൻ ഷെപ്പേർഡ് നായയ്ക്ക് തടവുകാരികളെ ബലാത്സംഗം ചെയ്യുന്നതിന് പ്രത്യേക ട്രെയിനിങ്ങ് തന്നെ കൊടുത്തിരുന്നു. പിന്നീട്, 'യോ അമോ ലോസ് പെർറോസ്' ( The Love Dogs) എന്ന ഒരു നാടകം തന്നെ ഇതിനെപ്പറ്റി ഉണ്ടായി. അന്ന്   'വെൻഡാ സെക്സി'യിലെ പീഡനങ്ങളെ അതിജീവിച്ച സ്ത്രീകളിൽ ഒരാളാണ് ലൈലാ പെരെസ്. താൻ അതിജീവിച്ച പീഡനങ്ങളെപ്പറ്റി അവർ ആംനെസ്റ്റി ഇന്റര്‍നാഷനലിനോട് തുറന്നുപറഞ്ഞതിന്റെ രേഖകളുണ്ട്.

Augusto Pinochet and Venda Sexy

കാലിയെ മേയ്ക്കാൻ ഉപയോഗിക്കുന്ന ഒരു മൂർച്ചയുള്ള തോട്ടിയുണ്ടത്രേ ചിലിയിൽ. അതുകൊണ്ട് കുത്തിയാലുണ്ടാകുന്ന വേദന ലൈല ആദ്യമായറിയുന്നത് ഒരു പട്ടാളക്കാരന്റെ കൈകൊണ്ടാണ്. അന്നവൾ സ്‌കൂളിൽ പഠിക്കുന്ന കാലമാണ്. കൂടെപ്പഠിക്കുന്ന പത്തോളം പെണ്‍കുട്ടികൾക്കൊപ്പമാണ് ലൈലയെ പിനോഷെയുടെ പട്ടാളം തട്ടിക്കൊണ്ടു വരുന്നത്. യന്ത്രത്തോക്കുകൾ ചൂണ്ടിനിന്ന പട്ടാളം, അവരെ കൈകൾ ബന്ധിച്ചുകൊണ്ട് വരിവരിയായി നിർത്തി. അവരുടെ മുഖത്തേക്കുതന്നെ ഫ്ളഡ് ലൈറ്റുകൾ തെളിച്ചുവെച്ചിരുന്നു. അൽപനേരം കഴിഞ്ഞപ്പോഴേക്കും അവരിൽ മിക്കവർക്കും തലകറക്കം വരാൻ തുടങ്ങി. അതിനുശേഷം പീഡനങ്ങൾ തുടങ്ങി. 

സത്യത്തിൽ ലൈലയും കൂട്ടരും പിനോഷെ പട്ടാളത്തിന്റെ ഒരു ഗിനിപ്പിഗ്ഗുകളായിരുന്നു. അവർക്ക് ടോർച്ചർ ടെക്നിക്കുകൾ പരിശീലിക്കാൻ വേണ്ടിയാണ് ശത്രുപക്ഷത്തുണ്ടായിരുന്ന ആ കുട്ടികളെ തട്ടിക്കൊണ്ടുവന്നത്.  തന്നെ പീഡിപ്പിച്ചവരാരും തന്നെ തന്നോട് ഒരുചോദ്യം പോലും ചോദിയ്ക്കാൻ മിനക്കെട്ടിരുന്നില്ല എന്ന് ലൈല പറഞ്ഞു. താരതമ്യേന പരിചയക്കുറവുള്ള പല യുവ ഓഫീസർമാരെയും ചോദ്യം ചെയ്യാനുളളവരെ ഷോക്കടിപ്പിക്കാൻ പഠിപ്പിച്ചത് തന്റെ മേൽ ഷോക്കടിപ്പിച്ചുകൊണ്ടാണ് എന്നവർ പറഞ്ഞു. തന്നെ പീഡനമേശമേൽ ബന്ധിച്ചു കഴിഞ്ഞാൽ പിന്നെ വേദന മറക്കാൻ വേണ്ടി തന്റേതായ സ്വപ്നലോകത്തേക്ക് മനഃപൂർവം കടന്നുചെല്ലാറാണ് പതിവെന്നും അവര്‍ പറയുന്നുണ്ട്.  

ആഴ്ചകൾ നീണ്ട നിരന്തര പീഡനത്തിനൊടുവിൽ ലൈലയെ അവർ തെരുവിലേക്കിറക്കിവിട്ടു. തന്റെ കണ്മുന്നിൽ പട്ടാളക്കാർ കൊന്നുകളഞ്ഞ ഒരു പെൺകുട്ടിയുടെ വസ്ത്രവും ധരിച്ചുകൊണ്ടാണ് ലൈലയ്ക്ക് അവിടെ നിന്നും ഇറങ്ങേണ്ടി വന്നത്. അടുത്ത രണ്ടുവര്‍ഷക്കാലം അവളെ ഇടയ്ക്കിടെ അവർ കസ്റ്റഡിയിലെടുത്തത് ബലാത്സംഗത്തിനും പീഡനങ്ങൾക്കും വിധേയരാക്കി. ഏറ്റവും ഒടുവിൽ 1975 -ൽ അന്ന് കോളേജിൽ ചരിത്രവിദ്യാർത്ഥിയായിരിക്കെ ലൈല വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടപ്പോഴാണ് കുപ്രസിദ്ധമായ 'വെൻഡാ സെക്സി'യിലേക്ക് എത്തിപ്പെടുന്നത്. കണ്ണിൽ കറുത്ത ടേപ്പ് കനത്തിൽ അടിച്ചിരുന്നതിനാൽ ഒന്നും തന്നെ കാണാൻ സാധിച്ചിരുന്നില്ല. ലൈലയെയും കൂടെ കൊണ്ടുവന്ന പെൺകുട്ടികളെയും അവർ മാറിമാറി ഷോക്കടിപ്പിച്ചുകൊണ്ടിരുന്നു. രാത്രിയിൽ തുടങ്ങുന്ന പീഡനങ്ങൾ നേരം പുലരുംവരെ തുടരും. ഷോക്കടിപ്പിക്കലിന് പുറമെ മൂത്രം നിറച്ച ബക്കറ്റുകളിൽ തല മുക്കിപ്പിടിക്കും, കവറുകൾ തലയിലിട്ട് ശ്വാസം മുട്ടിക്കും, തലകീഴായി കെട്ടിത്തൂക്കി വടികൾ കൊണ്ട് അടിക്കും. ഏതാണ്ട് എല്ലാ തടവുകാരികളും ബലാത്സംഗം ചെയ്യപ്പെട്ടു. ചിലർ പീഡനം താങ്ങാനാകാതെ മരിച്ചുവീണു.

Augusto Pinochet and Venda Sexy

ഏതാണ്ട് 4500 -ൽ അധികം ചിലിയൻ പെൺകുട്ടികളെ ഇങ്ങനെ കണ്ണും മൂടിക്കെട്ടിക്കൊണ്ട്   'വെൻഡാ സെക്സി'യുടെ വാതിലിലൂടെ പീഡിപ്പിക്കപ്പെടാനായി അകത്തേക്ക് കടത്തിയിട്ടുണ്ട് എന്നാണ് കണക്ക്. അവരിൽ പലരും പീഡനങ്ങളെ അതിജീവിച്ചു. ചിലരൊന്നും  ജീവനോടെ തിരിച്ചുവന്നില്ല. ഒരു വർഷമാണ് ലൈല ആ പീഡനാലയത്തിൽ കഴിച്ചുകൂട്ടിയത്. പിന്നീട് ഒരു ലേബർ ക്യാമ്പിൽ അടയ്ക്കപ്പെടുകയും, അധികം താമസിയാതെ നാടുകടത്തപ്പെടുകയും ചെയ്തു. വർഷങ്ങൾക്കു ശേഷം പിനോഷെ അധികാരഭ്രഷ്ടനാകുകയും, തുറുങ്കിലടക്കപ്പെടുകയും ചെയ്തതിനു ശേഷമാണ് ലൈല സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുന്നത്.

വർഷം തോറും 'വെൻഡാ സെക്സി'ക്കു മുന്നിൽ ആ പീഡനങ്ങളുടെ ഇരകളുടെ ബന്ധുക്കളും മറ്റു ചിലിയൻ പൗരന്മാരും ഒത്തുകൂടാറുണ്ട്. സ്വേച്ഛാധിപതിയുടെ പീഡനങ്ങൾക്ക് ഇരയായവരുടെ ഓർമ്മയ്ക്കായി അവർ സ്വാതന്ത്ര്യഗീതങ്ങൾ ആലപിക്കാറുണ്ട്. കഴിഞ്ഞവർഷം 'വെൻഡാ സെക്സി'ക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട ഒരു പ്ലക്കാർഡിൽ ഇങ്ങനെ എഴുതിയിരുന്നു, "ഇവിടെ  'വെൻഡാ സെക്സി' യിൽ ജനകീയരായ നമ്മുടെ വനിതാപ്പോരാളികൾ സ്വേച്ഛാധിപതിയുടെ നേതൃത്വത്തിൽ ഭരണകൂടം അഴിച്ചുവിട്ട അവർണ്ണനീയമായ  ലൈംഗിക പീഡനങ്ങളെ എതിർത്ത് അവയെ അതിജീവിച്ചു."

Augusto Pinochet and Venda Sexy  

ഒരുകാലത്ത് സ്വന്തം നാട്ടിലെ സ്ത്രീകളെ സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു എന്ന ഒറ്റക്കാരണം കൊണ്ട്, ഒരു സ്വേച്ഛാധിപതി കൊടിയ ലൈംഗിക പീഡനങ്ങൾക്ക് വിധേയരാക്കിയിരുന്നു എന്നത് ആരും അത്ര എളുപ്പത്തിൽ മറന്നുകൂടാ എന്ന് ഇന്നത്തെ ചിലിയൻ സർക്കാരിന് നിർബന്ധമുണ്ട് എന്നുതോന്നുന്നു. അതുകൊണ്ടാവും, അവർ ഈ  'വെൻഡാ സെക്സി'യെ ഏറ്റെടുത്ത്,  ഒരു ചരിത്രസ്മാരകമെന്നു പ്രഖ്യാപിച്ച്, അതിനെ സംരക്ഷിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്.  


 

Follow Us:
Download App:
  • android
  • ios