Asianet News MalayalamAsianet News Malayalam

എഴുപതാം വാർഷികം ആഘോഷിക്കുന്ന ചൈനയ്ക്ക്, സ്വന്തം ചരിത്രം വിസ്മരിക്കാൻ സാധിക്കുമോ..?

സോവിയറ്റ് യൂണിയൻ എന്ന ഏറ്റവും പുരാതനമായ കമ്യൂണിസ്റ്റ് രാഷ്ട്രത്തേക്കാൾ ഒരു വർഷം കൂടി ഈ ഭൂതലത്തിൽ അവശേഷിച്ചു എന്ന ആശ്വാസം ഈ വർഷം ചൈനയ്ക്കുണ്ട്. 

Can china forget its own history while celebrating 70th anniversary
Author
China, First Published Oct 1, 2019, 6:01 PM IST

ഇന്ന്, ഒക്ടോബർ ഒന്നാം തീയതി,  ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ എഴുപതാം വാർഷികമാണ്. ചൈനക്കാർ വിജയഭാവത്തിൽ ഒന്ന് നിശ്വസിക്കുന്ന വർഷം കൂടിയാണിത്. കാരണം, സോവിയറ്റ് യൂണിയൻ എന്ന ഏറ്റവും പുരാതനമായ കമ്യൂണിസ്റ്റ് രാഷ്ട്രത്തേക്കാൾ ഒരു വർഷം കൂടി ഈ ഭൂതലത്തിൽ അവശേഷിച്ചു എന്ന ആശ്വാസം ഈ വർഷം ചൈനയ്ക്കുണ്ട്. വിപ്ലവം കഴിഞ്ഞ് 69 വർഷത്തിനുള്ളിൽ സോവിയറ്റ് യൂണിയൻ തകർന്നു. വർഷം എഴുപതായിട്ടും ചൈന തകർന്നില്ല. ഇനിയൊട്ടു തകരുമെന്ന് കരുതാനും തല്‍ക്കാലം കാരണങ്ങളില്ല.  

Can china forget its own history while celebrating 70th anniversary

ചൈനക്കാരെ സംബന്ധിച്ചിടത്തോളം വളരെ ശുഭകരമായ ഒരു സംഖ്യയാണ് എഴുപത്. സപ്തതി പൂർത്തിയാക്കുന്ന ഒരാളെ ഏറെ പ്രാധാന്യത്തോടെയാണ് ചൈനയിൽ പരിഗണിക്കുന്നത്. 'ഗുക്സി' അഥവാ എഴുപതാം പിറന്നാൾ അവിടെ വലിയ ആഘോഷങ്ങൾക്കുള്ള വേളയാണ്. ജന്മദിനം രാജ്യത്തിന്റെ തന്നെ ആകുമ്പോൾ പിന്നെ പറയണ്ടല്ലോ. ഇന്ന് ബെയ്ജിങ്ങിൽ നടന്നത് വമ്പിച്ച ഒരു സൈനിക പരേഡ് തന്നെയാണ്.  ചൈനയുടെ ആവനാഴിയിലെ 'ഡോങ് ഫെങ് 41' എന്ന, അമേരിക്കയിലേക്ക് ആണവായുധങ്ങളും കൊണ്ട് ചെന്നിടിച്ചിറങ്ങാൻ കഴിയുന്ന, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അടക്കമുള്ളവ സമസ്ത മാരകായുധങ്ങളും ലോകരാഷ്ട്രങ്ങൾക്കുമുന്നിൽ പ്രദർശിപ്പിക്കപ്പെട്ടു.

മാവോയുടെ ആദ്യപതിറ്റാണ്ടുകൾ 

എഴുപതു വർഷങ്ങൾക്കു മുമ്പ് മാവോ സെ തൂങ്ങ് എന്ന ഭരണാധികാരി, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അനിഷേധ്യ നേതാവ്,  കോമിൻതാങ്ങിൽ നിന്ന് ചൈനയുടെ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ, ഈ രാജ്യം അറിയപ്പെട്ടിരുന്നത് 'ഏഷ്യയിലെ രോഗി' എന്നായിരുന്നു. ഇന്ന് ചൈന ആ പഴയ രോഗിയല്ല. രോഗശയ്യ വിട്ട് പ്രയാണം തുടങ്ങിയ ആ കമ്യൂണിസ്റ്റ് രാജ്യം ഇന്ന് ലോകരാജ്യങ്ങളിൽ ഏറ്റവും പ്രബലമായ ഒന്നാണ്. ലോകത്തിലെ നിർമ്മാണരംഗത്തും, സാങ്കേതികതവിദ്യാ മേഖലയിലും, പ്രതിരോധശേഷിയിലും എല്ലാം തന്നെ മറ്റെല്ലാ രാജ്യങ്ങളോടും കിടപിടിക്കാൻ പോന്നതാണ് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന ഇന്ന്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തികവ്യവസ്ഥയാണ് ചൈന.


 Can china forget its own history while celebrating 70th anniversary

രാഷ്ട്രം രൂപീകൃതമായ ആദ്യവർഷങ്ങളിൽ എല്ലാ അർത്ഥത്തിലും സോവിയറ്റ് യൂണിയനായിരുന്നു ചൈനയ്ക്ക് മാതൃക. സോവിയറ്റ് യൂണിയൻ ദേശീയ, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിൽ കാൾ മാർക്സിന്റേയും വ്ലാദിമിർ ലെനിന്റേയും 'സോഷ്യലിസ്റ്റ്'  പാതപിന്തുടർന്ന് മാവോ സെ തുങ് ചൈനയിൽ വിപ്ലവാത്മകമായ പല മാറ്റങ്ങളും കൊണ്ടുവന്നു. സമത്വസുന്ദരമായ ലോകത്ത് സമൃദ്ധിയുടെ പങ്ക് എല്ലാ പൗരന്മാരും തുല്യമായി ഭാഗിച്ചെടുക്കുന്ന ഒരു ഉദാത്തലോകമാണ് അദ്ദേഹം വിഭാവനം ചെയ്തത്. അതിലേക്കായി അദ്ദേഹം കൃഷിയിടങ്ങളും, ഫാക്ടറികളും, മറ്റുള്ള ബിസിനസുകളും ഒക്കെ സർക്കാർ ഉടമസ്ഥതയിലാക്കി. പ്രക്രിയകളെല്ലാം തന്നെ കേന്ദ്രീകൃത സ്വഭാവത്തിലുള്ളതാക്കി, ആരോഗ്യരംഗത്ത് വൻ വികസനം കൊണ്ടുവന്നു. 

അദ്ദേഹത്തിന്റെ 'ഗ്രേറ്റ് ലീപ്പ് ഫോർവേഡ്' എന്ന ഗ്രാമവികസന പദ്ധതി പക്ഷേ, പ്രതീക്ഷിച്ചത്ര വിജയമായില്ല. 1959 -നും 61 -നുമിടയിലുള്ള കാലത്ത് ചൈനയിൽ കടുത്ത ക്ഷാമമുണ്ടായി. ലക്ഷക്കണക്കിന് ചൈനീസ് പൗരന്മാരും മൃഗങ്ങളും വിശന്നുമരിച്ചു. പൊടുന്നനെ രാജ്യത്തെ സമസ്തസ്വത്തുക്കളും ദേശസാൽക്കരിച്ചത് സമ്പദ്‌വ്യവസ്ഥയെ തകർത്തുകളഞ്ഞു. ഇക്കാലത്തുതന്നെയാണ് ചൈന, ബാല്യാവസ്ഥയിൽ തങ്ങളുടെ വഴികാട്ടിയായിരുന്ന സോവിയറ്റ് യൂണിയനുമായി വഴിപിരിയുന്നത്. അപ്പോഴേക്കും മാവോയുടെ അനുയായികൾ മാവോ സ്വപ്നം കണ്ട കമ്യൂണിസ്റ്റ് രാഷ്ട്ര സങ്കല്പത്തിൽ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള മാറ്റങ്ങൾ രാജ്യത്ത് നടപ്പിലാക്കാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. ചൈനീസ് സമൂഹത്തിൽ രാഷ്ട്രീയവും സാമൂഹികവുമായ അസമത്വങ്ങൾക്ക് അത് കാരണമായി. വർഗ്ഗസമരത്തെ അവഗണിക്കരുത് എന്ന മാവോയുടെ ഉപദേശത്തെ ലിയു ഷാവോക്കിയും ഡെങ് സിയാവോ പിങ്ങും അടക്കമുള്ള പിന്മുറക്കാർ അവഗണിച്ചുകൊണ്ടിരുന്നു. അറുപത്താറിൽ വിദ്യാർത്ഥികളെ മുന്നിൽ നിർത്തി മാവോ തന്റെ മഹത്തായ സാംസ്കാരിക വിപ്ലവത്തിന് തുടക്കമിടുന്നുണ്ട്. രാഷ്ട്രീയത്തിൽ തന്റെ എതിർ ചേരിയിൽ നിന്ന പലരെയും അതിലൂടെ അദ്ദേഹം ഒതുക്കുന്നുമുണ്ട്. 1976 -ൽ മരിക്കും വരെ അദ്ദേഹം തന്റെ പരിശ്രമങ്ങൾ തുടർന്നു പോന്നു. 

ഡെങ് സിയാവോ പിങ്ങ് യുഗം 

മാവോ മരിച്ച ശേഷം അദ്ദേഹത്തിന്റെ പിൻഗാമികൾ ശ്രമിച്ചത് അദ്ദേഹം ചെയ്തതിനെ ഒക്കെ ഇല്ലാതാക്കാനാണ്. മാവോയ്ക്കു ശേഷം ഭരണത്തിലേറിയ ഡെങ് സിയാവോ പിങ്ങ് ചൈനയെ തിരികെ വ്യാവസായികവളർച്ചയിലേക്ക് നയിക്കാൻ ഉറപ്പിച്ചു. വ്യവസായം, കൃഷി, പ്രതിരോധം, ശാസ്ത്ര സാങ്കേതികത തുടങ്ങിയ നാല് രംഗങ്ങളിൽ വൻ വിപ്ലവങ്ങൾക്ക് ചൗ എൻ ലായിയോടൊപ്പം ഡെങ്ങ് തുടക്കമിട്ടു. അദ്ദേഹമാണ് വീടുകളെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തുടങ്ങുന്നത്. അവനവനു വേണ്ടത് നിർമിക്കുക, അധികം വരുന്നത് രാഷ്ട്രത്തിനു നൽകുക എന്നതായിരുന്നു അതിന്റെ നയം. ഡെങ്ങിന്റെ കാലത്താണ് ചൈന മുതലാളിത്തത്തിന്റെ പാതയിലേക്ക് പിച്ചവെച്ചു നടക്കാൻ തുടങ്ങിയത്. നിർമ്മാണരംഗത്ത് ഫലപ്രദവും ലാഭകരവുമായ പുതിയ മാതൃകകളെ ഡെങ്ങ് പ്രോത്സാഹിപ്പിച്ചു.
 

"പൂച്ച കറുത്തതായാലും, വെളുത്തതായാലും എലിയെപ്പിടിച്ചാൽ മതി..." എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. അതായത്, നയം മുതലാളിത്തത്തിൽ ഊന്നിയതായാലും സോഷ്യലിസത്തെ അടിസ്ഥാനമായുള്ളതായാലും രാഷ്ട്രം പുരോഗമിച്ചാലും മതി എന്ന് സാരം. വ്യക്തിഗതമായ ഉടമസ്ഥതയും സ്‌പെഷ്യൽ ഇക്കണോമിക് സോണുകളും തുടങ്ങിയ ഡെങ്ങ് ചൈനയിലേക്ക് വിദേശമൂലധനം വൻ തോതിൽ ആകർഷിച്ചു. അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടറുമായി ഒരു ഉടമ്പടി ഒപ്പിട്ടുകൊണ്ട് ഡെങ്ങ് ഇരുരാഷ്ട്രങ്ങൾക്കും ഇടയിലുണ്ടായിരുന്ന ശത്രുതയ്ക്ക് വിരാമം കുറിച്ചു. ഒരുകാലത്ത് മുതലാളിത്തത്തെ എതിർത്തിരുന്ന അതേ ചൈനയിലാണ് ഇന്ന് ലോകത്തെ മൂന്നാമത്തെ വലിയ ഓഹരിവിപണിയായ ഷാങ്‌ഹായ്‌ സ്റ്റോക്ക് എക്സ്ചേഞ്ച് ഉള്ളത്.


 Can china forget its own history while celebrating 70th anniversary

ഇതേ ഡെങ്ങിന്റെ ഭരണകാലത്താണ് 1989 -ൽ ടിയാനൻമെൻ സ്‌ക്വയർ സമരങ്ങൾ നടക്കുന്നതും, ജൂൺ 4 -ലെ കൂട്ടക്കൊലയിൽ പതിനായിരങ്ങൾ കൊല്ലപ്പെടുന്നത്. അതിനുശേഷം പലപ്പോഴായി ചൈനയിൽ നടക്കുന്ന പലവിധത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്തായിട്ടുണ്ട്. 1970 -കളിലും 80 -കളിലും നടന്ന നിയമപരിഷ്കാരങ്ങൾക്ക് ശേഷമാണ് ചൈന ഭരിച്ചുപോരുന്ന കമ്യൂണിസ്റ്റ് പാർട്ടി, നിയമത്തിന്റെയും കോടതിയുടെയും വഴിയേ നടക്കാൻ തയാറായിത്തുടങ്ങുന്നത്. എന്നാൽ, ഈ നിയമ വ്യവസ്ഥ പോലും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് വിധേയമാണ് എന്നതാണ് വാസ്തവം. ന്യായാസനങ്ങളിൽ ഇരിക്കുന്ന ജഡ്ജിമാർ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വിധേയരാണ് എന്നർത്ഥം. 2000-ൽ ചൈനയിൽ ജയിലിൽ കഴിഞ്ഞിരുന്നത് നാൽപതു ലക്ഷത്തോളം പേരാണ്. 

 അഭിപ്രായ സ്വാതന്ത്ര്യം 

1982-ലെ ഭരണഘടന ചൈനക്കാർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുകൊടുക്കുന്നുണ്ട്, എങ്കിലും, രാജ്യത്തിനെതിരെയുള്ള അട്ടിമറി ചെറുക്കാൻ, രാജ്യത്തിൻറെ രഹസ്യങ്ങൾ സംരക്ഷിക്കാൻ എന്നിങ്ങനെ രണ്ടു വകുപ്പ് പറഞ്ഞ് ആരെയും പിടിച്ച് ജയിലിലിടാൻ ചൈനീസ് ഗവൺമെന്റിന് ആവും. ഒരാൾക്കും അതിനെതിരെ ശബ്ദിക്കാനാവില്ല. 2008-ൽ ചൈനീസ് സർക്കാർ രസകരമായ ഒരു സൗകര്യം ഏർപ്പെടുത്തിക്കൊടുത്തു തങ്ങളുടെ പൗരന്മാർക്ക്. നിങ്ങൾക്ക് വേണമെങ്കിൽ നേരത്തെ  അപേക്ഷിച്ച് അനുമതി നേടിയ ശേഷം പ്രതികരിക്കാം. പ്രതിഷേധിക്കാം. അതിനായി 'പ്രൊട്ടസ്റ്റ് പാർക്ക് 'എന്ന പേരിൽ നമ്മുടെ പുത്തരിക്കണ്ടം പോലെ ഒരു സ്ഥലവും അവർ ഏർപ്പാടാക്കി. അത് വിശ്വസിച്ച് പലരും പ്രതിഷേധാനുമതിക്കായി അപേക്ഷകൾ സമർപ്പിച്ചു. ആ അപേക്ഷകൾ ഒരെണ്ണമില്ലാതെ സർക്കാർ തള്ളി. എന്നുമാത്രമല്ല, അപേക്ഷകൾ സമർപ്പിച്ചവരിൽ മിക്കവരെയും അറസ്റ്റുചെയ്ത് തുറുങ്കിലടക്കുകയും ചെയ്തു. 

'ഫ്രീഡം ഹൗസ്‌' എന്ന മനുഷ്യാവകാശ സംഘടന ചൈനയെ പത്രസ്വാതന്ത്ര്യത്തിന്റെ പട്ടികയിൽ 'നോട്ട് ഫ്രീ' എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.  ചൈനയിലെ ജേര്ണലിസ്റ്റായ ഹീ കിങ്‌ലിയാൻ പറയുന്നത് ചൈനയിലെ മാധ്യമങ്ങളെല്ലാം തന്നെ പ്രവർത്തിക്കുന്നത് ചെനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ പ്രൊപ്പഗാണ്ടാ വിഭാഗത്തിൽ നിന്നുള്ള നിർദേശങ്ങൾക്ക് അനുസൃതമായിട്ടാണ്. 'ഫ്രീ ടിബറ്റ്' പ്രക്ഷോഭങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഐടിവി റിപ്പോർട്ടർ ജോൺ റേ അടക്കമുള്ള പല പത്രപ്രവർത്തകരും അറസ്റുചെയ്യപ്പെട്ടിട്ടുണ്ട്. 2012-ൽ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമീഷണർ അടക്കമുള്ളവർ അഭ്യർത്ഥിച്ചിട്ടും ചൈന തങ്ങളുടെ പത്രനയത്തിൽ നിന്നും ഒരിഞ്ചു പിന്നോട്ട് പോവാൻ തയ്യാറായിട്ടില്ല. ചൈനയിൽ അറുപതിലധികം ഇന്റർനെറ്റ് നിയന്ത്രണസംബന്ധമായ നിയമങ്ങളുണ്ട്. ചൈനയിലെ സൈബർ സെൽ മറ്റേതൊരു രാജ്യത്തെതിനേക്കാളും ആധുനികമായ സംവിധാങ്ങൾ കൊണ്ട് സജ്ജമാണ്. ലോകത്തിലേക്കും വെച്ച് ഏറ്റവുമധികം ജേർണലിസ്റ്റുകളും സൈബർ വിമർശകരും തടവിൽ കഴിയുന്ന രാജ്യമാണ് ചൈന എന്നാണ്  ആംനെസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തത്. 'നെറ്റിസൺസിന്റെ  ഏറ്റവും വലിയ ജയിൽ' എന്നാണ് 'റിപ്പോർട്ടേഴ്‌സ് സാൻസ് ഫോണ്ടിയേഴ്‌സ്' എന്ന പാരീസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടന ചൈനയെ വിളിച്ചത്.  ചൈനയുടെ സൈബർ നയങ്ങളുടെ കർക്കശ്യത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു 2013-യിൽ, ടിയാനൻ മെൻ സ്‌ക്വയർ കൂട്ടക്കൊലയുടെ ഇരുപത്തിനാലാം വാർഷികത്തിൽ ഇന്റർനെറ്റിൽ 'ടിയാനൻമെൻ സ്‌ക്വയർ' എന്ന് സെർച്ച് ചെയ്യുന്നത് ചൈന നിരോധിച്ചത്. 
 
ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം 

1966–1976 കാലത്ത് ചൈനയിൽ സാംസ്കാരിക വിപ്ലവം നടന്നു എന്ന് പറയപ്പെടുന്നു. അക്കാലത്ത് മതത്തിന്റെ പേരിലുള്ള എല്ലാ പ്രവർത്തനങ്ങളും നിരുത്സാഹപ്പെടുത്തുന്ന നയമാണ് ചെയർമാൻ മാവോ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ 'നാലു പഴമകളുടെ നാശം' എന്ന കാമ്പയിൻ വളരെ പ്രസിദ്ധമായിരുന്നു. ' പഴയ ആചാരങ്ങൾ, സംസ്കാരം, ശീലം, ആശയങ്ങൾ' ഇതൊക്കെയും നശിപ്പിക്കപ്പെടേണ്ടതാണ് എന്നായിരുന്നു മാവോയുടെ പക്ഷം.  1982 -ലെ ഭരണഘടന ചൈനീസ് പൗരന്മാർക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും, ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം അനുവദിക്കുന്നുണ്ട്. അതേ സമയം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങൾ നിർബന്ധമായും  നാസ്തികരായിരിക്കണം എന്നും നിഷ്കർഷയുണ്ട്. 

ക്രിസ്ത്യാനിറ്റി, ഇസ്‌ലാം, തിബറ്റൻ ബുദ്ധമതം ഈ മൂന്നു വിശ്വാസങ്ങളും ചൈനയിൽ നിരന്തരം ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്ക് വിധേയമായിക്കൊണ്ട് നിലനിൽക്കുന്ന വിശ്വാസങ്ങളാണ്.  മതവിശ്വാസം വെച്ചുപുലർത്തുന്നവരിൽ ഭരണകൂടം വളരെ സ്വാഭാവികമായി ദേശഭക്തിയുടെ കുറവ് ആരോപിക്കുന്നു. പിന്നീട് ആ ദേശഭക്തിയുടെ കുറവ് നികത്താൻ വേണ്ടി അവരെ 'തെറ്റുതിരുത്തൽ' അല്ലെങ്കിൽ 'അവബോധ' ക്യാമ്പുകളിലും അതിനുള്ള സ്‌കൂളുകളിലും നിർബന്ധിച്ച് പറഞ്ഞയക്കുന്നു. ജയിൽ എന്ന പേര് വിളിക്കുന്നില്ല എന്ന് മാത്രം. അവർക്ക് വേണ്ടത്ര ദേശഭക്തി ആയി എന്ന് സർക്കാർ പ്രതിനിധികൾക്ക് തോന്നും വരെ അവരെ ഈ കറക്ഷണൽ സ്ഥാപനങ്ങളിൽ നിർബന്ധിച്ചു പാർപ്പിക്കാൻ സർക്കാരിന് അധികാരമുണ്ട്. 
 Can china forget its own history while celebrating 70th anniversary
ഉയിഗർ മുസ്‌ലിങ്ങൾക്ക് നേരെ ചൈനീസ് സർക്കാർ വളരെ കർക്കശമായ നയമാണ് സ്വീകരിച്ചു പോരുന്നത്. സർക്കാർ അംഗീകൃതപള്ളികളിൽ മാത്രമാണ് അവർക്ക് പ്രാർത്ഥനയ്ക്ക് അനുവാദമുള്ളത്. പതിനെട്ടുവയസ്സിനു താഴെ പ്രായമുള്ള മുസ്ലീങ്ങൾക്ക് പ്രാർത്ഥനയ്ക്ക് അനുമതിയില്ല. സ്‌കൂളുകളിൽ പ്രാർത്ഥിക്കാൻ അനുവാദമില്ല. മതപഠനത്തിനും കാര്യമായ നിയന്ത്രണങ്ങളുണ്ട്. സർക്കാർ ചാരന്മാർ സ്ഥിരമായി പള്ളികൾക്കുള്ളിൽ സ്ഥാനമുറപ്പിച്ചിരിക്കും. സ്ത്രീകൾക്ക് തട്ടമിടുന്നതിനും, പുരുഷന്മാർക്ക് താടി വളർത്തുന്നതിനും നിരോധനമുണ്ട്. അറബി ഭാഷയിലുള്ള പേരുകൾ ഇടാൻ അനുവാദം ചൈനയിലെ മുസ്ലീങ്ങൾക്ക് സർക്കാർ അനുവദിച്ചു കൊടുത്തിട്ടില്ല. 

2001 സെപ്തംബർ 11-ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം സിൻജ്യങ്ങിൽ നടന്ന അക്രമങ്ങളെ ഭീകരപ്രവർത്തനം എന്ന് പറഞ്ഞ് അടിച്ചമർത്തുകയാണ് ചൈനീസ് സർക്കാർ. 2012-ൽ സീ ജിൻ പിങ്ങ്  കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയ ശേഷം ഏകദേശം പത്തുലക്ഷത്തിലധികം മുസ്ലീങ്ങളെ കമ്യൂണിസ്റ്റു പാർട്ടി നേരിട്ട് നടത്തുന്ന റീ- എജുക്കേഷൻ ക്യാമ്പുകളിൽ,   അവരുടെ വിശ്വാസങ്ങൾ വേണ്ടെന്നുവെക്കാനും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തത്വങ്ങൾ സ്വീകരിക്കാനുമുള്ള പരിശീലനത്തിനായി നിർബന്ധിച്ച് പാർപ്പിച്ചിരിക്കുകയാണ് സർക്കാർ. ഈ കമ്പുകളിൽ അവർ നിരന്തരം പീഡനങ്ങൾക്ക് ഇരയാകുകയാണ്.  എന്നാൽ ഇത്തരത്തിൽ ക്യാമ്പുകളിൽ കഴിയുന്നവർ 'ഭാവിയിൽ കുറ്റം ചെയ്യാൻ സാധ്യതയുള്ളവർ' ആണെന്നും, അതൊഴിവാക്കാനാണ് ഇത്തരത്തിൽ അവരെ പിടിച്ചു നിർത്തി 'റീ-എഡ്യൂക്കേറ്റ്' അല്ലെങ്കിൽ 'തോട്ട് കറക്റ്റ്' ചെയുന്നത് എന്നാണ് പാർട്ടിയുടെ വാദം. അങ്ങനെ ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല എന്നും.
 
'നാമൊന്ന് നമുക്കൊന്ന്' നയം 

ചൈനയിൽ ഒരു കുട്ടി മാത്രമായിരുന്നു ഏറെക്കാലം നിയമപരമായി  അനുവദനീയമായിരുന്നത്. ഇത് 1979-ൽ ചെയർമാൻ മാവോ സെ തുങിന്റെ കാലത്ത് ജനസംഖ്യ നിയന്ത്രിക്കാൻ വേണ്ടി കൊണ്ടുവന്ന നിയമമായിരുന്നു. വന്നു കുറേക്കാലം കഴിഞ്ഞപ്പോഴേക്കും അത് അത്ര കർശനമായി പാലിക്കപ്പെടുന്നില്ല എങ്കിൽ കൂടിയും നിയമമായി അത് നിലനിന്നിരുന്നു. 2016  മുതൽ രണ്ടു കുഞ്ഞുങ്ങൾ ആയി അത് ഉയർത്തപ്പെട്ടു. 

സ്വന്തം നാട്ടുകാരെ വധശിക്ഷയ്ക്ക് വിധേയരാക്കൽ 

ആംനസ്റ്റി ഇന്റർനാഷനലിന്റെ തൊണ്ണൂറുകളിലെ പഠനം വ്യക്തമാക്കിയത് ചൈനയിൽ വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ടിരുന്നവരുടെ സംഖ്യ, റെസ്റ്റ് ഓഫ് ദി വേൾഡ്, അതായത് ബാക്കി ലോകത്തുള്ള രാജ്യങ്ങളുടേത് മൊത്തം എടുത്താൽ ഉള്ളതിനേക്കാൾ കൂടുതലായിരുന്നുഎന്നാണ്. ചൈനയിൽ ഇന്നും 46  കുറ്റങ്ങൾക്ക് വധശിക്ഷയാണുള്ളത്. അതിൽ സാമ്പത്തിക കുറ്റങ്ങളും, നികുതിവെട്ടിപ്പും, അഴിമതിയും ഒക്കെ വരും. പട്ടാപ്പകൽ പോലീസ് നേരിട്ടാണ് ശിക്ഷ നടപ്പിലാക്കുക. ഒന്നുകിൽ വിഷം കുത്തിവെക്കും, അല്ലെങ്കിൽ വെടിവെച്ച്‌ കൊല്ലും അതാണ് പതിവ്. 

Can china forget its own history while celebrating 70th anniversary

ചുരുക്കത്തിൽ, ചൈനയിൽ 'ഏകപാർട്ടീ ജനാധിപത്യ'മാണ് നിലവിലുള്ളത്. എല്ലാ കാര്യങ്ങളിലും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് നേരിട്ടുള്ള നിയന്ത്രണമുണ്ട്. അവരുടെ അനുവാദമില്ലാതെ അവിടെ ഒന്നും നടക്കുകയില്ല. രാഷ്ട്രീയ പ്രവർത്തന, മതവിശ്വാസ സ്വാതന്ത്ര്യങ്ങൾ തുലോം തുച്ഛമാണവിടെ.  രാഷ്ട്രീയ പ്രവർത്തണമെന്നത് ഒരു ഞാണിന്മേൽ കളിയാണ്. ഭരണകൂടത്തിന്റെ അപ്രീതിക്ക് പത്രമാവുന്നവർ ഏതു നിമിഷവും തുറുങ്കിലടക്കപ്പെടാം.  നിങ്ങൾ ഭാവിയിൽ ഒരു കുറ്റം ചെയ്യാൻ സാധ്യതയുണ്ട് എന്ന് സർക്കാരിന് തോന്നിയാൽ മാത്രം മതി, അതിന്റെ പേരിൽ നിങ്ങളുടെ സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ നിന്നും നിങ്ങളെ പറിച്ചെടുത്ത് 'റീ- എജുക്കേഷൻ സെന്ററു'കളിൽ അടയ്ക്കാൻ. 

മർമ്മപ്രധാനമായ എഴുപതാം വാർഷികാഘോഷം

ആഘോഷങ്ങൾ മാധ്യമങ്ങളുടെ ശ്രദ്ധ എളുപ്പത്തിൽ പിടിച്ചുപറ്റുന്ന അവസരങ്ങളാകയാൽ, അധികാരികളെ സംബന്ധിച്ചിടത്തോളം ആ സമയങ്ങളിൽ അവരുടെ മാനസിക സംഘർഷം ഏറും. കാരണം, ഭരിക്കുന്ന സർക്കാരിനെതിരെ വിമതസ്വരങ്ങൾ കൂടി ഉയർത്തപ്പെടാൻ സാധ്യതയുള്ള വേദികളാണ് അവ. ടിയാനൻമെൻ സ്‌ക്വയർ കൂട്ടക്കൊലയുടെ മുപ്പതാം വാർഷികം സർക്കാർ ആ ഭയത്താൽ നിരോധിച്ച ഒന്നാണ്. ചൈന ഭയന്നപോലെതന്നെ വാർഷികദിനത്തിൽ ഹോങ്കോങ്ങിൽ വൻ തോതിലുള്ള ചൈനാവിരുദ്ധപ്രകടനങ്ങൾ നടന്നു.  " കമ്യൂണിസ്റ്റ് ചൈന, ഗോ ടു ഹെൽ " തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഹോങ്കോങ് പൗരന്മാർ തെരുവിലിറങ്ങി. ഒടുവിൽ ഹോങ്കോങ്ങിലെ പ്രകടനങ്ങളുടെ ചരിത്രത്തിൽ ഇന്നാദ്യമായി ഒരു പ്രക്ഷോഭകാരിയുടെ  നെഞ്ചിൽ പൊലീസിന്റെ വെടിയേറ്റു. 

Can china forget its own history while celebrating 70th anniversary

വികസനത്തിന്റെ കാര്യത്തിലുള്ള ചൈനയുടെ വളർച്ച ഒരു പക്ഷേ ലോകത്തിനു തന്നെ മാതൃകയാകും. എന്നാൽ ചൈനയിൽ അത് സാധ്യമായിരിക്കുന്നത് ഒരു പക്ഷേ, ജനാധിപത്യമൂല്യങ്ങളുടെയും , മനുഷ്യാവകാശങ്ങളുടെയും കാര്യത്തിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറായിക്കൊണ്ടുകൂടി ആണ്. ആ വികസനങ്ങളുടെ വിജയഗാഥകൾ തന്നെയാകും  ഈ വാർഷികദിനത്തിൽ ചൈന ലോകത്തോട് പറയാൻ പോവുന്നത്.

Follow Us:
Download App:
  • android
  • ios