Asianet News MalayalamAsianet News Malayalam

ഒരുമിച്ച് 'ചിയേഴ്സ്‍' പറയുന്ന ദമ്പതികള്‍ കൂടുതൽ കാലം സന്തോഷത്തോടെ ജീവിക്കുമെന്ന് പഠനം

ഒരുമിച്ച് മദ്യപിക്കുന്ന ദമ്പതികൾ അങ്ങനെ അല്ലാത്ത ദമ്പതികളേക്കാൾ സൗഹൃദം പങ്കുവയ്‍ക്കുന്നു എന്നും കൂടുതൽ കാലം സന്തോഷത്തോടെ ജീവിക്കുന്നു എന്നുമാണ് പഠനം പറയുന്നത്. 

couple drinking together live longer and happy life study
Author
First Published Apr 9, 2024, 1:24 PM IST

മദ്യപാനം ആരോ​ഗ്യത്തിന് നല്ലതല്ല. അതിനി ഒരുമിച്ച് കുടിച്ചാലും ശരി, ഒറ്റയ്‍ക്ക് കുടിച്ചാലും ശരി. എന്നാൽ, ഒരു പഠനം പറയുന്നത് ഒരുമിച്ച് മദ്യപിക്കുന്ന ദമ്പതികൾ മറ്റ് ദമ്പതികളേക്കാൾ കൂടുതൽ കാലം സന്തോഷത്തോടെ ജീവിക്കും എന്നാണ്. 

'ഡ്രിങ്കിം​ഗ് പാർട്‍ണർഷിപ്പ്' എന്ന തിയറി പ്രകാരമാണ് ഈ രസകരമായ വിശദീകരണം. എന്നാൽ, ഈ പഠനം ഒരുതരത്തിലും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതല്ല എന്നും പഠനം നടത്തിയ സംഘം വ്യക്തമാക്കുന്നുണ്ട്. ഒരേ ശീലങ്ങളും വിനോദങ്ങളും ഒരുമിച്ച് പിന്തുടരുന്ന ദമ്പതികൾക്കിടയിൽ കുറച്ചുകൂടി അധികം സ്നേഹമുണ്ടാകുമെന്നും, ആ ദാമ്പത്യം ആരോ​ഗ്യകരമായി നിലനിൽക്കുമെന്നും, കൂടുതൽ കാലം ജീവിക്കാൻ സഹായിക്കുമെന്നുമാണ് പറയുന്നത്. ഇത് ഭാര്യാ-ഭർത്താക്കന്മാർക്കിടയിലെ ബന്ധം കരുത്തുറ്റതാക്കുമെന്നും പഠനത്തിൽ പറയുന്നു. 

രണ്ട് പതിറ്റാണ്ടുകളായി 4500 ദമ്പതികളിലാണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഒരുമിച്ച് മദ്യപിക്കുന്ന ദമ്പതികളിൽ ദീർഘകാലത്തേക്കുള്ള ​ഗുണങ്ങളെ കുറിച്ചും പഠനം പരിശോധിക്കുന്നു. ഒരുമിച്ച് മദ്യപിക്കുന്ന ദമ്പതികൾ അങ്ങനെ അല്ലാത്ത ദമ്പതികളേക്കാൾ സൗഹൃദം പങ്കുവയ്‍ക്കുന്നു എന്നും കൂടുതൽ കാലം സന്തോഷത്തോടെ ജീവിക്കുന്നു എന്നുമാണ് പഠനം പറയുന്നത്. 

പഠനം നടത്തിയ മിഷിഗൺ സർവകലാശാലയിലെ ഗവേഷണ പ്രൊഫസറായ ഡോ. കിരാ ബിർഡിറ്റ് പറയുന്നത്, ദമ്പതികളിൽ മദ്യപാനം എങ്ങനെ മാറ്റമുണ്ടാക്കുന്നു എന്ന് പഠിക്കുകയായിരുന്നു ഈ ​ഗവേഷണത്തിന്റെ ലക്ഷ്യം എന്നാണ്. രണ്ടാളും വെവ്വേറെ പോയി മദ്യപിക്കുന്നതിന് പകരം ഒരുമിച്ചിരുന്നു മദ്യപിക്കുമ്പോൾ ഇരുവർക്കിടയിലും അടുപ്പം കൂടുമെന്നാണ് പഠനം പറയുന്നത്. 

പഠനത്തെ കുറിച്ച് കേൾക്കുമ്പോൾ അത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായി തോന്നുമെങ്കിലും ശരിക്കും അതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചാണ് പഠനം കൂടുതലും പ്രതിപാദിക്കുന്നത്. കൂടിയ തോതിലുള്ള മദ്യപാനം ദമ്പതികൾ തമ്മിലുള്ള ബന്ധം വഷളാവാനും കുടുംബം തകരാനും കാരണമാകും എന്നും പഠനം പറയുന്നുണ്ട്.  

2024 ഫെബ്രുവരിയിൽ 'ദി ജെറൻ്റോളജിസ്റ്റ്' എന്ന മെഡിക്കൽ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios