Asianet News MalayalamAsianet News Malayalam

സയനൈഡ് ശിവ വെറും സൈക്കോ അല്ല, കൂടത്തായി ജോളിയെ വെല്ലുന്ന, അതിബുദ്ധിമാനായ കൊടുംക്രിമിനൽ!

നാഗരാജിനെ അറിയില്ല എന്ന് ആദ്യം മൊഴിനല്കിയ ശിവയ്ക്ക് മുന്നിലേക്ക് പൊലീസ് നാഗരാജിന്റെ കോൾ  റെക്കോർഡുകൾ ഇട്ടുകൊടുത്തു. അതിൽ ചുവന്ന മഷിയിൽ അടിവരയിട്ട നിലയിൽ ദിവസത്തിൽ പലവട്ടം ശിവയുടെ നമ്പറിലേക്കും തിരിച്ചും നടന്ന ഫോൺ കോളുകളുടെ വിശദാംശങ്ങളുണ്ടായിരുന്നു.

Cyanide Shiva is no ordinary Psycho, but a dire criminal sharper than Koodathai jolly
Author
Eluru, First Published Nov 7, 2019, 10:31 AM IST

എളൂരു വെള്ളാങ്കി സിംഹാദ്രി. ആന്ധ്രയിലെ പശ്ചിമ ഗോദാവരി ജില്ലയിലെ എളൂരു എന്ന ടൗണിലെ ഒരു ഫ്ളാറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന സിംഹാദ്രി സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെട്ടിരുന്നത് ശിവ എന്ന പേരിലായിരുന്നു. റൈസ് പുള്ളർ, അത്ഭുതനാണയം, ഇരുതലമൂരി - അങ്ങനെ പലവിധേനയുള്ള 'പണമിരട്ടിപ്പ് തട്ടിപ്പു'കളുമായി വയറ്റിപ്പിഴപ്പ് നടത്തുന്നവനാണ് ശിവയെന്ന് എല്ലാവർക്കുമറിയാമായിരുന്നു എങ്കിലും, പണത്തിനു വേണ്ടി ആളെ തട്ടിക്കളയാനും മടിക്കാത്തവനാണ് എന്നറിഞ്ഞത് കഴിഞ്ഞ ദിവസം, ചൊവ്വാഴ്ച കൊലക്കുറ്റം ചുമത്തി പൊലീസ് ആളെ അറസ്റ്റു ചെയ്തപ്പോൾ മാത്രമാണ്. സ്വന്തം അമ്മൂമ്മയും, സഹോദരഭാര്യയുമടക്കമുള്ള പത്തുപേരുടെ മരണത്തിന് കാരണക്കാരൻ ശിവയാണ് എന്നാണ് പൊലീസ് പറയുന്നത്. 
 

Cyanide Shiva is no ordinary Psycho, but a dire criminal sharper than Koodathai jolly
 

റിയൽ എസ്റ്റേറ്റിൽ ആയിരുന്നു ശിവ ആദ്യം കൈവെച്ചത്. ആ ബിസിനസ്സിലുണ്ടായ അപ്രതീക്ഷിതനഷ്ടങ്ങൾ കൈപൊള്ളിച്ചപ്പോൾ ശിവ രണ്ടും കൽപ്പിച്ച് ആളെ പറ്റിക്കാനിറങ്ങുകയായിരുന്നു. എങ്ങനെയും വട്ടിപ്പലിശയ്‌ക്കെടുത്ത് കളഞ്ഞുകുളിച്ച പണം തിരിച്ചുപിടിച്ചേ മതിയാകുമായിരുന്നുള്ളൂ അയാൾക്ക്. കയ്യിലുള്ള പണം ഇരട്ടിപ്പിച്ചു നൽകാം, ഭൂമിക്കടിയിൽ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെടുത്തു നൽകാം എന്നൊക്കെ പറഞ്ഞു മോഹിപ്പിച്ചായിരുന്നു സയനൈഡ് ശിവയുടെ ഓപ്പറേഷനുകൾ. 

കൂടത്തായി ജോളിയുമായുള്ളത് അപാരമായ സാമ്യം

ലളിതമായ ഒരു പ്രവർത്തനപദ്ധതിയായിരുന്നു ശിവയുടേത്. കൂടത്തായിയിലെ ജോളിയുടേതുമായോ അപാരമായ സാമ്യം അതിനുണ്ട്. ഇരുവരും കൊല്ലാൻ ഉപയോഗിച്ചത് ഒരേ മാരകവിഷമാണ്. പൊട്ടാസ്യം സയനൈഡ്. ആളുകളോട് ഇരട്ടിപ്പിക്കേണ്ട പണവും സ്വർണ്ണവുമായി തന്നെ വന്നുകാണാൻ ശിവ ആവശ്യപ്പെടും. പൊലീസ് വരാതിരിക്കാൻ എന്നും പറഞ്ഞ് വിജനമായ സ്ഥലത്തേക്കാണ് ആളുകളെ വിളിപ്പിക്കുക പതിവ്. സ്വർണ്ണമോ പണമോ കാണിച്ചു കഴിഞ്ഞാൽ ആദ്യം തന്നെ ഒരു പ്രസാദം കഴിപ്പിക്കും. പ്രസാദം കഴിച്ച ശേഷം ശ്രമിച്ചാൽ ഇരട്ടിപ്പിന്റെ ഫലസിദ്ധി ഉറപ്പാണ് എന്ന് ശിവ അവരെ പറഞ്ഞു വിശ്വസിപ്പിക്കും. അവർ അത് വാങ്ങി കഴിക്കുകയും ചെയ്യും. മറ്റുചിലർ തങ്ങളുടെ മാറാരോഗങ്ങൾക്കുള്ള അത്ഭുത ഒറ്റമൂലി കഴിക്കാൻ വേണ്ടി വന്നവരാകും. അവരെ മരുന്നെന്നു പറഞ്ഞുവിശ്വസിപ്പിച്ച് സയനൈഡ് പുരട്ടിയ ഒരു ഗുളിക കഴിപ്പിക്കും. എന്നാൽ ഇങ്ങനെ നൽകുന്ന പ്രസാദത്തിലും മരുന്നിലുമൊക്കെ ശിവ പൊട്ടാസ്യം സയനൈഡ് മിക്സ് ചെയ്തിട്ടുണ്ടാകും. കഴിച്ചയുടൻ അവർ ശിവക്ക് മുന്നിൽ തന്നെ മരിച്ചുവീഴും. അപ്പോൾ അവരെ ആ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് അവർ കൊണ്ടുവന്ന പണവും സ്വർണ്ണവും ഒക്കെയായി ശിവ സ്ഥലം വിടും.

ഇങ്ങനെ 2018 ഫെബ്രുവരിക്കും 2019  ഒക്ടോബറിനും ഇടക്ക് ശിവ മോഷ്ടിച്ചത് 24.60 ലക്ഷം രൂപയും, 35.25 പവൻ സ്വർണ്ണവുമാണ്. ഈ പണം കൊണ്ട് അയാൾ എളൂരുവിൽ ഒരു സ്ഥലം വാങ്ങി വീടുവെച്ചു. ശേഷിച്ച പണവും സ്വർണ്ണവും പൊലീസ് കസ്റ്റഡിയിലെടുത്തു. 


പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ 

ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി, ഈസ്റ്റ് ഗോദാവരി, കൃഷ്ണ ജില്ലകളിലാണ് ശിവ തന്റെ ഓപ്പറേഷനുകൾ നടത്തിയിരുന്നത്. പത്തുകൊലപാതകങ്ങൾ നടത്തും വരെയും ശിവയെ ആരും സംശയിച്ചില്ല. കൊല്ലപ്പെടുന്നവരുടെ ദേഹത്തൊന്നും ഒരു പരിക്കും ഉണ്ടാകാറില്ല എന്നതുകൊണ്ട് പൊലീസും ബന്ധുക്കളും നാട്ടുകാരുമെല്ലാം അവയെല്ലാം സ്വാഭാവികമരണങ്ങൾ തന്നെ എന്ന്' ധരിച്ചുപോന്നു. പക്ഷേ, 'പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ' എന്നാണല്ലോ. കഴിഞ്ഞ ഒക്ടോബർ 16-ന്  എളൂരു ഗവണ്മെന്റ് സ്‌കൂളിലെ കായികാധ്യാപകനായ കെ നാഗരാജ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ നടന്ന പൊലീസ് അന്വേഷണത്തിനൊടുവിലാണ് സയനൈഡ് ശിവയ്ക്കുമേൽ പിടിവീഴുന്നത്. നാഗരാജിനെ ആദ്യം കാണാതാവുകയാണ് ഉണ്ടായത്. ചേട്ടനെ കാണാനില്ല എന്നുപറഞ്ഞുകൊണ്ട് രണ്ടാം ദിവസം അനുജൻ വെങ്കട്ടരമണയാണ് ആദ്യപരാതി പൊലീസിന് നൽകുന്നത്. ഒപ്പം, വളരെ നിർണായകമായ ഒരു വിവരവും വെങ്കട്ടരമണ പൊലീസിന് കൈമാറുന്നു. രണ്ടു ലക്ഷം രൂപയും കുറേ സ്വർണ്ണാഭരണങ്ങളും എടുത്തുകൊണ്ടാണ് ചേട്ടൻ പോയിരിക്കുന്നത്. വീട്ടിൽ നിന്നിറങ്ങിയ നാഗരാജിനെ പോലീസ് പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന സിസിടിവി കാമറകളിലൂടെ പിന്തുടർന്നു. അങ്ങനെ പോയിപ്പോയി അവർ ചെന്നെത്തിയത് കൊലപാതകം നടന്ന സ്ഥലത്താണ്. അവിടെ സംശയാസ്പദമായ നിലയിൽ ചുറ്റിത്തിരിഞ്ഞ ശിവയുടെ ദൃശ്യങ്ങൾ പൊലീസിന് കിട്ടി.

Cyanide Shiva is no ordinary Psycho, but a dire criminal sharper than Koodathai jolly

നാഗരാജിന്റെ കോൾ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ അതിൽ ശിവയുടെ നമ്പറും ഉണ്ടായിരുന്നു.കേവലം സംശയത്തിന്റെ പേരിൽ ഒരു പതിവ് ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ വിളിപ്പിച്ചതായിരുന്നു ശിവയെ. നിന്നു പരുങ്ങിയ ശിവയ്ക്ക് പൊലീസിന്റെ പലചോദ്യങ്ങൾക്കും ഉത്തരം പറയാനായില്ല. നാഗരാജിനെ അറിയില്ല എന്ന് ആദ്യം മൊഴിനല്കിയ ശിവയ്ക്ക് മുന്നിലേക്ക് പൊലീസ് നാഗരാജിന്റെ കോൾ  റെക്കോർഡുകൾ ഇട്ടുകൊടുത്തു. അതിൽ ചുവന്ന മഷിയിൽ അടിവരയിട്ട നിലയിൽ ദിവസത്തിൽ പലവട്ടം ശിവയുടെ നമ്പറിലേക്കും, തിരിച്ചും നടന്ന ഫോൺ കോളുകളുടെ വിശദാംശങ്ങളുണ്ടായിരുന്നു. അതോടെ ഉത്തരം മുട്ടിപ്പോയ ശിവ, നാഗരാജിനെ കൊന്നത് തൻ തന്നെയാണെന്ന് പൊലീസിനോട് സമ്മതിച്ചു. ഒപ്പം അതിനുമുമ്പ് ഒമ്പതുപേരെ വേറെയും കൊന്ന കാര്യവും കുമ്പസാരിച്ചു. അതോടെ ഞെട്ടിത്തരിച്ചിരുന്നു പോയത് ആന്ധ്രാ പൊലീസ് ആയിരുന്നു.

ഈ കൊലപാതകങ്ങളിലെ 'മർഡർ വെപ്പൺ' ആയ പൊട്ടാസ്യം സയനൈഡ് എന്ന കൊടിയവിഷം ശിവയ്ക്ക് സപ്ലൈ ചെയ്ത അമീനുള്ളാ ബാബു എന്ന വിജയവാഡാ സ്വദേശിയേയും പൊലീസ് അറസ്റ്റു ചെയ്തു. അമീനുള്ളയുടെ സഹോദരൻ ആസാദിന് നിക്കൽ പ്ലേറ്റിംഗ് വർക്ക് ഷോപ്പ് നടത്തിപ്പായിരുന്നു തൊഴിൽ. ജ്യേഷ്ഠൻ വർക് ഷോപ്പിലേക്കുള്ള കെമിക്കലുകൾ വാങ്ങാൻ വേണ്ടി ചെന്നൈയിലേക്ക് ചെല്ലുമ്പോൾ സഹോദരനെ അനുഗമിക്കുമായിരുന്ന അമീനുള്ള അവിടെ നിന്ന് അയാൾ അറിയാതെ ശിവയ്ക്കുവേണ്ടി സയനൈഡ് വാങ്ങിക്കുമായിരുന്നു. എന്നിട്ട് ശിവ നൽകുന്ന വൻതുകയ്ക്ക് പകരമായി സയനൈഡ് സപ്ലൈ ചെയ്യുമായിരുന്നു. ഇങ്ങനെ മൂന്നുവട്ടമാണ് ശിവ അമീനുള്ളയിൽ നിന്ന് സയനൈഡ് വാങ്ങിയിട്ടുള്ളത്.
Cyanide Shiva is no ordinary Psycho, but a dire criminal sharper than Koodathai jolly
ഇവിടെ പൊലീസിനെ അമ്പരപ്പിച്ചിരിക്കുന്നത് സയനൈഡ് ശിവയുടെ ക്രിമിനൽ ബുദ്ധിയാണ്. " ഓരോ കൊലപാതകങ്ങളും ശിവ വളരെ കൃത്യമായി തന്നിലേക്ക് നീണ്ടേക്കാവുന്ന തെളിവുകൾ സശ്രദ്ധം മായ്ച്ചു കളഞ്ഞിരുന്നു. മരിച്ച എല്ലവരുടെയും ബന്ധുക്കൾ കരുതിയത് മരണകാരണം ഹൃദയാഘാതമോ സ്ട്രോക്കോ ആണെന്നാണ്. പെട്ടെന്ന് മരണം ഉറപ്പ്, കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കുന്നില്ല. സയനൈഡ് തന്നെ ശിവ തെരഞ്ഞെടുക്കാൻ കാരണമിതാണ്" പശ്ചിമ ഗോദാവരി എസ്പി നവദീപ് സിങ്ങ് മാധ്യമങ്ങളോട് പറഞ്ഞു. " അവൻ ഒരു സാധാരണ സൈക്കോ അല്ല. വളരെ കൃത്യമായ പ്ലാനിങ്ങുള്ള കുടിലബുദ്ധിയായൊരു കൊടുംക്രിമിനലാണ്. ഓരോ ഓപ്പറേഷനും പിന്നിൽ വിശദമായ പദ്ധതികളുണ്ടായിരുന്നു. അതൊന്നും ബന്ധുക്കൾക്ക് പോലും അറിയാൻ സാധിച്ചിരുന്നില്ല. എന്നാൽ ശിവ കൊണ്ടുവന്നിരുന്ന പണം ചെലവിടാൻ നേരം അത് എവിടെ നിന്ന് വന്നു എന്നുപോലും അവരാരും ചോദിച്ചില്ല. അവരോട് തന്റെ റിയൽ എസ്റ്റേറ്റ് ബ്രോക്കറിങ്ങ് ബിസിനസ് വീണ്ടും പച്ചപിടിച്ചു എന്ന കള്ളമാണ് ശിവ പറഞ്ഞു ഫലിപ്പിച്ചുകൊണ്ടിരുന്നത്." അദ്ദേഹം തുടർന്നു.

അവസാനം പൊലീസിന്റെ പിടിവീണപ്പോഴും അത് ശിവയുടെ പ്ലാനിംഗിലുള്ള പരാജയം കൊണ്ടായിരുന്നില്ല. സിസിടിവി ഫൂട്ടേജ് എന്ന വളരെ സാങ്കേതികമായ ഒരു തെളിവിന്റെ ബലത്തിൽ മാത്രമായിരുന്നു. വളരെ എളുപ്പത്തിൽ ആളുകളെ പറഞ്ഞുമയക്കാൻ ശിവയ്ക്ക് സാധിച്ചിരുന്നു. റൈസ് പുള്ളറും, വെള്ളിമൂങ്ങയും, ഇരുതലമൂരിയും ഒക്കെ കാണിച്ച് പണവും പണ്ടവുമൊക്കെ ഇരട്ടിപ്പിച്ചു നൽകാമെന്ന വാഗ്‌ദാനവുമായി ശിവ സമീപിക്കുമ്പോഴേക്കും പലരും ആ പ്രലോഭനങ്ങളിൽ ആകെയുള്ള സ്വർണ്ണവും പണവുമൊക്കെയായി അയാളുടെ വലയിൽ ചെന്ന് ചാടിക്കൊടുക്കുകയും, സ്വന്തം മരണത്തിലേക്ക് നടന്നു കയറുമായിരുന്നു. ചെയ്തിരുന്നു. ഓരോരുത്തരെയും പറഞ്ഞുമയക്കിയതിനു പിന്നിൽ മാസങ്ങളോളം ശിവ അവരോട് നടത്തിയ സംഭാഷണങ്ങളുണ്ട്. വളരെ സാവകാശത്തിൽ ആർജ്ജിച്ചെടുത്ത വിശ്വാസത്തിന്റെ മൂലധനമുണ്ട്.

അറസ്റ്റിനു ശേഷം എളൂരു വെള്ളാങ്കി സിംഹാദ്രി എന്ന സയനൈഡ് ശിവയുടെ ഫോൺ റെക്കോർഡുകൾ വിശദമായിത്തന്നെ വിശകലനം ചെയ്ത പൊലീസിന് മറ്റൊരു കാര്യം കൂടി മനസ്സിലായി. തങ്ങൾ ചെയ്തിരിക്കുന്നത് പത്ത് കൊലപാതകക്കേസുകൾക്ക് തുമ്പുണ്ടാക്കുക മാത്രമല്ല, സമീപഭാവിയിൽ നടന്നേക്കുമായിരുന്ന പത്തിലധികം കൊലപാതകങ്ങൾ തടയുകയും, പത്തു ജീവനുകൾ പൊലിയുന്നതിൽ നിന്ന് കാക്കുകയും കൂടിയാണ് എന്ന സത്യം. തന്റെ അടുത്ത സെറ്റ് ഇരകളുടെ ഫോണിലൂടെ നിരന്തര സമ്പർക്കം പുലർത്തുകയായിരുന്നു അറസ്റ്റിലാകുമ്പോഴും സയനൈഡ് ശിവ..!  

 

Follow Us:
Download App:
  • android
  • ios