Asianet News MalayalamAsianet News Malayalam

ഈ കുഞ്ഞിന്‍റെ മരണത്തിന് കാരണക്കാര്‍ ആരാണ്?

ഈ സാഹചര്യം അവിടെ നിന്നും വീണ്ടും വഷളായത് എങ്ങനെ..? ഒരൊറ്റ വാക്യത്തിൽ വേണമെങ്കിൽ ഉത്തരം പറയാം. മമതാ ബാനർജി സർക്കാരിന്റെ കെടുകാര്യസ്ഥതയും മാർക്കടമുഷ്ടിയും  കൊണ്ട് മാത്രം...!

doctors strike in bengal
Author
West Bengal, First Published Jun 16, 2019, 5:53 PM IST

പറയാൻ പോവുന്നത് പശ്ചിമ ബംഗാളിലെ ഡോക്ടർമാരുടെ സമരത്തെക്കുറിച്ചാണ്. എന്നാൽ, അതിനു മുമ്പ് നിങ്ങളുടെ മുന്നിൽ വെക്കാനാഗ്രഹിക്കുന്നത് ഒരു ചിത്രമാണ്. ഈ ചിത്രത്തിൽ മമതാ ബാനർജിയില്ല, മുകുൾ റോയോ, കൈലാഷ് വിജയ് വർഗീയയോ ഇല്ല.. ! പക്ഷേ, ഇത് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ മുന്നിലേക്ക് വന്ന ഏറ്റവും ശക്തവും ഏറ്റവും പേടിപ്പെടുത്തുന്നതുമായ ഒരു ചിത്രമാണ്. ഒരു അച്ഛൻ കയ്യിലെടുത്തു പിടിച്ചിരിക്കുന്ന പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തിന്റെ ചിത്രം. അയാൾ നെഞ്ചു തകർന്ന് കരയുകയാണ്. ഈ ചിത്രം ട്വീറ്റ് ചെയ്തത് ആനന്ദ്‌ ബസാർ പത്രികയുടെ ഫോട്ടോജേർണലിസ്റ്റായ ദമയന്തി ദത്തയാണ്. ഈ ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്ന നിലവിളി നമ്മളോട് ചോദിക്കുന്നത് ഒരൊറ്റ ചോദ്യമാണ്.. "എന്റെ പൊന്നുമോൾ എന്ത് പിഴച്ചു..? അവളെ നിങ്ങൾ കൊന്നുകളഞ്ഞത് എന്തിനായിരുന്നു..?" 

ചിത്രം പങ്കുവെച്ച ദമയന്തി ദത്ത പറയുന്നത് ഈ കുട്ടി മരിച്ചത് ഇവളെ ചികിത്സിക്കാൻ ഡോക്ടർമാർ വിസമ്മതിച്ചതുകൊണ്ടാണ് എന്നാണ്. ഏതൊരു ഡോക്ടറും പഠിച്ചിറങ്ങുമ്പോൾ മനഃപാഠമാക്കി ഏറ്റുപറയുന്ന ഒരു പ്രതിജ്ഞയുണ്ട്. 'ഹിപ്പോക്രാറ്റിക് ഓത്ത്' എന്നാണ് അതിനു പറയുക. പ്രതിജ്ഞ ചെയ്യും അവർ, "ഞങ്ങളുടെ ഡ്യൂട്ടി ഏറ്റവും മികച്ച രീതിയിൽ തന്നെ ചെയ്യും... ചികിത്സ തേടിവരുന്നവരെ നിരാശപ്പെടുത്തില്ല..." എന്ന്. എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ബംഗാളിലെ ഒരു വിഭാഗം ഡോക്ടർമാരും, ഇന്ന് മുതൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഡോക്ടർമാരും തുലാസിൽ വെക്കാൻ പോവുന്നത് ഈ ശപഥത്തെയാണ്. ഇവരിൽ ഭൂരിഭാഗവും ഗവണ്മെന്റ് ഡോക്ടര്മാരാണ്. അതിന്റെയർത്ഥം, നമ്മുടെ നാട്ടിലെ ഒരു ഗതിയുമില്ലാത്ത പാവപ്പെട്ടവർക്ക് ആകെ ഉണ്ടായിരുന്ന ഒരു ആശ്രയം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിഷ്ക്രിയമാണ്. സീനിയർ ആയ ഡോക്ടർമാർ കൂട്ടത്തോടെ രാജിവെക്കുന്നു. ദില്ലി, മുംബൈ, ഹൈദരാബാദ് എന്നിങ്ങനെ പലയിടത്തെയും ഡോക്ടർമാർ ബംഗാളിലെ ഡോക്ടർമാരുടെ പോരാട്ടത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സമരത്തിൽ പങ്കുചേർന്ന് ജോലിയിൽ നിന്നും വിട്ടുനിൽക്കുകയാണ്. മഹാരാഷ്ട്രയിൽ പണിമുടക്കുന്ന ഡോക്ടർമാരുടെ എണ്ണം 4500 കവിഞ്ഞിരിക്കുന്നു. AIIMSലും ഒപിയിൽ വരുന്ന രോഗികളെ തിരിച്ചയച്ചുകൊണ്ടിരിക്കുന്നു.

ചികിത്സ തേടിയെത്തുന്ന രോഗികളെ നിരാശപ്പെടുത്തില്ല എന്ന് ശപഥം ചെയ്ത് സേവനത്തിനിറങ്ങിയ ഡോക്ടർമാരെ ആ ശപഥം തെറ്റിക്കാൻ നിര്‍ബന്ധിതരാക്കിയത് എന്താണ്..? എവിടെയാണ് ഇതിന്റെ തുടക്കം. കൽക്കത്തയിൽ ഒരു ആശുപത്രിയുണ്ട്. നീൽ രത്തൻ സർക്കാർ ഹോസ്പിറ്റൽ.  അവിടെ ഇതറിയപ്പെടുന്നത് NRS ഹോസ്പിറ്റൽ എന്നാണ്. അവിടെ ചികിത്സയിലിരുന്ന 75 വയസ്സുള്ള ഒരു രോഗി, മുഹമ്മദ് സയ്യിദ്,  ചികിത്സയ്ക്കിടെ മരണപ്പെടുന്നു. രോഗിയുടെ ബന്ധുക്കൾ ചികിത്സാ പിഴവാണ് മരണകാരണം എന്ന് ആരോപിച്ച് ബഹളമുണ്ടാക്കുന്നു. മൂന്നു ഹൌസ് സർജൻമാർ കയ്യേറ്റം ചെയ്യുന്നു. എന്നാൽ പ്രശ്നം അതുകൊണ്ടും തീരുന്നില്ല. ഡോക്ടർമാർ പറയുന്നത്, അന്ന് രാത്രി ട്രക്കുകളിൽ കേറി വന്ന ഇരുനൂറോളം പേർ ആശുപത്രിയ്ക്കുള്ളിൽ കേറി അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ തല്ലിച്ചതയ്ക്കുന്നു. രണ്ടു ഡോക്ടർ മാർ പാരിബാഹ മുഖോപാധ്യായ്, യശ് ടേക്ക്വാണി എന്നിവരുടെ തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുന്നു. ഇതിൽ ഡോ. മുഖോപാധ്യായയുടെ തലയോട്ടിയ്ക്ക് കടുത്ത ക്ഷതമേൽക്കുന്നു. അടിയന്തിര ശസ്ത്രക്രിയ നടത്തേണ്ടി വരുന്നു. എന്തിന് അക്രമസംഭവങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങി എന്നതിനെപ്പറ്റി പലരും പല അഭിപ്രായങ്ങളും പറയുന്നുണ്ട്. ഡോക്ടർമാരും രോഗിയുടെ ബന്ധുക്കളും ഇതിൽ പരസ്പരം പഴിചാരുകയാണ്. അതെന്തായാലും, തങ്ങളുടെ സഹപ്രവർത്തകർക്കുമേൽ ഉണ്ടായ സാമാന്യം ഗുരുതരമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഡോക്ടർമാർ സമരത്തിനിറങ്ങി. ഇത്രയും സ്വാഭാവികമായും നടക്കുന്ന കാര്യങ്ങൾ മാത്രം. അവിടെ നിന്നും എങ്ങനെ ഇത് ഇന്നുകാണുന്ന അവസ്ഥയിലേക്ക് വഷളായി..?

കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിൽ വരുത്തിയ ശേഷം മാത്രമേ ഡ്യൂട്ടിക്ക് കേറൂ എന്നായിരുന്നു ഡോക്ടർമാരുടെ പക്ഷം. അക്രമം നടത്തിയവർക്ക് നേരെ നടപടി എടുക്കണം എന്നതും ആവശ്യങ്ങളുടെ ഭാഗമായിരുന്നു.  എന്നാൽ, ഈ ആവശ്യങ്ങൾക്ക് നേരെ സർക്കാർ സംവിധാനങ്ങൾ മുഖം തിരിച്ചതോടെ മറ്റുള്ള ആശുപത്രികളിലെ ഡോക്ടർമാർ കൂടി സമരത്തിൽ പങ്കുചേർന്നു. അത്യാഹിത വിഭാഗമൊഴിച്ചുള്ള എല്ലാ ചികിത്സാ സംവിധാനങ്ങളും നിശ്ചലമായി. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ പോലും സമരം ചെയ്തുകൊണ്ടിരുന്ന ഡോക്ടർമാർക്ക് പിന്തുണയറിയിച്ചുകൊണ്ട് രംഗത്തുവന്നു. സമരം കൽക്കത്തയിൽ നിന്നും ബംഗാളിന്റെ മുക്കിലും മൂലയിലും വരെ എത്തി. 

ഈ സാഹചര്യം അവിടെ നിന്നും വീണ്ടും വഷളായത് എങ്ങനെ..? ഒരൊറ്റ വാക്യത്തിൽ വേണമെങ്കിൽ ഉത്തരം പറയാം. മമതാ ബാനർജി സർക്കാരിന്റെ കെടുകാര്യസ്ഥതയും മാർക്കടമുഷ്ടിയും  കൊണ്ട് മാത്രം...!  രാവിലെ ആശുപത്രികൾ നിശ്ചലമായി എന്നറിഞ്ഞ് മമതാ ബാനർജി SSKM ആശുപത്രി സന്ദർശിച്ചു. അവിടെ സമരത്തിലായിരുന്ന രണ്ടു ഡോക്ടർമാർ മമതയ്ക്കുമുന്നിൽ 'ഞങ്ങൾക്ക് നീതി വേണം' എന്ന മുദ്രാവാക്യം മുഴക്കി. എന്നാൽ മമത ചെയ്തതോ..? സമരം ചെയ്യുന്ന സകല ഡോക്ടര്മാരോടും മര്യാദയ്ക്ക് നാലുമണിക്കൂറിനുള്ളിൽ തിരിച്ച് ഡ്യൂട്ടിക്ക് കേറണം എന്ന് നിർദേശിച്ചു. ഇല്ലെങ്കിൽ കടുത്ത നടപടികൾ ഉണ്ടാവും എന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ എല്ലാ ഡോക്ടർമാർക്കുമായി ഒരു കത്തും അയച്ചു. " പാവപ്പെട്ട രോഗികൾ നിങ്ങളുടെ സഹായം തേടി ആശുപത്രികളിൽ വരുന്നുണ്ട്. അവരെ പരിചരിക്കണം." എന്നാൽ മമതയുടെ ഭീഷണിയോ കത്തോ ഒന്നും വിലപ്പോയില്ല. നാലുമണിക്കൂർ ഡെഡ് ലൈൻ അവസാനിച്ചു.

അന്നേദിവസം അതായത് ജൂൺ 13-ന് ഡോക്ടർമാർക്ക് നേരെ വീണ്ടും ഒറ്റപ്പെട്ട അതിക്രമങ്ങൾ  നടന്നു. NRS ആസ്പത്രിയിൽ സമരം ചെയ്യുകയായിരുന്ന ഡോക്ടർമാർക്ക് നേരെ നടന്ന കല്ലേറിൽ ചില ഡോക്ടർമാർക്ക് പരിക്കേറ്റു. അവർ  തങ്ങളുടെ പരാതികളുമായി  ഗവർണർ കേസരിനാഥ്‌ ത്രിപാഠിയെ ചെന്നുകണ്ടു. ആരും ഒരു നടപടിയും എടുത്തില്ല. അന്ന് രാത്രിയോടെ തന്നെ NRS മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും രാജിവെച്ചു. 

ഈ ആക്രമണങ്ങളും സമരവും എല്ലാം പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണ് എന്ന പ്രസ്താവനയോടെ മമതാ ബാനർജിയും സാഹചര്യങ്ങൾ കൂടുതൽ വഷളാക്കി. ഈ പ്രശ്നങ്ങൾക്കു പിന്നിൽ ബിജെപി-സിപിഎമ്മിന്‍റെ ഒക്കെ കാര്യങ്ങളാണെന്ന് മമത ആവർത്തിച്ചു.

ബിജെപി ഇതിനെ വർഗീയവത്കരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു എന്നും മമതാ ബാനർജി പറഞ്ഞു. ഈ പ്രശ്നത്തെ ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയമായ മുതലെടുപ്പ് നടത്താൻ ശ്രമിച്ചത് മമതാ ബാനർജി മാത്രമല്ലായിരുന്നു. അക്രമം നടത്തിയത് ഒരു പ്രത്യേക മതവിഭാഗക്കാരാണ് എന്ന ആക്ഷേപവുമായി ബിജെപി നേതാവായ മുകുൾ റോയ് രംഗത്തുവന്നു. അക്രമികൾ തൃണമൂൽ കോൺഗ്രസുകാരൻ എന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ ഭാഗത്തുനിന്നും അധീർ രഞ്ജൻ ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. "ബംഗാളിൽ  പ്രതിദിസന്ധി മൂർച്ഛിക്കുന്നു. അങ്ങ് ഇടപെടണം..." അദ്ദേഹം മോദിക്കെഴുതി. സംഗതികൾ കൈവിട്ടുപോയതോടെ തൃണമൂൽ കോൺഗ്രസുകാർ വരെ ഇപ്പോൾ മമതാ ദീദിയുടെ ഈ മുൻപിൻ നോക്കാതെയുള്ള എടുത്തുചാട്ടങ്ങളിൽ അസംതൃപ്തരാണ്. മമത ബാനർജിയുടെ ബന്ധുക്കളും തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തകരുമായി പലരും ഈ സമരത്തോട് ചേർന്ന് നിൽക്കുന്നുണ്ട്. സമരം ഇനിയും ഒത്തു തീർന്നിട്ടില്ല

ഇനിയെന്ത് എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം... ഈ വിഷയത്തിൽ കൊൽക്കത്ത ഹൈക്കോടതിയിൽ ഒരു പൊതുതാത്പര്യ ഹർജി ചെന്നു. ഏഴുദിവസത്തിനകം പ്രതികരണം അറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. തങ്ങളുടെ  സുരക്ഷാ ക്രമീകരണങ്ങൾ മെച്ചപ്പെടുത്തണം എന്നതാണ് ഡോക്ടർമാരുടെ ഇപ്പോഴുമുള്ള ആവശ്യം. ഒപ്പം, ഇതുവരെയുള്ള പെരുമാറ്റത്തിന് മമതാ ബാനർജി തങ്ങളോട് നിരുപാധികം മാപ്പു പറയണം എന്നും. ആവശ്യങ്ങൾ അംഗീകരിച്ചാലുടൻ ജോലിക്ക് കേറാൻ തയ്യാറാണെന്ന് അവർ പറഞ്ഞു. 

സമരം ചെയ്യാനുള്ള അവകാശം ഇന്ത്യയിലെ ഓരോ തൊഴിലാളിക്കും ഉണ്ട്. സാങ്കേതികമായ ഡോക്ടർമാരും തൊഴിലാളികളുമാണ്. എന്നാൽ, അവർ നൽകുന്നത് സേവനമാണ്. ആവശ്യസേവനം. അതിനെ നിയന്ത്രിക്കുന്ന ഒരു  നിയമം നാട്ടിൽ നിലവിലുണ്ട്. എസെൻഷ്യൽ സെർവീസസ് മെയിന്റനൻസ് ആക്ട്.. അഥവാ എസ്മ.

ഈ നിയമം പ്രയോഗിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അവകാശമുണ്ട്. ഈ നിയമം നിലവിൽ വന്നാൽ പിന്നെ സമരം നിയമവിരുദ്ധമാവും. സമരക്കാർക്ക് നടപടികൾ നേരിടേണ്ടി വരും. ജയിലിൽ പോവേണ്ടി വരും. എന്നാൽ ഇത്തവണ രണ്ടും കൽപ്പിച്ചാണ് ഡോക്ടർമാർ ഇറങ്ങിയിരിക്കുന്നത്. അവർ ഇത്തരം നിയമങ്ങൾക്കുമുന്നിൽ മുട്ടുമടക്കുമോ എന്നറിയില്ല. 

പശ്ചിമ ബംഗാളിൽ കാര്യങ്ങൾ കുറച്ചുനാളായി അല്ലെങ്കിലേ പ്രശ്നത്തിലാണ്. ആദ്യം നടന്ന പ്രശ്നങ്ങളെ മമത തെരഞ്ഞെടുപ്പ് അക്രമം എന്ന് വിളിച്ചു. ഇപ്പോൾ ഡോക്ടർമാരുടെ സമരത്തെ പ്രതിപക്ഷ ഗൂഢാലോചനയെന്നും. ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ ചുമതലയാണ് എന്ന് മമതാ ബാനർജി പലപ്പോഴും മറന്നു പോവുന്നു. 

സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് തന്റെ മൂക്കിൻ ചുവട്ടിൽ നടക്കുന്ന ഒരു സമരം ഒത്തുതീർപ്പാക്കാനുള്ള കഴിവില്ല എന്നതുകൊണ്ട് മാത്രം ഒരച്ഛനും തന്റെ കുഞ്ഞിന്റെ ശവവും കയ്യിലെടുത്ത് അലമുറയിട്ട് കരയേണ്ട ഗതികേടുണ്ടാവരുത്....!

 

Follow Us:
Download App:
  • android
  • ios