Asianet News MalayalamAsianet News Malayalam

'ഞാൻ ഒരു ട്രാൻസ് വ്യക്തിയാണ്, ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നാളെ ഞാനും കൊല്ലപ്പെട്ടേക്കാം...' വായിക്കാതെ പോകരുത് ഈ കുറിപ്പ്

എന്നോട് ചോദിച്ചാൽ, മരണപ്പെടുന്നവർ ഭാഗ്യം തുണച്ചവർ എന്നുപോലും ഞാൻ പറഞ്ഞുപോയേക്കാം. അത്രത്തോളം ദുഷ്കരമാണ് ഇവിടെ അതിജീവിച്ച്, നിലനിന്ന് പോകുവാൻ. വേട്ടയാടപ്പെടുന്നവരാണ് ഞങ്ങൾ, അധികാരവർഗ്ഗത്തിനാലും സമൂഹത്തിനാലും എന്തിനേറെ പറയുന്നു... നിയമപാലകരാൽ പോലും...
 

facebook post about murder of shalu by sukanya krishna
Author
Thiruvananthapuram, First Published Apr 2, 2019, 1:12 PM IST

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഷാലു എന്ന ട്രാന്‍സ്ജെന്‍റര്‍ വ്യക്തി കൊല്ലപ്പെട്ടത്. അതിനെ തുടര്‍ന്ന് സുകന്യ കൃഷ്ണ ഫേസ്ബുക്കിലിട്ട പോസ്റ്റ് ശ്രദ്ധേയമാണ്. 'എന്റെ പേര് സുകന്യ കൃഷ്ണ, ഞാൻ ഒരു ട്രാൻസ് വ്യക്തിയാണ്. ഈ കുറിപ്പെഴുതുമ്പോൾ ജീവനോടെയുള്ള ഞാൻ, നാളെ ഇതേസമയത്ത് ജീവനോടെ ഉണ്ടാകണമെന്നില്ല. അത്രത്തോളം അരക്ഷിതമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ട്രാൻസ് ജീവിതങ്ങൾ. ' എന്ന് തുടങ്ങുന്ന കുറിപ്പ് ട്രാന്‍സ് വ്യക്തികള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് വ്യക്തമാക്കുന്നു. 

കഴിഞ്ഞ വര്‍ഷങ്ങളിലായി മൂന്ന് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളാണ് പൊതുവിടങ്ങളില്‍ കൊല്ലപ്പെട്ടത്. ആലുവയില്‍ കൊല്ലപ്പെട്ട ഗൗരിയുടേയും കൊല്ലത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്വീറ്റ് മരിയയുടെയും പേരുകള്‍ക്കൊപ്പം ശാലുവിന്‍റെ പേര് കൂടി ചേര്‍ത്തിരിക്കുന്നു. ഇനിയെപ്പോഴാണ് ഈ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ എല്ലാവരേയും പോലെ ജീവിക്കാനുള്ള അവകാശം തങ്ങള്‍ക്ക് കിട്ടുക എന്നും സുകന്യ ചോദിക്കുന്നു. 

ഇന്നും ഇവിടെ നിലനില്‍ക്കുന്നത് രാജഭരണം പോലൊരു ഭരണമാണ്.. ഇനിയെന്നാണ് ഇവിടെ ജനാധിപത്യമുണ്ടാവുക? അതുണ്ടാവുമ്പോഴേക്കും നമ്മളൊക്കെ ജീവനോടെയുണ്ടാകുമോ എന്ന സുകന്യയുടെ ചോദ്യവും പ്രസക്തമാണ്. 

ഫേസ്ബുക്ക് പോസ്റ്റ്: 

എന്റെ പേര് സുകന്യ കൃഷ്ണ, ഞാൻ ഒരു ട്രാൻസ് വ്യക്തിയാണ്. ഈ കുറിപ്പെഴുതുമ്പോൾ ജീവനോടെയുള്ള ഞാൻ, നാളെ ഇതേസമയത്ത് ജീവനോടെ ഉണ്ടാകണമെന്നില്ല. അത്രത്തോളം അരക്ഷിതമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ട്രാൻസ് ജീവിതങ്ങൾ. കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ മൂന്ന് ട്രാൻസ്‌ജെന്‍റർ വ്യക്തികൾ പൊതുവിടങ്ങളിൽ കൊല്ലപ്പെട്ടു എന്ന് കൂടി പറയുമ്പോൾ ഞാൻ പറഞ്ഞതിൽ ഒട്ടും അതിശയോക്തിയില്ല എന്ന് നിങ്ങൾക്ക് ബോധ്യമാകും.

ലോക ട്രാൻസ്‌ജെന്‍റര്‍ ദൃശ്യതാ ദിനമായ മാർച്ച് 31 -ന്, നമ്മുടെ കൊച്ചു കേരളത്തിലെ കോഴിക്കോടുള്ള മാവൂർ റോഡിന് സമീപം ഒരു ട്രാൻസ്‌ജെന്‍റർ വ്യക്തി കൂടി കൊലചെയ്യപ്പട്ടിരിക്കുന്നു. നിസ്സാരം... ആലുവയിൽ കൊല്ലപ്പെട്ട ഗൗരിയുടെയും കൊല്ലത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട സ്വീറ്റ് മരിയയുടെയും പേരുകൾക്കൊപ്പം ഒരു പേര് കൂടി... ശാലു.

എന്നോട് ചോദിച്ചാൽ, മരണപ്പെടുന്നവർ ഭാഗ്യം തുണച്ചവർ എന്നുപോലും ഞാൻ പറഞ്ഞുപോയേക്കാം. അത്രത്തോളം ദുഷ്കരമാണ് ഇവിടെ അതിജീവിച്ച്, നിലനിന്ന് പോകുവാൻ. വേട്ടയാടപ്പെടുന്നവരാണ് ഞങ്ങൾ, അധികാരവർഗ്ഗത്തിനാലും സമൂഹത്തിനാലും എന്തിനേറെ പറയുന്നു... നിയമപാലകരാൽ പോലും...

മരണത്തോടെ എല്ലാ വേദനകളും ഇല്ലാതാകുമെന്ന് പറയുന്നത് ഞങ്ങളുടെ കാര്യത്തിലാണ് അന്വർത്ഥമാകുന്നത്. ഓരോ ദിവസവും ഒരു ട്രാൻസ്‌ജെന്‍റർ വ്യക്തി അനുഭവിക്കേണ്ടി വരുന്ന വേദനകൾ ചെറുതൊന്നുമല്ല. സമൂഹം പോലും പലപ്പോഴും വേട്ടക്കാരന്‍റെ കുപ്പായമണിയുന്നു എന്നത് അതീവ ദുഃഖകരമാണ്. കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ വന്നതാണെന്ന് ആരോപിച്ച്, തിരുവിതാംകൂർ രാജ്യത്തിൽ ദുർബലയായ ഒരു ട്രാൻസ് വ്യക്തിയെ ആൾക്കൂട്ടം മർദ്ദിച്ച് ജീവച്ഛവമാക്കിയിട്ട് കാലം ഏറെയായിട്ടില്ല.

കൊച്ചീരാജ്യത്ത് ഒരു ബസ് കാത്തുനിൽക്കാൻ പോലും ഒരു ട്രാൻസ്‌ജെന്‍റർ ഭയക്കേണ്ട അവസ്ഥയാണ്. "ആറ് മണിക്ക് ശേഷം ഒരു ട്രാൻസ്ജെന്‍ററിനെയും നഗരത്തിൽ കണ്ടുപോകരുത്." എന്നാണ് ദിവാൻ പേഷ്കാർ അനന്തലാലും വൈസ്രോയ്‌ ലാല്ജിയും സംയുക്തമായി ട്രാൻസ്ജെന്‍ററുകൾക്കെതിരെ പുറപ്പെടുവിച്ചിരിക്കുന്ന തീട്ടൂരം. ആറ് മണിക്ക് ശേഷം ഒരു ട്രാൻസ്‌ജെന്‍റർ നഗരത്തിലേക്കിറങ്ങിയാൽ അത്, "മറ്റേപ്പണിക്കാണ്..." എന്നാണ് ഇരുവരുടെയും കണ്ടെത്തൽ.

എന്തിനധികം പറയുന്നു... ട്രാൻസ് വ്യക്തികളുടെ കുടുംബാംഗങ്ങളെ വരെ ഇവർ വേട്ടയാടുന്നു. ട്രാൻസ്ജെന്‍ററായ സ്വന്തം സഹോദരിയെ കാണാൻ അവളുടെ ലോഡ്ജ് മുറിയിൽ എത്തിയ യുവതിയെ 'അനാശ്യാസ'ത്തിനു അറസ്റ്റ് ചെയ്തവരാണ് ഈ ഏമാന്മാർ. ഏമാന്മാർ എത്രമാത്രം ട്രാൻസ്‌ഫോബിക് ആണെന്നതിന് ഇനിയുമുണ്ട് ദൃഷ്ടാന്തങ്ങൾ. നഗരത്തിലെ ഒരു ലോഡ്ജിലും ട്രാൻസ്ജെന്‍ററുകൾക്ക് മുറികൾ നൽകുവാൻ പാടില്ല എന്നും വീടുകൾ വാടകയ്ക് നൽകുവാൻ പാടില്ല എന്നുമുണ്ട് രാജശാസനകൾ.

ഭാവിയിൽ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുകയും അതിന് ശേഷം ഒരു ഭരണഘടന നിലവിൽ വരികയും ചെയ്യുമ്പോൾ, ചിലപ്പോൾ മൗലികാവകാശങ്ങൾ എന്ന നിലയിൽ സഞ്ചാരസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും വസ്ത്രധാരണ സ്വാതന്ത്ര്യവുമൊക്കെ ഞങ്ങൾക്കും അനുവദിച്ച് തന്നേക്കാം എന്ന് പ്രത്യാശിക്കുന്നു... ആ നാളുകൾക്കായി കാത്തിരിക്കുന്നു...

അന്ന് ചിലപ്പോൾ രാജഭരണം മാറി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികൾ ഉണ്ടായേക്കാം... രാജഭടന്മാർക്ക് പകരം ഒരു പോലീസ് വ്യവസ്ഥിതി ഉണ്ടായേക്കാം... അന്ന് ഞങ്ങളുടെ ശബ്ദത്തിന് ഇപ്പോൾ അവശേഷിക്കുന്നത്രയെങ്കിലും ശക്തി ഉണ്ടെങ്കിൽ അവർ അത് കേട്ടേക്കാം... അതോ അപ്പോഴേക്കും ഞങ്ങളെ അവർ ഇല്ലാതാക്കിയിരിക്കുമോ?

സുകന്യ കൃഷ്ണ

Follow Us:
Download App:
  • android
  • ios