Asianet News MalayalamAsianet News Malayalam

കർഷക ആത്മഹത്യകൾ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ചർച്ചയാകാതെ പോയത് എന്തുകൊണ്ട്..?

കഴിഞ്ഞ പതിനെട്ടു വർഷത്തിനുള്ളിൽ മഹാരാഷ്ട്രയിൽ നടന്നിട്ടുള്ള മുപ്പത്തയ്യായിരത്തോളം കർഷക ആത്മഹത്യകളുടെ നാല്പത്തഞ്ചു ശതമാനവും കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിലാണ് നടന്നിട്ടുള്ളത്. 

farmer suicide why not an issue in maharashtra elections
Author
Maharashtra, First Published Oct 21, 2019, 10:56 AM IST

മഹാരാഷ്ട്രയിൽ കഴിഞ്ഞ പതിനെട്ടു വർഷങ്ങൾക്കുള്ളിൽ ആത്മഹത്യ ചെയ്തിട്ടുള്ളത് 31,523 കർഷകരാണ്. അതിന്റെ 44 ശതമാനവും, അതായത് 13,820 ആത്മഹത്യകളും സംഭവിച്ചിട്ടുള്ളത്, ബിജെപി സർക്കാർ ഭരണത്തിലിരുന്ന കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിലാണ്. എന്നിട്ടും അത്  നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ സമയത്ത് ഒരു വിഷയമേ ആയില്ല. പ്രചാരണവേളയിലെ സംവാദങ്ങൾ ആർട്ടിക്കിൾ 370 നടപ്പാക്കിയതിനെപ്പറ്റിയുള്ള ചർച്ചയാക്കി മാറ്റുന്നതിൽ അവർ വിജയിച്ചു. അതിന് ശക്തി പകരാനായി, ഒപ്പം അവർ വിഡി സവർക്കർക്ക് ഭാരതരത്ന നല്കേണ്ടതിന്റെ അത്യന്താപേക്ഷികതയെപ്പറ്റിയും ഊന്നിപ്പറഞ്ഞു. ഒപ്പം, ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിന്റെ കഴിഞ്ഞ അഞ്ചുകൊല്ലത്തെഅടിസ്ഥാനസൗകര്യങ്ങളുടെ വികസനവിപ്ലവങ്ങളുടെ വിശദാംശങ്ങളും അവർ മുന്നോട്ടുവെച്ചു. അതോടെ പിന്നോട്ടടിക്കപ്പെട്ടത്,  മഹാരാഷ്ട്രയിലെ ബഹുഭൂരിപക്ഷം വരുന്ന കർഷകജനതയുടെ അതിജീവനത്തിന്റെ പ്രശ്നങ്ങളാണ്. ബിജെപി-ശിവസേനാ സഖ്യത്തിന്റെ മൂക്കിൻ ചുവട്ടിലാണ് പ്രസ്തുത ആത്മഹത്യകളിൽ  പാതിയോളവും നടന്നത് എന്ന വസ്തുത മുന്നിലിരിക്കെയാണ് ഇതെന്നോർക്കണം. 

farmer suicide why not an issue in maharashtra elections

പ്രതിപക്ഷത്തുള്ള പാർട്ടികളുടെ പ്രചാരണങ്ങൾക്കിടെ  ഒറ്റയ്ക്കും തെറ്റയ്ക്കും വിദർഭയിലെയും  മറാഠ് വാഡയിലെയും ആത്മഹത്യകളെപ്പറ്റി പരാമർശങ്ങളുണ്ടായിരുന്നു എങ്കിലും കർഷക ആത്മഹത്യകൾ മുഖ്യപ്രചാരണവിഷയമാക്കി നിലനിർത്തുന്നതിൽ അവർ പരാജയപ്പെട്ടു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും, കോപ്പറേറ്റീവ് ബാങ്കുകളിൽ നിന്നുമൊക്കെ ലോണെടുത്ത് പരുത്തിയും, സോയാബീനും, സവാളയും മറ്റും കൃഷിചെയ്യുന്ന മഹാരാഷ്ട്രയിലെ കർഷകരെ പലപ്പോഴും കാലാവസ്ഥയും, വിപണിയിലെ വിലവ്യതിയാനങ്ങളും, വിള നശിപ്പിക്കുന്ന വന്യമൃഗങ്ങളും ഒക്കെച്ചേർന്ന് വീടാക്കടത്തിലേക്ക് തള്ളിയിടും. സർക്കാർ പ്രഖ്യാപിക്കുന്ന കടാശ്വാസ പദ്ധതികൾ പലപ്പോഴും അവരിലേക്കെത്താതെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കും. ഒടുവിൽ നിൽക്കക്കള്ളിയില്ലാതെയാകുമ്പോഴാണ് അവർ വിളകൾക്ക് അടിക്കാനുള്ള കീടനാശിനി കഴിച്ചോ, കൃഷിയിടത്തിലെ മരങ്ങളിൽ തൂങ്ങിയോ ഒക്കെ ആത്മഹത്യക്ക് മുതിരുന്നത്.

farmer suicide why not an issue in maharashtra elections

ദേശീയതയും, ദേശഭക്തിയും ഒക്കെ ലോക്സഭാ തെരഞ്ഞെടുപ്പിലെപ്പോലെ തന്നെ മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രധാനപ്രചാരണവിഷയങ്ങളാണ്. പാർട്ടികൾക്ക് എളുപ്പം ജനങ്ങളെ സ്വാധീനിക്കാനാകുന്ന അത്തരം വിഷയങ്ങളിലേക്ക് പ്രചാരണങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ജനങ്ങളെ വലച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടാതെ പോകുകയാണ്. എവിടെ നിന്നും ഒരാശ്വാസവും കിട്ടാതെ വരുന്ന കർഷകർ ഈ തെരഞ്ഞെടുപ്പിൽ എങ്ങനെയാണ് പ്രതികരിക്കുക എന്നത് ഒരു പരിധിവരെ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിന്റെ ഫലത്തെ വരെ സ്വാധീനിക്കാനിടയുള്ള ഒരു ഘടകമാണ്. 

Follow Us:
Download App:
  • android
  • ios