Asianet News MalayalamAsianet News Malayalam

വീട്ടിലെത്തിയത് മറ്റൊരാളുടെ മൃതദേഹം, പിതാവിന്റെ മൃതദേഹമെവിടെ? സകലവാതിലുകളും മുട്ടി കുടുംബം

മൃതദേഹം എത്തിയപ്പോഴാണ് കുടുംബം ഞെട്ടിയത്. അതൊരു റഷ്യൻ യുവാവിന്റെ മൃതദേഹമായിരുന്നു. നിറയെ ടാറ്റൂവൊക്കെ ചെയ്ത തങ്ങളുടെ പിതാവിനേക്കാൾ 20 വയസ്സെങ്കിലും കുറഞ്ഞ ആരുടെയോ മൃതദേഹം.

father dies in cuban vacation family received wrong dead body
Author
First Published Apr 25, 2024, 2:50 PM IST

അവധിക്കാലം ആഘോഷിക്കാൻ പോയതിനിടെ മരണപ്പെട്ട തങ്ങളുടെ പിതാവിന്റെ മൃതദേഹം നാട്ടിലെത്തുന്നതും കാത്തിരിക്കുകയാണ് കാനഡയിലെ ഒരു കുടുംബം. അതിനുവേണ്ടി ഇവർ മുട്ടാത്ത വാതിലുകളില്ല. ക്യൂബയിൽ മരിച്ച ഇവരുടെ അച്ഛന്റെ മൃതദേഹത്തിന് പകരം കാനഡയിലേക്ക് എത്തിയത് മറ്റൊരു പുരുഷന്റെ മൃതദേഹമാണ്. അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാനും മറ്റുമായി ഇതുവരെ കുടുംബം 15.2 ലക്ഷം രൂപ ചെലവഴിച്ചു കഴിഞ്ഞു. 

ഫറാജ് അള്ളാ ജാർജൂറും കുടുംബവും ക്യൂബയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു. എന്നാൽ, മാർച്ച് 22 -ന് ക്യൂബയിലെ വരഡെറോയ്ക്ക് സമീപം കടലിൽ നീന്തുകയായിരുന്ന 68 -കാരനായ ജാർജൂർ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. സമീപത്ത് മെഡിക്കൽ സൗകര്യങ്ങളൊന്നും തന്നെ ലഭ്യമായിരുന്നില്ല. മൃതദേഹം ബീച്ചിലെ കസേരയിൽ ഒരു തുണിവച്ച് മൂടിവയ്ക്കുകയായിരുന്നു കുടുംബം. ഒടുവിൽ ഹവാനയിലേക്ക് മൃതദേഹം എത്തിക്കാൻ കാർ വന്നു. ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുകയും കുടുംബം മടങ്ങുകയും ചെയ്തു. 

അതിനുശേഷം ഫ്യൂണറൽ സർവീസിനെയും ഏർപ്പാടാക്കി. ആറ് ലക്ഷം രൂപയാണ് അതിന് മുടക്കിയത്. എന്നാൽ, മൃതദേഹം എത്തിയപ്പോഴാണ് കുടുംബം ഞെട്ടിയത്. അതൊരു റഷ്യൻ യുവാവിന്റെ മൃതദേഹമായിരുന്നു. നിറയെ ടാറ്റൂവൊക്കെ ചെയ്ത തങ്ങളുടെ പിതാവിനേക്കാൾ 20 വയസ്സെങ്കിലും കുറഞ്ഞ ആരുടെയോ മൃതദേഹം. പിന്നാലെ, കുടുംബം കാനഡയിലെ അധികാരികളെ ബന്ധപ്പെട്ടു. അത് മൃതദേഹം അയക്കേണ്ടിയിരുന്ന കമ്പനിയുടെ തെറ്റാണ് എന്നായിരുന്നു കോൺസുലർ അതോറിറ്റി പറഞ്ഞത്. പിന്നീട് നിരന്തരം വിവിധ അധികാരികൾക്ക് കുടുംബം മെയിലുകളയച്ചു. എന്നാൽ, മൃതദേഹം കിട്ടിയില്ല. 

വിവിധ സർക്കാർ ഉദ്യോഗസ്ഥർക്ക് നിരവധി ഇമെയിലുകൾ അയച്ചതിന് ശേഷം, ഒരു പാർലമെൻ്റ് അംഗമാണ് വിദേശകാര്യ മന്ത്രി മെലാനി ജോളിയെ ബന്ധപ്പെടാൻ സമ്മതിച്ചത്. അതിനിടയിൽ, ഇതിന് പിന്നാലെ അലഞ്ഞ് ഞങ്ങൾ ക്ഷീണിതരായിരിക്കുകയാണ്, എവിടെയാണ് തങ്ങളുടെ പിതാവിന്റെ മൃതദേഹം, ആരുടെ മൃതദേഹമാണ് തങ്ങൾക്ക് അയച്ചു തന്നത് തുടങ്ങിയ ചോദ്യങ്ങളുമായി കുടുംബം കാത്തിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios