Asianet News MalayalamAsianet News Malayalam

'ജഴ്‌സിപ്പശുക്കൾ ഗോമാതാക്കളല്ല, കൗ-ആന്റിമാർ, അവരെ ആരാധിക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യും' എന്ന് ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ്

ജഴ്‌സിപ്പശുക്കളെ നമുക്ക് ഗോമാതാ എന്ന് വിളിക്കാനാവില്ല. വേണമെങ്കിൽ, 'കൗ-ആന്റിമാർ' എന്ന് പറയാം. അമ്മമാർക്ക് പകരം കണ്ണിൽകണ്ട ആന്റിമാരെ  ആരാധിക്കുന്നത് നമ്മുടെ നാടിന് ഒരിക്കലും ഗുണം ചെയ്യില്ല.

Foreign cow breeds are not gomata may be cow-aunty, must not worship them says BJP Bengal Chief Dilip Ghosh
Author
Burdwan, First Published Nov 7, 2019, 1:39 PM IST

പശുവിൻപാലിൽ സ്വർണ്ണമുണ്ട് എന്ന് തന്റെ പ്രസംഗത്തിനിടെ പശ്ചിമ ബംഗാൾ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ്  ഘോഷ് പറഞ്ഞിരുന്നല്ലോ. ഘോഷുമാരുടെയും ഗാബി(പശു)കളുടെയും ക്ഷേമത്തിനായി ബർദ്വാനിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ യോഗത്തിലാണ് ഘോഷ് ഈ പ്രസംഗം നടത്തുന്നത്. വൈറലായത് 'പാലിൽ സ്വർണമുണ്ട്' എന്നുപറഞ്ഞ ഭാഗം മാത്രമാണെങ്കിലും സത്യത്തിൽ ദിലീപ് ഘോഷിന്റെ പ്രസ്തുത പ്രസംഗം ഒരുവാക്കുപോലും വിടാതെ ശ്രദ്ധിച്ചു കേൾക്കേണ്ട ഒന്നാണ്. ആ പ്രസംഗത്തിൽ ഘോഷ് നടത്തിയ മറ്റു പരാമർശങ്ങളിലേക്ക്.

"നമ്മുടെ രാജ്യത്തെ പശുക്കൾ വിശേഷയിനമാണ്. അതിന്റെ പാലിൽ സ്വർണ്ണം കലർന്നിട്ടുണ്ട്. അതുകൊണ്ടാണ് പാലിന് നേരിയ ഒരു മഞ്ഞ നിറം വരുന്നത്. നമ്മുടെ നാടൻ പശുക്കളുടെ ശരീരത്തിൽ സൂര്യപ്രകാശത്തിന്റെ സഹായത്തോടെ സ്വർണ്ണം ഉത്പാദിപ്പിക്കാൻ സിദ്ധിയുള്ള ഒരു നാഡിയുണ്ട്. നമ്മുടെ സ്വദേശി ഗോക്കളെ നമ്മൾ ശ്രദ്ധയോടെ പരിപാലിച്ചേ പറ്റൂ. 

വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന പശുക്കളുണ്ടല്ലോ. അവയൊന്നും സത്യം പറഞ്ഞാൽ പശുക്കളേയല്ല. അവയെ എന്തോ ഒരു ജന്തു എന്നുമാത്രമേ പറയാനാവൂ. പശുക്കളെപ്പോലെ വൃത്തിക്ക് 'ഇമ്പേ..'  എന്നൊന്നമറാൻ പോലും അവയ്ക്ക് കഴിയില്ലല്ലോ..! ജഴ്‌സിപ്പശുക്കളെ നമുക്ക് ഗോമാതാ എന്ന് വിളിക്കാനാവില്ല. വേണമെങ്കിൽ, 'കൗ-ആന്റിമാർ' എന്ന് പറയാം. അമ്മമാർക്ക് പകരം കണ്ണിൽകണ്ട ആന്റിമാരെ  ആരാധിക്കുന്നത് നമ്മുടെ നാടിന് ഒരിക്കലും ഗുണം ചെയ്യില്ല. 

 

Foreign cow breeds are not gomata may be cow-aunty, must not worship them says BJP Bengal Chief Dilip Ghosh

 

എന്ന് മാത്രമല്ല, നമ്മുടെ ക്ഷേത്രങ്ങളിലേക്ക് നിവേദ്യത്തിനായി കൊണ്ടുപോകുന്ന പാലും നാടൻ പശുക്കളുടേതായിരിക്കണം. ജേഴ്‌സിപ്പശുക്കളുടെ പാലും കൊണ്ട് ആരും അമ്പലത്തിലേക്ക് പോവരുതേ! നമ്മുടെ ദൈവങ്ങൾക്കും വിദേശ ഉത്പന്നങ്ങൾ ഇഷ്ടമല്ല തെല്ലും. പിന്നെ, നമ്മുടെ നാട്ടിലെ ചിലർക്ക് ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചുപഠിച്ച്, എന്തും 'വിദേശി' മാത്രമേ പറ്റൂ എന്നായിട്ടുണ്ട്. അവർക്ക് വിവാഹം കഴിക്കാൻ പോലും മദാമ്മമാരെത്തന്നെ വേണം. നമ്മുടെ നാട്ടിലെ പല നേതാക്കന്മാരും അങ്ങനെ 'തൊലിവെളുത്ത മദാമ്മമാരെ' വിവാഹം ചെയ്തുകൊണ്ടുവന്നിട്ടുണ്ട്. അതാണ് ഇന്നാട്ടിലെ പല പ്രശ്നങ്ങളുടെയും മൂലകാരണം. വിദേശ ഭാര്യമാരും, ഇറക്കുമതിപ്പശുക്കളും, രണ്ടും പ്രശ്നക്കാരാണ്..! 

അങ്ങനെ നമ്മുടെ നാട്ടിലെത്തുന്നവർ നമ്മുടെ നേതാക്കളിൽ ചെലുത്തുന്നത് ദുഃസ്വാധീനമാണ്. അവർ പറയുന്നതും കേട്ട് നടന്നുനടന്ന് ഒടുവിൽ നമ്മുടെ നേതാക്കൾ ജയിലിൽ വരെ എത്തിയ ചരിത്രമുണ്ട്..! "

ദിലീപ്ഘോഷ് എന്ന ഈ രാഷ്ട്രീയ നേതാവ് ഇത്രയും പറഞ്ഞുവെച്ചത് ആ പറഞ്ഞതിലൊക്കെ വിശ്വസിച്ചുകൊണ്ടാണോ അതോ ജനശ്രദ്ധപിടിച്ചുപറ്റാൻ വേണ്ടിയാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. എന്നാലും, ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട് എന്നത് പൊതുമണ്ഡലത്തിൽ രേഖപ്പെടുത്താതെ വയ്യ, കാരണം അദ്ദേഹം രാജ്യം ഭരിക്കുന്ന പാർട്ടിയുടെ  ഒരു സംസ്ഥാന അദ്ധ്യക്ഷനാണ്.  

Follow Us:
Download App:
  • android
  • ios