Asianet News MalayalamAsianet News Malayalam

'ഇന്ത്യ കേരളത്തെ പോലെയാകണം'; ട്രെയിനില്‍ അപ്രതീക്ഷിതമായി കണ്ട ഉത്തരേന്ത്യക്കാരന്‍റെ വാക്കുകള്‍ പങ്കുവച്ച് യുവാവ്

കേരളം ഇന്ത്യയില്‍ ഒന്നാമത് എന്ന സോഷ്യല്‍ മീഡിയ ക്യാംപെയിന്‍ തരംഗം തീര്‍ത്തത് അടുത്തകാലത്താണ്. കേരളത്തില്‍ അന്നം തേടിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ മലയാളക്കരയുടെ ഖ്യാതി വര്‍ദ്ദിപ്പിക്കാറുണ്ട്

Irfan Abdul Rouf facebook post on kerala
Author
Thiruvananthapuram, First Published Mar 4, 2019, 7:44 PM IST

തിരുവനന്തപുരം; നിരവധി കാര്യങ്ങളില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന വികസനം പട്ടിക അങ്ങനെ നീളും. കേരളം ഇന്ത്യയില്‍ ഒന്നാമത് എന്ന സോഷ്യല്‍ മീഡിയ ക്യാംപെയിന്‍ തരംഗം തീര്‍ത്തത് അടുത്തകാലത്താണ്. കേരളത്തില്‍ അന്നം തേടിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ മലയാളക്കരയുടെ ഖ്യാതി വര്‍ദ്ദിപ്പിക്കാറുണ്ട്.

ഇപ്പോഴിതാ ട്രെയിന്‍ യാത്രയ്ക്കിടെ അപ്രതീക്ഷിതമായി കണ്ട ഉത്തരേന്ത്യക്കാരന്‍ കേരളത്തെക്കുറിച്ച് വര്‍ണിക്കുന്നത് പങ്കുവച്ച യുവാവിന്‍റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഇന്ത്യ കേരളത്തെ പോലെയാകണം എന്നാണ് ട്രെയിന്‍ യാത്രക്കിടെ കണ്ട ഉത്തരേന്ത്യക്കാരന്‍ പറയുന്നതെന്ന് ഇര്‍ഫാന്‍ അബ്ദുള്‍ റൗഫ് എന്ന യുവാവ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഇര്‍ഫാന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

നമ്മൾ മലയാളികളോട് കേരളത്തെ സ്നേഹിക്കുന്ന ഒരു നോർത്ത് ഇന്ത്യക്കാരന് പറയാൻ ഉള്ളത്.
_____________________________________

ചില ട്രെയിൻ യാത്രകൾ സുന്ദരമാവാറുള്ളത് കാഴ്ചകൾ കൊണ്ടല്ല... ചില വ്യക്തികൾ, സംസാരങ്ങൾ, ചില ഓർമ്മപ്പെടുത്തലുകൾ കൊണ്ടൊക്കെ ആവാം...ഇന്ന് ട്രെയിനിൽ ഒപ്പം ഉണ്ടായിരുന്നത് നാസിക്കിൽ (Nasik, Maharashra) നിന്നും കേരളത്തിൽ വന്നു വർക്ക്‌ ചെയ്യുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിരുന്നു...

വെള്ളം വാങ്ങിയപ്പോൾ 20 രൂപ വാങ്ങി ഒന്നും മിണ്ടാതെ ബാക്കി തരാതെ പോവുന്ന ട്രയിനിലെ സപ്പ്ലയെര്സിനോട് ചോദ്യം ചെയ്യുന്നത് കണ്ടു "നിങ്ങൾ മലയാളികളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്... നിങ്ങൾ എന്നും ഇത്പോലെ ചോദ്യം ചെയ്യണം" എന്ന് പറഞ്ഞു വന്നതായിരുന്നു ബായി...

തുടർന്ന് അദ്ദേഹം കേരളത്തെക്കുറിച്ചും നോർത്ത് ഇന്ത്യയെ കുറിച്ചും വാചാലനായി...കേരളം വ്യത്യസ്തമാവുന്നത് അതിവിടുത്തെ ആൾക്കാരെ കൊണ്ടാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം... ഇവിടുത്തെ ഭാഷയുടെ ബുദ്ധിമുട്ട് കൊണ്ട് മറ്റുള്ളവർക്ക് എളുപ്പം പഠിക്കാൻ പറ്റാത്തതും അത്കൊണ്ട് തന്നെ മറ്റുള്ളവരുടെ കൾച്ചർ അധികം കടന്ന് കയറാത്തതും ആണ് ഇങ്ങിനെ ഇത് നില നിൽക്കാൻ കാരണം എന്നദ്ദേഹം പറഞ്ഞു...നോർത്ത് ഇന്ത്യയിൽ അവസ്ഥ വളരേ പരിതാപകരം ആണ് എന്നും... അവിടുത്തെ രാഷ്ട്രീയ പാർട്ടികൾ ഏത് നിമിഷവും പൊട്ടിയേക്കാവുന്ന മനുഷ്യ ബോംബുകളെ ആണ് ബ്രെയിൻ വാഷ് ചെയ്ത് നിര്മിക്കുന്നത്...നിങ്ങൾ വളരേ വ്യത്യസ്തരാണ്...നിങ്ങൾ പണത്തിനു പുറകെ മാത്രം പോവുന്നവരല്ല...500 രൂപക്ക് ബന്ധങ്ങളെ വിൽക്കുകയും കൊല്ലുന്നവരും അല്ല...നിങ്ങൾ സന്തോഷവും സമാധാനവും ഉയർന്ന ജീവിത ശൈലിയും ചിന്താഗതിയും സ്വപ്നം കാണുന്നവരാണ്.. ഇന്ത്യ മുഴുവൻ നിങ്ങളുടെ ചിന്താഗതി ആയിരുന്നേൽ നന്നായേനെ...പാഠപുസ്തകങ്ങളും ചരിത്രവും പോലും തിരുത്തി അടുത്ത തലമുറയെ അവർ കൂടുതൽ വിഡ്ഢികൾ ആകുകയാണ്... എനിക്ക് ശരിക്കും പേടിയാണ് എന്റെ മക്കൾ അവിടെ വളരുന്നതിനെക്കുറിച്ചു ആലോചിക്കുമ്പോൾ... അതിനാൽ ഫാമിലിയോടെ അധികം വൈകാതെ കേരളത്തിൽ നിൽക്കണം എന്നും... പക്ഷപാതം ഇല്ലാത്ത വിദ്യാഭ്യാസവും ചിന്തകളും മക്കൾക്ക് ലഭിക്കണം എന്നും ആഗ്രഹിക്കുന്നു...

എനിക്ക് കോൺഗ്രെസ്സിനെകുറിച്ചും സിപിഎംനെ കുറിച്ചും ഭയങ്കര നല്ല അഭിപ്രായം ഒന്നുമില്ല. പക്ഷേ കേരളത്തിൽ ഇവർ രണ്ടുപേരും വീണ്ടും വ്യത്യസ്തരാണ്. ഇവർ അന്യോന്യം മത്സരിക്കുമെങ്കിലും രണ്ടാളും രണ്ടു പേരുടെയും നിലനിൽപിന് സഹായം ആണ് ചെയ്യുന്നത്... അത് കേരളത്തിന്റെ സാഹചര്യത്തിൽ നല്ലതാണ്... മറ്റൊരു പാർട്ടിക്ക് അവസരം നൽകരുത്...മൂന്നാം ലോകമഹായുദ്ധം നടന്നാൽ യുദ്ധം കഴിയും വരെ ചൊവ്വയിൽ നിൽക്കാം എന്ന് Elon musk പറഞ്ഞത് പോലെയാണ് കേരളത്തെക്കുറിച്ചുള്ള ഞങ്ങളുടെ ഒക്കെ പ്രതീക്ഷ...താഴെ ഒരു സംസ്ഥാനം ചുറ്റും നടക്കുന്നതിനെ ഒക്കെ സുന്ദരമായി എതിർത്ത് തന്റേടത്തോടെ നില്കുന്നു എന്നത് പോലും നമുക്ക് പ്രതീക്ഷ നൽകുന്നുണ്ട്...

ഇവിടുത്തെ ആൾക്കാർക്ക് എല്ലാത്തിനെയും നല്ലതിന് വേണ്ടി ഉപയോഗിക്കാൻ അറിയാം...മുകളിൽ അങ്ങിനെയല്ല... ഫേസ്ബുക്കും വാട്സപ്പും പോലും എങ്ങിനെ മതസ്പർദ്ധ വളർത്താൻ പറ്റും എങ്ങിനെ വോട്ട് നേടാൻ പറ്റും എങ്ങിനെ സാധാരണക്കാരെ വിഡ്ഢികൾ ആകാൻ പറ്റും എന്നാണ് അവർ നോക്കുന്നത്... പതിയെ അത് താഴോട്ടും വരുന്നുണ്ട്... സമ്മതിക്കരുത്...

ആൽഫ്രഡ്‌ നോബൽ തന്റെ വരുമാനത്തിൽ നിന്നും നോബൽ സമ്മാനം തുടങ്ങാൻ ഉണ്ടായ സാഹചര്യം അറിയാല്ലോ... ആള്ക്കാര് വീടുണ്ടാക്കാനും മറ്റും കഷ്ടപ്പെട്ട് സ്ഥലം നിരപ്പാക്കുമ്പോൾ പാറ പൊട്ടിക്കേണ്ടി വരുന്നത് കണ്ടു സഹായിക്കാൻ ആയിരുന്നു അദ്ദേഹം dynamite കണ്ടു പിടിച്ചത്.. എന്നാൽ അത് കാരണം ആൾകാർ മരിച്ചു...ആൾകാർ അത് നല്ലതിനേക്കാൾ മോശം കാര്യത്തിന് ഉപയോഗിക്കാൻ തുടങ്ങി...നോബൽ സമ്മാനം വരും കാലഘട്ടത്തിലെ ശാസ്ത്രജ്ഞന്മാർക്ക് ഒരു ഓർമ്മപെടുത്തലാണ്...എത്ര നല്ല കാര്യവും കണ്ടുപിടിച്ചാൽ മാത്രം പോരാ, അത് നല്ല കൈകളിലാണ് എന്ന് ഉറപ്പ് വരുത്തണം എന്നത്...ആൾക്കാരുടെ ചിന്താഗതി മാറ്റുക എന്നത് മാത്രമാണ് അതിന് പോംവഴി... കേരളത്തിൽ അത് ഒരുപരിധി വരെ നടക്കുന്നുണ്ടെങ്കിൽ...ചുറ്റും അത്പോലെ മാറ്റാൻ പറ്റും... ഇന്ന് സോഷ്യൽ മീഡിയകൾ നൊബേലിന്റെ dynamite പോലെയാണ്...കുറച്ചെങ്കിലും മാന്യമായി ഉപയോഗിക്കുന്നത് നിങ്ങളാണ്...നിങ്ങൾ മുന്നിൽ നിന്ന് ചിലതൊക്കെ മറ്റുള്ളവരെ പഠിപ്പിക്കേണ്ടതുണ്ട്...ഈ കാലഘട്ടം അതാവശ്യപെടുന്നുണ്ട്... നിങ്ങൾ കൂടുതൽ കേന്ദ്ര സ്ഥാനങ്ങളിലേക്ക് വരണം...

എനിക്ക് അറിയില്ല നിങ്ങളോട് ഇതൊക്കെയും പറഞ്ഞിട്ട് എത്രത്തോളം കാര്യമുണ്ടെന്ന്... എങ്കിലും ഞാൻ പറയും...നിങ്ങളും ഇത് മറ്റുള്ളവരോട് പറയണം... എന്റെ മക്കൾക്കും അവരുടെ മക്കൾക്കും അവരവരുടെ നാട്ടിൽ തന്നെ നിന്ന് സ്വതന്ത്രമായി ചിന്തിക്കാനും പഠിക്കാനും പറ്റണം...ഇന്ത്യയെ കേരളം പോലെ ആകണം...അതിന് എല്ലാരും പണിയെടുക്കണം...കേരളം മുന്നിൽ നിൽക്കണം...

അദ്ദേഹം പിന്നെയും ഒരുപാട് സംസാരിച്ചു...പറഞ്ഞു നിർത്തിയപ്പോൾ ഞാൻ അദ്ദേഹത്തോട് പേര് ചോദിച്ചു..."ഇർഫാൻ"..അത് കേട്ടു ഞാൻ ചിരിച്ചുപോയി...ചിന്തകളും പ്രൊഫഷനും മാത്രമല്ല പേരും ഒരുപോലെ ഉള്ള അദേഹത്തിന്റെ ഒപ്പം ഒരു ഫോട്ടോ എടുത്തു...അദ്ദേഹം പറഞ്ഞത് എന്നാലാവുന്നത് പോലെ ഞാനും മറ്റുള്ളവരോട് പറയാം എന്നെ ഏറ്റു... കേരളം അദ്ദേഹം പറഞ്ഞ തോതിൽ പെർഫെക്ട് ആണെന്ന അഭിപ്രായം ഇല്ലെങ്കിലും...നമ്മൾ ഒരുപാട് ബെറ്റർ ആണ്... എന്നും ആയിരിക്കണം... ചോദ്യം ചെയ്ത് കൊണ്ടേ ഇരിക്കണം... പ്രതികരണശേഷി നഷ്ടപ്പെടാത്ത ഒരു ജനത...അത് മാത്രമാണ് കേരളത്തെ വ്യത്യസ്തമാകുന്നത്...

ഇനി നേരിൽ കാണുമോ എന്നറിയില്ല... എങ്കിലും എല്ലാവരുടെയും നല്ലത് മാത്രം ആഗ്രഹിക്കുന്ന...നല്ലതിനെ ആത്മാർത്ഥമായി അഭിനന്ദിക്കുന്ന...പിൻപറ്റാൻ മടി ഇല്ലാത്ത... ഇത്പോലെ ചിലരെ കാണുന്നത് നമുക്കും പ്രതീക്ഷയാണ്.
 

 

Follow Us:
Download App:
  • android
  • ios