Asianet News MalayalamAsianet News Malayalam

'കൊല്ലപ്പെടുന്നതിനുമുമ്പ് അദ്ദേഹത്തിന് എന്തായിരിക്കും ഞങ്ങളോട് പറയാനുണ്ടായിരുന്നത്?'

ഒരു ജനക്കൂട്ടം സാഹിദിന്‍റെ വാന്‍ നിര്‍ത്തിച്ചു. ഡ്രൈവറും പാര്‍ട്‍ണറും സാഹിദിന്‍റെ കൂടെയുണ്ടായിരുന്നു. ആ ജനക്കൂട്ടം അവരുടെ പേര് ചോദിച്ചു. കൂടാതെ ഇതുകൂടി പറഞ്ഞു.

mob lynching sahid khan
Author
Muzaffarnagar, First Published Sep 25, 2019, 4:03 PM IST

ഷെമാ പര്‍വീണിനെ വിവാഹം കഴിക്കുമ്പോള്‍ സാഹിദ് ഖാന് വെറും പതിനെട്ട് വയസ്സായിരുന്നു പ്രായം. അഞ്ച് സഹോദരങ്ങളില്‍ ഏറ്റവും മൂത്തയാള്‍. ഒരുപാട് സ്വപ്നങ്ങളുള്ള ചെറുപ്പക്കാരനായിരുന്നു സാഹിദ്. പക്ഷേ, ആ ഗ്രാമത്തില്‍ നിന്നാല്‍ ആ സ്വപ്നങ്ങള്‍ നേടിനാവില്ല. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ആ ഗ്രാമത്തില്‍ ഭാവി കരുപ്പിടിക്കാനുള്ള ഒന്നുമില്ലായിരുന്നു. ഞങ്ങള്‍ വളരെ പാവപ്പെട്ടവരായിരുന്നു ഷെമാ പറയുന്നു. വെള്ളം പോലും കിട്ടാത്ത ആ സ്ഥലത്ത് അദ്ദേഹം എന്ത് ചെയ്യുമായിരുന്നുവെന്നും ഷെമ ചോദിക്കുന്നു. തനിക്കില്ലാത്തതെല്ലാം തന്‍റെ മക്കള്‍ക്ക് കിട്ടണമെന്ന് നിര്‍ബന്ധമായിരുന്നു സാഹിദ് ഖാന്. പ്രത്യേകിച്ച് നല്ല വിദ്യാഭ്യാസം. അയാള്‍ക്ക് വസ്ത്രങ്ങള്‍ ഭയങ്കര ഇഷ്ടമായിരുന്നു. ഒപ്പം തന്‍റെ ജീവിതവും. 

അങ്ങനെയാണ് ആ ഗ്രാമത്തിലെ പല മുസ്‍ലിം ചെറുപ്പക്കാരും തെരഞ്ഞെടുത്ത അതേ ജോലി സാഹിദും തെരഞ്ഞെടുത്തത്. വസ്ത്രങ്ങള്‍ വാങ്ങുന്നു. അവ കെട്ടി ചുമലില്‍വെച്ച് ഓരോ ഗ്രാമത്തില്‍ നിന്നും ഗ്രാമത്തിലേക്കും നടന്ന് അത് വില്‍ക്കുന്നു. ഈ ജോലിയില്‍ നിന്നുതന്നെ വളരെ ചെറിയൊരു ലാഭം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. ജില്ലയിലെ ഭൂമിയില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ചെറുപ്പക്കാര്‍ പതിറ്റാണ്ടുകളായി ചെയ്യുന്ന ജോലിയാണിത്. അവരിലൊരാളായിമാറി സാഹിദ് ഖാനും. ദില്ലിയിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍നിന്നും അയാള്‍ സഫാരി സ്യൂട്ട്, ട്രൗസര്‍, ഷര്‍ട്ട് എന്നിവയെല്ലാം വാങ്ങി. ആ സ്റ്റോക്ക് വിറ്റുതീര്‍ക്കുന്നതിനായി ആഴ്ചകളോളം നടന്നു. മാസത്തിലൊരിക്കലോ മറ്റോ വീട്ടിലേക്ക് വന്നു. ആദ്യം അയാളെത്തിയത് ബിജ്നോറിലായിരുന്നു. പിന്നെ, ഫൈസാബാദില്‍. പക്ഷേ, ഉത്തര്‍പ്രദേശില്‍ ഇതേ തൊഴിലെടുത്ത് ജീവിക്കുന്ന നിരവധി ചെറുപ്പക്കാരുണ്ട് എന്നതിനാല്‍ത്തന്നെ അദ്ദേഹത്തിന്‍റെ വസ്ത്രങ്ങള്‍ വേണ്ടത്ര വിറ്റുപോയില്ല. 

ഗ്രാമത്തിലെ മറ്റ് ചെറുപ്പക്കാര്‍ പറഞ്ഞപ്പോഴാണ് ഒരുപാട് യാത്ര ചെയ്താലേ എന്തെങ്കിലും ലാഭം ഈ തൊഴിലില്‍ നിന്ന് കണ്ടെത്താനാവൂ എന്ന് സാഹിദ് ഖാന് ബോധ്യപ്പെടുന്നത്. അങ്ങനെ തൊഴിലില്‍ സാഹസികത പരീക്ഷിച്ചു തുടങ്ങി അദ്ദേഹം. യാത്രകള്‍ ചെയ്തു തുടങ്ങി. അങ്ങനെ അയാള്‍ ഗുവാഹത്തിയിലെത്തിച്ചേര്‍ന്നു. അവിടെയുള്ള പ്രകൃതിയേയും മനുഷ്യരേയുമെല്ലാം സാഹിദ് ഇഷ്ടപ്പെട്ടു തുടങ്ങി. അദ്ദേഹം വില്‍ക്കാനെത്തിക്കുന്ന വസ്ത്രങ്ങള്‍ അവിടെയുള്ള ജനങ്ങള്‍ക്കും ഇഷ്ടമായിരുന്നു. 

വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വസ്ത്രങ്ങള്‍ക്ക് പുറമേ സൈക്കിള്‍ ലൈറ്റ്സ്, ഗ്യാസ് സ്റ്റൗ ലൈറ്റര്‍ തുടങ്ങിയവയും സാഹിദ് വിറ്റുതുടങ്ങി. അഗര്‍ത്തലയില്‍ ഒരു മുറിയെടുത്തു. ഒരു സൈക്കിള്‍ വാങ്ങി. കയ്യില്‍ ചുമക്കുന്നതിനേക്കാള്‍ സാധനങ്ങള്‍ ചുമക്കാമല്ലോ എന്നതായിരുന്നു അതിന്‍റെ നേട്ടം. അങ്ങനെ ദൂരത്തേക്ക് കൂടി കച്ചവടം വ്യാപിപ്പിക്കാന്‍ അയാള്‍ക്കായി. ഭാര്യയോടും തന്‍റെ കൂടെവന്ന് താമസിക്കാന്‍ സാഹിദ് പറഞ്ഞതനുസരിച്ച് ഷെമയും അവിടെയെത്തി. അവള്‍ക്കും ത്രിപുര ഇഷ്ടമായിരുന്നു. ഒരു വര്‍ഷം അവള്‍ ഭര്‍ത്താവിന്‍റെ കൂടെ അവിടെ താമസിച്ചു. ജീവിതത്തിലാദ്യമായി അവള്‍ വിമാനത്തില്‍ കയറുന്നതും അന്നാണ്. പക്ഷേ, ഒരു വര്‍ഷമായപ്പോള്‍ അവളുടെ അമ്മായിഅപ്പന്‍ മരിച്ചു. മക്കള്‍ക്ക് സ്കൂളിലും പോകണം. അങ്ങനെ അവള്‍ നാട്ടിലേക്ക് തിരികെ വന്നു. അവരുടെ കൂടെ കഴിയാന്‍ കുറച്ച് മാസം കൂടുമ്പോള്‍ സാഹിദ് ചെല്ലും. 

20 വര്‍ഷങ്ങള്‍ ഇങ്ങനെ കടന്നുപോയി. സാഹിദിന്‍റെ മൂന്നുമക്കളില്‍ മകളാണ് പഠനത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നത്. 'സ്വപ്നങ്ങള്‍ പൂര്‍ത്തിയാകണമെങ്കില്‍ പഠിക്കണം. ഞാനെല്ലായ്പ്പോഴും നിനക്കൊപ്പമുണ്ട്' എന്ന് സാഹിദ് എപ്പോഴും മകളോട് പറയും. രണ്ട് ആണ്‍മക്കളും പ്രൈവറ്റ് സ്കൂളിലാണ് പഠിക്കുന്നത്. അവരും നന്നായി പഠിക്കുന്നു. സാഹിദിന്‍റെ ബിസിനസ് ത്രിപുരയില്‍ വ്യാപിച്ചു. അദ്ദേഹം വില്‍പ്പനക്കായി ഒരു വാന്‍ വാങ്ങി. ഡ്രൈവറായി അവിടെത്തന്നെയുള്ളൊരു യുവാവിനേയും നിര്‍ത്തി. ത്രിപുര അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട ഇടമായിരുന്നു. അവിടെയുള്ള മനുഷ്യര്‍ സ്നേഹം നിറഞ്ഞവരാണെന്ന് സാഹിദ് എപ്പോഴും പറയുമായിരുന്നു. 

തന്‍റെ ഭാര്യക്കും മക്കള്‍ക്കും നല്ലൊരു ജീവിതം നല്‍കാനുള്ളതെല്ലാം സാഹിദ് സമ്പാദിച്ചുകൊണ്ടിരുന്നു. നല്ല വസ്ത്രങ്ങള്‍ ധരിച്ച് ഒരു മോഡലിനെപ്പോലെ പോസ് ചെയ്ത ഫോട്ടോ വീട്ടിലേക്ക് അയച്ചുകൊടുക്കുന്ന യുവാവ്, പ്രിയപ്പെട്ടവരെ വീഡിയോ കോള്‍ ചെയ്യുകയും അവരുടെ വിശേഷങ്ങളറിയുകയും ചെയ്യുന്നയാള്‍... അങ്ങനെ ജീവിക്കെ എല്ലാം തകര്‍ന്നുപോയത് ഒറ്റദിവസം കൊണ്ടാണ്.

mob lynching sahid khan 

എല്ലാ വര്‍ഷവും റാംസാന്‍, ഈദ് ഒക്കെ വീട്ടിലെത്തുന്ന ആളായിരുന്നു സാഹിദ്. പക്ഷേ, 2018 -ല്‍ വില്‍ക്കാത്ത ഒരുപാട് വസ്ത്രങ്ങള്‍ സ്റ്റോക്ക് ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിന് വീട്ടിലെത്താനായില്ല. അത് വിറ്റുതീര്‍ത്തശേഷം നാട്ടിലെത്തി കുടുംബത്തെ കാണാം എന്ന തീരുമാനത്തിലായിരുന്നു അയാള്‍. തന്‍റെ സ്മാര്‍ട്ട്ഫോണില്‍ വീഡിയോ കോളിലൂടെ പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ചുനില്‍ക്കുന്ന മക്കളെ അയാള്‍ കണ്ടു. 

അന്നത്തെ പ്രഭാതവും എല്ലാ പ്രഭാതവും പോലെത്തന്നെ ആയിരുന്നു. മുരാബാരിയിലേക്ക് സാധനങ്ങളെല്ലാമായി വില്‍പ്പനയ്ക്ക് പുറപ്പെട്ടതായിരുന്നു സാഹിദ്. അഗര്‍ത്തലയില്‍ നിന്ന് 25 കിലോമീറ്ററുകളപ്പുറത്തെത്തിയതേയുള്ളൂ വാന്‍. ഒരു ജനക്കൂട്ടം സാഹിദിന്‍റെ വാന്‍ നിര്‍ത്തിച്ചു. ഡ്രൈവറും പാര്‍ട്‍ണറും സാഹിദിന്‍റെ കൂടെയുണ്ടായിരുന്നു. ആ ജനക്കൂട്ടം അവരുടെ പേര് ചോദിച്ചു. കൂടാതെ ഇതുകൂടി പറഞ്ഞു. പുറത്ത് നിന്നും ആളുകളെത്തി കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും അവരുടെ കിഡ്നി വില്‍ക്കുകയും ചെയ്യുന്നുവെന്ന വിവരം അവര്‍ക്ക് കിട്ടിയിട്ടുണ്ട് എന്ന്. ഞങ്ങള്‍ ഇങ്ങനെ സഞ്ചരിച്ച് വസ്ത്രങ്ങള്‍ വില്‍ക്കുന്നവരാണ് എന്നും വാന്‍ പരിശോധിച്ചുകൊള്ളാനും സാഹിദ് അവരോട് പറഞ്ഞു. കൂടാതെ, ആധാര്‍ കാര്‍ഡും കാണിച്ചുകൊടുത്തു. പക്ഷേ, ആ ജനക്കൂട്ടം അതൊന്നും കണക്കിലെടുത്തില്ല. മാത്രമല്ല അവര്‍ അക്രമാസക്തരാവുകയും ചെയ്തു. അടുത്തുള്ള പാരാമിലിറ്ററി കാമ്പിലേക്ക് സാഹിദും കൂട്ടുകാരും അഭയം തേടിച്ചെന്നു. വാന്‍ പുറത്ത് നിര്‍ത്തിയിട്ടു. 

രാത്രിയായിട്ടും പിരിഞ്ഞുപോവാതെ ജനക്കൂട്ടം പാരാമിലിറ്ററി ക്യാമ്പിന് പുറത്തുനിന്നു. സാഹിദും കൂട്ടരും ബംഗ്ലാദേശികളാണ് എന്ന് അവര്‍ അലറുന്നുണ്ടായിരുന്നു. താന്‍ ത്രിപുരയില്‍ ജീവിച്ച കാലത്ത് അങ്ങനെയൊന്നും ഉണ്ടായിരുന്നില്ലായെന്ന് ഷെമ പറയുന്നു. ആരും ഒരു വെറുപ്പും കാണിച്ചിരുന്നില്ല. അവിടെയുള്ള ജനങ്ങള്‍ മുസ്‍ലിംകളെ സ്നേഹിച്ചിരുന്നു. ആ മൂന്ന് യുവാക്കളും പാരാമിലിറ്ററി ക്യാമ്പിലുള്ളവരോട് പൊലീസിനെ വിളിക്കാന്‍ അപേക്ഷിച്ചിരുന്നു. പക്ഷേ, അവരത് ചെയ്തിരുന്നില്ല. ഒന്നുകില്‍ സാഹിദിനെയും സംഘത്തെയും വിട്ടുനല്‍കണം. അല്ലെങ്കില്‍ അവരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തണമെന്ന് ജനക്കൂട്ടം അവരോട് ആവശ്യപ്പെട്ടു. സാഹിദും കൂട്ടരും ഭയന്നുപോയിരുന്നു. മടക്കിവെച്ചിരുന്ന ഒരു ബെഡ്ഡിനടിയിലൊളിക്കാന്‍ ക്യാമ്പിലുണ്ടായിരുന്നവര്‍ സാഹിദിനോടും കൂട്ടരോടും പറഞ്ഞിരുന്നു. ആ ജനക്കൂട്ടം ക്യാമ്പ് തകര്‍ത്താല്‍ തങ്ങള്‍ നിസ്സഹായരായിപ്പോകും എന്നും പറഞ്ഞു. സ്റ്റീല്‍ ദണ്ഡുകളും വടികളും മറ്റുമായിട്ടായിരുന്നു ജനക്കൂട്ടം നിന്നിരുന്നത്. അവര്‍ ക്യാമ്പിലേക്ക് അതിക്രമിച്ചുകയറിയതോടെ അവിടെ ഉണ്ടായിരുന്നവര്‍ പലവഴിക്ക് ഓടി. ബെഡ്ഡില്‍ നിന്നും തല പതുക്കെ പൊക്കിനോക്കിയതായിരുന്നു സാഹിദ് ഖാന്‍. ജനക്കൂട്ടത്തിലൊരാള്‍ സ്റ്റീല്‍ ദണ്ഡുകൊണ്ട് സാഹിദിന്‍റെ തല അടിച്ചുതകര്‍ത്തു. തല തകര്‍ന്നു ചിതറിപ്പോയി. അതിനും ശേഷമാണ് പുറത്ത് വെടിയുടെ ശബ്ദം കേള്‍ക്കുന്നത്. പൊലീസ് എത്തി ആകാശത്തേക്ക് വെടിവെച്ച് ആള്‍ക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു. പൊലീസെത്തിയപ്പോഴേക്കും സാഹിദ് മരിച്ചിരുന്നു. 

കൊന്നുകളയുന്നതിന് മുമ്പ് ഒരുവട്ടം അവസാനമായി ഞങ്ങളോടൊന്നു സംസാരിക്കാന്‍ അദ്ദേഹത്തെ അവര്‍ അനുവദിച്ചില്ലല്ലോ? ആര്‍ക്കറിയാം അദ്ദേഹത്തിന് നമ്മോട് എന്താണ് പറയാനുണ്ടായിരുന്നത്... എന്ന് ഷെമ ചോദിക്കുന്നു. ഇന്ത്യയില്‍ ജാതിയുടേയും മതത്തിന്‍റേയും പേരില്‍ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകത്തിന്‍റെ ഇരയായി ആ യുവാവും മാറുകയായിരുന്നു.  

(വിവരങ്ങള്‍ക്ക് കടപ്പാട് scroll) 

Follow Us:
Download App:
  • android
  • ios