Asianet News MalayalamAsianet News Malayalam

രാജീവിന്റെ പ്രസംഗത്തിന് മുന്നിൽ പിത്രോദ പറഞ്ഞത് എത്രയോ ചെറിയ കാര്യം

ഇന്നും പഞ്ചാബിലെ രാഷ്ട്രീയത്തിൽ തിരിച്ചുവരുന്നതിൽ നിന്നും കോൺഗ്രസിനെ തടുക്കുന്നത് 1984 -ൽ അവർ നേരിട്ടുനയിച്ച സിഖ് വിരുദ്ധകലാപങ്ങളുടെ ഓർമകളാണ്. അതങ്ങനെ എളുപ്പം ചരിത്രത്തിൽ നിന്നും മായ്ച്ചുകളയാവുന്ന ഒന്നല്ല. എന്ത് പ്രായശ്ചിത്തം ചെയ്താലും പരിഹരിക്കാവുന്ന ഒന്നും. സിഖുകാരുടെ മനസ്സിൽ അതുണ്ടാക്കിയ മുറിവുകൾ ഒരിക്കലും ആറുകയില്ല. പിത്രോദയെപ്പോലുള്ള..

Pitroda's response  is nothing compared to what Rajeev Gandhi said in 1984
Author
Trivandrum, First Published May 11, 2019, 12:58 PM IST

1984-ൽ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെ നടന്ന സിഖ് വിരുദ്ധ കലാപങ്ങളെയും കൂട്ടക്കൊലകളെയും നിസ്സാരവൽക്കരിച്ചുകൊണ്ട് സാം പിത്രോദ നടത്തിയ പരാമർശങ്ങൾ വിവാദമാവുകയുണ്ടായല്ലോ. പിത്രോദയുടെ പ്രസ്താവന തെറ്റായിപ്പോയി എന്നും, സിഖ് കൂട്ടക്കൊലകൾ ഇന്ത്യൻ ചരിത്രത്തിലെ ദൗർഭാഗ്യകരമായ ഒരു ഏടാണെന്നും, പിത്രോദ പരാമർശം പിൻവലിച്ച് മാപ്പുപറയണം എന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. പിത്രോദ പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പും പറഞ്ഞു. എന്നാൽ സിഖ് കൂട്ടക്കൊല നടന്ന ശേഷം, ഇതാദ്യമായല്ല ആരെങ്കിലും ആ ഭീതിദമായ ഓർമകളെ നിസ്സാരവൽക്കരിച്ചുകൊണ്ട് ഒരു പരാമർശം നടത്തുന്നത്. ആദ്യത്തെ വാവിട്ട വാക്ക് രാഹുൽ ഗാന്ധിയുടെ അച്ഛനും, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും, കൊല്ലപ്പെട്ട ഇന്ദിരാ ഗാന്ധിയുടെ മകനുമായ രാജീവ് ഗാന്ധിയുടേതായിരുന്നു. 

Pitroda's response  is nothing compared to what Rajeev Gandhi said in 1984

1984  ഒക്ടോബർ 31-ന് രാവിലെ ഒമ്പതരമണിയോടെ സഫ്ദർജംഗിലെ തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് സ്വന്തം സെക്യൂരിറ്റി ഗാർഡുമാരായ സത്‌വന്ത് സിങ്ങ്, ബിയാന്ത് സിങ്ങ് എന്നിവരുടെ തോക്കുകളിൽ നിന്നുമുതിർന്ന വെടിയുണ്ടകളേറ്റ് ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നു. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ എന്ന പേരിൽ ഖാലിസ്ഥാനി തീവ്രവാദികളെ പിടികൂടാൻവേണ്ടി നടത്തിയ കമാൻഡോ ഓപ്പറേഷനിൽ അമൃത്സറിലെ സുവർണ ക്ഷേത്രത്തിനുള്ളിൽ പട്ടാളത്തെ പ്രവേശിപ്പിച്ച് വെടിവെപ്പ് നടത്തിയതാണ് സിഖുകാരുടെ മതവികാരം വ്രണപ്പെടുത്തിയത്. ആ വൈരം തന്നെയായിരുന്നു ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിലേക്കും അവരെ നയിച്ചത്.  

Pitroda's response  is nothing compared to what Rajeev Gandhi said in 1984

കൊലപാതകത്തിന്റെ വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്ന് മണിക്കൂറുകൾക്കകം ദില്ലിയിലും രാജ്യത്തിന്റെ മറ്റുപല ഭാഗങ്ങളിലും സിഖ് വിരുദ്ധ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. നിരവധി നിരപരാധികൾ കൊലചെയ്യപ്പെട്ടു. വീടുകൾ തീയിട്ടു നശിപ്പിക്കപ്പെട്ടു. സർക്കാർ കണക്കുകൾ പ്രകാരം 2800-ൽ പരം സിഖുകാർ കൊല്ലപ്പെട്ടു. എന്നാൽ സ്വതന്ത്ര ഏജൻസികൾ നടത്തിയ അന്വേഷണങ്ങൾ പ്രകാരം യഥാർത്ഥ മരണസംഖ്യ 8000-17,000 വരും. വധിക്കപ്പെടും എന്ന ഭീതിയിൽ നിരവധി സിഖുകാർ സ്വന്തംവീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തു. ജഗദീഷ് ടൈറ്റ്‌ലറും എച്ച്.കെ.എൽ.ഭഗത്തും അടക്കമുള്ള ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്ത അനുചരരുടെ കാർമികത്വത്തിൽ 'ഒരു പാഠം പഠിപ്പിക്കാൻ' എന്ന പേരിൽ സിഖുകാർ സമാധാനപൂർവ്വം കഴിഞ്ഞിരുന്ന ദില്ലിയിലെ കോളനികളിൽ  ഗുണ്ടകൾ അഴിഞ്ഞാടി. നിരവധി ബലാത്സംഗങ്ങളും തീവെട്ടിക്കൊള്ളകളും കൊലപാതകങ്ങളും നടന്നിട്ടും അന്നത്തെ ദില്ലിപോലീസ് ഒരു ചെറുവിരൽ പോലും അനക്കിയില്ല. അതേ സമയം, സ്വന്തം കുടുംബത്തിന് നേരെ അക്രമങ്ങൾ നടക്കുമ്പോൾ  പ്രാണരക്ഷാർത്ഥം ആയുധമെടുത്ത സിഖുകാരെ തികഞ്ഞ നിഷ്കർഷയോടെ പൊലീസ് യഥാസമയം പിടികൂടി തുറുങ്കിലടക്കുകയും ചെയ്തു. ഇന്ദിരയുടെ മരണത്തിനു തൊട്ടടുത്ത ദിവസങ്ങളിൽ ദില്ലിയിൽ കോൺഗ്രസ്‌ അനുഭാവികളുടെ ഒരു സമ്മേളനം നടന്നു. അതിൽ പങ്കെടുത്ത ആയിരക്കണക്കിനാളുകളെ അഭിസംബോധന ചെയ്തുകൊണ്ട്, പ്രശസ്ത സിനിമാനടൻ അമിതാബ് ബച്ചൻ  മുഴക്കിയ 'ഖൂൺ കാ ബദ്‌ലാ ഖൂൺ സെ ലേംഗെ " ( ചോരയ്ക്കുപകരം ചോര.. ) എന്ന മുദ്രാവാക്യം നിരന്തരം പ്രക്ഷേപണം ചെയ്തുകൊണ്ട് ദൂരദർശനും കലാപത്തിൽ പങ്കുചേർന്നു എന്നാണ് ആ ലഹളകളെ അതിജീവിച്ച സിഖുകാരിൽ ചിലർ സാക്ഷ്യപ്പെടുത്തുന്നത്. 

Pitroda's response  is nothing compared to what Rajeev Gandhi said in 1984

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ കറുത്ത ഒരു ഏടായ ഈ കലാപങ്ങളെപ്പറ്റി അന്ന് ദില്ലി ഹൈക്കോടതിയിൽ അഭിഭാഷകനായ ഹർവീന്ദർ സിങ്ങ് ഫുൽകയും പത്രപ്രവർത്തകനായ മനോജ് മിട്ടയും ചേർന്ന് എഴുതിയ ' വെൻ എ ട്രീ ഷുക്ക് ദില്ലി' എന്ന പുസ്തകത്തിൽ വിശദമായ സാക്ഷ്യങ്ങളുണ്ട്. കൊലപാതകങ്ങളുടെയും ബലാത്സംഗങ്ങളുടെയും സിഖുകാർ അനുഭവിച്ച പ്രാണഭയത്തിന്റെയും അപമാനത്തിന്റെയും ഒക്കെ വിശദമായ ഒരു അനുഭവരേഖയാണ് ഈ പുസ്തകം. ഈ പുസ്തകത്തിലാണ് രാജീവ് ഗാന്ധിയുടെ കുപ്രസിദ്ധമായ ആ പ്രസംഗത്തെപ്പറ്റിയുള്ള പരാമർശമുള്ളത്. 

Pitroda's response  is nothing compared to what Rajeev Gandhi said in 1984

1984  നവംബർ 19-ന് ഇന്ത്യാ ഗേറ്റിന് അടുത്തുള്ള ബോട്ട് ക്ലബിൽ വെച്ച്, പ്രധാനമന്ത്രി എന്ന നിലയ്ക്കുള്ള തന്റെ ആദ്യത്തെ പൊതുസമ്മേളനത്തിൽ വെച്ച് രാജീവ് ഗാന്ധി ഇങ്ങനെ പറഞ്ഞു, " ഇന്ദിരാജിയുടെ കൊലപാതകത്തെ തുടർന്ന് നമ്മുടെ നാട്ടിൽ ചില കൊലപാതകങ്ങൾ നടന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് എന്തുമാത്രം ക്രോധം വന്നു, എന്തുമാത്രം ദേഷ്യം വന്നു..!  ഇന്ത്യ ആ ദിനങ്ങളിൽ ആകെ കുലുങ്ങുന്നതുപോലെ നമുക്ക് പലർക്കും തോന്നി.. വന്മരങ്ങൾ കടപുഴകി വീഴുമ്പോൾ, ഭൂമി കുലുങ്ങും.. അത് സ്വാഭാവികം മാത്രം..!  " 

അന്നവിടെ കൂടിയ സമ്മേളനം സിഖുവിരുദ്ധകലാപങ്ങൾ അവസാനിപ്പിക്കണമെന്ന് കലാപകാരികളോട് അഭ്യർത്ഥിക്കാനുള്ളതായിരുന്നു. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ ആഹ്വാനം ചെയ്യാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാൽ കൊലപാതകത്തെ തുടർന്ന്, അന്ന് ആ സമ്മേളനം നടക്കുന്ന നിമിഷം വരെ രാജ്യത്തെ നിരപരാധികളായ സിഖുകാർ അനുഭവിച്ച അപമാനങ്ങളെച്ചൊല്ലി തെല്ലും കുറ്റബോധം ഗാന്ധിയുടെ സ്വരത്തിലോ, ആ പ്രസംഗത്തിന് തിരഞ്ഞെടുത്ത പദങ്ങളിലോ ഉണ്ടായിരുന്നില്ല. ആയിരക്കണക്കിന് സിഖുകാർ, യാതൊരു കുറ്റവും ചെയ്യാത്ത നിരപരാധികൾ, നിർദ്ദയം അരിഞ്ഞു വീഴ്ത്തപ്പെട്ടതിന്റെ, ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ, വീടുകൾ കൊള്ളയടിക്കപ്പെട്ടതിന്റെ ഒന്നും ഒരു കണക്കും അദ്ദേഹം അവിടെ പരാമർശിച്ചില്ല. പറഞ്ഞതുമൊത്തം ആ കലാപത്തിൽ അഴിഞ്ഞാടിയ അക്രമികളുടെ 'സ്വാഭാവികമായ' ക്രോധത്തെപ്പറ്റി മാത്രമായിരുന്നു. ഇനിയെങ്കിലും കലാപങ്ങൾ അവസാനിപ്പിച്ച് ലോകത്തിനുമുന്നിൽ ഇന്ത്യ എന്ന ജനാധിപത്യരാഷ്ട്രത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കണമെന്ന് ഒരു അഭ്യർത്ഥനയും നടത്തി അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിക്കും മുമ്പ്. 

 


'1984-ലെ ആ പ്രസംഗത്തിന്റെ DD വീഡിയോ  ക്ലിപ്പിങ്ങ്, കടപ്പാട് : ഇന്ത്യൻ എക്സ്പ്രസ് '

ഈ പ്രസംഗം അന്നുതൊട്ട് ഇന്നുവരെ പലകുറി വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. അന്നൊക്കെയും രാജീവ് ഗാന്ധി എന്ന ഇന്ദിരാ ഗാന്ധിയുടെ മകൻ അന്ന് 'വികാരാധീനനായി പറഞ്ഞുപോയ' ആ വാക്കുകൾ നീതികരിക്കാവുന്നതാണ് എന്ന് സമർത്ഥിക്കാൻ കോൺഗ്രസിന്റെ നേതൃനിര കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. ആ പ്രസ്താവനയുടെ പേരിൽ ഇന്നോളം ആരും ഒരു ഖേദവും എവിടെയും പ്രകടിപ്പിച്ചിട്ടില്ല. 'രാജീവ് ഗാന്ധി എന്ന സംവേദനശീലനായ നല്ല മനുഷ്യനെ തനിക്ക് നേരിട്ടറിയാമെന്നും, ആ വാക്കുകളെ 'അകാലത്തിൽ അമ്മ നഷ്ടപ്പെട്ട ഒരു മകന്റെ പരിഭവമായി' കണ്ടാൽ മതിയാകു'മെന്നുമാണ് കോൺഗ്രസ് വക്താവായിരുന്ന സൽമാൻ ഖുർഷിദ് ഇതേപ്പറ്റി പിന്നീടൊരു അഭിമുഖത്തിൽ പറഞ്ഞത്.  

Pitroda's response  is nothing compared to what Rajeev Gandhi said in 1984

 

ഇന്നും പഞ്ചാബിലെ രാഷ്ട്രീയത്തിൽ തിരിച്ചുവരുന്നതിൽ നിന്നും കോൺഗ്രസിനെ തടുക്കുന്നത് 1984 -ൽ അവർ നേരിട്ടുനയിച്ച സിഖ് വിരുദ്ധകലാപങ്ങളുടെ ഓർമകളാണ്. അതങ്ങനെ എളുപ്പം ചരിത്രത്തിൽ നിന്നും മായ്ച്ചുകളയാവുന്ന ഒന്നല്ല. എന്ത് പ്രായശ്ചിത്തം ചെയ്താലും പരിഹരിക്കാവുന്ന ഒന്നും. സിഖുകാരുടെ മനസ്സിൽ അതുണ്ടാക്കിയ മുറിവുകൾ ഒരിക്കലും ആറുകയില്ല. പിത്രോദയെപ്പോലുള്ള പുത്തൻകൂറ്റുകാരായ കോൺഗ്രസുകാരിൽ നിന്നും, 'പുണ്ണിന്മേൽ കൊള്ളിവെയ്ക്കുന്ന'പോലുള്ള ഇത്തരം നിർവികാരമായ പരാമർശങ്ങളുണ്ടാവുമ്പോൾ പ്രതികരണങ്ങൾ ഏറെ രൂക്ഷമാവുക തികച്ചും സ്വാഭാവികമാണ്.

Follow Us:
Download App:
  • android
  • ios