Asianet News MalayalamAsianet News Malayalam

അന്ന്, കൊല്‍ക്കത്ത നഗരത്തിലെ ലൈംഗികത്തൊഴിലാളികളുടെ കൂട്ടപ്പലായനത്തിന് കാരണമായ ആ നിയമം...

ഈ നിയമപ്രകാരമുള്ള പരിശോധനയില്‍ രോഗം ബാധിച്ചതായി കണ്ടെത്തിയാൽ, ലൈംഗികത്തൊഴിലാളികളെ ജോലിയിൽ തിരിച്ചെത്താൻ യോഗ്യരാകുന്നതുവരെ കാവൽ ഏർപ്പെടുത്തി ചികിത്സിക്കണം. 

sex workers exodus to laxmiganj
Author
Laxmiganj, First Published Oct 3, 2019, 4:22 PM IST

ചന്ദന്‍നഗര്‍ എന്ന നഗരം പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ ദൂരെയാണ്. ലക്ഷ്മിഗഞ്ച് നഗറിലെ പുരാവാസ്‍തുവും മറ്റും കൊണ്ട് പ്രശസ്‍തമായ ഇടമാണിത്. എന്നാല്‍, വേറൊരു ചരിത്രം കൂടി ഈ നഗരത്തിനുണ്ട്. ബംഗാളിലെ ബ്രീട്ടീഷ് നിയമത്തില്‍നിന്ന് ഭയന്നോടിയ ഒരുകൂട്ടം ലൈംഗികത്തൊഴിലാളികള്‍ക്ക് അഭയമേകിയ ഇടമാണിത്. പതിനേഴാം നൂറ്റാണ്ടിന്‍റെ അവസാന കാലത്തെ ഫ്രഞ്ച് സെറ്റില്‍മെന്‍റാണ് ചന്ദന്‍ നഗര്‍. ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ചന്ദന്‍ നഗറിനായി പോരാടി. ലൈംഗികത്തൊഴില്‍ തുടര്‍ന്നുപോന്ന ഒരിടവും നിരവധി ലൈംഗികത്തൊഴിലാളികളുണ്ടായിരുന്ന ഇടവുമാണ് ചന്ദന്‍ നഗര്‍. 

1868 -ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍  Indian Contagious Diseases Act നടപ്പിലാക്കി. നിയമപ്രകാരം എല്ലാ ലൈംഗികത്തൊഴിലാളികളും സര്‍ക്കാരിന്‍റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യുകയും ലൈംഗിക രോഗങ്ങളുമായി ബന്ധപ്പെട്ട പരിശോധനകള്‍ നിര്‍ബന്ധമായും നടത്തുകയും വേണം. ലൈംഗികത്തൊഴിലാളികൾക്കെതിരെ കനത്ത അടിച്ചമർത്തലുകള്‍ക്കാണ് ഈ നിയമം കാരണമായിത്തീര്‍ന്നത്. ഈ നിയമം ലൈംഗികത്തൊഴിലാളികളെ നിരന്തരം സന്ദര്‍ശിക്കുന്നതില്‍ നിന്ന് സൈനികരെ തടയുമെന്നായിരുന്നു അധികാരികള്‍ കരുതിയിരുന്നത്. എന്നാല്‍, നിയമം നിലവില്‍ വന്നിട്ടും സൈനികര്‍ ലൈംഗികത്തൊഴിലാളികളെത്തേടിയെത്തി.

ഈ നിയമം നടപ്പിലാക്കിയതോടെ അത് അടിച്ചമര്‍ത്തലുകള്‍ക്കും പീഡനങ്ങളിലേക്കും ഒരുപാട് പേരുടെ ജീവിക്കാനുള്ള വഴിതടയുന്നതിനും കാരണമായിത്തീര്‍ന്നു എന്നാണ് ഗവേഷകനും ചന്ദന്‍ നഗറിലെ താമസക്കാരനുമായ സുരോജിത് സെന്‍ പറയുന്നത്. ബ്രിട്ടീഷ് അധികാരികള്‍ക്ക് ലൈംഗികത്തൊഴിലാളികളോടുള്ള സമീപനം വളരെ മോശമായിരുന്നു. മോശക്കാരായിട്ടാണ് ബ്രിട്ടീഷുകാര്‍ അവരെ കണ്ടത്. ഒരുവശത്ത്, വിക്ടോറിയൻ ധാർമ്മികത കൊണ്ട് കുടുങ്ങിയ സർക്കാർ ഈ തൊഴില്‍ ഒരു കുറ്റകൃത്യമായിക്കണ്ടു. എന്നാൽ, മറുവശത്ത് അത് സൈനികർക്കുവേണ്ടിയുള്ള നിര്‍ബന്ധിതജോലിയാക്കി മാറ്റുകയും ചെയ്‍തു. 

ചരിത്രകാരനായ സുമന്ത ബാനര്‍ജിയുടെ Dangerous Outcast: The Prostitute in Nineteenth-Century Bengal എന്ന പുസ്‍തകത്തില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായിരിക്കുമ്പോഴും സൈനികര്‍ ലൈംഗികത്തൊഴിലാളികളുടെ അടുത്ത് പോകുന്നത് കുറച്ചിരുന്നില്ല. പലര്‍ക്കും ലൈംഗിക രോഗങ്ങളുമുണ്ടായി. ഇത് ഭരണാധികാരികള്‍ക്ക് തലവേദനയായി. ഇതിന് ഒരവസാനമുണ്ടാക്കണം എന്നുതന്നെ അധികാരികള്‍ തീരുമാനമെടുത്തു. 1864 -ല്‍ കമ്പനി ഒരു കന്‍റോണ്‍മെന്‍റ് നിയമം കൊണ്ടുവന്നു. അതുപ്രകാരം ലൈംഗിക രോഗങ്ങൾ പടരുന്നത് നിയന്ത്രിക്കുന്നതിനായി സൈനികരുടെ ഓരോ റെജിമന്‍റിലേക്കും ലൈംഗികത്തൊഴിലാളികള്‍ നിയമിക്കപ്പെട്ടു. ആയിരത്തോളം സൈനികര്‍ വരുന്ന ഒരു റെജിമന്‍റിലേക്ക് പന്ത്രണ്ടോ, പതിമൂന്നോ ലൈംഗികത്തൊഴിലാളികളെയാണ് നിയമിച്ചത്. 

പക്ഷേ, വളരെ പെട്ടെന്ന് തന്നെ അത് പരാജയപ്പെട്ടു. സൈനികർ ഇടയ്ക്കിടെ കന്‍റോണ്‍മെന്‍റുകളിൽ നിന്ന് യാത്ര ചെയ്യുകയോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും ചെന്ന് ലൈംഗികത്തൊഴിലാളികളെ കാണുന്നതിനായി ബാരക്കുകളിൽ നിന്ന് ഒളിച്ചുപോവുകയോ ചെയ്തു. ലൈംഗികരോഗങ്ങൾ പടരുന്നത് തുടരുകയും ചെയ്‍തു. അങ്ങനെയാണ്, 1869 ഏപ്രിൽ 1 -ന് ബ്രിട്ടീഷുകാർ ഇന്ത്യയിൽ Indian Contagious Diseases Act കൊണ്ടുവരുന്നത്. 1864 -ൽ യു കെയില്‍ പാസാക്കിയ ഒരു നിയമത്തിന്‍റെ പകര്‍പ്പായിരുന്നു ഇത്. 

ഈ നിയമപ്രകാരമുള്ള പരിശോധനയില്‍ രോഗം ബാധിച്ചതായി കണ്ടെത്തിയാൽ, ലൈംഗികത്തൊഴിലാളികളെ ജോലിയിൽ തിരിച്ചെത്താൻ യോഗ്യരാകുന്നതുവരെ കാവൽ ഏർപ്പെടുത്തി ചികിത്സിക്കണം. ലൈംഗികത്തൊഴിലാളികളായ സ്ത്രീകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടിച്ചാലോ, രജിസ്റ്റര്‍ ചെയ്യാതെ തൊഴിലില്‍ ഏര്‍പ്പെട്ടാലോ അവരെ ജയിലില്‍ അടക്കും. ലൈംഗികത്തൊഴിലാളികള്‍ അന്ന് പറഞ്ഞത് ഈ നിയമം അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി, തൊഴിലിനെ ബാധിച്ചു, ചിലപ്പോഴൊക്കെ നീണ്ട ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നു എന്നാണ്. 

അതുകൊണ്ട് തന്നെ പലരും ഒളിച്ചും മറ്റും ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടു. പലപ്പോഴും പൊലീസ് അടക്കമുള്ളവര്‍ ഇവരെ അടിച്ചമര്‍ത്താനും മറ്റും ശ്രമിച്ചു. ഇത് കൊൽക്കത്തയിലെ ലൈംഗികത്തൊഴിലാളികളുടെ കൂട്ടപ്പലായനത്തിലേക്ക് നയിച്ചു. 1887 -ലെ ഗവൺമെന്‍റ് മെമ്മോ പ്രകാരം ബാനർജി തന്റെ പുസ്തകത്തിൽ പറഞ്ഞത്, '' നിയമത്തെ തുടര്‍ന്ന്, പകുതിയിലധികം സ്വദേശികളായ സ്ത്രീകൾ നഗരം വിട്ട് പ്രാന്തപ്രദേശങ്ങളിൽ താമസിക്കുകയും നഗരത്തില്‍ നിന്ന് കൂടുതൽ ദൂരെയായിത്തീരുകയും ചെയ്തിട്ടുണ്ട്'' എന്നാണ്. 

രണ്ട് നഗരങ്ങളുടെ കഥ
ലക്ഷ്മിഗഞ്ച് ബസാറിലെ റെഡ് ലൈറ്റ് ജില്ല കൊല്‍ക്കത്തയിലെ വേശ്യാലയങ്ങളേക്കാള്‍ പഴക്കമുള്ളതാണ്. ചന്ദന്‍നഗര്‍ ചരിത്രകാരനായ ബിശ്വനാഥ്   ബന്ദ്യോപാധ്യായ പറയുന്നത്, ''1700 -കളുടെ അവസാനത്തില്‍ത്തന്നെ ബിസിനസ് ആവശ്യത്തിനായി യാത്ര ചെയ്യുന്നവര്‍ ലൈംഗികത്തൊഴിലാളികളെത്തേടി ഇവിടെ എത്തിച്ചേര്‍ന്നിരുന്നു. പക്ഷേ, കൂടുതല്‍ വിപുലമായത് Contagious Diseases Act നടപ്പിലാക്കിയതോടെയാണ്...'' എന്നാണ്. 

കല്‍ക്കത്തയിലെ ഈ ബ്രിട്ടീഷ് നിയമത്തെ പേടിച്ചോടിയവര്‍ അഭയം പ്രാപിച്ചത് ലക്ഷ്മിഗഞ്ച് ബസാറിലാണ്. ലൈംഗികത്തൊഴിലാളികളുടെ വന്‍വര്‍ധനവുണ്ടായപ്പോള്‍ ഫ്രഞ്ച് ഗവണ്‍മെന്‍റ് അവര്‍ക്ക് നികുതിയേര്‍പ്പെടുത്തിത്തുടങ്ങി. മാര്‍ക്കറ്റ് അവരുടെ ഔദ്യോഗിക തൊഴിലിടമായി മാറുകയും ചെയ്‍തു. (1980 -ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ റിയല്‍ എസ്റ്റേറ്റുകാരെ സഹായിക്കുന്നതിനായി ലൈംഗികത്തൊഴിലാളികളെ അവിടെനിന്നും കുടിയിറക്കി. അടുത്ത നഗരങ്ങളായ ചിന്‍സുരയിലും കല്‍നയിലും അവര്‍ അഭയം പ്രാപിച്ചു.)

പത്തൊമ്പതാം നൂറ്റാണ്ടൊക്കെ ആയതോടുകൂടി നിരവധി മനുഷ്യരും യു കെയിലെ ലേഡീസ് നാഷണല്‍ അസോസിയേഷന്‍ അടക്കമുള്ള സംഘടനകളും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി സംസാരിച്ചു തുടങ്ങിയിരുന്നു. ഒടുവില്‍ കനത്ത പ്രതിഷേധങ്ങളില്‍ ബ്രിട്ടീഷ് ആര്‍മ്മി തോല്‍വി സമ്മതിച്ചു. 1888 സപ്‍തംബറില്‍ ഇന്ത്യയില്‍ നിയമം അസാധുവാക്കി. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതോടെ കൊല്‍ക്കത്തയിലെ സോനാഗച്ചിയടക്കമുള്ള പ്രദേശങ്ങളിലൂടെ ലൈംഗികത്തൊഴില്‍ വീണ്ടും ശക്തിയാര്‍ജ്ജിച്ചു. വെറും ലൈംഗികത മാത്രമല്ല. എല്ലാത്തരം കച്ചവടങ്ങളും മറ്റും ശക്തി പ്രാപിച്ചുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. 

ലൈംഗികത്തൊഴിലാളികള്‍ക്കുമേലെയുള്ള അന്നത്തെ നിയമമായാലും ഇന്നത്തെ നിയമമായാലും അത് സ്ത്രീകളെ അടിച്ചമര്‍ത്താന്‍ വേണ്ടി ഉണ്ടാക്കിയതാണ് എന്ന് പശ്ചമബംഗാളിലെ ലൈംഗികത്തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ 'ദര്‍ബാര്‍ മഹിളാ സമന്വയ കമ്മിറ്റി'യുടെ മാര്‍ഗ്ഗദര്‍ശ്ശിയുമായ ഭാരതി ഡേ പറയുന്നു. നാഷണല്‍ എയ്‍ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍റെ സഹകരണത്തോടെ ലൈംഗികത്തൊഴിലാളികളായ സ്ത്രീകള്‍ക്ക് ആരോഗ്യ സംരക്ഷണക്ലാസുകളും മറ്റും ഇതിലൂടെ നല്‍കപ്പെടുന്നുണ്ട്.  

അന്ന് ലൈംഗികത്തൊഴിലാളികളെ കൂട്ടപ്പലായനത്തിലേക്ക് നയിച്ച ആ നിയമം ഒരിക്കലും ലൈംഗികത്തൊഴിലാളികളുടെ ഉന്നമനത്തിനോ, അവരുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതിനോ വേണ്ടിയുള്ളതായിരുന്നില്ല. മറിച്ച് അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാരിനും അവരുടെ സൈനികര്‍ക്കും ഈ സ്ത്രീകളെ കൂടുതല്‍ അടിച്ചമര്‍ത്തുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും വേണ്ടി നിര്‍മ്മിച്ച ഒന്നായിരുന്നു. 

ചിത്രത്തിന് കടപ്പാട്: Sambaran Das for Bodmaish Jobdo (2017).


 

Follow Us:
Download App:
  • android
  • ios