Asianet News MalayalamAsianet News Malayalam

പഴയൊരു പാക് ജയിൽചാട്ടത്തിന്റെ ത്രസിപ്പിക്കുന്ന കഥ

പാക്കിസ്ഥാനിലെ മറ്റു ഓഫീസർമാരിൽ നിന്നും വിരുദ്ധമായി സ്ക്വാഡ്രൺ ലീഡർ  ഒസ്മാൻ അമിൻ  ഒരു ജെന്റിൽമാൻ ആയിരുന്നു. അദ്ദേഹം അവർക്ക് ഇടയ്ക്കിടെ ചായയും മാസികകളും കാരംബോർഡുമെല്ലാം നൽകിയിരുന്നു. അവരോടുള്ള സംസാരവും തികച്ചും സഭ്യമായിട്ടുതന്നെ ആയിരുന്നു. അദ്ദേഹം അവരോട് സ്വന്തം കുടുംബങ്ങളെപ്പറ്റിയും ബോളിവുഡ് സിനിമകളെപ്പറ്റിയും ഒക്കെ വിശേഷങ്ങൾ തിരക്കി. ഇന്ത്യൻ പട്ടാളക്കാരോടുള്ള അമീന്റെ ഈ സൗമ്യമായ ഇടപെടൽ പാക്കിസ്ഥാനിലെ മറ്റു പട്ടാള ഓഫീസർമാർക്ക് ഉള്ളിൽ അമർഷമുണ്ടാക്കുക വരെ ചെയ്തിരുന്നു അന്നൊക്കെ. 

Story of a Jail Break in 1972 by the Indian PoW Pilots in Rawalpindi
Author
Thiruvananthapuram, First Published Mar 3, 2019, 12:05 PM IST

"നമ്മുടെ ജോലിക്ക് ഇത്തിരി റിസ്ക് കൂടുതലാണ് സർ.. എപ്പോൾ വേണമെങ്കിലും വിമാനത്തിന് വെടി  കൊള്ളാം.. നമ്മുടെ കഷ്ടകാലമാണെങ്കിൽ വീഴുന്നത് ശത്രു രാജ്യത്തും ആവാം.. ഒരു കാര്യം ഞാനിപ്പൊഴേ പറയാം, സർ.. എങ്ങാനും അങ്ങനെ പിടിക്കപ്പെട്ടാൽ, ഉറപ്പാണ്.. ഞാൻ ജയിൽ ചാടും.." 

1968 -ലെ ഒരു സായാഹ്നത്തിൽ, ഇന്ത്യൻ വ്യോമസേനയിൽ ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് ദിലീപ് പാരുൾക്കർ, എയർഫോഴ്സ് കാന്റീനിൽ കാപ്പിയും കുടിച്ചിരിക്കുമ്പോൾ  തന്റെ  കമാൻഡിങ്ങ് ഓഫീസറായ എം.എസ്. ബാവയോട് പറഞ്ഞതാണ് ഈ വാക്കുകൾ .  ദിലീപിന്റെ നാക്ക് ഫലിച്ചു. മൂന്നുവർഷം കഴിഞ്ഞപ്പോൾ, 1971 -ൽ ബംഗ്ളാദേശിന്റെ പേരും പറഞ്ഞ് ഇന്ത്യ-പാക് യുദ്ധം നടന്നു. ദിലീപിന്റെ വിമാനം പാക് സൈന്യം വെടിവച്ചിട്ടു. ദിലീപടക്കം 11  ഇന്ത്യൻ വ്യോമസേനാ പൈലറ്റുകൾ പാക് പിടിയിൽ റാവൽ പിണ്ടി ജയിലിൽ അടക്കപ്പെട്ടു. ദിലീപ് പറഞ്ഞ വാക്ക് പാലിച്ചു. സഹ തടവുകാരായി മേൽവിന്ദർ സിങ്ങ് ഗേരെവാൾ, ഹരീഷ് സിങ്ങ്ജി എന്നിവർക്കൊപ്പം അദ്ദേഹം ജയിൽ ചാടി രക്ഷപ്പെട്ടു.  റാവൽ പിണ്ടി ജയിലിൽ നിന്നും രക്ഷപ്പെടാൻ അവർ നടത്തിയ പ്ലാനിങ്ങിന്റെയും രക്ഷപ്പെട്ടതിനെത്തുടർന്നുണ്ടായ നാടകീയമായ രംഗങ്ങളുടെയും ഓർമ്മകൾ ത്രസിപ്പിക്കുന്നതാണ്. 

ആദംപൂർ ബേസ് ചെയ്ത് പ്രവർത്തിച്ചിരുന്ന എയർഫോഴ്‌സിന്റെ ഇരുപത്താറാം സ്ക്വാഡ്രണിലെ ഫൈറ്റർ പൈലറ്റുകളായിരുന്നു അവരെല്ലാം. 1971  ഡിസംബർ 5,  യുദ്ധത്തിനിടെ ലാഹോറിലെ സഹാർവാളിൽ സ്ഥിതിചെയ്തിരുന്ന പാക്കിസ്ഥാന്റെ വാച്ച് ടവർ ഇന്ത്യൻ സൈന്യത്തിന് ഒരു ഭീഷണിയായതോടെ സുഖോയ് 7 വിമാനവുമായി ആ ടവർ തകർക്കാനായി ചെന്നതായിരുന്നു ദിലീപ് പാരുൾക്കർ. പാകിസ്ഥാന്റെ വിമാനവേധത്തോക്കുകളിൽ നിന്നും വന്ന വെടിയുണ്ടകളേറ്റ്‌ ദിലീപിന്റെ വിമാനം തകർന്നു. ദിലീപ് സുരക്ഷിതമായി വിമാനത്തിൽ നിന്നും പാരച്യൂട്ട് വഴി താഴേക്കിറങ്ങിയെങ്കിലും ചെന്ന് പെട്ടത് സിംഹത്തിന്റെ മടയിലായിരുന്നു.  ദിലീപ് നിലം തൊട്ടതും താഴെ ഓടിക്കൂടിയ നാട്ടുകാർ ദിലീപിനെ ഇടിക്കാൻ തുടങ്ങി. പാക് സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥൻ വിവരമറിഞ്ഞ് വന്നപ്പോഴേക്കും തലയ്ക്ക് കിട്ടിയ ഒരു ഇടിയിൽ ദിലീപിന്റെ ബോധം നഷ്ടമായിരുന്നു. അങ്ങനെ ആ ഉദ്യോഗസ്ഥന്റെ സമയത്തുള്ള വരവുകൊണ്ടുമാത്രം ജീവൻ രക്ഷപ്പെട്ട ദിലീപ് കണ്ണുതുറന്നപ്പോൾ കിടക്കുന്നത്  റാവൽ പിണ്ടിയിലെ യുദ്ധത്തടവുകാരുടെ ക്യാമ്പിലാണ്. അവിടെ വിശദമായ ചോദ്യം ചെയ്യലുണ്ടായി. ആ പീഡനങ്ങളൊക്കെ കഴിഞ്ഞപ്പോൾ പിന്നെ 'പ്രിസണർ ഓഫ് വാർ' എന്ന അല്പം കൂടി മയത്തിലുള്ള പരിചരണമായി. പകൽ അവിടെത്തന്നെ തടവിൽ കിടക്കുന്ന മറ്റു പൈലറ്റുമാരോടൊപ്പം നേരം ചെലവഴിക്കാം. രാത്രി ഏകാന്ത തടവിൽ ഉറങ്ങണം . 

പാക്കിസ്ഥാനിലെ മറ്റു ഓഫീസർമാരിൽ നിന്നും വിരുദ്ധമായി സ്ക്വാഡ്രൺ ലീഡർ  ഒസ്മാൻ അമിൻ  ഒരു ജെന്റിൽമാൻ ആയിരുന്നു. അദ്ദേഹം അവർക്ക് ഇടയ്ക്കിടെ ചായയും മാസികകളും കാരംബോർഡുമെല്ലാം നൽകിയിരുന്നു. അവരോടുള്ള സംസാരവും തികച്ചും സഭ്യമായിട്ടുതന്നെ ആയിരുന്നു. അദ്ദേഹം അവരോട് സ്വന്തം കുടുംബങ്ങളെപ്പറ്റിയും ബോളിവുഡ് സിനിമകളെപ്പറ്റിയും ഒക്കെ വിശേഷങ്ങൾ തിരക്കി. ഇന്ത്യൻ പട്ടാളക്കാരോടുള്ള അമീന്റെ ഈ സൗമ്യമായ ഇടപെടൽ പാക്കിസ്ഥാനിലെ മറ്റു പട്ടാള ഓഫീസർമാർക്ക് ഉള്ളിൽ അമർഷമുണ്ടാക്കുക വരെ ചെയ്തിരുന്നു അന്നൊക്കെ. 

ദിലീപായിരുന്നു 'ജയിൽ ചാട്ടം' എന്ന ഐഡിയ അവതരിപ്പിക്കുന്നത്. മേൽവിന്ദർ സിങ്ങ് ഗേരെവാൾ, ഹരീഷ് സിങ്ങ്ജി എന്നിങ്ങനെ രണ്ടുപേർ കൂടി ദിലീപിനൊപ്പം ചേർന്നു.  അതൊരു കൺവെൻഷനൽ ജയിൽ അല്ലായിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാർ ചെയ്തെടുത്ത ഒരു PoW ക്യാമ്പ്  മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ഒരു  ജയിലിനേക്കാൾ സുരക്ഷാ സംവിധാനങ്ങൾ കുറവായിരുന്നു അവിടെ.  അവർ കിടന്നിരുന്ന സെൽ നമ്പർ 5 -ന്റെ ചുവരിൽ ഒരാൾക്ക് കടക്കാൻ പോന്ന ഒരു ദ്വാരം വീഴ്ത്താൻ തീരുമാനമായി. അതിലൂടെ നിരങ്ങി പുറത്തുകടന്ന്, അവിടെ നിന്നും ഒരല്പം മുന്നോട്ടുപോയാൽ  പിന്നെ ആറടി ഉയരമുള്ള ഒരു മതിലാണ് ഏക തടസ്സം. അത് ചാടിക്കടന്നാൽ നേരെ മാൾ റോഡിലെത്താം. 

ദ്വാരമുണ്ടാക്കാൻ ആയുധങ്ങൾ വേണം.  ആ ക്യാമ്പിനുള്ളിൽ ഒരു നെരിപ്പോടുണ്ടായിരുന്നു. തണുപ്പുള്ള സമയങ്ങളിൽ അതിൽ വിറകിട്ടു കത്തിച്ചിരുന്നു. ആ വിറകിനെ കുത്തിയിളക്കുവാനായി ഒരു ഇരുമ്പിന്റെ കമ്പി സ്ഥിരമായി ഉപയോഗിച്ചിരുന്നു. ആ കമ്പി ഇവർ സൂത്രത്തിൽ തട്ടിയെടുത്ത് കട്ടിലിനരികെ സൂക്ഷിച്ചു. ജയിലിലെ തടവുകാർക്ക് ജനീവാ കരാർ പ്രകാരം കിട്ടിയിരുന്ന ചില്ലറ കാശ് വെച്ച് അവർക്ക് കോള പോലുള്ള സോഫ്റ്റ് ഡ്രിങ്കുകൾ വാങ്ങി കുടിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. അത് കൊണ്ടുവന്നിരുന്ന പയ്യൻ സോഡാക്കുപ്പിയുടെ അടപ്പ് തുറക്കില്ലായിരുന്നു. കാറിന്റെ വാൽവോ മറ്റോ ആകണം, അതിനെ രാകി മൂർച്ച കൂട്ടി വെച്ചിരിക്കുന്ന ഒരു  കുഞ്ഞൻ ആയുധമുണ്ടായിരുന്നു പയ്യന്റെ കയ്യിൽ . അതുകൊണ്ട് സ്റ്റൈലായി സോഡാക്കുപ്പിയുടെ മുകളിൽ ഒരു ദ്വാരമിട്ട് അതിലൂടെ സ്ട്രോ ഇട്ടു കൊടുക്കും ഓഫീസർമാർക്ക്.. ആ പയ്യന്റെ കണ്ണുവെട്ടിച്ച് ആ ആയുധവും അവർ കൈക്കലാക്കി.

 അവരെ പാർപ്പിച്ചിരുന്ന സെല്ലിൽ ഒരു ലൈറ്റ് മുഴുവൻ സമയവും പ്രകാശിച്ചിരുന്നു. ആദ്യം തന്നെ അവർ ആ  ബൾബ് ഫ്യൂസാക്കി. പുറത്ത് ഉലാത്തിയിരുന്ന ഗാർഡിനും സംശയം തോന്നി ഉള്ളിൽ കേറി പരിശോധിക്കണമെങ്കിൽ ഗാർഡ് റൂം വരെ പോയി രജിസ്റ്ററിൽ എന്റർ ചെയ്ത് താക്കോൽ വാങ്ങി വന്നു വേണമായിരുന്നു അകത്തു കേറാൻ. കിടന്നിരുന്ന കയറ്റു കട്ടിലിന്റെ അടിയിൽ ഒളിച്ചിരുന്ന് ദിലീപും മറ്റു രണ്ടുപേരും ഊഴമിട്ട് ചുവരിലെ പ്ലാസ്റ്റർ ഇളക്കാൻ തുടങ്ങി. വളരെ പതുക്കെയെങ്കിലും പണി പുരോഗമിച്ചുകൊണ്ടിരുന്നു.. 

അതിനിടെ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം നടന്നു. ഗാർഡ് ഒരു ദിവസം ആരും അറിയാതെ സെല്ലിന് വെളിയിൽ വന്നുനിന്ന് നിശ്ശബ്ദനായി അകത്തെ സ്ഥിതി നിരീക്ഷിക്കാൻ തുടങ്ങി. ഒരു കട്ടിലിനടിയിൽ, പുതപ്പിന്റെ മറവിൽ ദിലീപ് ചുവര് തോണ്ടിക്കൊണ്ടിരിക്കുകയാണെന്നോർക്കണം. നാലുപേരുള്ള മുറിയിൽ ഒരു കിടക്കയിൽ മാത്രം ആളെ കാണാഞ്ഞപ്പോൾ  ഗാർഡ് ചോദിച്ചു നാലാമനെവിടെ...? ആരും ഒരക്ഷരം മറുപടി കൊടുത്തില്ല. അയാൾ ഓടിപ്പോയി താക്കോൽ എടുത്ത്, മേലുദ്യോഗസ്ഥരെയും വിളിച്ചുകൊണ്ടു വന്നു. അപ്പോഴേക്കും ദിലീപ് തിരിച്ചു കേറിക്കിടന്നു കൂർക്കം വലി തുടങ്ങി. മേലുദ്യോഗസ്ഥരെയും കൂട്ടിവന്ന കാർഡിന് ശകാരം കിട്ടിയത് മിച്ചം. 

ചുവർ തുരക്കുമ്പോൾ ഉണ്ടായിക്കൊണ്ടിരുന്ന  അവശിഷ്ടങ്ങൾ അവർ റെഡ്ക്രോസിൽ നിന്നും മരുന്നുകളും വസ്ത്രങ്ങളും വന്ന ചുവന്ന നാലഞ്ച് പെട്ടികളുണ്ടായിരുന്നതിൽ ശേഖരിച്ചു വെക്കാൻ തുടങ്ങി. ആരും അറിയാതെ ആ പെട്ടികൾ എല്ലാവരുടെയും കണ്മുന്നിൽ തന്നെ ഇരുന്നു. അങ്ങനെ നാലഞ്ചുനാൾ ചുവര് പൊളിക്കൽ നടന്നുകൊണ്ടിരുന്നു. ഒടുവിൽ ഇഷ്ടികകൾ ഒരുവിധം നീങ്ങി. ഇനി മുറിക്കപ്പുറമുള്ള പ്ലാസ്റ്റർ പൊട്ടിക്കണം. അതാണെങ്കിൽ നല്ല കനത്തിലും. ആദ്യത്തെ ദിവസത്തെ അദ്ധ്വാനം കൊണ്ട് അത് പൊട്ടിയില്ല. അപ്പോൾ ദിലീപ് അതിൽ ഒരു കഷ്ണം തിരുകിവെച്ച്  ഇഷ്ടികകൊണ്ട് തടുത്തുവെച്ചു. പകൽ മുഴുവൻ അപ്പുറത്തെ സൈഡിൽ ആ ചെറിയ കഷ്ണം തുണി ചുവരിലിരിക്കുന്നത് കാണാമായിരിക്കുന്നു എങ്കിലും ഇവരുടെ ഭാഗ്യത്തിന് ആരും അത് ശ്രദ്ധിച്ചില്ല. 

അടുത്ത ദിവസം രാത്രി ദിലീപ് വീണ്ടും തുരക്കൽ തുടർന്നു. പെട്ടെന്ന് അപ്പുറത്തെ സൈഡിൽ നിന്നും ആരോ ഒരാൾ ആ തുണി  വലിച്ചെടുത്തു. ദിലീപ് ഭയന്നുവിറച്ചു. പിടി വീണു എന്നുതന്നെ കരുതി. പക്ഷെ, പിന്നീട് കാര്യമായ അനക്കമൊന്നും അപ്പുറത്തുനിന്നോ  ജയിലിന്റെ അകത്തു നിന്നോ കേട്ടില്ല. അൽപനേരം കാത്തു നിന്ന ശേഷം ദിലീപ് പണിതുടർന്നു. ഒടുവിൽ പുറത്തെ പ്ലാസ്റ്റർ ഏറെക്കുറെ അടർന്നു വീണപ്പോൾ ദിലീപ് തല അതിലൂടെ പുറത്തേക്കിട്ട് ഒന്ന് നോക്കി. അപ്പോഴതാ, നേരത്തെ തുണി വലിച്ചുകൊണ്ടുപോയ അജ്ഞാത ഹസ്തങ്ങൾ കാണുന്നു. അതൊരു കണ്ടൻപൂച്ചയായിരുന്നു. അതെപ്പോഴും ആ തുണികൊണ്ട് കളിക്കുന്നുണ്ടായിരുന്നു പുറത്ത്.  

14  ആഗസ്റ്റ് 1972 പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനമായിരുന്നു. അന്ന് പാക്കിസ്ഥാൻകാർ അവധി മൂഡിൽ ആയിരിക്കുമെന്ന് അവർ കണക്കുകൂട്ടി. പന്ത്രണ്ടാം തീയതി രാത്രി നല്ല മഴയായിരുന്നു. അന്നുരാത്രി അവർ ഇഷ്ടികകൾ മാറ്റി പുറത്തിറങ്ങി. മാൾ റോഡിൽ എത്തിയപ്പോൾ ഒരു ബസ് വന്നു. പെഷാവറിലേക്കുള്ള വണ്ടി. 

പെഷാവറിലെ നിന്നും   ഒരു ബസ്സിന് മുകളിൽ കേറി അവർ അഫ്ഗാൻ അതിർത്തിയിൽ നിന്നും അൽപം മാത്രമകലെയുള്ള  ലൻഡികോത്തലിൽ എത്തി. അവിടെ വെച്ച് അവർ അഫ്‌ഗാനികൾ ധരിക്കുന്ന പോലുള്ള വട്ടത്തൊപ്പികൾ വാങ്ങി തലയിൽ വെച്ച് അവരെപ്പോലെ തന്നെ തോന്നിക്കാനുള്ള ശ്രമങ്ങൾ നടത്തി. അവിടെ ഒരു ചായക്കടയിൽ നിന്നും ചായ മൊത്തിക്കൊണ്ടിരിക്കെ അവർ പയ്യൻ ഇങ്ങനെ  വിളിച്ചു പറയുന്നത് കേട്ടു.  " ലൻഡിഖാനാ ഇരുപത്തഞ്ചു രൂപാ.. " അവർ ആ വാഹനത്തിലേക്ക് പോകാൻ തുടങ്ങുമ്പോഴേക്കും ഒരു  അവരെ തടഞ്ഞു. അത് സ്ഥലം തഹസീൽദാറിന്റെ സ്റ്റെനോ ആയിരുന്നു. ഇവരുടെ ഭാവഹാവങ്ങൾ കണ്ടു സംശയം തോന്നിയിട്ടാണ് അദ്ദേഹം തടഞ്ഞു നിർത്തിയത്.  കൂടുതൽ ചോദ്യം ചെയ്യലിൽ അവരുടെ കള്ളി പൊളിഞ്ഞു. അദ്ദേഹം അവരെ പാക് പൊലീസിന് കൈമാറി. 

അവരെ തുടർന്ന് തിരിച്ച് റാവൽപിണ്ടിയിലേക്ക് പറഞ്ഞയച്ചു. ഒസ്മാൻ അമീൻ അപ്പോഴേക്കും ജയിലിൽ നിന്നും മാറ്റം കിട്ടി പോയിരുന്നു. തിരിച്ചു ചെന്ന ജയിൽ ചാട്ടക്കാരെ കാത്തിരുന്നത് ക്രൂരമായ പീഡനങ്ങളായിരുന്നു. ഏറെനാൾ കഴിയും മുമ്പ് സുൾഫിക്കർ അലി ഭൂട്ടോ ജയിലിൽ വന്നു പ്രഖ്യാപനം നടത്തി. എല്ലാ യുദ്ധത്തടവുകാരെയും വിട്ടയക്കുന്നു എന്ന്. ജനീവാ കരാർ പ്രകാരം അവരെ യുദ്ധം കഴിഞ്ഞ ഉടനെ വിട്ടയക്കാമായിരുന്നു എങ്കിലും അപ്പോഴേക്കും ബംഗ്ളാദേശ് എന്ന രാജ്യം നിലവിൽ വന്നതുമായി ബന്ധപ്പെട്ടുണ്ടായ നയതന്ത്ര സങ്കീർണ്ണതകളിൽ പെട്ട് അവരുടെ മോചനം നീണ്ടുപോവുകയായിരുന്നു.  മോചനം അനിശ്ചിതമായി നീണ്ട നാളുകളിൽ തടവുകാർക്ക് മാനസികമായ ഒട്ടേറെ പ്രയാസങ്ങൾ  അനുഭവപ്പെട്ടിരുന്നു.രാജ്യത്തിന് വേണ്ടി പോരാടി യുദ്ധത്തടവുകാരായ തങ്ങളെ രാജ്യം യുദ്ധാനന്തരം എഴുതിത്തള്ളി എന്നുവരെ അവർ മനസാ ചിന്തിച്ചു പോയി.  

അവിടെ നാട്ടിൽ, ഇന്ത്യയുടെ അമരത്ത് ഇന്ദിരാഗാന്ധിയെപ്പോലെ അതിശക്തയായ ഒരു ഭരണാധികാരിയുണ്ടായിരുന്നിട്ടും തങ്ങളെ മോചിപ്പിക്കാൻ ഭൂട്ടോയുടെ ഔദാര്യം വേണ്ടിവന്നല്ലോ എന്നൊക്കെയുള്ള മുറുമുറുപ്പുകൾ മനസ്സിലിട്ടുകൊണ്ട് വാഗാ അതിർത്തിയിലെത്തി അവരുടെ മനസ്സിലെ കന്മഷമെല്ലാം ഒരു നിമിഷം കൊണ്ട് ഒഴുകിപ്പോയി, അവിടത്തെ കാഴ്ച കണ്ടപ്പോൾ. ഏറെ നാൾ ശത്രുവിന്റെ തടവിൽ കിടന്ന ശേഷം സ്വന്തം നാട്ടിലെ ജനങ്ങളെ കാണുമ്പോഴുള്ള ആ സന്തോഷമുണ്ടല്ലോ.. ആഹ്ളാദമുണ്ടല്ലോ.. അത്  പറഞ്ഞറിയിക്കാനാവില്ല. പാകിസ്ഥാന്റെ ഗേറ്റ് പിന്നിട്ട്, ഇന്ത്യയുടെ ഗേറ്റിൽ എത്തിയപ്പോഴേക്കും അവിടെ വലിയൊരു ജനാവലി അവരെ  കാത്തിരിക്കുന്നുണ്ടായിരുന്നു. അമ്മമാർ അവരെ കണ്ടു  കണ്ണീർവാർത്തു. യുവാക്കൾ ആവേശത്തോടെ ഭാരത് മാതാ കീ ജയ്...ജയ് ഹിന്ദ് വിളികളുയർത്തി അവരെ വരവേറ്റു.. യുവതികൾ നിരനിരയായി നിന്ന് അവർക്കു മേൽ പുഷ്പങ്ങൾ വർഷിച്ചു.. " ആർക്കുവേണ്ടിയാണ് " തങ്ങൾ ഇത്രയും നാൾ കഷ്ടതകൾ സഹിച്ചത്.. എന്ന ചോദ്യത്തിനുള്ള മറുപടി ഒരൊറ്റനിമിഷം കൊണ്ട് അവരെ സ്നേഹത്താൽ ബഹുമാനത്താൽ ഇഷ്ടത്താൽ വീർപ്പുമുട്ടിച്ചുകൊണ്ട് സ്വന്തം നാട്ടുകാർ അവർക്കുനല്കി.. അവർ ഒന്നിച്ച് നിന്ന് ഒരേ സ്വരത്തിൽ വീണ്ടും ഉച്ചത്തിൽ വിളിച്ചു.., ജയ് ഹിന്ദ്.. ജയ് ഹിന്ദ് കി സേനാ..!!

 
 

Follow Us:
Download App:
  • android
  • ios