Asianet News MalayalamAsianet News Malayalam

അമേരിക്കയിൽ കൂടത്തായിക്ക് സമാനമായി നടന്ന കൊലപാതക പരമ്പര, ഇവിടെ ജോളി, അവിടെ വെൽമ

അന്നുരാത്രി, വെൽമയുടെയും മക്കളുടെയും അസാന്നിധ്യത്തിൽ ദുരൂഹമായ രീതിയിൽ ആ വീട്ടിൽ അഗ്നിബാധയുണ്ടായി. ലക്കുകെട്ട് ഉറക്കമായിരുന്ന തോമസ് ആ വീടിനൊപ്പം എരിഞ്ഞടങ്ങി. അത്, വളരെ എളുപ്പത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന വെൽമയുടെ പതിവിന്റെ തുടക്കമായിരുന്നു എന്ന് ആർക്കും സംശയം പോലും തോന്നിയില്ല. 

Velma Margie Barfield story of a serial killer
Author
USA, First Published Oct 14, 2019, 11:18 AM IST

കൊല്ലാൻ തുനിഞ്ഞിറങ്ങുന്ന മനുഷ്യരുടെ മാനസികാവസ്ഥകളിൽ സാമ്യങ്ങൾ പലതുണ്ട്. വളരെ പതുക്കെ, എന്നാൽ പരമാവധി ദുരിതം ഇരയ്ക്ക് നൽകിക്കൊണ്ട്, അതേസമയം കണ്ടുപിടിക്കപ്പെടാനുള്ള സാധ്യതയെ ഏറ്റവും കുറച്ചുകൊണ്ടുള്ള ആയുധമായ വിഷമാണ് ഇവരിൽ പലരും തിരഞ്ഞെടുക്കുക പതിവ്. പലപ്പോഴും ഇവർ കൊല്ലാനായി തെരഞ്ഞെടുക്കുക തങ്ങൾ ഏറ്റവും സ്നേഹിക്കുന്ന ആളെത്തന്നെയായിരിക്കും. അത്തരത്തിൽ ക്രിമിനൽ കുറ്റങ്ങളുടെ ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തപ്പെട്ട ചില കുപ്രസിദ്ധ കൊലയാളികളുടെ ജീവിതങ്ങളിലൂടെ, അവർ നടത്തിയ അരുംകൊലകളിലൂടെ...

പിടിക്കപ്പെടുമ്പോൾ വളരെ ശാന്തശീലയായ, സ്ഥിരമായി പള്ളിയിൽ പോയിരുന്ന, ദൈവഭയമുള്ളൊരു അമേരിക്കൻ മുത്തശ്ശിയായിരുന്നു വെൽമ ബാർഫീൽഡ്. അവർ ഇക്കണ്ട കൊലകളൊക്കെ ചെയ്തു എന്നുപറഞ്ഞപ്പോൾ മക്കളടക്കം പലരും ആദ്യം വിശ്വസിച്ചില്ല. പുറമേക്ക് ഒരു മാലാഖയുടെ പരിവേഷം കാത്തുസൂക്ഷിച്ചിരുന്ന അവരെ അന്വേഷണത്തിന്റെ തുടക്കത്തിൽ പലരും ന്യായീകരിക്കുക വരെ ചെയ്തു. വെൽമ മുത്തശ്ശി അങ്ങനെയൊന്നും ചെയ്യില്ല എന്നായിരുന്നു പലരും പറഞ്ഞത്. ഒടുവിൽ അവർ വധശിക്ഷയ്ക്ക് വിധേയയാക്കപ്പെട്ടു.

അവർക്ക് അടിസ്ഥാനപരമായി ഒരു കുഴപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓട്ടക്കൈ..! ധാരാളിത്തം ജീവിതശീലമാക്കിയ വെൽമ പലരിൽ നിന്നുമായി പണം കടംവാങ്ങി ധൂർത്തടിച്ചു നടന്നു. പണം കടം കൊടുത്തവർ  തിരികെ ആവശ്യപ്പെട്ടുകൊണ്ട് പിന്നാലെ കൂടുമ്പോൾ അവരെ ആര്‍സനിക് എന്ന കൊടുംവിഷം എങ്ങനെയും നൽകി ജീവിതത്തിൽ നിന്നുതന്നെ ഒഴിവാക്കും വെൽമ. പലരും ഏറെ അടുപ്പമുള്ളവർ തന്നെ.

ആദ്യത്തെ ഇര സ്വന്തം ഭർത്താവായ തോമസ് ബുർക്ക് ആയിരുന്നു. വെൽമയ്ക്ക് പതിനേഴു വയസ്സുള്ളപ്പോൾ നടന്ന വിവാഹം. ചെറുപ്പത്തിൽ അച്ഛനിൽ നിന്നേൽക്കേണ്ടി വന്നിരുന്ന ലൈംഗിക ചൂഷണങ്ങളിൽ നിന്ന്, അവർ തോമസിനൊപ്പം ഒളിച്ചോടിപ്പോവുകയായിരുന്നു. രണ്ടു കുഞ്ഞുങ്ങൾ ജനിക്കുന്നതുവരെ എല്ലാം സ്വസ്ഥമായിരുന്നു അവർക്കിടയിൽ. എന്നാൽ, താമസിയാതെ തോമസിന്റെ കുടി അതിരുകടക്കാൻ തുടങ്ങി. അത് വെൽമയും തോമസും തമ്മിൽ നിരന്തരം തർക്കങ്ങൾക്ക് കാരണമായി. നിരാശയെ മറികടക്കാൻ വെൽമ മയക്കുമരുന്നുകളെ ആശ്രയിച്ചുതുടങ്ങി. വഴക്കുകൾക്കൊടുവിൽ അവർ തമ്മിൽ കൈവെക്കുന്ന അവസ്ഥപോലും വന്നു. ഒരു ദിവസം, കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് നടന്ന ഒരു തർക്കത്തിനൊടുവിൽ  കുട്ടികളെയും എടുത്ത് എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പോയി വെൽമ. അതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നങ്ങളേയല്ല എന്ന മട്ടിൽ, രണ്ടു ബിയർ കൂടി അടിച്ച ശേഷം ഉറങ്ങാൻ കിടന്ന തോമസ്, അത് തന്റെ അവസാനത്തെ ഉറക്കമാകും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.

അന്നുരാത്രി, വെൽമയുടെയും മക്കളുടെയും അസാന്നിധ്യത്തിൽ ദുരൂഹമായ രീതിയിൽ ആ വീട്ടിൽ അഗ്നിബാധയുണ്ടായി. ലക്കുകെട്ട് ഉറക്കമായിരുന്ന തോമസ് ആ വീടിനൊപ്പം എരിഞ്ഞടങ്ങി. അത്, വളരെ എളുപ്പത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന വെൽമയുടെ പതിവിന്റെ തുടക്കമായിരുന്നു എന്ന് ആർക്കും സംശയം പോലും തോന്നിയില്ല. വളരെ സ്വാഭാവികമായ ഒരു തീപിടിത്തം. അത്രയേ ആരും കരുതിയുള്ളൂ. അന്നുരാത്രി പിണങ്ങി ഇറങ്ങിപ്പോയിരുന്നതിനാൽ വെൽമയുടെ നേർക്ക് സംശയത്തിന്റെ നിഴൽ വീണതുമില്ല.

ഭർത്താവിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയിൽ നിന്ന് വളരെപ്പെട്ടെന്നുതന്നെ പുറത്തുകടന്ന വെൽമ, അധികം വൈകാതെ തന്നെ അടുത്ത പ്രണയബന്ധത്തിലേക്ക് കടന്നു. അയാളുടെ പേര് ജെന്നിങ്‌സ് ബാർഫീൽഡ് എന്നായിരുന്നു. പൂർവവിവാഹത്തിൽ മക്കളുള്ള ഒരു വിഭാര്യനായിരുന്നു ജെന്നിങ്‌സ്. ആ ബന്ധത്തിലേക്ക് കടന്ന് അധികം താമസിയാതെ വെൽമയുടെ മയക്കുമരുന്നിനോടുള്ള ആസക്തി തർക്കവിഷയമായി. ജെന്നിങ്‌സ് വെൽമയെ ചോദ്യം ചെയ്യാൻ തുടങ്ങി അതിനിടെ അജ്ഞാതമായ ഏതോ അസുഖം ബാധിച്ച് അയാൾക്ക് ഇടയ്ക്കിടെ അവശത വരാൻ തുടങ്ങി. ആ അസുഖം ഒരു ദിവസം ജെന്നിങ്‌സിന്റെ ജീവിതത്തിന് ഹൃദയസ്തംഭനത്തിന്റെ രൂപത്തിൽ തിരശീലയിട്ടു.

എന്തായാലും ആ മരണത്തോടെ വെൽമ ജീവിതം സ്വന്തം അച്ഛനമ്മമാരുടെ വീട്ടിലേക്ക് പറിച്ചുനടാൻ തീരുമാനിച്ചു. വെൽമ ആ വീട്ടിലേക്ക് താമസം മാറ്റി അധികം താമസിയാതെ വളരെ നിഗൂഢമായ സാഹചര്യങ്ങളിൽ അച്ഛനമ്മമാർ ഇരുവരും മരണപ്പെട്ടു. ഇരുവരുടെയും മരണത്തിന് തൊട്ടുമുമ്പുള്ള അസുഖലക്ഷണങ്ങൾ ഒരുപോലെ ആയിരുന്നു. ഇരുവരും വയറിന് അസഹ്യമായ എരിച്ചിൽ തോന്നുന്നതായി വെൽമയോട് പരാതിപ്പെട്ടിരുന്നു. ഇരുവരും രക്തം ഛർദ്ദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് രണ്ടും തന്നെ വെൽമ ആരോടും പറഞ്ഞില്ല. സ്വാഭാവികമരണങ്ങളായി അതുരണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടു. അപ്പോഴൊന്നും ആരും തന്നെ, ആ മരണങ്ങളിൽ യാതൊരു സംശയവും പ്രകടിപ്പിച്ചില്ല.

അച്ഛന്റെയും അമ്മയുടെയും മരണത്തിനു ശേഷം വെൽമയ്ക്കു ചുറ്റും മരണത്തിന്റെ പെരുന്നാളായിരുന്നു. ഉപജീവനത്തിനായി വെൽമ കണ്ടെത്തിയ തൊഴിൽ ഒരു ഹോം നഴ്‌സിന്റേതായിരുന്നു. ആദ്യമായി പരിചരിക്കാൻ ചെന്നുനിന്നത് മോണ്ട് ഗോമറിയുടെയും ഡോളി എഡ്‌വേഡ്സിന്റെയും വീട്ടിൽ. മാസങ്ങൾക്കുള്ളിൽ തന്നെ ഇരുവരെയും വെൽമ കാലപുരിക്കയച്ചു. ആർക്കും ഒരു സംശയവും തോന്നാത്ത വിധത്തിലായിരുന്നു കൃത്യനിർവഹണം. അടുത്തതായി ചെന്നുനിന്നത് റെക്കോർഡ് ലീ എന്ന സ്ത്രീയുടെ വീട്ടിൽ. അവിടെയും അവരുടെ ഭർത്താവ് ജോൺ ഹെൻറി മാസങ്ങൾക്കുള്ളിൽ അസുഖബാധിതനായി മരണത്തിനു കീഴടങ്ങി.

'പാപി ചെന്നിടം പാതാളം' എന്നേ അന്നൊക്കെ ആളുകൾ അതേപ്പറ്റി കരുതിയുള്ളൂ. ഒരു സാധുസ്ത്രീയുടെ പരിവേഷം സദാ പരിപാലിച്ചു പോന്നിരുന്ന വെൽമയെ ആരും ഒരിക്കലും സംശയിച്ചില്ല. ദുർഘടസന്ധികളിൽ വെൽമയ്ക്ക് താങ്ങായി വന്നതാണ് പുതിയ ബോയ്ഫ്രണ്ടായ സ്റ്റുവർട്ട് ടെയ്‌ലർ. വെൽമ അയാളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചിരുന്നു. എന്നാൽ, വെൽമയുടെ കാര്യങ്ങളിൽ ഒരു പരിധിയിൽ കൂടുതൽ ആരും ഇടപെടുന്നത് അവർക്കിഷ്ടമല്ലായിരുന്നു. അതുതന്നെയാണ് വെൽമയുടെ കണ്ണിൽ സ്റ്റുവർട്ട് ചെയ്ത അക്ഷന്തവ്യമായ അപരാധവും.

മുമ്പ് ഒരു കള്ളച്ചെക്ക് കേസ് വെല്‍മയുടെ പേരിലുണ്ടായിട്ടുണ്ട് എന്ന് ഇതിനിടെ സ്റ്റുവര്‍ട്ടിന് വിവരം കിട്ടുന്നു. അതേപ്പറ്റി ഒരുദിവസം സ്റ്റുവർട്ട് വെൽമയെ നേരിട്ട് ചോദ്യം ചെയ്‍തു. അവർ പള്ളിയിൽ കുർബാന കൂടാൻ പോകുന്നതിന് തൊട്ടുമുമ്പായിരുന്നു തർക്കം തുടങ്ങിയത്. സ്റ്റുവർട്ട് തന്റെ കള്ളി വെളിച്ചത്താക്കും എന്ന ബോധ്യം വന്നതോടെ, നിന്ന നിൽപ്പിന്റെ വെൽമ തന്റെ 'പ്ലാൻ ബി' നടപ്പിലാക്കി. വെൽമ നീട്ടിയ ബിയർ കുടിച്ചിറക്കാൻ സ്റ്റുവർട്ട് മടികാണിച്ചില്ല. അയാൾ കരുതിയത് തന്റെ തെറ്റ് ഏറ്റുപറഞ്ഞ വെൽമ പ്രശ്നം പറഞ്ഞുതീർക്കാൻ വേണ്ടി മുൻകൈ എടുത്തതാണ് എന്നായിരുന്നു.

തന്റെ ഭാര്യ പ്രവർത്തിച്ച ആദ്യത്തെ അവിവേകത്തിന് മാപ്പുകൊടുത്ത് പരസ്പരം കെട്ടിപ്പിടിച്ച് ചുംബിച്ച ശേഷം സ്റ്റുവർട്ട് വെൽമയുടെ കരംഗ്രഹിച്ചുകൊണ്ട് പള്ളിയിലേക്ക് പോയി. അവിടെ അടുത്തടുത്തിരുന്ന് അവർ കുർബാന കൂടി. പള്ളീലച്ചന്റെ പ്രസംഗം തീരുന്നതിനു മുമ്പുതന്നെ സ്റ്റുവർട്ടിന് വല്ലാത്ത അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി. കഴിയുന്നത്ര നേരം 'ഒന്നുമില്ല ഒന്നുമില്ല... ' എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് സ്റ്റുവർട്ട് പിടിച്ചു നിൽക്കാൻ നോക്കി. തീരെ വയ്യാതായപ്പോൾ അയാൾ മുന്നോട്ട് ചാഞ്ഞ് തൊട്ടുമുന്നിൽ നിന്ന വെൽമയുടെ കാതിൽ പതുക്കെ പറഞ്ഞു, " വെൽമാ... എനിക്ക് ആകെ മനംപിരട്ടുന്നപോലെ... രാവിലെ കഴിച്ചത് പിടിച്ചില്ല എന്നുതോന്നുന്നു."

വെൽമയോട് പറഞ്ഞ്, സ്റ്റുവർട്ട് ഹാളിൽ നിന്നിറങ്ങി. കാറിൽ പോയി അൽപനേരം കിടക്കാം എന്നായിരുന്നു അയാളുടെ പ്ലാൻ. പരിഭ്രാന്തമായ മുഖത്തോടെ വെൽമയും പിന്നാലെ പാഞ്ഞു ചെന്നു. അയാളുടെ തല സ്വന്തം മടിയിൽ വെച്ച് തഴുകിക്കൊണ്ട് വെൽമ അയാളോട് ചോദിച്ചു, "എന്തുപറ്റി..? ആശുപത്രിയിൽ പോണോ..? തീരെ വയ്യേ..?" " വേണ്ട വീട്ടിൽ പോയാൽ മതി" എന്നായി സ്റ്റുവർട്ട്. എന്നാൽ താൻ വാഹനമോടിച്ചുകൊള്ളാം എന്ന് വെൽമ പറഞ്ഞു. സ്റ്റുവർട്ടിനെ അവർ പിൻസീറ്റിൽ പിടിച്ചുകിടത്തി. വീട്ടിലേക്കുള്ള വഴിയിൽ പാതിദൂരം പോയപ്പോഴേക്കും സ്റ്റുവർട്ട് വെൽമയോട് വണ്ടി നിർത്താൻ പറഞ്ഞു. വെൽമ കാർ ഒതുക്കി നിർത്തിയതും,   സ്റ്റുവർട്ട്  കാറിന്റെ സൈഡ് ഗ്ലാസ് താഴ്ത്തി റോഡരികിലേക്ക് ഛർദ്ദിച്ചതും ഒന്നിച്ചായിരുന്നു. അമ്പത്താറുകാരനായ ആ കർഷകൻ ആകെ വിയർക്കാൻ തുടങ്ങി. വെളുത്തുതുടുത്തിരുന്ന അയാളുടെ ദേഹത്തിന് നേരിയ കാളിമയും വന്നുതുടങ്ങി. ഛർദിച്ചപ്പോൾ സ്റ്റുവർട്ടിന് നേരിയ ഒരാശ്വാസം തോന്നി. അയാൾ സീറ്റിലേക്ക് ചാഞ്ഞിരുന്നു, ഒന്ന് കണ്ണടച്ചു.

Velma Margie Barfield story of a serial killer

വെൽമ ഡ്രൈവിങ് തുടർന്നു. സ്റ്റുവർട്ടിനെ കൈപിടിച്ചിറക്കി താങ്ങി കിടക്കയിലെത്തിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും സ്റ്റുവർട്ടിന്റെ അസ്വസ്ഥതകൾ ഒടുങ്ങിയില്ല. തുടർച്ചയായി അയാൾ ഛർദിച്ചുകൊണ്ടിരുന്നു. കടുത്ത വയറുവേദനയും, വയറ്റിൽ കാളലും അയാളെ ശല്യപ്പെടുത്തി. രാത്രിയിൽ ഒരുപോള കണ്ണടക്കാൻ അയാൾക്ക് സാധിച്ചില്ല. ഒരുവിധം നേരം വെളുപ്പിച്ച ശേഷം അയാൾ വെൽമയോട് തന്നെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ അപേക്ഷിച്ചു. അവൾ അത് അക്ഷരംപ്രതി അനുസരിച്ചു. എന്നാൽ, കാഷ്വാലിറ്റിയിൽ ഡോക്ടർക്ക് പ്രത്യേകിച്ച് ഒരു പ്രശ്നവും കണ്ടെത്താനായില്ല. ഗ്യാസ്ട്രൈറ്റിസ് ആയിരിക്കും എന്ന സംശയത്താൽ അതിനുള്ള മരുന്നുകൾ നൽകി. പ്രിസ്‌ക്രൈബ് ചെയ്ത മരുന്നുകൾ മൂന്നുനേരം കഴിക്കുമ്പോഴേക്കും അസുഖം ഭേദപ്പെട്ടുകൊള്ളും എന്ന ഡോക്ടറുടെ ഉറപ്പിന്മേൽ അവർ വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസം രാവിലെ ആയപ്പോഴേക്കും സ്റ്റുവർട്ടിന് ബോധം തന്നെ നശിച്ച അവസ്ഥയിലായി. അധികം താമസിയാതെ അയാൾ തന്റെ അന്ത്യശ്വാസം വലിച്ചു. മരണകാരണം വ്യക്തമല്ലാത്തതിനാല്‍ ഡോക്ടര്‍ പതിവുപോലെ മൃതദേഹത്തിന് ഓട്ടോപ്‍സി നടത്തി സാമ്പിള്‍ പരിശോധനക്കയച്ചു.

വെൽമയുടെ കുടുംബത്തിലെ എല്ലാവരും തന്നെ അവരുടെ സങ്കടത്തിൽ പങ്കുചേരാനെത്തി. 'എന്തൊരു നിർഭാഗ്യവതിയാണ് ഈ പാവം സ്ത്രീ' എന്ന് എല്ലാവരും നെടുവീർപ്പിട്ടു. തോമസ് മരിച്ചതിൽ പിന്നെ എന്നും സങ്കടത്തോട് സങ്കടം മാത്രമാണ് ദൈവം വെൽമയ്ക്ക് കൊടുത്തിട്ടുള്ളത് എന്ന തരത്തിലുള്ള ആത്മഗതങ്ങളും അവിടെ ഉയർന്നു കേട്ടു. ഇടയ്ക്കിടെ ഓർത്തോർത്തു കരഞ്ഞുകൊണ്ടിരുന്ന വെൽമയെ അവർ മാറിമാറി ആശ്വസിപ്പിച്ചു.

അടുത്ത ഞായറാഴ്ച ദിവസം രാവിലെ ലാംബെർട്ടൻ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ ബെൻസൺ ഫിലിപ്‌സിന്റെ  ഗാഢമായ നിദ്രയ്ക്ക് ഭംഗം വരുത്തിക്കൊണ്ട്  ഒരു അജ്ഞാത ഫോൺകോൾ വരുന്നു. അപ്പുറത്ത് ഒരു സ്ത്രീയായിരുന്നു. നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു അവർ. ഏങ്ങലടികൾക്കിടെ ഒന്നോ രണ്ടോ വാക്കുകൾ ഇൻസ്‌പെക്ടർ ബെൻസൺ പിടിച്ചെടുത്തു. "മരിച്ചതല്ല.. അയാളെ അവർ കൊന്നതാണ്... എനിക്കറിയാം ആരാണ് കൊന്നതെന്ന്. തടഞ്ഞില്ലെങ്കിൽ, അവർ ഇനിയും കൊല്ലും... ഇനിയും കൊല്ലും..."

ഏതോ മാനസിക രോഗിയാണ് അപ്പുറത്തെന്നുറപ്പിച്ച് ഇൻസ്‌പെക്ടർ ബെൻസൺ റിസീവർ തിരികെ ക്രാഡിലിൽ വെച്ചു. ലാംബെർട്ടൺ ഒരു കുഞ്ഞുപട്ടണമാണ്. അവിടെ അങ്ങനെ ഒരു കൊലപാതകവും നടന്നതായി ഇൻസ്പെക്ടർക്ക് ഓർത്തെടുക്കാനായില്ല. ഒന്നുകിൽ തലക്ക് സ്ഥിരതയില്ലാത്തത ഒരു സ്ത്രീ, അല്ലെങ്കിൽ മദ്യപിച്ച് ലക്കുകെട്ട ആരോ. ഈ ലാംബെർട്ടണിൽ താനറിയാതെ എന്ത് കൊല. ഇൻസ്‌പെക്ടർ ബെൻസൺ ഒന്ന് നെടുകെ നിശ്വസിച്ചു.

എന്നാലും, ഫോൺ കട്ടുചെയ്യും മുമ്പ് ഒരു പൊലീസ് ഓഫീസറുടെ മര്യാദ പരിഗണിച്ച് അവരോട് എന്തുപ്രശ്നമുണ്ടെങ്കിലും സ്റ്റേഷനിൽ വന്ന് റിപ്പോർട്ട് ചെയ്യൂ എന്ന് ഇൻസ്‌പെക്ടർ പറഞ്ഞിരുന്നു. പകല്‍ അദ്ദേഹത്തിന് രണ്ടാമതും അവരുടെ വിളി വന്നു. അപ്പോഴേക്കും അദ്ദേഹം പാതിയുറക്കത്തിൽ നടന്ന ആ സംഭാഷണത്തെപ്പറ്റി മറന്നു കഴിഞ്ഞിരുന്നു. ഇത്തവണ ആ സ്ത്രീയുടെ ശബ്ദം കുറേക്കൂടി ശാന്തമായിരുന്നു. അവർ വിശദമായി കാര്യങ്ങൾ പറഞ്ഞു. അവർ ഇൻസ്പെക്ടറോട് തന്റെ ഒരു നിരീക്ഷണം പറഞ്ഞു. സ്റ്റുവർട്ട് ടെയ്‌ലർ എന്ന വെൽമ ബാർഫീൽഡിന്റെ ഭർത്താവ് മരിച്ചത്, അവരുടെ അമ്മ മരിച്ച അതേപോലെയാണ് എന്നായിരുന്നു അത്.

എന്നാൽ അതിനെ ഒരു ഊഹാപോഹം എന്ന് തള്ളിക്കളയാനാണ് ഇൻസ്പെക്ടർക്ക് ആദ്യം തോന്നിയത്. അതുകൊണ്ടുതന്നെ അദ്ദേഹം അവരോട് ചോദിച്ചു, "ഇക്കാര്യം ഇങ്ങനെ ആധികാരികമായി പറയാൻ, നിങ്ങളുടെ പക്കൽ എന്തെങ്കിലും തെളിവുണ്ടോ..?" അപ്പോൾ അവർ പറഞ്ഞു, "എനിക്കറിയാം, കാരണം, വെൽമ ബാർഫീൽഡ് എന്റെ സ്വന്തം ചേച്ചിയാണ്..."

സ്റ്റുവർട്ടിന്റെ ഓട്ടോപ്സി റിപ്പോർട്ട് പുറത്തുവരും വരെ അതൊരു സാധാരണമരണം തന്നെയാണെന്നാണ് പൊലീസ് കരുതിയിരുന്നത്. വെല്‍മയുടെ സഹോദരി നല്‍കിയ സന്ദേശത്തെ അപ്പടി ശരിവെക്കുന്നതായിരുന്നു ഓട്ടോപ്‍സി റിപ്പോർട്ടിലെ കണ്ടെത്തലുകൾ. മരണകാരണമായ റിപ്പോർട്ടിൽ പറഞ്ഞത് വിഷബാധയായിരുന്നു. ആർസെനിക് എന്ന കൊടിയ വിഷമായിരുന്നു സ്റ്റുവർട്ടിനെ കൊന്നത്. എലിവിഷത്തിൽ നിന്നാണ് ആർസെനിക് വന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

അതോടെ പൊലീസ് വെൽമയുടെ ജീവിതത്തിലൂടെ പിന്നോട്ട് സഞ്ചരിക്കാൻ തുടങ്ങി. അവർക്കുചുറ്റും നടന്ന മരണങ്ങളുടെ പെയ്ത്ത് കണ്ട പൊലീസ് ഞെട്ടിത്തരിച്ചു. അതേപ്പറ്റി ചോദിച്ച പൊലീസുകാരോടൊക്കെ ഒന്നുമറിയാത്ത പോലെ വെൽമ ഉരുണ്ടുകളിച്ചു. പക്ഷേ, അടുത്ത ആത്മബന്ധമുണ്ടായിരുന്ന മകൻ റോണി ബുർക്ക് വന്ന് മുഖത്തോടുമുഖം നിന്ന് ചോദിച്ചപ്പോൾ അവന്റെ കണ്ണുകളിൽ നോക്കി കള്ളം പറയാൻ വെൽമയ്ക്ക് കഴിഞ്ഞില്ല. പൊട്ടിക്കരഞ്ഞുകൊണ്ട്‌ വെൽമ പറഞ്ഞു, "മോനേ, പപ്പയ്ക്ക് അസുഖം വരണമെന്നേ മമ്മ വിചാരിച്ചിരുന്നുള്ളൂ..."

Velma Margie Barfield story of a serial killer

നാല് കൊലപാതകങ്ങൾ താൻ കരുതിക്കൂട്ടി ചെയ്തതാണ് എന്ന് വെൽമ പോലീസിനോട് സമ്മതിച്ചു. തോമസ് ബുർക്കിന്റെ മരണം അബദ്ധത്തിൽ സംഭവിച്ചതാണ് എന്നാണ് അവർ പറഞ്ഞത്. ജെന്നിങ്‌സിനെ താൻ കൊന്നിട്ടില്ല എന്നും. ബുർക്കിന്റെ മരണത്തെ വെൽമയുമായി ബന്ധിപ്പിക്കാൻ വേണ്ട തെളിവുകളൊന്നും പൊലീസിന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. സംശയിക്കാനുള്ള കാരണങ്ങൾ പൊലീസിന് എമ്പാടുമുണ്ടായിരുന്നു എങ്കിലും... എന്നാൽ, ജെന്നിങ്‌സിനെപ്പറ്റി വെൽമപറഞ്ഞത് പച്ചക്കള്ളമായിരുന്നു. അയാളെ അവർ എലിവിഷം കൊടുത്തു കൊന്നതുതന്നെയായിരുന്നു.

വിചാരണ കഴിഞ്ഞ് കോടതി വെൽമ ബാർഫീൽഡിനെ വധശിക്ഷയ്ക്ക് വിധിച്ചു. ഇരുപത്തിരണ്ടു വർഷത്തിനിപ്പുറം അമേരിക്കയിൽ വധശിക്ഷ പുനഃസ്ഥാപിക്കപ്പെട്ട ശേഷം ആദ്യമായി എക്സിക്യൂഷൻ ചേമ്പറിലേക്ക് പറഞ്ഞയക്കപ്പെട്ട സ്ത്രീ എന്ന നിലയ്ക്ക് വെൽമയുടെ കേസ് ഏറെ മാധ്യമശ്രദ്ധ നേടി. അവരുടെ വധശിക്ഷ റദ്ദാക്കിക്കിട്ടാൻ വേണ്ടി അന്ന് വമ്പിച്ച പ്രകടനങ്ങൾ നടന്നു. വെൽമയ്ക്ക് മൾട്ടിപ്പിൾ പേഴ്‌സണാലിറ്റി ഡിസോർഡർ ഉണ്ട് എന്ന മെഡിക്കോ ലീഗൽ ഒപ്പീനിയനുമായി അവരുടെ സൈക്യാട്രിസ്റ്റ് വരെ കോടതിയിൽ സാക്ഷിപറഞ്ഞു. മാനസാന്തരം വന്ന ഒരു സത്യക്രിസ്ത്യാനി എന്ന ഭാവേന വെൽമയും ഇരുന്നു എങ്കിലും അതിനൊന്നും മജിസ്‌ട്രേറ്റിന്റെ മനസ്സിളക്കാൻ സാധിച്ചില്ല.

1984  നവംബർ രണ്ടാം തീയതി അവരുടെ വധശിക്ഷയ്ക്ക് സമയം കുറിക്കപ്പെട്ടു. മരണത്തിന് ഒരല്പം മുമ്പ് അവർ തന്റെ പള്ളിയിലെ പുരോഹിതൻ ഫാദർ ഗ്രഹാമിനോട് സംസാരിച്ചു. തനിക്കുവേണ്ടി മജിസ്‌ട്രേറ്റിനോട് സംസാരിക്കണം എന്നപേക്ഷിച്ചു. ഫാദർ വെൽമയോട് പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു, "വെൽമ, ഒരർത്ഥത്തിൽ എനിക്ക് നിന്നോട് കടുത്ത അസൂയയുണ്ട്. എന്നെക്കാൾ മുമ്പുതന്നെ നീ സ്വർഗ്ഗരാജ്യം പോകാൻ പോവുകയാണ്."

മുന്നൂറിലധികം പേർ വരുന്ന ഒരു ജനക്കൂട്ടം വധശിക്ഷ നടപ്പിലാക്കുന്ന ജയിലിനു പുറത്ത് പ്ലക്കാർഡുകളും പിടിച്ചുകൊണ്ട്, ശിക്ഷയ്‌ക്കെതിരായി പ്രകടനം നടത്തി. നൂറോളം പേർ വരുന്ന മറ്റൊരു കൂട്ടം, " Die Bitch, Die..." എന്ന പ്ലക്കാർഡും പിടിച്ചുകൊണ്ട് ശിക്ഷ നടപ്പിലാക്കാൻ വേണ്ടിയും പ്രകടനം നടത്തി. ഒരു കവർ ചീസ് ഡൂഡിലും, ഒരു കൊക്കക്കോളയും അടങ്ങുന്ന അന്ത്യഅത്താഴം കഴിച്ച്, ആരാച്ചാർമാരുടെ ഒപ്പം അവർ എക്സിക്യൂഷൻ ചേമ്പറിലേക്ക് നടന്നു. അവർക്ക് തെല്ലും പശ്ചാത്താപമോ ഭീതിയോ ഉണ്ടായിരുന്നില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെ അവർ തന്റെ അവസാനത്തെ വാചകം ഉച്ചരിച്ചു, "ഈ വിഷവാതകമുറി സ്വർഗത്തിലേക്കുള്ള എന്റെ പ്രവേശനകവാടമാണ്..."

വിഷവാതകം അവരുടെ ശ്വാസനാളങ്ങളിലൂടെ കടന്നുപോയപ്പോഴും അവർ ശാന്തയായിരുന്നു. നിരവധിപേർക്ക് അന്ത്യവിശ്രമമേകാൻ വെൽമ തിരഞ്ഞെടുത്ത അതേ മാർഗം, വിഷം, അവരുടെയും ജീവൻ അപഹരിച്ചു. പതിറ്റാണ്ടുകൾക്കുശേഷം അമേരിക്കയിൽ ഒരു സ്ത്രീയെ വധശിക്ഷയ്ക്ക് വിധേയയാക്കി. ചിലർ അവരെയോർത്ത് വിലപിച്ചു, മറ്റുചിലർ അവരുടെ മരണത്തിൽ സന്തോഷിച്ചുകൊണ്ട് ആർത്തുവിളിച്ചു.
 

Follow Us:
Download App:
  • android
  • ios