Asianet News MalayalamAsianet News Malayalam

തോറ്റമ്മേ... തോൽപിച്ചമ്മേ... ചിറ്റണ്ട നമ്മളെ തോൽപിച്ചമ്മേ; മുദ്രാവാക്യത്തിന്റെ കഥ പറഞ്ഞ് ലൂസി ടീച്ചർ

''ഇത് എന്റെ സ്കൂളിന്റെ വിജയമാണ്. ഞങ്ങളെ സംബന്ധിച്ച് അതൊരു ചരിത്ര വിജയമായിരുന്നു. അത് ആഘോഷിക്കണ്ടേ? ഞങ്ങളെല്ലാവരും ചേർന്ന് അതങ്ങ് ആഘോഷിച്ചു.'' ലൂസി ടീച്ചർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു

viral video of lucy teacher and slogan
Author
Thrissur, First Published Nov 7, 2019, 12:51 PM IST

തൃശൂർ: വടക്കാഞ്ചേരി ചിറ്റണ്ട ജ്ഞാനോദയം സ്കൂളിലെ ലൂസി ടീച്ചറായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ താരം. തോറ്റമ്മേ... തോൽപിച്ചമ്മേ... ചിറ്റണ്ട നമ്മളെ തോൽപിച്ചമ്മേ എന്നൊക്കെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചാൽ എങ്ങനെ വൈറലാകാതിരിക്കും? തന്നെത്തേടിയെത്തുന്ന അഭിനന്ദനങ്ങളെയും ആശംസകളെയും നിറഞ്ഞ ചിരി കൊണ്ട് സ്വീകരിച്ച് ടീച്ചർ പറയുന്നു, ''ഇത് എന്റെ സ്കൂളിന്റെ വിജയമാണ്. ഞങ്ങളെ സംബന്ധിച്ച് അതൊരു ചരിത്ര വിജയമായിരുന്നു. അത് ആഘോഷിക്കണ്ടേ? ഞങ്ങളെല്ലാവരും ചേർന്ന് അതങ്ങ് ആഘോഷിച്ചു.'' ലൂസി ടീച്ചർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു

''ഏഴാം ക്ലാസ് വരെയുള്ള ഒരു ചെറിയ സ്കൂളാണ് ചിറ്റണ്ട ജ്ഞാനോദയം സ്കൂൾ. കഴിഞ്ഞ ദിവസം ചെറുതുരുത്തിയിൽ നടന്ന ബാലകലോത്സവത്തിൽ ഞങ്ങളുടെ സ്കൂൾ രണ്ടാം സ്ഥാനം നേടിയിരുന്നു. അമ്പത്തിയാറ് പോയിന്റ് നേടി. അതുപോലെ അറബി കലോത്സവത്തിവും ഞങ്ങളുടെ എൽപി വിഭാ​ഗം ഓവറോൾ മൂന്നാം സ്ഥാനം നേടി. യുപി വിഭാ​ഗം ജനറലും മൂന്നാം സ്ഥാനത്തെത്തി. അങ്ങനെ മൂന്ന് ട്രോഫികളാണ് ഞങ്ങളുടെ സ്കൂളിലെത്തിയത്.''- ചെറിയ സ്കൂളായിട്ടും വമ്പൻമാരെ തോൽപിക്കാൻ സാധിച്ചതിന്റെ സന്തോഷമാണ് മുദ്രാവാക്യം വിളിച്ച് ആഘോഷിച്ചതെന്ന് ലൂസി ടീച്ചർ പറയുന്നു. 

"

''ചെറിയ കുട്ടികൾക്ക് ഏറ്റുവിളിക്കാൻ സാധിക്കുന്ന മുദ്രാവാക്യം വേണമെന്ന് തീരുമാനിച്ച് ഞാനും അഥീന ടീച്ചറും കൂടിയാണ് മുദ്രാവാക്യം എഴുതിയത്. അതുപോലെ ഞങ്ങളുടെ ആവേശത്തിന് കൂട്ടായി നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളുമുണ്ടായിരുന്നു. പൂർവ്വവി​ദ്യാർത്ഥിയായ നന്ദീഷാണ് വീഡിയോ എടുത്തത്. ആഷിഖ് അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.'' ലൂസി ടീച്ചർ മുദ്രാവാക്യത്തിന് പിന്നിലെ കഥ പറഞ്ഞു.  

ഇരുപത്തെട്ട് വർഷങ്ങളായി ഈ സ്കൂളിലെ അധ്യാപികയാണ് ലൂസി ടീച്ചർ. രണ്ടാം ക്ലാസിലാണ് ടീച്ചർ പഠിപ്പിക്കുന്നത്.  തന്റെ മുദ്രാവാക്യം വിളിയോടെ ചിറ്റണ്ട സ്കൂളും വൈറലായതിന്റെ സന്തോഷത്തിലാണ് തൃശൂർ കോലേരി സ്വദേശിനിയായ ഈ അധ്യാപിക. ഭർത്താവും രണ്ട് മക്കളും ഈ സന്തോഷത്തിന്റെ കൂടെയുണ്ടെന്ന് ലൂസി ടീച്ചർ പറയുന്നു. എന്തായാലും ലൂസി ടീച്ചറിനെയും ചിറ്റണ്ട സ്കൂളിനെയും മുദ്രാവാക്യങ്ങളെയും സോഷ്യൽ മീഡിയ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.

 

Follow Us:
Download App:
  • android
  • ios