Asianet News MalayalamAsianet News Malayalam

ബെഹ്റ പറഞ്ഞു, കൂടത്തായിയില്‍ ഡോ. ഡോഗ്ര വരും; ഫോറൻസിക് മെഡിസിനിലെ 'പത്തുതലയുള്ള രാവണന്‍'

കൂടത്തായി കേസിൽ ഡിജിപി ലോക് നാഥ് ബെഹ്‌റ സത്യം തേടിയിരിക്കുന്ന ഡോ. ടിഡി ഡോഗ്ര ചില്ലറക്കാരനല്ല. ഫോറൻസിക് മെഡിസിനിലെ ഇന്ത്യയിലെ അഗ്രഗണ്യനാണ് അദ്ദേഹം.

Who is Dr. TD Dogra, whom the Kerala Police is consulting in Koodathai murders
Author
Trivandrum, First Published Oct 10, 2019, 1:02 PM IST

കൂടത്തായി കേസിനെപ്പറ്റി ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവേ ഡിജിപി ലോക് നാഥ് ബെഹ്‌റ, താൻ ചില വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ട് എന്ന് പറഞ്ഞു. അക്കൂട്ടത്തിൽ അദ്ദേഹം ആദ്യം പറഞ്ഞ പേരാണ് ഡോക്ടർ ടി ഡി ഡോഗ്രയുടേത്. ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ മുൻ ഡയറക്ടറാണ് ഡോ. ദോഗ്ര. ഇന്ത്യയിൽ ഫോറൻസിക് മെഡിസിനിൽ അഗ്രഗണ്യനാണ് അദ്ദേഹം.  ടോക്സിക്കോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ ലൈഫ് ടൈം സയന്റിസ്റ്റ് അവാർഡ് നേടിയിട്ടുള്ള ഡോ. ഡോഗ്ര  ഫോറൻസിക് മെഡിസിനിൽ നിരവധി ആധികാരിക പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ല്യോൺസ് മെഡിക്കൽ ജൂറിസ്പ്രൂഡൻസ് ഇൻ ഇന്ത്യ, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി തുടങ്ങി ഈ മേഖലയിലെ ആധികാരികമായ പല പുസ്തകങ്ങളും രചിച്ചിട്ടുള്ളതും ഡോ. ടിഡി ഡോഗ്രയാണ്.  

Who is Dr. TD Dogra, whom the Kerala Police is consulting in Koodathai murders

'ഡോ. ഡോഗ്ര ഗുജറാത്തിലെ അന്വേഷണത്തിനിടെ '

കശ്മീർ സ്വദേശിയായ ഡോ. ടി ഡി ഡോഗ്ര, ബിക്കാനീറിലെ സർദാർ പട്ടേൽ മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയശേഷം, 1976-ൽ AIIMS -ൽ നിന്ന് ഫോറൻസിക് മെഡിസിനിൽ എം ഡി പൂർത്തിയാക്കി. ഡിഎൻഎ പ്രൊഫൈലിങ്, പോപ്പുലേഷൻ ജെനറ്റിക്സ്, റെസിഡ്യൂവൽ എൻവയോൺമെന്റൽ, & പെസ്റ്റിസൈഡ് ടോക്സിസിറ്റി, ബയോ എത്തിക്സ്, ഫാർമക്കോ വിജിലൻസ്, ഫോറൻസിക് സൈക്ക്യാട്രി,ക്രൈം സീൻ റീകൺസ്ട്രക്ഷൻ, ഫോറൻസിക് അനിമേഷൻ തുടങ്ങിയ മേഖലകളിൽ അപാരമായ ഗ്രാഹ്യമുള്ള ഡോ. ഡോഗ്രേ, വളരെ സങ്കീർണ്ണമായ പല ക്രിമിനൽ കേസുകളുടെയും മെഡിക്കോ ലീഗൽ അന്വേഷണങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ട്.  

ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ചരൺ സിങ്ങ് തുടങ്ങിയ പ്രധാനമന്ത്രിമാരുടെ മരണത്തെപ്പറ്റിയുള്ള അന്വേഷണങ്ങളിൽ മെഡിക്കോ ലീഗൽ അതോറിറ്റിയായി പൊലീസിനെ സഹായിച്ചത് ഡോ. ഡോഗ്രയായിരുന്നു. ഇന്ദിരാഗാന്ധി വധക്കേസിൽ മെഡിക്കൽ വിറ്റ്നസ് ആയി അദ്ദേഹം കോടതിയിലെത്തി. അദ്ദേഹത്തിന്റെ സാക്ഷ്യത്തിന്റെ ആധികാരികത  രാം ജേഠ്മലാനി ചോദ്യം ചെയ്‌തെങ്കിലും, സുപ്രീം കോടതി അന്ന് അതിനെ ശരിവെക്കുകയായിരുന്നു. ബാട്‍ല ഹൗസ്‌ എൻകൗണ്ടർ കേസിൽ അദ്ദേഹം അനിമേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടാണ് തന്റെ ഫോറൻസിക് തെളിവുകൾ കോടതിയിൽ അവതരിപ്പിച്ചത്. ശ്രീലങ്കയിൽ പ്രസിഡന്റ് സ്ഥാനാർഥി ഗാമിനി ദിസ്സനായകെ കൊല്ലപ്പെട്ടപ്പോൾ അദ്ദേഹത്തെ ശ്രീലങ്കൻ സർക്കാർ സഹായത്തിന് വിളിച്ചു. 

1987-ൽ ഡോ. ഡോഗ്രയാണ്   AIIMS-ൽ ആദ്യമായി ഒരു മെഡിക്കൽ ടോക്സിക്കോളജി ലാബ് തുടങ്ങുന്നത്. അവിടെ ഒരു ഡിഎൻഎ ലബോറട്ടറി തുടങ്ങുന്നതും1992-ൽ ഡോ. ഡോഗ്രേയുടെ കാലത്താണ്. അക്കൊല്ലമാണ് ഡിഎൻഎ തെളിവ് മുഖേന ദില്ലിയിൽ ഒരു കേസിന് തുമ്പുണ്ടാകുന്നത്. ക്രൈം സീൻ റീകൺസ്‌ട്രക്ഷനിൽ അദ്ദേഹത്തെ വെല്ലാൻ ഇന്ത്യയിൽ തന്നെ ആരുമില്ല. ഇന്ത്യയിൽ അങ്ങോളമിങ്ങോളം നടന്ന ട്രെയിൻ അപകടങ്ങൾ, ട്രാഫിക് അപകടങ്ങൾ, ഉയരത്തിൽ നിന്ന് വീണുള്ള മരണങ്ങൾ,സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ സംഭവിക്കുന്ന അപകടമരണങ്ങൾ,  ശ്വാസം മുട്ടിയോ വിഷവാതകം ശ്വസിച്ചോ ഉള്ള മരണങ്ങൾ എന്നിങ്ങനെ പല വിധത്തിലുള്ള മരങ്ങളിലും പ്രസ്തുത സംഭവം നടന്നപടി പുനരാവിഷ്കരിക്കാൻ അദ്ദേഹം മിടുക്ക് കാട്ടിയിട്ടുണ്ട്.  വെടിയുണ്ടയേറ്റ പാടുകളിൽ പഠനങ്ങൾ നടത്താൻ വേണ്ടി  'മോൾഡബിൾ' പുട്ടി ഉപയോഗപ്പെടുത്തി  അദ്ദേഹം സ്വന്തമായി ഒരു പരിശോധനാരീതി തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. രണ്ടുവർഷം വരെ പഴക്കമുള്ള വെടികൊണ്ട മുറിവുകൾ ഈ പരിശോധനയിലൂടെ വെളിപ്പെടും. ഇതിന് പൊലീസ് 'ഡോഗ്രാസ് ടെസ്റ്റ്' എന്ന പേരുതന്നെയാണ് നല്കിയിട്ടുളളതും. 

Who is Dr. TD Dogra, whom the Kerala Police is consulting in Koodathai murders

'ഡോ. ഡോഗ്ര ഒരു അപകടത്തിന്റെ അന്വേഷണവേളയിൽ '

അദ്ദേഹം തുമ്പുണ്ടാക്കിയ കേസുകൾ നിരവധിയാണ്. അദ്ദേഹം ഫോറൻസിക് ഇടപെടലുകൾ നടത്തിയ കേസുകളിൽ നിഥാരി കൊലപാതകങ്ങൾ, ഇസ്രത് ജഹാൻ, സൊഹ്റാബുദ്ദീൻ ഷേക്ക്, തുളസിറാം പ്രജാപതി തുടങ്ങിയവരുടെ വ്യാജഏറ്റുമുട്ടൽ കൊലപാതകങ്ങൾ, ബിൽക്കിസ് ബാനു കേസ്, ഉത്തർ പ്രദേശ് NHRM കുംഭകോണം, ഷോപ്പിയാൻ ബലാത്സംഗക്കേസ്, ഭവരി ദേവി വധം, ആരുഷി തൽവാർ വധം തുടങ്ങ മാധ്യമശ്രദ്ധ ഏറെയാകർഷിച്ച പല കേസുകളും എന്നിവ ഉൾപ്പെടും. മെഡിക്കോ ലീഗൽ ഇടപെടലുകൾ നടത്തിയ കേസുകളിൽ  ഇന്ദിര ഗാന്ധി വധം, തന്തൂരി വധക്കേസ്, ഹാൻസ് ക്രിസ്ത്യൻ ഓസ്‌ട്രോ വധം, ഖൈർലാഞ്ചി കൂട്ടക്കൊല എന്നിവയും ഉൾപ്പെടും. ഏറ്റവും ഒടുവിലായി  കിളിരൂർ കേസിൽ കേരളാ പോലീസും അദ്ദേഹത്തിന്റെ    വിദഗ്ധോപദേശം തേടുകയുണ്ടായി. 

Follow Us:
Download App:
  • android
  • ios