Asianet News MalayalamAsianet News Malayalam

കൂടത്തായി കേസ്: പരാമര്‍ശിക്കപ്പെട്ട ഹരോള്‍ഡ് ആരാണ്? 215 പേരെ അയാള്‍ കൊലപ്പെടുത്തിയതെന്തിന്?

ഇവരുടെയെല്ലാം പ്രിയപ്പെട്ടവര്‍ മരിച്ചത് ഗ്രന്‍ഡി കൊല്ലപ്പെട്ട അതേ രീതിയിലാണ്. ഓരോ വര്‍ഷത്തിന്‍റെ ഇടവേളകളില്‍ ഒരേതരത്തില്‍ കൊല്ലപ്പെട്ട പ്രായം ചെന്ന ആളുകള്‍. പൊലീസ് അന്വേഷണം തുടങ്ങി. 

who is harold shipman
Author
Nottingham, First Published Oct 6, 2019, 5:51 PM IST

കോഴിക്കോട് റൂറല്‍ എസ്‍പി കെ. ജി സൈമണ്‍ വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ച ഒരു പേര്, ഹരോള്‍ഡ്... 'കൂടത്തായി കേസില്‍ മരിച്ച ആറു പേരെയല്ലാതെ കൂടുതലാരെയെങ്കിലും ജോളി ലക്ഷ്യമിട്ടിരുന്നോ?' എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയാണ് 'അതങ്ങനെ പറയാന്‍ പറ്റില്ല. പക്ഷേ, ഹരോള്‍ഡിന്‍റെയൊക്കെ ചരിത്രം നമ്മള്‍ പഠിച്ചിട്ടുള്ളതല്ലേ...' എന്നത്. സൈക്കിക് കേസാണോ എന്ന തുടര്‍ചോദ്യത്തിനാകട്ടെ 'ജോളി സൈക്കിക്ക് ആണെന്നൊന്നും ഞാന്‍ പറയില്ല, പക്ഷേ, ഇപ്പോള്‍ പിടിച്ചത് നന്നായെന്നെനിക്ക് തോന്നുന്നു...' എന്നും പറഞ്ഞു.

എന്താണ് ഇതിലൂടെ റൂറല്‍ എസ്‍പി കെ ജി സൈമണ്‍ ഉദ്ദേശിച്ചത്. അദ്ദേഹം പറഞ്ഞ പരാമര്‍ശിച്ച ഹരോള്‍ഡ് ആരാണ്? നിസ്സാരനായ ഒരു കൊലയാളിയല്ല ഹരോള്‍ഡ്. മരണത്തിന്‍റെ മാലാഖ എന്നുതന്നെ വിശേഷിപ്പിക്കുന്ന ഹരോള്‍ഡ് ഷിപ്‍മെന്‍... കൊലപ്പെടുത്തിയത് 215 പേരെയാണ്...

ആരാണ് ഈ മരണത്തിന്‍റെ മാലാഖ?

കൊടുംക്രിമിനലായ ഹാരോള്‍ഡ് കൊലപ്പെടുത്തിയത് 215 പേരെയാണ്. ഔദ്യോഗികമായ കണക്കുകള്‍ പ്രകാരം ലോകത്തേറ്റവുമധികം പേരെ കൊലപ്പെടുത്തിയെന്ന റെക്കോര്‍ഡ് ഹരോള്‍ഡ്ന്‍റെ പേരിലാണ്. 1970 മുതല്‍ 1998 വരെയുള്ള കാലത്താണ് ഈ കൊലപാതകങ്ങളെല്ലാം തന്നെ നടന്നത്. 98 -ല്‍ അറസ്റ്റിലായിരുന്നില്ലായിരുന്നുവെങ്കില്‍ അത് നീണ്ട് 250 -ലെങ്കിലും എത്തിയേനെ എന്ന് അന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പറഞ്ഞിരുന്നു. ഒരേ രീതിയിലാണ് ഇരുന്നൂറോളം പേരെയും ഹരോള്‍ഡ് കൊന്നുകളഞ്ഞത്. ഡയമോര്‍ഫിന്‍ എന്ന വേദനസംഹാരി അമിതമായ അളവില്‍ കുത്തിവെച്ചായിരുന്നു കൊലപാതകം.

 1946 -ല്‍ നോട്ടിങ്ങാമിലായിരുന്നു ഹാരാള്‍ഡ് ജനിച്ചത്. വളരെ മിടുക്കനായ വിദ്യാര്‍ത്ഥി. ക്ലാസിലെപ്പോഴും ഒന്നാം സ്ഥാനത്തെത്തിയിരുന്നു ഹരോള്‍ഡ്. അധ്യാപകര്‍ക്കെല്ലാം പ്രിയപ്പെട്ടവനായ വിദ്യാര്‍ത്ഥി. അമ്മയോടായിരുന്നു അവന് ഏറെ പ്രിയം. പക്ഷേ, അവനെ ഒരുപാട് വേദനിപ്പിച്ച് അവന്‍റെ പതിനേഴാമത്തെ വയസ്സില്‍ ശ്വാസകോശാര്‍ബുദത്തെത്തുടര്‍ന്ന് അമ്മ മരിച്ചു. അന്ന്, അമ്മ വേദനകൊണ്ട് പുളയുമ്പോഴെല്ലാം സമീപത്തിരുന്ന് പരിചരിച്ചത് ഹാരോള്‍ഡായിരുന്നു. അന്ന് മോര്‍ഫിന്‍ നല്‍കുമ്പോഴെല്ലാം അമ്മ സുഖമായുറങ്ങുന്നത് അവന്‍ നോക്കിനിന്നിരുന്നു എന്ന് എന്‍സൈക്ലോ ബ്രിട്ടാനിക്ക പറയുന്നു.

ലീഡ്‍സില്‍ പഠിക്കുമ്പോള്‍ പ്രിംറോസ് മേയ് ഓക്സ്റ്റബി എന്ന പെണ്‍കുട്ടിയുമായി അയാള്‍ അടുപ്പത്തിലായി. ഹരോള്‍ഡിന്‍റെ ഇരുപതാമത്തേയും പ്രിംറോസിന്‍റെ പതിനേഴാമത്തെയും വയസ്സിലാണ് അവരുടെ വിവാഹം. അന്ന് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നും പ്രിംറോസ്. അതിനുശേഷം മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി ജോലിക്ക് കയറി ഹരോള്‍ഡ്. ഡോക്ടറായിരുന്ന ഹരോള്‍ഡ് എങ്ങനെയാണ് ഇത്തരത്തില്‍ കൊലപാതകം നടത്തിയ ഒരു ക്രിമിനലായി മാറിയത്? 

'ഡോക്ടര്‍ ഡെത്ത്' എന്നൊരു പേര് കൂടി ഹരോള്‍ഡിനുണ്ട്. അയാള്‍ തെരഞ്ഞെടുത്ത ആളുകളെല്ലാം പ്രായം ചെന്ന രോഗികളാണ്. അയാള്‍ കൊന്നുകളഞ്ഞവരുടേതില്‍ പലരുടേയും കൊലപാതകം സ്വാഭാവിക മരണമാണ് എന്നാണ് വര്‍ഷങ്ങളോളം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മറ്റും കരുതിയിരുന്നത്. പൊലീസും അങ്ങനെ തന്നെയാണ് കരുതിയിരുന്നത്. അതുകൊണ്ടുതന്നെ അയാള്‍ ഈ കൊലപാതകം തുടര്‍ന്നുകൊണ്ടേയിരുന്നു. അന്ന് വെസ്റ്റ് യോര്‍ക്ക്ഷറില്‍ ജനറല്‍ പ്രാക്ടീഷണറായി ജോലിനോക്കുമ്പോഴാണ് അയാള്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെടുന്നത്. അത് ലഹരിയായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു മരുന്ന് സ്വന്തം ആവശ്യത്തിനായി വ്യാജ കുറിപ്പെഴുതി സ്വന്തമാക്കിയതിനായിരുന്നു ആശുപത്രിയുടെ നടപടി. അതിനെത്തുടര്‍ന്ന് അയാള്‍ ഒരു പുനരധിവാസകേന്ദ്രത്തിലും എത്തപ്പെട്ടു. 

പിന്നീട് വീണ്ടും ജോലിക്ക് മറ്റൊരാശുപത്രിയില്‍ കയറിയ ഹാരോള്‍ഡ് 1993 -ല്‍ സ്വന്തം ക്ലിനിക്ക് തുടങ്ങി. 

അറസ്റ്റിലാകുന്നതെങ്ങനെ?
കാത്‍ലീന്‍ ഗ്രന്‍ഡി എന്നൊരു എണ്‍പത്തിയൊന്നുകാരി അന്ന് കൊല്ലപ്പെടുന്നു. ഹൈഡെയുടെ മുന്‍മേയറായിരുന്നു അവര്‍. ഗ്രന്‍ഡിയുടെ മകള്‍ക്ക് ആ മരണത്തില്‍ തോന്നിയ ചെറിയൊരു സംശയമാണ് കൊടുംകുറ്റവാളിയായ ഹാരോള്‍ഡിന്‍റെ അറസ്റ്റിലെത്തിക്കുന്നത്. ഗ്രന്‍ഡിയുടെ നാല് ലക്ഷം പൗണ്ട് മൂല്യം വരുന്ന സ്വത്ത് തട്ടിയെടുക്കാനായി വില്‍പത്രത്തില്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സംശയം. സംഭവത്തില്‍ 1998 -ലാണ് ഹാരോള്‍ഡ് അറസ്റ്റ് ചെയ്യപ്പെടുന്നത്. അറസ്റ്റിനുശേഷം പൊലീസ് സ്റ്റേഷനിലേക്ക് നിരന്തരം കോളുകളെത്തിത്തുടങ്ങി. വിളിക്കുന്നതെല്ലാമാകട്ടെ ഹാരോള്‍ഡിന്‍റെ അടുത്ത് ചികിത്സ തേടിയെത്തിയിരുന്നവരുടെ ബന്ധുക്കളും. 

ഇവരുടെയെല്ലാം പ്രിയപ്പെട്ടവര്‍ മരിച്ചത് ഗ്രന്‍ഡി കൊല്ലപ്പെട്ട അതേ രീതിയിലാണ്. ഓരോ വര്‍ഷത്തിന്‍റെ ഇടവേളകളില്‍ ഒരേതരത്തില്‍ കൊല്ലപ്പെട്ട പ്രായം ചെന്ന ആളുകള്‍. പൊലീസ് അന്വേഷണം തുടങ്ങി. 1998 -ല്‍ ഹരോള്‍ഡ് അറസ്റ്റ് ചെയ്യപ്പെട്ടു. 2000 -ത്തിലാണ് ഹരോള്‍ഡിനെതിരെ ആദ്യശിക്ഷ വിധിക്കുന്നത്. അന്ന് 15 പേരെ കൊലപ്പെടുത്തിയതിനാണ് ശിക്ഷ വിധിക്കുന്നത്. തടവായിരുന്നു ശിക്ഷ. പക്ഷേ, അവിടേയും അന്വേഷണം നിന്നില്ല. ഷിപ്‍മെന്‍ എന്‍ക്വയറി എന്ന പേരില്‍ അന്വേഷണസമിതിയുണ്ടാക്കി. ആ അന്വേഷണത്തില്‍ 200 കൊലപാതകങ്ങള്‍ കൂടി ഹരോള്‍ഡ് നടത്തിയിട്ടുണ്ട് എന്ന് കണ്ടെത്തി. 

സ്വത്തിന് വേണ്ടിയായിരുന്നില്ല

1992 ല്‍ ഒരാള്‍
1993 -ല്‍ 16 പേര്‍
1994 -ല്‍ 11 പേര്‍
1995 -ല്‍ 30 പേര്‍
1996 -ല്‍ 30 പേര്‍
1997 -ല്‍ 37 പേര്‍
1998 -ല്‍ 18 പേര്‍ 

ഇങ്ങനെ പോകുന്നു ആ കൊലപാതക പരമ്പര... ഇതില്‍ 171 പേര്‍ സ്ത്രീകളും 44 പേര്‍ പുരുഷന്മാരുമാണെന്ന് ഗാര്‍ഡിയന്‍ പറയുന്നു. രോഗികളുടെ പേരില്‍ മരുന്നിനുള്ള കുറിപ്പെഴുതി വാങ്ങി അതുനല്‍കി അവരെ കൊലപ്പെടുത്തുക, സ്വാഭാവിക മരണമെന്ന് ഡോക്ടര്‍ തന്നെ റിപ്പോര്‍ട്ടെഴുതുക എന്നതായിരുന്നു ഹരോള്‍ഡിന്‍റെ രീതി. അപ്പോഴും അറസ്റ്റിലായപ്പോഴും ഒന്നും വ്യക്തമാകാതെയിരുന്ന ഒരു കാര്യമുണ്ട് എന്തിനാണ് ഇയാള്‍ ഇത്രയും പേരെ കൊലപ്പെടുത്തിയതെന്ന്. കുറ്റം ഒരിക്കലും ഹാരോള്‍ഡ് സമ്മതിക്കുകയോ, അതിനുള്ള കാരണം വ്യക്തമാക്കുകയോ ചെയ്‍തിട്ടില്ല. അന്വേഷണസംഘം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അയാളെ അഴിക്കുള്ളിലാക്കുക മാത്രമാണ് ചെയ്‍തത്. ഗ്രാന്‍ഡിയുടേതിലൊഴികെ ഒറ്റ കൊലപാതകത്തിലും സ്വത്ത് കൈക്കലാക്കാന്‍ ഹാരോള്‍ഡ് ശ്രമിച്ചിരുന്നില്ല. 

സൈക്കോളജിസ്റ്റുകള്‍ പറയുന്നത് കീഴടങ്ങാന്‍ വേണ്ടി മനപ്പൂര്‍വ്വമായിരിക്കാം ഗ്രന്‍ഡിയുടെ കാര്യത്തില്‍ ഇയാളിത് ചെയ്‍തത് എന്നാണ്. ഇത് അവസാനിപ്പിക്കണം എന്ന് അയാള്‍ക്ക് തന്നെ തോന്നിയിരിക്കാമെന്നും. 2004 -ല്‍ കോടതിയുടെ വിധിക്ക് വേണ്ടി കാത്തിരിക്കാതെ അയാള്‍ ആത്മഹത്യ ചെയ്‍തു. ജനലഴിയില്‍ പുതപ്പുകൊണ്ട് കുരുക്കുണ്ടാക്കിയാണ് അയാള്‍ ആത്മഹത്യ ചെയ്‍തത്. ഹാരോള്‍ഡിന്‍റെ ജീവിതത്തെ ആസ്‍പദമാക്കി 'ദ ഹരാള്‍ഡ് ഷിപ്മെന്‍ ഫയല്‍സ്: എ വെരി ബ്രിട്ടീഷ് ക്രൈം സ്റ്റോറി' എന്ന ഡോക്യുമെന്‍ററി ബിബിസി പുറത്തിറക്കിയിട്ടുണ്ട്. 

 

Follow Us:
Download App:
  • android
  • ios