Asianet News MalayalamAsianet News Malayalam

ടിക് ടോക് നിരോധനം; ശരിക്കും എന്താണ് പ്രശ്നം ?

ടിക് ടോക് നിരോധനത്തിനെതിരെ ഇന്‍റർനെറ്റ് സമത്വത്തിനായി വാദിക്കുന്ന സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ശക്തമായ സ്വകാര്യത നിയമങ്ങളാണ് ആവശ്യമെന്നും അതിന് പകരം ഇന്‍റെർനെറ്റിനെ തന്നെ പിടിച്ചു കെട്ടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അഭിപ്രായമുയരുന്നുണ്ട്.

tik tok ban the complete story
Author
Delhi, First Published Apr 17, 2019, 12:55 PM IST

സംസ്കാരത്തിന് യോജിക്കാത്തതെന്ന് ചൂണ്ടിക്കാട്ടി ടിക് ടോക് ആപ്പിന് പൂട്ടിടാനൊരുങ്ങുകയാണ് ഇന്ത്യ, മദ്രാസ് ഹൈക്കോടതി ഉത്തരവനുസരിച്ച് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന ടിക്ടോക്ക് നീക്കം ചെയ്ത് കഴിഞ്ഞു. ആപ്പിൾ സ്റ്റോറിൽ നിന്നും ടിക് ടോക് നീക്കം  ചെയ്യപ്പെട്ടു.

മറ്റ് വെബ്സൈറ്റുകളിൽ നിന്നോ നിലവിൽ ആപ്പ് ഉപയോഗിക്കുന്നവരിൽ നിന്നോ എപികെ ഫയൽ കൈമാറിയെടുത്താൽ ഇപ്പോഴും ടിക് ടോക് ഇൻസ്റ്റാൾ ചെയ്യാമെങ്കിലും വിലക്ക് പൂർണ്ണായും നടപ്പാക്കുകയാണെങ്കിൽ സ്ഥിതി വ്യത്യസ്തമായിരിക്കും.

നിലവിലെ സാഹചര്യത്തിൽ ടിക് ടോക്കിന്‍റെ പുതിയ ഡൗൺലോഡുകൾ മാത്രമാണ് തടയപ്പെട്ടിട്ടുള്ളത്. നിലവിലെ ഉപഭോക്താക്കൾക്ക് ടിക് ടോക്ക് ഉപയോഗിക്കുന്നത് തുടരാം. ഇന്ത്യൻ നിയമവ്യവസ്ഥിതിയിൽ വിശ്വാമുണ്ടെന്നാണ് ടിക് ടോക്കിന്‍റെ പ്രതികരണം.

നടപടി അഭിപ്രായ സ്വാതന്ത്രത്തിന് മേലുള്ള കടന്നു കയറ്റമാണെന്ന സുപ്രീം കോടതിയിലും പിന്നീട് മദ്രാസ് ഹൈക്കോടതിയിലും ഉയർത്തിയ അതേ വാദഗതി തന്നെ ടിക് ടോക് തുടരാനാണ് സാധ്യത. ടിക് ടോക് നിരോധനത്തിനെതിരെ ഇന്‍റർനെറ്റ് സമത്വത്തിനായി വാദിക്കുന്ന സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. 

ശക്തമായ സ്വകാര്യത നിയമങ്ങളാണ് ആവശ്യമെന്നും അതിന് പകരം ഇന്‍റെർനെറ്റിനെ തന്നെ പിടിച്ചു കെട്ടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അഭിപ്രായമുയരുന്നുണ്ട്. ഗുജറാത്തിലെ പബ്ജി നിരോധനവും ഇപ്പോഴത്തെ ടിക് ടോക് നിരോധനവുമെല്ലാം ഇന്ത്യ ഇന്‍റർനെറ്റിന് മേൽ ചൈനീസ് മോഡൽ നിയന്ത്രണത്തിന്‍റെ പാതയിലേക്ക് നീങ്ങുന്നതിന്‍റെ സൂചനയായി കാണുന്നവരുണ്ട്.

പക്ഷേ നിലവിലെ നിരോധനം എളുപ്പത്തിൽ മറികടക്കാവുന്നതാണെന്നതും യാഥാർത്ഥ്യാണ്.

എന്താണ് ശരിക്കും ടിക്ടോക്ക് ?

ചൈനീസ് ഇന്‍റെർനെറ്റ്  സർവ്വീസസ് കമ്പനിയായ ബൈറ്റ് ഡാൻസിന്‍റേതാണ് യുവാക്കളുടെ ഇടയിൽ പടർന്നു കയറിയ ടിക് ടോക് ആപ്പ്. 2016 സെപ്റ്റംബറിൽ ഡൗയിൻ എന്ന പേരിലാണ് ടിക് ടോക്കിന്‍റെ ജനനം. ചൈനക്ക് പുറത്തേക്കുള്ള പടയോട്ടത്തിനായി പേര് മാറി ടിക് ടോക്കായി. ഷാങ്ങ് ഹായ് അധിഷ്ഠിതമായ  മ്യൂസിക്കലിയെ ഏറ്റെടുത്ത് കൊണ്ടാണ് ഇന്ത്യയിലും അമേരിക്കയിലും ടിക് ടോക് ചുവടുറുപ്പിച്ചത്,  2017 നവംമ്പർ 9നാണ് മ്യൂസിക്കലി എന്ന സ്റ്റാർട്ടപ്പിനെ ബൈറ്റ് ഡാൻസ് വിഴുങ്ങുന്നത്.

ഒരു ബില്യൺ അമേരിക്കൻ ഡോളറിനായിരുന്നു ഏറ്റെടുക്കലെന്നാണ് റിപ്പോർട്ട്. രണ്ട് ആപ്പുകളുടെയും ഡാറ്റ ബേസ് സംയോജിപ്പിച്ചു അതോടെ അക്കൗണ്ടുകളെല്ലാം ടിക് ടോക് എന്ന ഒറ്റ ആപ്പിലേക്ക് കേന്ദ്രീകരിച്ചു. 2018 ല്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പായി മാറി ടിക് ടോക് . ഇപ്പോള്‍ ലോകത്ത് എമ്പാടും 150 രാജ്യങ്ങളില്ലായി  75 ഭാഷകളില്‍ ആപ്പ് ഉപയോഗിക്കുന്നു എന്നാണ് കണക്ക്. 

ചെറിയ സമയ ദൈർഘ്യത്തിലുള്ള വീഡിയോകൾ തയ്യാറാക്കി പരസ്പരം പങ്കുവയ്ക്കുന്ന ഒരു സോഷ്യൽ മീഡയ ആപ്പാണ് അടിസ്ഥാനപരമായി ടിക് ടോക്. ഫേസ്ബുക്കും വാട്സാപ്പും ഇൻസ്റ്റയുമെല്ലാം മടുത്ത് തുടങ്ങിയ തലമുറ വെളിച്ചം കണ്ട ഇയ്യാം പാറ്റകളെ പോലെ ടിക് ടോകിലേക്ക് ചേക്കേറുകയായിരുന്നു എന്ന് പറയാം.

ആർക്കും എളുപ്പത്തിൽ വീഡിയോ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്യാം എന്നതാണ് ടിക് ടോക്കിനെ പെട്ടന്ന് ജനപ്രിയമാക്കിയത്. യൂട്യൂബിലേക്കോ മറ്റ് വീഡിയോ പ്ലാറ്റ് ഫോമുകളിലേക്കോ ഒരു ദൃശ്യം അപ്ലോഡ് ചെയ്യേണ്ടതിന്‍റെ പകുതി ബുദ്ധിമുട്ട് പോലും ഇല്ല, കൂടെ വീഡിയോ എഡിറ്റ് ചെയ്യാനും മോടിപിടിപ്പിക്കാനുമാവശ്യമായ എല്ലാ സംവിധാനവും ടിക് ടോക്ക് ആപ്പിൽ തന്നെയുണ്ട് എന്നതും വളർച്ചയ്ക്ക് വളമായി. 

ഒരു ദിവസം 100 കോടി വീഡിയോ വ്യൂസ്  ടിക്ടോക്കിൽ ഉണ്ടാകുന്നു എന്നാണ് കണക്ക്. ഇത്രയും പറഞ്ഞത് ടിക് ടോക്കിന്‍റെ വളർച്ചയുടെ കഥ ,ടിക് ടോക് എന്ന ആപ്പുണ്ടാക്കുന്ന പൊല്ലാപ്പുകൾ ഇതിനെല്ലാമപ്പുറമാണ്.

ടിക് ടോക്കിൽ അപ്ലോഡ് ചെയ്യുന്ന ഡാറ്റയെല്ലാം ചെല്ലുന്നത് ചൈനീസ് സർവ്വറുകളിലേക്കാണ് അവിടെ ഈ വിവരങ്ങൾ എങ്ങനെയൊക്കെ ഉപയോഗിക്കപ്പെടുന്നുവെന്ന് ആർക്കും ഒരു പിടിയും ഇല്ല. ഇത്രയും അധികം ഉപഭോക്താക്കളുള്ള ഇന്ത്യയിൽ സ്വന്തമായി ഒരു ഓഫീസ് പോലൂമില്ല ടിക് ടോക്കിന്.

ഒരു പ്രതിനിധി പോലും ഇന്ത്യയിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. ഒരു പ്രശ്നമുണ്ടായാൽ  സർക്കാരിന് വിശദീകരണം ചോദിക്കാൻ ആരുമില്ലാത്ത സ്ഥിതി. ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ  ഇന്ത്യയിൽ ഓഫീസ് തുടങ്ങണമെന്നും സർവ്വർ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ  നിലപാട് കടുപ്പിക്കവെയാണ് തമിഴ് നാട്ടിൽ നിന്നുള്ള നിരോധന ശ്രമം വരുന്നത്.

ടിക് ടോക് വഴി ലൈംഗീക ചൂഷണം നടക്കുന്നുവെന്ന പരാതികളും വ്യാപകമാണ് , കൊച്ചു കുട്ടികളിലേക്ക് വരെ അ‍ഡൾട്ട് കണ്ടന്‍റ് എത്തുന്നുവെന്നും ഇത് തടയാൻ പോലും ആപ്പിൽ മാർഗമില്ലെന്നതും യാഥാർത്ഥ്യമാണ്. 

യൂട്യൂബ് ബ്ലോക്ക് ചെയ്യും എന്ന് ഉറപ്പുള്ള സെക്സ്, മദ്യപാനം, കഞ്ചാവ് പുകയ്ക്കല്‍, അപകീർത്തിപ്പെടുത്തൽ തുടങ്ങി നിരവധി വിഡിയോകൾ ഈ ആപ്പില്‍ കാണാം. ചില ദൃശ്യങ്ങളെക്കുറിച്ച് ടിക്ടോക് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും മുന്നറിയിപ്പുകൾ ചടങ്ങിന് മാത്രമാണ് എന്നതാണ് സത്യം. 

ഇത്തരം വിഡിയോകൾ റിപ്പോർട്ട് ചെയ്യാൻ ഉള്ള സംവിധാനം ടിക് ടോക്കിലുണ്ടെങ്കിലും അത് എളുപ്പത്തിൽ ലഭ്യമായ രീതിയിൽ അല്ല എന്നും പെട്ടന്ന കണ്ണിൽ പെടുന്ന സ്ഥലത്തല്ല എന്നും ആക്ഷേപമുണ്ട്.

ടിക് ടോക്കില്‍ എത്തിയ പല യുവതികളുടേയും ഫോട്ടോകളും വീഡിയോകളും പോണ്‍സൈറ്റുകളിലെത്തുന്നു എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ഡിസംബറിൽ വലിയ വാർത്തയായിരുന്നു.

Follow Us:
Download App:
  • android
  • ios