Asianet News MalayalamAsianet News Malayalam

പ്രസവം നിര്‍ത്താനുള്ള ലാപ്രോസ്കോപിക് സര്‍ജറി അത്ര 'കോംപ്ലിക്കേറ്റഡ്' ആണോ?

പ്രസവം നിര്‍ത്തലിനുള്ള ശസ്ത്രക്രിയ പൊതുവില്‍ വളരെ സാധാരണമായി തന്നെ സ്ത്രീകളില്‍ നടത്തുന്നതാണ്. ഇതില്‍ ഇത്രമാത്രം 'കോംപ്ലിക്കേഷൻ' ഉണ്ടോ എന്ന ആശങ്കയാണ് ഈ ദാരുണമായ വാര്‍ത്ത വരുമ്പോള്‍ അധികപേരെയും അലട്ടുന്നത്. 

discussions ongoing about the risks of laparoscopic surgery after a woman died
Author
First Published Jan 21, 2024, 12:51 PM IST

ആലപ്പുഴയില്‍ പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ച സംഭവം ഏറെ ഞെട്ടലോടെയും അതിലേറെ ആശങ്കയോടെയുമാണ് ഏവരും കേള്‍ക്കുന്നത്. മുപ്പത്തിയൊന്നുകാരിയായ യുവതിയാണ് പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്കക്ക് പിന്നാലെ അവശനിലയിലാവുകയും വെന്‍റിലേറ്ററിലിരിക്കെ മൂന്ന് തവണ ഹൃദയാഘാതം സംഭവിക്കുകയും ചെയ്ത ശേഷം മരണത്തിന് കീഴടങ്ങിയത്.

ചികിത്സാപ്പിഴവാണ് മരണകാരണം എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇതെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളൊന്നും ഇനിയും വന്നിട്ടില്ല. പ്രസവം നിര്‍ത്തിവയ്ക്കുന്നതിനുള്ള ലാപ്രോസ്കോപ്പിക് സര്‍ജറി ചെയ്ത ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആണെന്നാണ് ആരോപണം. ഇവിടെ നിന്ന് പിന്നീട് യുവതിയെ ആലപ്പുഴ മെഡി. കോളേജിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.

പ്രസവം നിര്‍ത്തലിനുള്ള ശസ്ത്രക്രിയ പൊതുവില്‍ വളരെ സാധാരണമായി തന്നെ സ്ത്രീകളില്‍ നടത്തുന്നതാണ്. ഇതില്‍ ഇത്രമാത്രം 'കോംപ്ലിക്കേഷൻ' ഉണ്ടോ എന്ന ആശങ്കയാണ് ഈ ദാരുണമായ വാര്‍ത്ത വരുമ്പോള്‍ അധികപേരെയും അലട്ടുന്നത്. 

ലാപ്രോസ്കോപ്പിക് സര്‍ജറി...

മുമ്പേ സൂചിപ്പിച്ചത് പോലെ വളരെ സാധാരണമായി നടക്കാറുള്ള സര്‍ജറിയായതിനാല്‍ തന്നെ ലാപ്രോസ്കോപിക് സര്‍ജറിയെ എല്ലാവരും മൈനര്‍ സര്‍ജറി അഥവാ അത്രകണ്ട് പേടിക്കാനില്ലാത്ത ചെറിയ ശസ്ത്രക്രിയയായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് മൈനര്‍ സര്‍ജറിയല്ല, മേജര്‍ സര്‍ജറി തന്നെയാണ്. 

മേജര്‍ സര്‍ജറി എന്നാല്‍ 'കോംപ്ലിക്കേഷൻസ്' ഉള്ളത് എന്നര്‍ത്ഥം. ആന്തരീകമായി പരുക്കോ രക്തസ്രാവമോ എല്ലാം സംഭവിക്കാം. ഇത് രോഗിയെ ഏത് നിലയിലേക്കും കൊണ്ടുപോകാം. അതായത് മരണം വരെ സംഭവിക്കാം. എന്നാലീ റിസ്ക് പേടിച്ച് ആരും ലാപ്രോസ്കോപിക് സര്‍ജറിയില്‍ നിന്ന് പിന്മാറാറില്ല. പല ശസ്ത്രക്രിയകളും ഇതേ സങ്കീര്‍ണകളുടെ സാധ്യത ഉള്ളതാണ്. ഇവ മനസിലാക്കി കൊണ്ട് ഇതിലേക്ക് പോകുകയേ മാര്‍ഗമുള്ളൂ. അതേസമയം ചിലര്‍ക്ക് ഡോക്ടര്‍മാര്‍ തന്നെ ലാപ്രോസ്കോപിക് സര്‍ജറി വേണ്ടെന്ന് നിര്‍ദേശിക്കാറുണ്ട്.

ലാപ്രോസ്കോപിക് സര്‍ജറിയെ തുടര്‍ന്നും അണുബാധയ്ക്കും അതുപോലെ കാലിലോ ശ്വാസകോശത്തിലോ രക്തം കട്ടയായി കിടക്കുന്നതിനും എല്ലാം സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇത് എല്ലാം തന്നെ ജീവന് നേരം ഭീഷണി ഉയര്‍ത്തുന്ന സാഹചര്യങ്ങളാണ്. കോംപ്ലിക്കേറ്റഡാകുന്ന കേസുകളില്‍ അവസരോചിതമായ മെഡിക്കല്‍ അറ്റൻഷനിലൂടെ രോഗിയെ രക്ഷിക്കാൻ ഡോക്ടര്‍മാര്‍ക്ക് ശ്രമിക്കാം. എന്നാല്‍ ഇതിനൊന്നും മുഴുവൻ 'ഗ്യാരണ്ടി' വാഗ്ദാനം ചെയ്യാനാകില്ല. 

മറ്റ് ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഉള്ളവര്‍ കൂടിയാകുമ്പോള്‍ സാഹചര്യം കുറെക്കൂടി മോശമാവുകയാണ് ചെയ്യുക. എന്തായാലും പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ അത്ര നിസാരമല്ലെന്ന് മനസിലാക്കണം. അതേസമയം അതിനെ ഭയപ്പെട്ട് മാറിനില്‍ക്കേണ്ട കാര്യവുമില്ല. 

Also Read:- ആലപ്പുഴയില്‍ പ്രസവം നിർത്തൽ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios