Asianet News MalayalamAsianet News Malayalam

ബാത്ത്‍റൂമും ബെഡ്‍ റൂമും ഒന്നായാല്‍ എങ്ങനെയിരിക്കും? വിചിത്രമായ അനുഭവം പങ്കിട്ട് ഒരാള്‍...

ചിലപ്പോള്‍ നമ്മുടെ പ്രതീക്ഷയ്ക്കൊത്തുള്ള സൗകര്യങ്ങളായിരിക്കും ചെല്ലുന്ന സ്ഥലത്ത് കിട്ടുക. ചിലപ്പോള്‍ പ്രതീക്ഷയ്ക്കും അപ്പുറമാകാം. അല്ലെങ്കില്‍ പ്രതീക്ഷയ്ക്കൊത്തുയരാത്ത, നമ്മള്‍ അല്‍പമൊന്ന് 'അഡ്‍ജസ്റ്റ്' ചെയ്യേണ്ടി വരുന്ന അവസ്ഥ. 

man shares picture of hotel room there bed and toilet are in same space hyp
Author
First Published Jul 12, 2023, 2:47 PM IST

യാത്രകള്‍ ഇഷ്ടമില്ലാത്തവര്‍ വിരളമായിരിക്കും. യാത്ര പോകുമ്പോള്‍ അധികപേര്‍ക്കും ചെന്നെത്തുന്ന സ്ഥലങ്ങളിലെ സംസ്കാരവും അവിടത്തെ ജീവിതരീതികളും ഭക്ഷണവുമെല്ലാം പരീക്ഷിക്കുന്നതിനായിരിക്കും താല്‍പര്യം. 

ചിലപ്പോള്‍ നമ്മുടെ പ്രതീക്ഷയ്ക്കൊത്തുള്ള സൗകര്യങ്ങളായിരിക്കും ചെല്ലുന്ന സ്ഥലത്ത് കിട്ടുക. ചിലപ്പോള്‍ പ്രതീക്ഷയ്ക്കും അപ്പുറമാകാം. അല്ലെങ്കില്‍ പ്രതീക്ഷയ്ക്കൊത്തുയരാത്ത, നമ്മള്‍ അല്‍പമൊന്ന് 'അഡ്‍ജസ്റ്റ്' ചെയ്യേണ്ടി വരുന്ന അവസ്ഥ. 

പക്ഷേ ഇങ്ങനെ 'അഡ്‍ജസ്റ്റ്' ചെയ്യുന്നതിനും എല്ലാവര്‍ക്കും പരിമിതികളുണ്ട്. ഇപ്പോഴിതാ കാലിഫോര്‍ണിയയില്‍ നിന്ന് യുകെയിലേക്ക് യാത്ര പോയ ഒരു പ്രൊഫസര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചൊരു ചിത്രം വലിയ രീതിയില്‍ ശ്രദ്ധ നേടുകയുണ്ടായി. അദ്ദേഹം എയര്‍ബിഎൻബി വഴി ബുക്ക് ചെയ്ത താമസസ്ഥലത്തിന്‍റെ ചിത്രമാണിത്. 

ബെഡ്റൂമും ബാത്ത്റൂമുമെല്ലാം ഒന്നിച്ച് എന്ന രീതിയിലൊരു മുറിയാണിത്. ചെറിയ ഗ്ലാസിന്‍റെ വേര്‍തിരിവ് മാത്രമാണ് എല്ലാം തമ്മിലുള്ളത്. എന്തായാലും ഒറ്റനോട്ടത്തില്‍ തന്നെ അധികപേരും 'നോ' എന്ന് ഉറപ്പിച്ച് പറയുന്നൊരു ഡിസൈൻ. 

ട്വിറ്ററിലൂടെയാണ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ പ്രൊഫസറായ ഡേവിഡ് ഹോള്‍ട്സ് ഈ ചിത്രം പങ്കുവച്ചത്. താമസസ്ഥലം എങ്ങനെയാണ് എന്നറിയാതെയാണത്രേ ഇദ്ദേഹം ഇവിടെയെത്തിയത്. ഇത് കണ്ട് അമ്പരന്ന ശേഷം തന്‍റെ ദുരനുഭവം ഏവരുമായും പങ്കിടാൻ ഇദ്ദേഹം തീരുമാനിക്കുകയായിരുന്നു.

സംഭവം വലിയ രീതിയില്‍ പ്രചരിച്ചതോടെ ഇദ്ദേഹം ട്വീറ്റ് പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ എല്ലാവര്‍ക്കും ഇപ്പോള്‍ ട്വീറ്റ് കാണാൻ സാധിക്കില്ല. അതേസമയം ട്വീറ്റിന് താഴെയായി വന്നിരിക്കുന്ന ചര്‍ച്ചകളും, പ്രൊഫസറുടെ പരാതിയില്‍ എയര്‍ബിഎൻബിയുടെ മറുപടിയുമെല്ലാം നമുക്ക് കാണാൻ സാധിക്കും. മെയിലും വിലാസവും മെസേജ് അയച്ചാല്‍ കൂടുതല്‍ വിശദമായി സംഭവത്തെ കുറിച്ച് അന്വേഷിച്ച് പ്രതികരണമറിയിക്കാമെന്നാണ് എയര്‍ബിഎൻബി നല്‍കിയിരിക്കുന്ന മറുപടി.

കിടക്കയിട്ടിരിക്കുന്നതിന്‍റെ തൊട്ട് തന്നെയാണ് ക്ലോസറ്റ് കാണുന്നത്. ഇതുതന്നെ കാണാൻ വയ്യെന്നാണ് കമന്‍റുകള്‍. എന്നാല്‍ കിടക്കയ്ക്കും ക്ലോസറ്റ് സ്ഥാപിച്ചിരിക്കുന്നതിനും ഇടയില്‍ ചില്ലിന്‍റെ ഒരു സെപ്പറേഷനുണ്ട്. അതുകൊണ്ട് കാര്യമെന്ത് എന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം. കുളിക്കാൻ ചെറിയൊരു ഭാഗം ചില്ലിന്‍റെ സെപ്പറേഷൻ വച്ചുതന്നെ മുറിയുടെ ഒരു കോണില്‍ തയ്യാറാക്കിയിട്ടുണ്ട്. വാഷ് ബേസിൻ ഇതിന് പുറത്ത് തന്നെ. ആകെ കണ്ടുകഴിഞ്ഞാല്‍ ഇതൊരു ബാത്ത്റൂം മാത്രമാണെന്നാണ് തോന്നുകയെന്നും, ബാത്ത്റൂമിനകത്ത് ബെഡ് ഇട്ടതാണെന്നേ ചിന്തിക്കൂ എന്നുമാണ് ചിത്രം കണ്ടവരെല്ലാം പ്രൊഫസറുടെ ട്വീറ്റിന് താഴെ കുറിച്ചിരിക്കുന്നത്. 

 

Also Read:- ഓണ്‍ലൈൻ ഓട്ടോ ബുക്ക് ചെയ്തു; തുടര്‍ന്നുണ്ടായ തമാശ പങ്കിട്ട് യുവാവ്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Latest Videos
Follow Us:
Download App:
  • android
  • ios