Asianet News MalayalamAsianet News Malayalam

മകനെ കൊന്ന അമ്മ!; ഹീനമായ കുറ്റകൃത്യങ്ങളിലേക്ക് സ്ത്രീകള്‍ കടക്കുന്നത്...

''എങ്ങനെ ഈ സ്ത്രീകള്‍ക്ക് ഇങ്ങനെയൊരു കുറ്റകൃത്യം ചെയ്യാൻ സാധിച്ചു എന്ന ചോദ്യത്തിന് പകരം എന്തിന് അവരത് ചെയ്തു എന്ന ചോദ്യമാണ് പത്ത് വര്‍ഷമായി ഈയൊരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ എന്‍റെ മനസില്‍ വരാറ്...''

therapist explains about the case of suchana seth a woman who killed her son
Author
First Published Jan 12, 2024, 5:05 PM IST

സ്വന്തം കുഞ്ഞിനെ കൊല്ലുന്ന അമ്മ, എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം തന്നെ സമൂഹത്തില്‍ നിന്ന് അസാധാരണമാംവിധമുള്ള പ്രതിഷേധത്തിനും വെറുപ്പിനുമെല്ലാമാണ് പ്രതിയായ സ്ത്രീ പാത്രമാവുക. ഇങ്ങനെയൊരു കേസ് ആണിപ്പോള്‍ രാജ്യത്തിന്‍റെ ആകെയും ശ്രദ്ധ തന്നെ പിടിച്ചെടുത്തിരിക്കുന്നത്. 

നാല് വയസുകാരനായ മകനെ ഹോട്ടല്‍ മുറിയില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി കാറില്‍ രക്ഷപ്പെടാൻ ശ്രമിച്ച അമ്മ. ബംഗലൂരുവില്‍ ഉയര്‍ന്ന ജോലിയുള്ള മുപ്പത്തിയൊമ്പതുകാരിയായ സുചന സേത് എന്ന സ്ത്രീയാണ് ഇങ്ങനെയൊരു ക്രൂരകൃത്യം നടത്തിയിരിക്കുന്നത്. ഒരുപാട് സംശയങ്ങളും ദുരൂഹതകളുമെല്ലാം ഇനിയും ചുരുളഴിഞ്ഞ് വരാനുണ്ട് ഈ കേസില്‍. എന്തായാലും കൊലപാതകം നടത്തിയിരിക്കുന്നത് അമ്മ തന്നെ എന്നത് ഏറെക്കുറെ വ്യക്തമാണ്. 

ഉയര്‍ന്ന അളവില്‍ കഫ് സിറപ്പ് നല്‍കിയും തുണി വച്ചോ തലയിണ അമര്‍ത്തിയോ ശ്വാസം മുട്ടിച്ചുമാണ് കുഞ്ഞിനെ കൊന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പ്രാഥമികമായി ഇത് മുന്നെക്കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം ആയാണ് പൊലീസ് കണക്കാക്കുന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്ന സുചന, മകന്‍റെ കസ്റ്റഡി ഭര്‍ത്താവിന് വിട്ടുകൊടുക്കേണ്ടി വരുമോ എന്ന ഭയത്തിലായിരുന്നുവത്രേ. ഇതിനിടയിലാണ് കൊലപാതകം നടന്നിരിക്കുന്നത്.

ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ മകനുമൊത്തുള്ള നിരവധി ഫോട്ടോകള്‍ പൊലീസിന് കാണാനായി. മകനെ താനൊരുപാട് സ്നേഹിക്കുന്നുവെന്ന് ചോദ്യം ചെയ്യലിനിടെ ഇവര്‍ പൊലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ ഇവര്‍ എങ്ങനെ കുഞ്ഞിനെ കൊന്നു? എന്താണതിന്‍റെ കാരണം? എന്നീ ചോദ്യങ്ങളാണ് ബാക്കിയാകുന്നത്.

ഇങ്ങനെയുള്ള സാഹചര്യങ്ങളിലേക്ക് സ്ത്രീകള്‍, പ്രത്യേകിച്ച് അമ്മമാര്‍ എത്തുന്നതിനെ കുറിച്ച് വിശദീകരിക്കുകയാണ് പ്രമുഖ ഓണ്‍ലൈൻ കൗണ്‍സിലിംഗ്- തെറാപ്പി സെന്‍ററായ 'എൻസോ വെല്‍നെസ്' സ്ഥാപകയും സൈക്കോ തെറാപ്പിസ്റ്റുമായ അരൗബ കബീര്‍. 

''എങ്ങനെ ഈ സ്ത്രീകള്‍ക്ക് ഇങ്ങനെയൊരു കുറ്റകൃത്യം ചെയ്യാൻ സാധിച്ചു എന്ന ചോദ്യത്തിന് പകരം എന്തിന് അവരത് ചെയ്തു എന്ന ചോദ്യമാണ് പത്ത് വര്‍ഷമായി ഈയൊരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ എന്‍റെ മനസില്‍ വരാറ്. പ്രത്യേകിച്ച് അമ്മ കുഞ്ഞിനെ ആക്രമിച്ചു, കൊലപ്പെടുത്തി എന്നൊക്കെയുള്ള കേസുകളില്‍...

...അമ്മമാര്‍ കുഞ്ഞുങ്ങളെ ആക്രമിക്കുന്നതിന് പിന്നില്‍ സാധാരണഗതിയില്‍ ചില ഘടകങ്ങള്‍ കാരണമായി വരാറുണ്ട്. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ, അല്ലെങ്കില്‍ സൈക്കോസിസ് പോലുള്ള മെന്‍റല്‍ ഹെല്‍ത്ത് പ്രശ്നങ്ങള്‍ ആണ് പ്രധാനം. ഇങ്ങനെ സംഭവിച്ചാല്‍ അത് വ്യക്തിയുടെ ചിന്തയെയും തീരുമാനങ്ങളെയുമെല്ലാം സ്വാധീനിക്കും...

...എന്തെങ്കിലും ട്രോമയോ പീഡനത്തിന്‍റെയോ പശ്ചാത്തലമുള്ളവരാണെങ്കില്‍ അവരെ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം അവര്‍ക്ക് എപ്പോഴും ബന്ധങ്ങളില്‍ പ്രശ്നമുണ്ടാകാം. ഒരു മനുഷ്യന്‍റെ മനോനില തകിടം മറിക്കുന്ന അത്രയും സ്ട്രെസ് നേരിടുന്ന അവസ്ഥയാണ് മറ്റൊരു വില്ലൻ. വൈകാരികമോ, സാമ്പത്തികമോ ആയി പിന്തുണയില്ലാത്ത സ്ത്രീകളാണ് ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ക്രിമിനല്‍ മനസിലേക്ക് എത്തുന്നത്...

...ചില സ്ത്രീകളില്‍ ലഹരി ഉപയോഗവും കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണയാകുന്നു. ലഹരി ഉപയോഗം തലച്ചോറിനെ ബാധിക്കുകയാണ്. ഇതോടെ ബന്ധങ്ങളെ പോലും തിരിച്ചറിയാൻ സാധിക്കാതെ അക്രമാസക്തമാവും മനസ്. ലഹരി വിമുക്തരായിക്കഴിഞ്ഞാല്‍ ഇവരാരും കുറ്റകൃത്യങ്ങളിലേക്ക് പോകില്ല....''- അരൗബ പറയുന്നു. 

ഇത്തരം വിഷയങ്ങളില്‍ സമൂഹത്തില്‍ കാര്യമായ അവബോധവും അറിവും ഉണ്ടാകേണ്ടതുണ്ട്. മനുഷ്യരുടെ വൈകാരികമോ മാനസികമോ ആയ വിഷയങ്ങളെ കുറിച്ച് ആളുകള്‍ക്ക് അറിവ് വേണം. പലര്‍ക്കും മോശം അനുഭവങ്ങള്‍ നല്‍കിയ മുറിവുകള്‍ കാരണം സ്വയം തുറക്കാൻ സാധിക്കുന്നില്ല. വീടുകളിലും സ്തൂളുകളിലും എല്ലാം ഈ വിഷയങ്ങളില്‍ അറിവ് പകരുന്ന സാഹചര്യമുണ്ടാകണമെന്നും ഇവര്‍ പറയുന്നു.

ആളുകള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ തുറന്നുസംസാരിക്കാനും, മറ്റുള്ളവരെ ഉള്‍ക്കൊള്ളാൻ പഠിക്കാനും, വിട്ടുകൊടുക്കാനും, ക്ഷമിക്കാനും, സഹകരിക്കാനും, പങ്കുവയ്ക്കാനുമെല്ലാമുള്ള അന്തരീക്ഷമാണ് വേണ്ടതെന്നും അരൗബ പറയുന്നു. 

Also Read:- പ്രസവം കഴിഞ്ഞ സ്ത്രീകളില്‍ ഈ ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കുക...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios