മലയാളത്തിലെ ആദ്യ ഗര്‍ഭകാല-ശിശുപരിപാലന ഓണ്‍ലൈന്‍ ഷോയുമായി നിങ്ങളുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ്.കോം എത്തുകയാണ്. ഓരോ സ്ത്രീയും ഏറ്റവും ആകാംക്ഷയോടെയും, ആശങ്കയോടെയും ചിലവഴിക്കുന്ന സമയാണ് ഗര്‍ഭകാലം. ഒരു കുട്ടിയെ കുറിച്ച് ചിന്തിക്കുന്നത് മുതല്‍ അതിന്റെ ശൈശവം പിന്നിടുന്നത് വരെയുള്ള കാലഘട്ടം... ആ സമയത്ത് എന്തെല്ലാമാണ് ചെയ്യേണ്ടതെന്നും, ചെയ്യരുതാത്തതെന്നും വ്യക്തമായും, വിദഗ്ധരുടെ നിര്‍ദേശത്തോടെ ആധികാരികമായും പറഞ്ഞുതരികയാണ് 'അമ്മ അറിയാന്‍ ' എന്ന ഷോയിലൂടെ ഏഷ്യാനെറ്റ് ന്യൂസ്.കോം.

കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്ന് ചെറുകുടുംബങ്ങളിലേക്ക് മലയാളികള്‍ ചുരുങ്ങിത്തുടങ്ങിയതോടെ ഗര്‍ഭകാല പരിചരണവും, പ്രസവാനന്തര ശുശ്രൂഷയും, ശിശുപരിപാലനവും അടക്കം പല കാര്യങ്ങളിലും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ മുതിര്‍ന്നവരുടെ സാന്നിധ്യം ഇല്ലാത്ത സ്ഥിതിയായി. ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയും കൂടിയായതോടെ വിവരസമാഹരണത്തിന് വെബ്‌സൈറ്റുകളിലേക്ക് യുവതലമുറയെത്തി. പക്ഷേ പലപ്പോഴും ഈ വിവരം ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിക്കാറ്. അതിന് പ്രധാന കാരണം ഇന്റര്‍നെറ്റിലെ പല വിവരങ്ങളും വിദേശ സാഹചര്യങ്ങളും, വിദേശത്തെ സ്ത്രീകളുടെ ശാരീരിക-ജീവിതരീതികളും അനുസരിച്ചാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതെല്ലാം തയ്യാറാക്കിയിരിക്കുന്നതാകട്ടെ മലയാളി സ്ത്രീകളെ കുറിച്ച് കേട്ടിട്ട് പോലുമില്ലാത്ത വിദേശികളായ ഡോക്ടര്‍മാരും.  

ഈ സാഹചര്യത്തിലാണ് എന്തുകൊണ്ട് മലയാളികളെ മനസിലാക്കി തയ്യാറാക്കുന്ന ഗര്‍ഭകാല-ശിശുപരിപാലന ലേഖനങ്ങളും, വീഡിയോകളും എന്ന ചിന്തയിലേക്ക് ഏഷ്യാനെറ്റ് ന്യൂസ്.കോം എത്തുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വിദഗ്ധരായ ഗൈനക്കോളജിസ്റ്റുകളും, ശിശുരോഗ വിദഗ്ധരും, ചൈല്‍ഡ്-ഫാമിലി കൗണ്‍സിലേഴ്സും പങ്കെടുക്കുന്ന വീഡിയോകളും, അവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് തയ്യാറാക്കുന്ന ലേഖനകളും ഗര്‍ഭകാല-പ്രസവ ശുശ്രൂഷ-ശിശുപരിപാലന മേഖലയില്‍ മലയാളത്തില്‍ ലഭ്യമാകുന്ന ഏറ്റവും ആധികാരികമായ ഓണ്‍ലൈന്‍ വിവരശേഖരണം ആയി മാറുമെന്ന് ഉറപ്പാണ്.  

ഏതൊരു മലയാളിക്കും, ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഉപയോഗപ്പെടുത്താവുന്ന ഈ വിവരങ്ങള്‍ തികച്ചും സൗജന്യമായിരിക്കും. കൃത്യമായ പഠനത്തിനും, വിശകലങ്ങള്‍ക്കും ശേഷം വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കുന്ന ഈ വിവരങ്ങള്‍ നിങ്ങള്‍ക്ക് നൂറുശതമാനവും വിശ്വസിക്കാം. ഏഷ്യാനെറ്റ് ന്യൂസ്.കോമിനൊപ്പം ഇത്രയും കാലം ഉറച്ചുനിന്ന പ്രിയപ്പെട്ടവരുടെ പിന്തുണ ഈ ഉദ്യമത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.