Asianet News MalayalamAsianet News Malayalam

കുഞ്ഞുങ്ങളുടെ പല്ല് സംരക്ഷിക്കാം; കരുതേണ്ടത് എന്തെല്ലാം?

പാല്‍പ്പല്ല് ആണെന്ന് കരുതി പലപ്പോഴും കുഞ്ഞുങ്ങളുടെ പല്ലുകള്‍ പലരും ശ്രദ്ധിക്കാറില്ല. പക്ഷേ ഈ പാല്‍പ്പല്ലുകള്‍ക്ക് കീഴെ നിന്ന് തന്നെയാണ് സ്ഥിരമായ പല്ലുകള്‍ വരുന്നതെന്ന കാര്യം ഓര്‍ക്കണം

things should care in dental care of children
Author
Trivandrum, First Published Jan 16, 2019, 2:47 PM IST

കുഞ്ഞുങ്ങളുടെ ദന്തസംരക്ഷണം എന്ന വിഷയത്തില്‍ നമുക്ക് ആധികാരികമായി പല കാര്യങ്ങളും ഇപ്പോഴും അറിയില്ല എന്നതാണ് സത്യം. ഇക്കാര്യത്തില്‍ പലപ്പോഴും വേണ്ടത്ര ചര്‍ച്ചകളും ഉണ്ടാകുന്നില്ല. പാല്‍പ്പല്ല് പോയി വരുമ്പോള്‍ മുതലാണ് സാധാരണഗതിയില്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളുടെ പല്ലുകളെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത് തന്നെ. എന്നാല്‍ ജനിച്ച്, മുലപ്പാല്‍ ആദ്യമായി നുണയുന്നത് മുതല്‍ക്ക് ഈ വിഷയത്തില്‍ ശ്രദ്ധ ആരംഭിക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും പറയുന്നു. 

കുഞ്ഞിന് പാല്‍ കൊടുത്തുകഴിഞ്ഞാല്‍ ഉടന്‍ തന്നെ ഒരു വൃത്തിയുള്ള കോട്ടണ്‍ തുണി ചൂടുവെള്ളത്തില്‍ മുക്കി മോണകള്‍ തുടച്ചുവൃത്തിയാക്കണം. കാരണം വായില്‍ അവശേഷിക്കുന്ന പാലിന്റെ അംശം ചെറിയ രീതിയിലുള്ള അണുബാധയുണ്ടാക്കിയേക്കാം. മോണയ്ക്ക് സംഭവിക്കുന്ന ഏത് തകരാറും പിന്നീട് പല്ലുണ്ടാകുമ്പോള്‍ അതിലും പ്രതിഫലിക്കുന്നു. 

പല്ലുകള്‍ വന്ന് തുടങ്ങുന്നതോടെ ഫിംഗര്‍ ബ്രഷിംഗ് ആരംഭിക്കാം. രാവിലെയും വൈകീട്ടും മുടങ്ങാതെ കുഞ്ഞുങ്ങളുടെ പല്ല് വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. തീരെ ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ മാത്രമല്ല, മാസങ്ങള്‍ കഴിഞ്ഞാലും പാല്‍ കുടിച്ച ശേഷം മോണ വൃത്തിയാക്കുന്ന കാര്യത്തില്‍ ജാഗ്രത കാണിക്കുക. 

പാല്‍പ്പല്ല് എത്രമാത്രം ശ്രദ്ധിക്കുന്നുവോ പല്ലുകളും അത്രമാത്രം ആരോഗ്യമുള്ളതായിരിക്കും

മൂന്ന് വയസ് ആകുമ്പോഴേക്കും കുട്ടികള്‍ക്ക് ബ്രഷ് ഉപയോഗിച്ച് പല്ലുകള്‍ വൃത്തിയാക്കാന്‍ തുടങ്ങാം. കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം നിര്‍മ്മിക്കുന്ന ബ്രഷ് തന്നെ വേണം ഇതിന് ഉപയോഗിക്കാന്‍. പേസ്റ്റ് ഉപയോഗിക്കുമ്പോള്‍ അത് പരിമിതമായ അളവില്‍ മാത്രം ഉപയോഗിച്ച് ശീലിപ്പിക്കുക. ഒരു കാരണവശാലും പേസ്റ്റ് ഉള്ളിലേക്ക് ഇറങ്ങരുത്. ഇക്കാര്യത്തിലും ഒരു കരുതലെടുക്കുക. പേസ്റ്റുപയോഗിച്ച് ബ്രഷ് ചെയ്ത ശേഷം നന്നായി വായ കഴുകിയില്ലെങ്കിലും പ്രശ്‌നമാണ്. അതിനാല്‍ കുട്ടികള്‍ തനിയെ വായ വൃത്തിയായി കഴുകാറാകുന്നത് ആ സമയത്ത് കുട്ടിയോടൊപ്പം നില്‍ക്കുക. 

പല്ല് വരുന്ന സമയം തൊട്ട് തന്നെ പീഡിയാട്രിക് ഡെന്റിസ്റ്റുകളുടെ സഹായത്തോടെ ഇടവിട്ടുള്ള പരിശോധനകള്‍ നടത്താം. കാത്സ്യത്തിന്റെ കുറവ്, മറ്റ് കേടുപാടുകള്‍ എന്നിവ പെട്ടെന്ന് തിരിച്ചറിയാന്‍ ഇത് സഹായിക്കും. ദന്തസംരക്ഷണത്തെ കുറിച്ച് ഡോക്ടര്‍മാരോട് ആദ്യം മുതലേ നിര്‍ദേശങ്ങള്‍ തേടുകയും ആവാം. 

ഭക്ഷണാവശിഷ്ടം പല്ലുകളില്‍ തങ്ങിനില്‍ക്കാതിരിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. പാല്‍പ്പല്ല് ആണെന്ന് കരുതി പലപ്പോഴും കുഞ്ഞുങ്ങളുടെ പല്ലുകള്‍ പലരും ശ്രദ്ധിക്കാറില്ല. പക്ഷേ ഈ പാല്‍പ്പല്ലുകള്‍ക്ക് കീഴെ നിന്ന് തന്നെയാണ് സ്ഥിരമായ പല്ലുകള്‍ വരുന്നതെന്ന കാര്യം ഓര്‍ക്കണം. അതിനാല്‍ പാല്‍പ്പല്ല് എത്രമാത്രം ശ്രദ്ധിക്കുന്നുവോ പല്ലുകളും അത്രമാത്രം ആരോഗ്യമുള്ളതായിരിക്കും.
 

Follow Us:
Download App:
  • android
  • ios