ആഗോളവ്യാപകമായ പകര്‍ച്ചവ്യാധിയായി കൊവിഡ് 19 ഭീതി വിതയ്ക്കുമ്പോള്‍ കാര്‍ഷിക മേഖലയും ഗുരുതരമായ പ്രത്യാഘാതം നേരിടുകയാണ്. ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് ഇന്ന് 60 രാജ്യങ്ങളെ പിടിച്ചുകുലുക്കിക്കഴിഞ്ഞു. ഏകദേശം 80,000 -ത്തോളം ആളുകളിലാണ് വൈറസ് ബാധിച്ചിരിക്കുന്നത്.

കാര്‍ഷിക മേഖലയാണ് ഇന്ത്യയുടെ നട്ടെല്ലായി കണക്കാക്കുന്നത്. സിന്ധുനദീതട സംസ്‌കാരത്തിന്റെ ആവിര്‍ഭാവം മുതല്‍ ഭാരതീയ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമാണ് കൃഷി. 1960 -നു ശേഷമുള്ള ഹരിത വിപ്ലവകാലഘട്ടത്തില്‍ രാജ്യം കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയക്കാനും ഇറക്കുമതി ചെയ്യാനും തുടങ്ങിയതോടെ ഗണ്യമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി.

കയറ്റുമതിയിലും ഇറക്കുമതിയിലും ചൈനയുടെ സ്ഥാനം

വുഹാന്‍ പ്രവിശ്യയില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെടുന്നതുവരെ ഏറ്റവും കൂടുതല്‍ കാര്‍ഷികോത്പന്നങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത് ചൈനയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായിരുന്നു ചൈന. കാര്‍ഷിക വിപണിയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ രണ്ടാം സ്ഥാനവും ചൈനയ്ക്കാണ്.

ചൈനയിലെ 48 നഗരങ്ങളും  4 പ്രവിശ്യകളും ഉത്പാദനവും വിപണനവുമില്ലാതെ പൂര്‍ണമായും നിശ്ചലമായിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍  ലോകത്തിലെ കയറ്റുമതിയുടെ 13 ശതമാനവും ഇറക്കുമതിയുടെ 11 ശതമാനവും ചൈനയിലാണ്. ഇപ്പോഴത്തെ നിശ്ചലമായ അവസ്ഥ ഏതാണ്ട് 500 മില്യണ്‍ ആളുകളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചെനയിലെ എണ്ണ ഉപഭോഗവും 30 ശതമാനത്തോളം കുറഞ്ഞു.

ഈ നിരോധനവും ഒറ്റപ്പെട്ട അവസ്ഥയും ചൈനയെ മാത്രമല്ല ബാധിക്കുന്നത്. ചൈനയുമായി ബന്ധപ്പെട്ട് വ്യാപാരം നടത്തുന്ന മറ്റു രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന വിഭവങ്ങളെയും ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാര്‍ഷികോത്പന്നങ്ങളെയും ഇപ്പോഴത്തെ സാഹചര്യം ഗുരുതരമായി ബാധിക്കുന്നു.

ഇന്ത്യയിലെ സാമൂഹിക-സാമ്പത്തിക മേഖല

ഇന്ത്യയിലും കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടങ്കിലും നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തലുകള്‍. പക്ഷേ, ഇത്തരം പകര്‍ച്ചവ്യാധികള്‍ കാര്‍ഷികമേഖലയിലേക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാര്‍ഷിക വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ ഏറ്റവും ഏളുപ്പത്തില്‍ വൈറസ് ബാധ പകരാനുള്ള സാധ്യതയുമുണ്ട്. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തിരുന്നത് പരുത്തി, ജൂട്ട്, ജൈവഉത്പന്നങ്ങള്‍, സോയാബീന്‍, പുകയില, പഴങ്ങള്‍, ചോളം എന്നിവയെല്ലാമായിരുന്നു.

പാകം ചെയ്യാത്ത മാംസം, ലെതര്‍, പാചക എണ്ണ, കടല്‍ വിഭവങ്ങള്‍ എന്നിവയെല്ലാമായിരുന്നു ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നത്. കൊറോണ ബാധയെത്തുടര്‍ന്ന് ഇവയുടെ ഇറക്കുമതി ചൈന നിര്‍ത്തിവെച്ചു.

കാര്‍ഷിക കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അങ്ങനെയാകുമ്പോള്‍ ആഗോള കയറ്റുമതി വിപണിയില്‍ ഇന്ത്യയ്ക്ക് 2.2 ശതമാനം കയറ്റുമതി സാധ്യമാകും.