Asianet News MalayalamAsianet News Malayalam

അടുക്കളയിലെ അവശിഷ്ടങ്ങള്‍ കളയണ്ട, മണ്ണിരക്കമ്പോസ്റ്റ് നിര്‍മിക്കാം

 മണ്ണിരയെ വാങ്ങുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഓണ്‍ലൈന്‍ വഴിയും അടുത്തുള്ള സ്റ്റോറുകള്‍ വഴിയും മണ്ണിര ലഭ്യമാണ്.
 

how to make Vermicompost  at home
Author
Thiruvananthapuram, First Published Feb 17, 2020, 11:00 AM IST

ജൈവകൃഷിരീതിയില്‍ മിക്കവാറും എല്ലാവരും ഉപയോഗിക്കുന്നതാണ് മണ്ണിരക്കമ്പോസ്റ്റ്. മണ്ണിരകളുടെ വിസര്‍ജ്യമാണ് വളമായി മാറുന്നത്. നമ്മുടെ വീട്ടിലെ ആഹാരാവശിഷ്ടങ്ങളും ചപ്പുചവറുകളും ഉപയോഗിച്ച് മണ്ണിരക്കമ്പോസ്റ്റ് നിര്‍മിക്കുന്നത് മാലിന്യനിര്‍മാര്‍ജനത്തിനുള്ള നല്ലൊരു മാര്‍ഗം കൂടിയാണ്

മണ്ണിരക്കമ്പോസ്റ്റ് നിര്‍മിക്കുന്ന വിധം

താപനിലയിലും ഈര്‍പ്പത്തിന്റെ അളവിലും മാറ്റങ്ങളുണ്ടാകാത്ത ഒരു സ്ഥലമാണ് മണ്ണിരകളെ ശേഖരിച്ചുവെക്കാന്‍ നല്ലത്. മണ്ണിരകള്‍ സാധാരണ ദുര്‍ഗന്ധമുണ്ടാക്കുന്ന ജീവികളല്ല. എന്നിരുന്നാലും ഇവയെ സൂക്ഷിക്കുന്ന പാത്രം നിങ്ങളുടെ വീടിനോട് ചേര്‍ന്ന് സൂക്ഷിച്ചുവെക്കാതിരിക്കുക. അടുക്കളയോട് ചേര്‍ന്ന് ചെറിയ മുറിയുള്ളവര്‍ക്ക് പാത്രം അവിടെ സൂക്ഷിച്ചാല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ എളുപ്പത്തില്‍ അതിലേക്ക് ഇട്ടുകൊടുക്കാനും കഴിയും.

മണ്ണിരക്കമ്പോസ്റ്റ് സൂക്ഷിക്കാനായി പ്രത്യേകം പാത്രങ്ങള്‍ വാങ്ങാന്‍ കിട്ടുന്നതാണ്. പൂന്തോട്ടങ്ങളുമായി ബന്ധപ്പെട്ട ജൈവവസ്തുക്കള്‍ ലഭിക്കുന്ന സ്റ്റോറുകളില്‍ ഇത്തരം പാത്രങ്ങള്‍ ലഭിക്കും. പ്രകാശം അകത്തേക്ക് കടക്കാത്ത തരത്തിലുള്ള പാത്രമാണ് ആവശ്യം.

കടകളില്‍ വാങ്ങാന്‍ കിട്ടുന്ന പാത്രങ്ങളില്‍ വായുസഞ്ചാരത്തിനായി സുഷിരങ്ങളുണ്ടാകും. എന്നാല്‍ മറ്റേതെങ്കിലും വലിയ പാത്രങ്ങളിലാണ് മണ്ണിരകള്‍ ശേഖരിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അര ഇഞ്ച് വലുപ്പമുള്ള ദ്വാരം താഴെയും വശങ്ങളിലും മുകളിലുമിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തണം. ഏകദേശം 20 ചെറിയ ദ്വാരങ്ങള്‍ ഉണ്ടാക്കണം.

മരത്തിന്റെ രണ്ടു കഷണങ്ങളോ ഇഷ്ടികക്കട്ടകളോ എടുത്ത് ഈ മണ്ണിരപ്പാത്രം അതിനുമുകളില്‍ മണ്ണില്‍ നിന്നും ഉയരത്തിലായി വെക്കണം. ഒരു വലിയ പ്ലാസ്റ്റിക് ഷീറ്റ് മണ്ണിരക്കമ്പോസ്റ്റ് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് വെക്കുക. ഇനി മരക്കഷണങ്ങള്‍ ഈ പ്ലാസ്റ്റിക് ഷീറ്റിന് മുകളില്‍ വെക്കണം. എന്നിട്ടാണ് പാത്രം മരക്കഷണങ്ങളുടെ മുകളില്‍ എടുത്ത് വെക്കേണ്ടത്.

 മണ്ണിരയെ വാങ്ങുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഓണ്‍ലൈന്‍ വഴിയും അടുത്തുള്ള സ്റ്റോറുകള്‍ വഴിയും മണ്ണിര ലഭ്യമാണ്.

മണ്ണിരകള്‍ ഇര്‍പ്പം നന്നായി ലഭിക്കുന്ന ബെഡ്ഡിങ്ങിലേക്കാണ് മാറ്റേണ്ടത്. ന്യൂസ്‌പേപ്പറോ കാര്‍ഡ്‌ബോര്‍ഡോ ഇതിനായി ഉപയോഗിക്കാം. പാത്രത്തില്‍ ഏകദേശം 8 ഇഞ്ച് ഉയരത്തിലെത്തുന്നതുവരെ ന്യൂസ്‌പേപ്പര്‍ നിറയ്ക്കണം. മണ്ണിരകള്‍ക്ക് ശ്വസിക്കാനും ജീവിക്കാനും ഈര്‍പ്പം ആവശ്യമാണ്. ബെഡ്ഡിങ്ങിന് മുകളില്‍ വെള്ളം തളിക്കുകയോ ഒഴിക്കുകയോ ചെയ്യണം.

ബെഡ്ഡിങ്ങ് നന്നായി നനഞ്ഞുകുതിരുമ്പോള്‍ പാത്രത്തിന്റെ അടിയിലേക്ക് എടുത്തുവെക്കുക. മണ്ണിരകള്‍ സാധാരണയായി മണ്ണിലാണ് വളരുന്നത്. വീടിന് പുറത്ത് നിന്നുള്ള മണ്ണോ സ്‌റ്റോറുകളില്‍ വാങ്ങാന്‍ കിട്ടുന്ന പോട്ടിങ്ങ് മിശ്രിതിമോ ഈ ബെഡ്ഡിങ്ങില്‍ വിതറുക.

ഈ മണ്ണിന് മുകളിലേക്ക് ഭക്ഷണാവശിഷ്ടങ്ങള്‍ വിതറുക. ഇലകള്‍, പച്ചക്കറികളുടെ തൊലികള്‍, പഴങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകള്‍ എന്നിവയാണ് മണ്ണിരകള്‍ക്ക് വളരാന്‍ നല്ലത്. അതുപോലെ പൊടിച്ച മുട്ടത്തോടും ഇട്ടുകൊടുക്കാം. അതിനുശേഷം പാത്രത്തിന്റെ മുകള്‍ഭാഗം നന്നായി അടച്ച് 10 ദിവസം സൂക്ഷിക്കണം. അതിനുശേഷം കവര്‍ തുറന്ന് ബെഡ്ഡിങ്ങിന്റെ നടുവില്‍ ഒരു സുഷിരമിടുക. ഈ ദ്വാരത്തിലൂടെ മണ്ണിരകളെ അകത്തേക്കിടുക.

ഏകദേശം 225 ഗ്രാം ഭക്ഷണാവശിഷ്ടങ്ങള്‍ മണ്ണിരയ്ക്ക് നല്‍കണം. ഏകദേശം 6 മാസത്തിന് ശേഷം വെര്‍മിക്കമ്പോസ്റ്റ് തയ്യാറാകും. ഓരോ ആഴ്ചയും പാത്രം പരിശോധിക്കണം. മുഴുവന്‍ ബെഡ്ഡിങ്ങും കമ്പോസ്റ്റ് ആയി മാറ്റപ്പെട്ടാല്‍ നിങ്ങള്‍ക്ക് കൃഷിക്ക് യോജിച്ച മണ്ണിരക്കമ്പോസ്റ്റ് തയ്യാര്‍. പതുക്കെ കമ്പോസ്റ്റ് പുറത്തെടുക്കുകയും മണ്ണിരകളെ പാത്രത്തില്‍ തന്നെ ശേഖരിക്കുകയും ചെയ്യുക.

Follow Us:
Download App:
  • android
  • ios