Asianet News MalayalamAsianet News Malayalam

മണ്ണോ മട്ടുപ്പാവോ ഇല്ലാത്തതുകൊണ്ട് കൃഷി ചെയ്യാനാവുന്നില്ലേ? വീട്ടിനകത്ത് കൃത്രിമ സൂര്യപ്രകാശം വഴി പച്ചക്കറി

2016 മാര്‍ച്ചില്‍ ഈ സുഹൃത്തുക്കള്‍ ജോലി രാജിവെച്ചു. 'ക്രോഫ്‌റ്റേഴ്‌സ്' എന്ന പേരിലാണ് തങ്ങളുടെ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. നിങ്ങളുടെ വീട്ടിനകത്തിരുന്നും ജൈവപച്ചക്കറികള്‍ വിളയിക്കാവുന്ന രീതിയിലുള്ള അക്വാപോണിക്‌സ് സംവിധാനമാണ് ഇവര്‍ തുടങ്ങിയത്. അതായത് സ്വയം വൃത്തിയാക്കാന്‍ കഴിവുള്ള ഇന്‍ഡോര്‍ അക്വാപോണിക്‌സ് സംവിധാനം.
 

startup by Deepak and Ashish
Author
Chennai, First Published Feb 12, 2020, 9:11 AM IST

ദീപക് ശ്രീനിവാസനും ആശിഷ് ഖാനും ശ്രമിച്ചത് ചില പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താനായിരുന്നു. നഗരവാസികള്‍ക്ക് ഒരുതരി മണ്ണ് പോലുമില്ലാതെ സ്വന്തം വീട്ടിനകത്തിരുന്ന് ആവശ്യത്തിനുള്ള പച്ചക്കറികളും മീനും ഉത്പാദിപ്പിക്കാനുള്ള നൂതനമായ സാങ്കേതിക വിദ്യയായിരുന്നു ഇവര്‍ വികസിപ്പിച്ചത്. ട്രിച്ചി എന്‍.ഐ.ടി വിദ്യാര്‍ഥികളായിരുന്ന ഇവര്‍ ഒരുമിച്ചാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത്. കെമിക്കല്‍ എന്‍ജിനീയറായിരുന്ന ദീപകും പ്രൊഡക്റ്റ് അനലിസ്റ്റ് ആയിരുന്ന ആശിഷും ജോലി ഉപേക്ഷിച്ച് അക്വാപോണിക്‌സ് കൃഷിയിലേക്കിറങ്ങിത്തിരിച്ചു.

startup by Deepak and Ashish

ഇവര്‍ ഉണ്ടാക്കിയ അക്വാപോണിക്‌സ് സംവിധാനം അകലെ നിന്ന് നിയന്ത്രിക്കാനായി മൊബൈല്‍ ആപ്പും സെന്‍സര്‍ യൂണിറ്റുമുണ്ടാക്കിയിട്ടുണ്ട്. ഇതിനൊന്നും അറ്റകുറ്റപ്പണികള്‍ ആവശ്യമില്ല. അതായത് കേടുപാടുകള്‍ പരിഹരിക്കാനായി വലിയൊരു തുക ചെലവാക്കേണ്ടതില്ലെന്നര്‍ഥം.

അക്വാപോണിക്‌സ് കൃഷിയില്‍ രണ്ടുതരത്തിലുള്ള കൃഷിരീതികള്‍ സംയോജിപ്പിക്കുകയാണ് ചെയ്യുന്നത്. അതായത് ജലസംഭരണിക്കുള്ളില്‍ മീനുകളെ വളര്‍ത്തി അവയുടെ മാലിന്യങ്ങള്‍ വെള്ളത്തില്‍ വളരുന്ന ചെടികള്‍ക്ക് പോഷകമായി നല്‍കുന്ന രീതിയാണിത്. അക്വാപോണിക്‌സ് എന്നത് സംയോജിത കൃഷിരീതിയാണ്. ഈ സംവിധാനത്തിലൂടെ നമുക്ക് പച്ചക്കറികളും മത്സ്യങ്ങളും പഴവര്‍ഗങ്ങളും അലങ്കാരമത്സ്യങ്ങളും വളര്‍ത്താം. മിതമായ ജലമുപയോഗിച്ച് കൃഷി ചെയ്യാമെന്നതാണ് അക്വാപോണിക്‌സ് കൃഷിയുടെ മേന്മ. അക്വാപോണിക്‌സിന്റെ സാധ്യതകളെക്കുറിച്ച് മനസിലാക്കിയ ദീപകും ആശിഷും ഇത് തങ്ങളുടെ തൊഴിലായി സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

2016 മാര്‍ച്ചില്‍ ഈ സുഹൃത്തുക്കള്‍ ജോലി രാജിവെച്ചു. 'ക്രോഫ്‌റ്റേഴ്‌സ്' എന്ന പേരിലാണ് തങ്ങളുടെ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. നിങ്ങളുടെ വീട്ടിനകത്തിരുന്നും ജൈവപച്ചക്കറികള്‍ വിളയിക്കാവുന്ന രീതിയിലുള്ള അക്വാപോണിക്‌സ് സംവിധാനമാണ് ഇവര്‍ തുടങ്ങിയത്. അതായത് സ്വയം വൃത്തിയാക്കാന്‍ കഴിവുള്ള ഇന്‍ഡോര്‍ അക്വാപോണിക്‌സ് സംവിധാനം.

'ഞങ്ങളുടെ സ്റ്റാര്‍ട്ടപ്പ് സുസ്ഥിരമായ രീതിയില്‍ ആരോഗ്യമുള്ള ഭക്ഷണം ഉത്പാദിപ്പിക്കാനാണ് ശ്രമിച്ചത്. നഗരത്തിലെ ഇന്‍ഡോര്‍ ഫാമിങ്ങ് ഒരു യാഥാര്‍ഥ്യമാക്കുകയായിരുന്നു. അതായത് നഗരങ്ങളില്‍ കൃഷി ചെയ്യാന്‍ ഇഷ്ടമുള്ള പലരും മണ്ണോ മട്ടുപ്പാവോ ഇല്ലാതെ തങ്ങളുടെ ആഗ്രഹം കുഴിച്ചുമൂടുകയായിരുന്നു.' ദീപക് പറയുന്നു.

ഈ ചെറുപ്പക്കാര്‍ തങ്ങളുടെ ആശയം നടപ്പാക്കുന്നതിനെക്കുറിച്ച് വ്യക്തമായ പദ്ധതികളുള്ളവരായിരുന്നു. 'ഞങ്ങള്‍ മനുഷ്യരാശിയുടെ ഏറ്റവും പുരാതനമായ വ്യവസായത്തെ പുനരുദ്ധരിക്കുകയാണ് ചെയ്യുന്നത്. സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ചാണ് ഞങ്ങള്‍ ഇത് നടപ്പിലാക്കുന്നത്. നിങ്ങള്‍ക്ക് തന്നെ ശുദ്ധമായ ആഹാരസാധനങ്ങള്‍ ഉത്പാദിപ്പിച്ച് കഴിക്കാനുള്ള വഴിയാണിത്.' ദീപക് പറയുന്നു.

ആളുകള്‍ക്ക് തങ്ങളുടെ പച്ചക്കറികള്‍ സ്വയം ഉത്പാദിപ്പിക്കാനാവശ്യമായ ഒരു സോഫ്റ്റ് വെയറും ഹാര്‍ഡ് വെയറും ഉണ്ടാക്കി അതിന്റെ പ്രവര്‍ത്തനം ഉപകരണവുമായി സംയോജിപ്പിക്കുകയാണ് ഇവര്‍ ചെയ്തത്. അക്വാപോണിക്‌സ് സംവിധാനത്തിന്റെ ഘടന പ്രോട്ടോടൈപ്പായി വികസിപ്പിക്കുകയായിരുന്നു ഇവര്‍. ആറുമാസമായിരുന്നു ആദ്യ ഉത്പന്നം ഉണ്ടാക്കാനെടുത്ത സമയം. അടുത്ത മൂന്നുമാസം കൊണ്ട് ഈ ഉത്പന്നം നേരത്തേ വാങ്ങാമെന്ന് ഏറ്റവര്‍ക്കായി തയ്യാറാക്കി.

15 പേര്‍ക്ക് തങ്ങളുടെ ഉത്പന്നം നല്‍കി ഗുണനിലവാരം മനസിലാക്കി. അവരില്‍ നിന്ന് പ്രതികരണങ്ങള്‍ സ്വീകരിച്ച് ഈ ഉത്പന്നം വിപണിയിലെത്തിക്കാന്‍ തയ്യാറാക്കി. എല്‍.ഇ.ഡി ലൈറ്റ് ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയാണ് ഈ ഉത്പന്നത്തിന്റെ പ്രത്യേകത. ഇതുപയോഗിച്ച് വീടിനകത്തുള്ള സ്ഥലങ്ങള്‍ ഫാം ആക്കിമാറ്റാനും 80 ശതമാനത്തോളം വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാനും കഴിഞ്ഞു. വെര്‍ട്ടിക്കല്‍ ഫാമിങ്ങ് ഉപയോഗിച്ച് വളരെക്കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവ് ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞു.

'സൂര്യപ്രകാശത്തെ അനുകരിക്കുന്ന തരത്തിലുള്ള എല്‍.ഇ.ഡി ലൈറ്റ് ഉണ്ടാക്കുകയെന്നത് വളരെ വെല്ലുവിളിയായിരുന്നു. ചെടികളുടെ കാര്യക്ഷമമായ വളര്‍ച്ചയ്ക്ക് പ്രകാശം അത്യാവശ്യമാണല്ലോ. ഞങ്ങളുടെ നിരന്തരമായ ഗവേഷണത്തിനൊടുവിലാണ് ചുവപ്പും നീലയും പ്രകാശത്തിന്റെ സ്‌പെക്ട്രത്തില്‍ നിന്നും സൂര്യപ്രകാശത്തോട് സാമ്യമുള്ള ലൈറ്റ് കണ്ടെത്തിയത്.' ആശിഷ് പറയുന്നു.

വിപണിയിലെ വിജയം

ഇവരുടെ സ്റ്റാര്‍ട്ടപ്പില്‍ ആറ് അംഗങ്ങളുണ്ട്. ആട്ടോമേഷന്‍, ഡിസൈന്‍, എന്‍ജിനീയറിങ്ങ് എന്നീ മേഖലയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ദീപക് സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലയും മാനേജ്‌മെന്റും നിര്‍വഹിക്കുന്നു. ആശിഷാണ് ഉത്പന്നങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ചുമതല വഹിക്കുന്നത്.

ഓണ്‍ലൈന്‍ വഴി നിങ്ങളുടെ വീട്ടുമുറ്റത്ത് എത്തുന്ന രീതിയിലാണ് ഇവരുടെ വില്‍പ്പന. 15 പേര്‍ക്ക് നല്‍കിയപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇവരുടെ ഉത്പന്നങ്ങള്‍ക്കായുള്ള അന്വേഷണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.

'വെര്‍ട്ടിക്കല്‍ ഫാമിങ്ങ് വഴി ഏകദേശം 5.5 ബില്യണ്‍ ഡോളറാണ് 2020 ല്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്ന വരുമാനം. ഉയര്‍ന്ന ഗുണനിലവാരമുള്ള പച്ചക്കറികളുടെ ആവശ്യകത വര്‍ധിച്ചു വരികയാണ്. രാസവസ്തുക്കള്‍ ഉപയോഗിക്കാതെയുള്ള കൃഷിയാണ് അക്വാപോണിക്‌സിന്റെ മേന്മ. കാലാവസ്ഥയെ അമിതമായി ആശ്രയിക്കേണ്ടി വരുന്നില്ല.

Follow Us:
Download App:
  • android
  • ios