രാജ്യത്തെ കൊവിഡ് മരണം 1,389 ആയി ഉയര്‍ന്നു. ആകെ രോഗ ബാധിതർ 42,836 ആയി. 11,762 പേര്‍ക്കാണ് രോഗം ഭേദമായത്. 24 മണിക്കൂറിനുളിൽ 2,573 പേര്‍ക്ക് രോഗം ബാധിച്ചു. 83 പേര്‍ മരിച്ചു. അതേസമയം കേരളത്തില്‍ 61 പേര്‍ക്ക് കൂടി കൊവിഡ് മുക്തി

08:08 PM (IST) May 04
വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്ത് നാളെ ഉന്നതതല യോഗം. ഏഴാം തീയ്യതി മുതല്‍ പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ രാവിലെ 10 മണിക്കായിരിക്കും യോഗം.
07:53 PM (IST) May 04
ഗൾഫിലടക്കം ലോകത്തെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാൻ കേന്ദ്രസർക്കാർ അനുമതി നൽകിയ സാഹചര്യത്തില്‍ ആദ്യ വിമാനം യുഎഇയില്‍ നിന്നായിരിക്കുമെന്ന് ഉന്നതതല വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്കും വിമാനങ്ങള്‍ അയക്കും. മാലിദ്വീപില്‍ കുടങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി കപ്പല്‍ അയക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.
07:28 PM (IST) May 04
തമിഴ്നാട്ടിൽ മദ്യവിൽപ്പന ശാലകൾ തുറക്കും. വ്യാഴാഴ്ച മുതൽ മദ്യവിൽപ്പനശാലകൾ തുറക്കുമെന്ന് സർക്കാർ ഉത്തരവിട്ടു. കണ്ടൈയ്ൻമെൻ്റ് സോണിൽ ഒഴികെ തുറക്കുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്
07:20 PM (IST) May 04
ഇടുക്കിയില്‍ 11 പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. 12 പേരാണ് ജില്ലയിൽ പോസിറ്റീവ് ആയി ഉണ്ടായിരുന്നത്. ഇനി ഒരാളുടെ ഫലമാണ് ലഭിക്കാനുളളതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
07:01 PM (IST) May 04
കാസര്‍കോട് ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ നിന്നും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നുമായി മൂന്ന് പേർ രോഗമുക്തരായി ആശുപത്രിവിട്ടു. ഉക്കിനടുക്കയിൽ ചികിത്സയിൽ ആയിരുന്ന വിദേശത്ത് നിന്നും വന്ന 41 വയസുള്ള ഉദുമ സ്വദേശിയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 7 വയസുള്ള കാസര്‍കോട് മുൻസിപ്പാലിറ്റി സ്വദേശിയും അജാനൂർ സ്വദേശിയുമാണ് രോഗമുക്തനായത്.
06:43 PM (IST) May 04
ദില്ലിയിൽ ഗ്രീൻ സോണുകളിൽ ഇളവുകൾ അനുവദിച്ചത് ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. സാമൂഹിക അകലം പാലിക്കുന്നതിലും മാസ്ക് ധരിക്കുന്നതിലും വീഴ്ച്ച വരുത്തിയാൽ ഇളവുകൾ പിൻവലിക്കേണ്ടിവരുമെന്നും കെജ്രിവാൾ
06:35 PM (IST) May 04
രാജ്യത്തെ കൊവിഡ് മരണം 1,389 ആയി ഉയര്‍ന്നു. ആകെ രോഗ ബാധിതർ 42,836 ആയി. 11,762 പേര്‍ക്കാണ് രോഗം ഭേദമായത്. 24 മണിക്കൂറിനുളിൽ 2,573 പേര്‍ക്ക് രോഗം ബാധിച്ചു. 83 പേര്‍ മരിച്ചു.
06:23 PM (IST) May 04
ഗൾഫിലടക്കം ലോകത്തെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാൻ കേന്ദ്രസർക്കാർ അനുമതി നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രവാസികളെ മടക്കി കൊണ്ടു വരാനുള്ള നടപടികൾക്ക് തുടക്കം കുറിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. പ്രവാസികളെ എങ്ങനെ മടക്കി കൊണ്ടു വരണം എന്ന കാര്യത്തിൽ വിശദമായ മാർഗ്ഗനിർദേശം പുറപ്പെടുവിക്കണമെന്നും വിമാനങ്ങളും കപ്പലുകളും പ്രവാസികളെ മടക്കി കൊണ്ടുവരാനായി ഉപയോഗപ്പെടുത്തണമെന്നും യാത്രചിലവ് തിരികെ മടങ്ങുന്നവർ തന്നെ വഹിക്കേണ്ടി വരുമെന്നും ഉത്തരവിലുണ്ട്
06:15 PM (IST) May 04
സ്വദേശത്തേക്ക് മടങ്ങിപ്പോകുന്ന അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാമെന്ന കോണ്‍ഗ്രസിന്‍റെ ആഹ്വാനത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ സംസ്ഥാനങ്ങളിലെയും പ്രദേശ് കോൺഗ്രസ് കമ്മിറ്റികളാണ് ഈ ചെലവ്വഹിക്കുകയെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കെപിസിസി ചെലവ് വഹിക്കുന്നതിനെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നു. അവര്‍ ചെലവ് വഹിക്കാന്‍ പുറപ്പെട്ടാല്‍ എന്താകും അവസ്ഥയെന്ന് അങ്ങനെ വരുന്നയാളുകള്‍ക്ക് ഒക്കെ നല്ല ബോധ്യമുണ്ടാകും. നമുക്ക് ഒരുപാട് അനുഭവമുള്ളതല്ലേ എന്നും പിണറായി വിജയന്‍ ചോദിച്ചു.
06:14 PM (IST) May 04
പ്രവാസികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ അനുകൂല തീരുമാനം പെട്ടെന്നു തന്നെയുണ്ടാരുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇതിനായുള്ള ആലോചനകള്‍ നേരത്തെ നടത്തിവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതിന്റെ അവസാന ഘട്ടത്തിലാണ് ഇപ്പോഴെന്നാണ് മനസിലാക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
06:01 PM (IST) May 04
സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കത്തിന് ടിക്കറ്റ് തൊഴിലാളികൾ തന്നെ എടുക്കണമെന്ന് മുഖ്യമന്ത്രി. ടിക്കറ്റ് വില സംസ്ഥാനം വഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
05:39 PM (IST) May 04
നേരത്തെ മരവിപ്പിച്ച് നിർത്തിയ മൂന്ന് പാളം ഇരട്ടിപ്പിക്കൽ പദ്ധതി പുനരുജ്ജീവിപ്പിക്കും. ആലപ്പുഴ-കായംകുളം പാത ഇരട്ടിപ്പിക്കാൻ 1,439 കോടിയുടെ പദ്ധതി. എറണാകുളം - കുമ്പളം 189 കോടിയും കമ്പളം - തുറവൂർ പാതയ്ക്ക് 250 കോടി തുറവൂർ അമ്പലപ്പുഴ യ്ക്കുമാണ് തുക.
05:29 PM (IST) May 04
വ്യവസായങ്ങൾക്ക് ലൈസൻസും അനുമതികളും ഒരാഴ്ചയ്ക്കകം. ഉപാധികളോടെയാവുമിത്. ഒരു വർഷത്തിനകം സംരംഭകൻ നടപടി ക്രമം പൂർത്തിയാക്കണം. പോരായ്മകൾ തിരുത്താൻ അവസരം നൽകും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ബഹുതല ലോജിസ്റ്റിക്സ് സൗകര്യം ഏർപ്പെടുത്തും. അന്താരാഷ്ട്ര തലത്തിൽ ഇത് കേരളത്തെ പ്രധാന വാണിജ്യ ശക്തിയാകും. കയറ്റുമതിയും ഇറക്കുമതിയും ശക്തിപ്പെടുത്താൻ ലോജിസ്റ്റിക്സ് പാർക്ക് ആരംഭിക്കും
05:23 PM (IST) May 04
കണ്ടൈൻമെന്റ് സോണൊഴികെ റോഡുകൾ അടച്ചിടില്ല. നിബന്ധനകൾ ക്ക് വിധേയമായി വാഹന ഗതാഗതം നടത്തും. പ്രവാസി മലയാളികൾക്ക് മടങ്ങി എത്തിയ ഉടൻ ബന്ധുക്കളുമായി ആശയവിനിമയം നടത്താൻ ബിഎസ്എൻഎൽ സിം കാർഡ് നൽകും.
05:21 PM (IST) May 04
സംസ്ഥാനത്തെ ഓട്ടോമൊബൈൽ വർക് ഷോപ്പുകൾക്ക് ഹോട്ട്സ്പോട്ടുകളിലല്ലാതെ പ്രവർത്തിക്കാം. ഞായറാഴ്ച സമ്പൂര്‍ണ ഒഴിവാണ് പ്രഖ്യാപിച്ചത്. റംസാൻ ആയതിനാൽ ഉച്ചക്ക് ശേഷം ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പ്രവര്‍ത്തിക്കാം.
05:18 PM (IST) May 04
സംസ്ഥാനത്തെ അതിഥിതൊഴിലാളികളിൽ സ്വന്തം സംസ്ഥാനത്തേക്ക് പോകാനാഗ്രഹിക്കുന്നവരെയാണ് തിരിച്ചയക്കുന്നത്. അതിഥി തൊഴിലാളികളെ എല്ലാവരെയും തിരിച്ചയക്കുക സർക്കാരിന്റെ നയമല്ല. ലക്ഷദ്വീപിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാൻ ധാരണയായതായും മുഖ്യമന്ത്രി.
05:13 PM (IST) May 04
വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വരെ തിരികെയെത്തിക്കാൻ കേന്ദ്രത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് കത്തയച്ചതായി മുഖ്യമന്ത്രി. 28 722 പേർ പാസിന് അപേക്ഷിച്ചു. ഇതുവരെ 515 പേർ കേരളത്തിലെത്തി. നോർക്ക വഴി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണനാ ക്രമത്തിൽ പാസ് നൽകും. അതിർത്തിയിൽ തിരക്കൊഴിവാക്കി ക്രമീകരണം നടത്തിയിട്ടുണ്ട്.
05:07 PM (IST) May 04
വിവിധ സംസ്ഥാനങ്ങളിലെ 164,263 മലയാളികൾ നോർക്ക വഴി നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്തു. കർണ്ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുള്ളവരാണ് ഏറ്റവും കൂടുതൽ. തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ദില്ലി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഹരിയാന, ഗോവ എന്നിവിടങ്ങളിൽ നിന്നെല്ലാം മലയാളികൾ നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്തു.
05:05 PM (IST) May 04
സംസ്ഥാനത്ത് ഇതുവരെ 499 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 95 പേരായിരുന്നു ചികിത്സയിലുള്ളത്. 61 പേർ ഇന്ന് നെഗറ്റീവായതോടെ ആശുപത്രി വിടും. അതോടെ ആശുപത്രിയിൽ തുടരുന്നവരുടെ എണ്ണം 34 ആയി മാറും. സംസ്ഥാനത്ത് 81 ഹോട്ട്സ്പോര്‍ട്ടുകളാണുള്ളത്. പുതിയ ഹോട്ട്സ്പോര്‍ട്ടുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി.
05:01 PM (IST) May 04
സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. രോഗബാധയുള്ള 61 പേരുടെ ഫലം നെഗറ്റീവായി
04:55 PM (IST) May 04
കേരളത്തില്‍ ഇതുവരെ രോഗബാധയേറ്റത് 499 പേര്‍ക്കാണ്. ഇതില്‍ 401 പേര്‍ ഞായറാഴ്ച വരെ രോഗമുക്തി നേടിക്കഴിഞ്ഞു. 95 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി
04:44 PM (IST) May 04
സുപ്രീംകോടതിയിൽ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് ദീപക് ഗുപ്തക്ക് വീഡിയോ കോൺഫറൻസിംഗ് വഴി യാത്രയയപ്പ് നൽകും. കൊവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം.
04:40 PM (IST) May 04
സംസ്ഥാനങ്ങളുടെ അഭ്യർത്ഥന പരിഗണിച്ചാണ് അതിഥി തൊഴിലാളികൾക്കായി പ്രത്യേക ട്രെയിൻ അനുവദിച്ചതെന്ന് കേന്ദ്രം. തൊഴിലാളികളിൽ നിന്ന് പണം ഈടാക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്നും കേന്ദ്രം. യാത്രക്കാരടെ ചെലവിൽ പതിനഞ്ച് ശതമാനം വഹിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഭൂരിഭാഗം സംസ്ഥാനങ്ങളും ഇത് പാലിച്ചു.ഒന്നോ രണ്ടോ സംസ്ഥാനങ്ങൾ നിർദ്ദേശം അനുസരിച്ചില്ലെന്നും കേന്ദ്രം.
03:59 PM (IST) May 04
കോയമ്പേടിലേത് നീണ്ട സമ്പർക്ക പട്ടിക എന്ന് തമിഴ്‍നാട് സർക്കാർ. വിവിധ ജില്ലകളിലേക്ക് മടങ്ങിയ 7700 പേരെ തിരിച്ചറിഞ്ഞു. ഇവരുടെ സാമ്പിൾ പരിശോധിക്കും. ഇനിയും ആളുകളെ തിരിച്ചറിയാനുണ്ടെന്നും സർക്കാർ. നീലഗിരിയിൽ ഒൻപത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
03:53 PM (IST) May 04
സമൂഹ വ്യാപനത്തിൽ നിന്ന് ഇന്ത്യ രക്ഷ നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ. പ്രതിദിനം ഒരു ലക്ഷം പരിശോധന വൈകാതെ നടത്താനാവുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
03:48 PM (IST) May 04
ലോക്ക് ഡൗണ്‍ ചട്ടങ്ങൾ ലംഘിച്ചതിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിഏപ്രിൽ 27ന് പോത്തൻകോട് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി ലോക്ക് ഡൗണ്‍ ചട്ടങ്ങൾ ലംഘിച്ചതായി ഹർജിക്കാരൻ പറഞ്ഞു.തിരുവനന്തപുരം സ്വദേശി അഡ്വക്കേറ്റ് എം മുനീർ ആണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് ഹർജിക്കാരൻ പറഞ്ഞു.
02:51 PM (IST) May 04
അതിഥി തൊഴിലാളികൾ യാത്രാ കൂലി നൽകേണ്ടതില്ലെന്ന് മധ്യപ്രദേശ് , ബിഹാർ സർക്കാരുകൾ
02:50 PM (IST) May 04
ഗുജറാത്തിലെ സൂറത്തിൽ പൊലീസും അതിഥി തൊഴിലാളികളും വീണ്ടും ഏറ്റുമുട്ടി. കല്ലേറുണ്ടാവുകയും പൊലീസ് ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു.
02:49 PM (IST) May 04
കിഴക്കൻ ദില്ലിയിൽ തുറന്ന മദ്യ വില്പന കേന്ദ്രങ്ങൾ അടച്ചു. സാമുഹിക അകലം പാലിക്കാത്തതിനാലാണ് മദ്യവില്‍പ്പന ശാലകള്‍ അടപ്പിച്ചത് എന്ന് പൊലീസ്.
02:23 PM (IST) May 04
ദില്ലിയിലെ ബിഎസ്എഫ് ഹെഡ് ക്വാർട്ടേഴ്‍സിലെ ഒരു ഉദ്യോഗസ്ഥന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഹെഡ് ക്വാർട്ടേഴ്സിലെ രണ്ടു നിലകൾ സീൽ ചെയ്തു.
02:11 PM (IST) May 04
എറണാകുളം ബ്രോഡ്‍ വേയിലെ കടകൾ അടച്ചിടുമെന്ന് വ്യാപാരികൾ. മുഴുവൻ കടകളും ഒരേസമയം തുറക്കാനാവില്ലെന്ന് കളക്ടർ അറിയിച്ചതോടെയാണ് വ്യാപാരികളുടെ തീരുമാനം. തുറക്കുകയാണെങ്കിൽ ഒരുമിച്ചേ തുറക്കുവെന്നും വ്യാപാരികൾ അറിയിച്ചു.
02:07 PM (IST) May 04
ലോക്ക്ഡൗൺ ലംഘിച്ചു തീർഥാടനം നടത്തിയ ഉത്തർപ്രദേശ് എംഎൽഎ അമർമണി ത്രിപാഠിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഉത്തരാഖണ്ഡ് പൊലീസ് ആണ് എംഎൽഎക്കും 11 കൂട്ടാളികൾക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
02:04 PM (IST) May 04
റെഡ് സോണായ കണ്ണൂരിൽ ആളുകൾ കൂട്ടത്തോടെ ഇറങ്ങുന്നു. ട്രിപ്പിൾ ലോക്ക് ഡൗൺ കണ്ണൂരിൽ തുടരുകയാണെന്ന് എസ് പി. ഇതു പോലെ ആളുകൾ പുറത്തിറങ്ങിയയാൽ പൊലീസ് നടപടി കടുപ്പിക്കും. പൊലീസിൻ്റെ 29 കണ്ടൈന്‍മെന്‍റ് സോണില്‍ ആര് പുറത്തിറങ്ങിയാലും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്.
01:14 PM (IST) May 04
പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാനം പുറത്തിറക്കി. ഹോട്ട് സ്പോട്ടുകളിൽ കർശന നിയന്ത്രണം തുടരുകയും അല്ലാത്തിടത്തു ഇളവുകൾ നല്‍കുകയും ചെയ്യും. മദ്യശാലകൾ മാളുകൾ ബാർബർ ഷോപ്പുകൾ എന്നിവ തുറക്കില്ല.
12:24 PM (IST) May 04
മിഠായിതെരുവിൽ നിബന്ധനകൾ പാലിച്ചേ കടകൾ തുറക്കുവെന്ന് വ്യാപാരികൾ. തെരുവിൻ്റെ ഒരു ഭാഗത്ത് ഒരു ദിവസം മറ്റേ ഭാഗത്ത് മറ്റൊരു ദിവസം എന്ന രീതിയിൽ കടകൾ തുറക്കാൻ അനുവദിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
12:12 PM (IST) May 04
കോഴിക്കോട് പയ്യോളിക്കടുത്ത് നന്ദി ബസാറിൽ അതിഥി തൊഴിലാളികൾ ദേശീയപാത ഉപരോധിക്കുന്നു. നാട്ടിലേക്ക് പോകാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം. പൊലീസ് ഇടപെട്ട് തൊഴിലാളികളെ ക്യാമ്പുകളിലേക്ക് മാറ്റി. ഉപരോധത്തിന് നേതൃത്വം നൽകിയ രണ്ട് അതിഥി തൊഴിലാളികളെയും അറസ്റ്റ് ചെയ്തു.
12:03 PM (IST) May 04
നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തിൽ ചെന്നൈ മലയാളികൾ ആശങ്കയിൽ. തമിഴ്‍നാട് വെബ്‍സൈറ്റ് സജീവമല്ലെന്ന് പരാതി.ഇ പാസിന് അപേക്ഷിക്കുന്ന സൈറ്റുകൾ പ്രവർത്തിക്കുന്നില്ല. തമിഴ്‍നാട്ടിലെ ജില്ലാ അതിർത്തികൾ കടക്കാൻ സർക്കാർ അനുമതി വേണം.
11:59 AM (IST) May 04
കടകൾ തുറക്കന്നുതുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരത്തിൽ ആശയക്കുഴപ്പം. മിഠായിത്തെരുവ് പോലെ തിരക്കുള്ള സ്ഥലങ്ങളിൽ കടകൾ തുറക്കാനെത്തിയ വ്യാപാരികളെ പൊലീസ് തടഞ്ഞു. ഒറ്റപ്പെട്ട സ്ഥലങ്ങളിലും ജനത്തിരക്ക് കുറവുള്ള മേഖലകളിലും കടകൾ തുറക്കാമെന്നാണ് പൊലീസ് നിർദേശം. എന്നാൽ അവശ്യമേഖലയിലെ കടകൾ മാത്രം തുറന്നാൽ മതിയെന്നായിരുന്നു ജില്ലാ കളക്ടറുടെ ഉത്തരവ്. ഇക്കാര്യത്തിൽ വ്യക്തത നേടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി നസിറുദ്ദീൻ ചീഫ് സെക്രട്ടറിയെ സമീപിച്ചു.
11:54 AM (IST) May 04
തമിഴ്‍നാട്ടില്‍ രോഗവ്യാപനത്തിൻ്റെ കേന്ദ്രമായി കോയമ്പേട്. കോയമ്പേട് നിന്ന് വിവിധ ജില്ലകളിലേക്ക് മടങ്ങി പോയവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കടലൂരിൽ 129 പേർ, ചെങ്കൽപ്പേട്ട് 77, അരിയലൂർ 44, കാഞ്ചീപുരം 7 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
11:32 AM (IST) May 04
കളിയിക്കാവിളയിലെ ആശയക്കുഴപ്പം നീക്കി. നോർക്ക വഴി രജിസ്റ്റർ ചെയ്തവരെ കടത്തിവിടാൻ തീരുമാനം. റവന്യൂ ഉദ്യോഗസ്ഥർ കളിയിക്കാവിളയിലെത്തി. ഇഞ്ചിവിളയിലെ ചെക്ക് പോസ്റ്റിലൂടെ ഇതര സംസ്ഥാനത്തു നിന്നു വരുന്നവരെ പ്രവേശിപ്പിച്ചു തുടങ്ങി.മറ്റ് ജില്ലകളിലേക്ക് പോകുന്നവർ സ്വന്തം നിലക്ക് വാഹനം ഏർപ്പെടുത്തണം.