Published : Jul 19, 2023, 09:14 AM ISTUpdated : Jul 19, 2023, 09:17 AM IST

Live News Malayalam : വികാര നിർഭരമായ നിമിഷങ്ങൾ; ഉമ്മൻചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാനം

Summary

ഉമ്മൻചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാനം. മൃതദേഹം വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. വികാര നിർഭരമായ രം​ഗങ്ങളാണ് പുതുപ്പള്ളി ഹൗസിൽ കണ്ടത്. ഏഴുമണിയോടെയാണ് മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോയത്. മക്കളുൾപ്പെടെയുള്ള കുടുംബാംഗങ്ങളും പുതുപ്പള്ളിയിലേക്ക് തിരിച്ചു. വാഹനം എംസി റോഡ് വഴിയാണ് കടന്നുപോവുന്നത്. ഈ റോഡിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

Live News Malayalam : വികാര നിർഭരമായ നിമിഷങ്ങൾ; ഉമ്മൻചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാനം

09:17 AM (IST) Jul 19

അൻവറിന് നിർണായകം, മിച്ചഭൂമി തിരിച്ചുപിടിക്കാൻ എന്ത് നടപടി സ്വീകരിച്ചു? ഹൈക്കോടതിയിൽ സർക്കാർ ഇന്ന് മറുപടി നൽകണം

പി വി അൻവർ എം എൽ എക്കെതിരായ മിച്ചഭൂമി കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എം എൽ എയും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവുപ്രകാരം സ്വീകരിച്ച നടപടികൾ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കേണ്ടിവരും. ഇക്കാര്യം വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നൽകാൻ സർക്കാരിന് കഴിഞ്ഞ ദിവസം കോടതി നിർദേശം നൽകിയിരുന്നു. കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യംതള്ളി ആയിരുന്നു നിർദ്ദേശം.

09:17 AM (IST) Jul 19

പരിവാരങ്ങളില്ലാതെ വീട്ടിലേക്ക് ഒറ്റക്ക് കയറി വന്ന ഉമ്മൻചാണ്ടി; നിസ്സഹായാവസ്ഥയിൽ താങ്ങായത് പങ്കുവെച്ച് കൈതപ്രം

 മലയാളികളായ ഏറെപ്പേർക്ക് ഉമ്മൻചാണ്ടിയെക്കുറിച്ച് പറയാനുള്ളൊരനുഭവം പോലൊന്നാണ് കൈതപ്രത്തിനും പറയാനുള്ളത്. ജീവിതത്തിൽ ഏറ്റവും നിസഹായനായിപ്പോയ സമയത്തെ കൈത്താങ്ങിനെക്കുറിച്ചാണ് കൈതപ്രം പറയുന്നത്. ഒപ്പമുണ്ടെന്നൊരാശ്വാസം, അതും അങ്ങനെയൊരാത്മബന്ധം അതിനുമുമ്പില്ലാതിരുന്നിട്ട് പോലും. 

09:16 AM (IST) Jul 19

പുതുപ്പള്ളിയിലേക്ക് ഉമ്മൻചാണ്ടിയുടെ അവസാനയാത്ര, അത്രമേൽ വേദനയിൽ കേരളം; അവധിയും ഗതാഗത നിയന്ത്രണവുമടക്കം അറിയാം

ജനനായകൻ ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അത്രമേൽ വേദനിക്കുകയാണ് കേരളത്തിന് എന്ന് വ്യക്തമാക്കുന്നതാണ് മരണവാർത്ത അറിഞ്ഞശേഷമുള്ള ഓരോ കാഴ്ചയും. തലസ്ഥാനത്ത് അന്ത്യാഞ്ജലി അ‍ർപ്പിക്കാൻ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. പുതുപ്പള്ളി ഹൗസിലും ദര്‍ബാര്‍ ഹാളിലും പാളയം പള്ളിയിലും കെ പി സി സി ആസ്ഥാനത്തുമെല്ലാം നിയന്ത്രണാതീതമായ തിക്കും തിരക്കുമാണ് അനുഭവപ്പെട്ടത്. വന്‍ ജനസാഗരമാണ് ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത്. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ ഏഴ് മണിയോടെ വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോകും. ഇത് പരിഗണിച്ച് ഇന്നും മറ്റന്നാളും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

09:16 AM (IST) Jul 19

നടുറോഡിൽ രാത്രി നടുക്കുന്ന ആക്രമണം, ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊന്നു; നടുങ്ങി കായംകുളം

കായംകുളം കൃഷ്ണപുരത്ത് ഡി വൈ എഫ് ഐ പ്രവർത്തകനെ ക്രിമിനൽ കൊട്ടേഷൻ സംഘം വെട്ടിക്കൊന്നു. ഡി വൈ എഫ് ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം അമ്പാടിയെയാണു നാലംഗ ക്രിമിനൽ കൊട്ടേഷൻ സംഘം നടുറോഡിൽ വെട്ടിക്കൊന്നത്. പുതുപ്പള്ളി പത്തിശേരി കടക്കക്കാവിൽ വേലശേരിൽ സന്തോഷ് ശകുന്തള ദമ്പതികളുടെ മകനാണ് അമ്പാടി. കാപ്പിൽ കളത്തട്ട് ജംഗ്ഷനിൽ വച്ച് നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടി പരികേൽപ്പിക്കുകയായിരുന്നു.

09:15 AM (IST) Jul 19

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം, കേരളത്തിലെ മഴ സാഹചര്യം മാറും; ജാഗ്രത ഇന്ന് 4 ജില്ലകളിൽ, വ്യാപക മഴക്ക് സാധ്യത

കേരളത്തിന് വീണ്ടും മഴ ഭീഷണിയായി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത. നിലവിൽ രൂപപ്പെട്ടിട്ടുള്ള ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതാണ് കേരളത്തിന് മഴ ഭീഷണിയാകുന്നത്. ഇതനുസരിച്ച് 22 ാം തിയതി വരെ കേരളത്തിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രതയുള്ളത്.

09:15 AM (IST) Jul 19

എങ്ങും കണ്ണീരും സ്നേഹവും, രാത്രി വൈകിയും ഉമ്മൻചാണ്ടിയെ ഒരുനോക്ക് കാണാൻ ജനസാഗരം, നെഞ്ചുലച്ച് പൊതുദർശനം

കേരളത്തിന്റെ ജനനായകൻ ഉമ്മൻചാണ്ടിക്ക് അന്ത്യാഞ്ജലിയുമായി ആയിരങ്ങൾ രാത്രി വൈകിയും ഒഴുകിയെത്തുന്നു. ചേതനയറ്റ ശരീരമായി തലസ്ഥാനത്തെത്തിച്ച ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്കുകാണാൻ ഓരോ നിമിഷത്തിലും നെഞ്ചുലഞ്ഞ മനുഷ്യരുടെ നീണ്ട നിരയാണ് കണ്ടത്. ഏങ്ങും കണ്ണീരും അളവറ്റ സ്നേഹവുമായിരുന്നു ദൃശ്യമായത്. തിരുവനന്തപുരം എയർപോർട്ടിൽ തുടങ്ങിയ തിക്കും തിരക്കും രാത്രി വൈകിയും കെ പി സി സി ആസ്ഥാനത്തും ദൃശ്യമാണ്. ജനനായകനെ കാണാനായി രാഷ്ട്രീയ നേതാക്കളും കോൺഗ്രസ് പ്രവർത്തകരും സാധാരണ ജനങ്ങളും നിറഞ്ഞ കണ്ണുകളുമായാണ് എത്തിയത്. എന്നും ആൾക്കൂട്ടത്തിന് നടുവിലായിരുന്ന ജനനേതാവിൻ്റെ ഭൌതിക ശരീരവും ആൾക്കൂട്ടത്തിൻ്റെ നടുവിൽ തന്നെയായിരുന്നു. ഒടുവിൽ രാത്രി പന്ത്രണ്ടരയോടെ കെ പി സി സി ആസ്ഥാനത്തെ പൊതുദർശനം അവസാനിപ്പിച്ച് ജഗതിയിലെ സ്വവസതിയായ പുതുപ്പള്ളി ഹൌസിലേക്ക് ഉമ്മൻചാണ്ടിയുടെ ഭൌതിക ശരീരം മാറ്റി.


More Trending News