Published : Dec 01, 2024, 09:38 AM IST

Malayalam News Live: കൊച്ചിയിൽ ആക്രി ഗോഡൗണിൽ വൻ തീപിടിത്തം, വീട് കത്തി നശിച്ചു

Summary

കൊച്ചിയിൽ നഗരത്തെ ആശങ്കയിലാക്കി രണ്ടിടത്ത് തീപിടിത്തം. എറണാകുളം സൗത്തിൽ ആക്രി ഗോഡൗൺ കത്തിയത് അർധരാത്രി ഒരു മണിയോടെ.തീ നിയന്ത്രണ വിധേയമാക്കിയത് നാല് മണിക്കൂറിന് ശേഷം. ഗോഡൗണിലുണ്ടായിരുന്ന 9 തൊഴിലാളികളെയും രക്ഷപ്പെടുത്തി. എന്നാൽ ആക്രി ഗോഡൗണിനോട് ചേർന്ന വീട് പൂർണമായി കത്തി നശിച്ചു മുക്കാൽ മണിക്കൂറോളം ട്രെയിൻ ഗതാഗതം നിർത്തിവച്ചു. നെടുന്പാശ്ശേരിയിൽ വിമാനത്താവളത്തിന് സമീപം ഹോട്ടലിലെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ വാഹനങ്ങൾ കത്തി.

Malayalam News Live: കൊച്ചിയിൽ ആക്രി ഗോഡൗണിൽ വൻ തീപിടിത്തം, വീട് കത്തി നശിച്ചു

09:41 AM (IST) Dec 01

1500 കോടി രൂപ കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് കൈമാറണം

ഭൂമി തരംമാറ്റ ഇനത്തിൽ സർക്കാരിന് ലഭിച്ച 1500 കോടിയിലധികം രൂപ  പൂർണമായും കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. 25 ശതമാനം തുക നാല് മാസത്തിനുള്ളിൽ മാറ്റണമെന്നും അവശേഷിക്കുന്ന 75 ശതമാനം തുക ഒരു വർഷത്തിനകം മൂന്ന് ഗഡുക്കളായി മാറ്റണമെന്നും ഉത്തരവിൽ പറയുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്

09:40 AM (IST) Dec 01

എൽപിജി വാണിജ്യ സിലിണ്ടർ വില കൂട്ടി

രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടർ വില തുടർച്ചയായ അഞ്ചാം മാസവും വ‍ർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വിലയിൽ വ‍ർധനവുണ്ടായത്. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. കേരളത്തിൽ 17 രൂപയോളം വർധനവാണ് ഇതോടെയുണ്ടാകുന്നത്. 1827 രൂപയാണ് കേരളത്തിൽ 19 കിലോ സിലിണ്ടറിൻ്റെ പുതിയ വില. ചെന്നൈയിൽ 1980.5 രൂപയായി വില വർധിച്ചിട്ടുണ്ട്.

09:39 AM (IST) Dec 01

ക്ഷേമ പെൻഷൻ തട്ടിപ്പിൽ പരിശോധന

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പിൽ സോഷ്യൽ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റിയുടെ സേവനം ഉപയോഗിക്കാൻ തീരുമാനമായി. ഗുണഭോക്താക്കളുടെ ഓരോരുത്തരുടെയും വിവരങ്ങൾ പരിശോധിക്കും. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽ നിന്നും ശേഖരിച്ച് പരിശോധിക്കും. ക്ഷേമപെൻഷൻ തട്ടിയെടുത്തതിൽ സംസ്ഥാന സർക്കാരിന് മുന്നിൽ പരാതി പ്രളയമെന്നാണ് ലഭിക്കുന്ന വിവരം. അനർഹമായ പെൻഷൻ വാങ്ങുന്നുവെന്ന നിരവധി പരാതികൾ സർക്കാരിന് മുന്നിലേക്ക് എത്തിയിട്ടുണ്ട്

09:39 AM (IST) Dec 01

രണ്ട് ഹിന്ദു സന്യാസിമാർ കൂടി കസ്റ്റഡിയിൽ

രണ്ട് ഹിന്ദു സന്യാസിമാർ കൂടി കസ്റ്റഡിയിലുണ്ടെന്ന വിവരം സ്ഥിരീകരിച്ച് ബംഗ്ലാദേശ്. ഇസ്കോൺ അംഗങ്ങളായ രുദ്ര പതി കേശവ് ദാസ്, രംഗനാഥ് ശ്യാമ സുന്ദർദാസ് എന്നിവരെ കസ്റ്റഡിയിലെടുത്തതായാണ് ബംഗ്ലാദേശ് സർക്കാർ സ്ഥിരീകരിച്ചത്. കൂടാതെ 17 പേരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്നും വ്യക്തമാക്കി. നേരത്തെ അറസ്റ്റിലായിരുന്ന ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിൻ്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്കെതിരെയാണ് നടപടിയെന്നാണ് വിശദീകരണം. അതേസമയം ഇന്ത്യയുമായുള്ള ബന്ധം മോശമായതായി ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹുസൈൻ പ്രതികരിച്ചു. ഷെയ്ഖ് ഹസീനക്ക് അഭയം നൽകിയതോടെ ബന്ധം ഉലഞ്ഞെന്നാണ് പ്രതികരണം.

09:38 AM (IST) Dec 01

കരുനാഗപ്പള്ളിയിൽ കൂടുതൽ നടപടി

വിഭാഗീയതയെ തുടർന്ന് സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ട കൊല്ലം കരുനാഗപ്പള്ളിയിൽ കൂടുതൽ നടപടികളിലേക്ക് സംസ്ഥാന നേതൃത്വം. പാർട്ടി ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെടുന്ന സാഹചര്യമുണ്ടായിട്ടും കരുനാഗപ്പളളിയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി പ്രശ്നപരിഹാരത്തിന് ശ്രമിച്ചില്ലെന്നാണ് വിമർശനം. സൂസൻ കോടിക്കൊപ്പമുളള വിഭാഗവും ജില്ലാ കമ്മിറ്റി അംഗം പി.ആർ.വസന്തനെ അനുകൂലിക്കുന്ന മറുവിഭാഗവും തമ്മിലുള്ള ചേരിപ്പോര് പാർട്ടിയെ പ്രദേശികമായി തകർക്കുന്നുവെന്നാണ് ആക്ഷേപം. സൂസൻകോടി, പി.ആർ.വസന്തൻ തുടങ്ങി കരുനാഗപ്പള്ളിയിൽ നിന്നുള്ള സംസ്ഥാന ജില്ലാ ഭാരവാഹികളെ ഈ സമ്മേളന കാലത്ത് തരംതാഴ്ത്താനാണ് സാധ്യത

09:38 AM (IST) Dec 01

ഫിൻജാൽ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞു

ഫിൻജാൽ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഇപ്പോൾ അതിതീവ്ര ന്യൂനമ‍ർദ്ദമായി മാറി. ഇന്നലെ രാത്രി പതിനൊന്നരയോടെ പൂർണമായി കരയിൽ പ്രവേശിച്ച ഫിൻജാൽ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ,  വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. ചെന്നൈയിൽ മഴക്കെടുതിയിൽ 3 പേർ മരിച്ചതായാണ് വിവരം. കാലാവസ്ഥാ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലർച്ചെ ഒരു മണിയോടെ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനത്താവളം അടച്ചത്. ചെങ്കൽപെട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് തുടരുകയാണ്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും ചെന്നൈ ഉൾപ്പെടെ 10 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.