മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസിന് നാളെ സമാപനം. തലസ്ഥാന ജില്ലയിലെ പര്യടനം ഇന്ന് രണ്ടാം ദിവസം ആണ്. അരുവിക്കര ,കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലാണ് ഇന്ന് മന്ത്രിസഭ എത്തുന്നത്. കൊട്ടിക്കലാശത്തിലേക്ക് അടുത്തതോടെ സദസ്സിനെതിരായ പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വഴിനീളെ പ്രതിഷേധവും കരിങ്കൊടിയുമായാണ് പ്രതിപക്ഷം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വരവേൽക്കുന്നത്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർത്തെ തുടർന്ന് കേസെടുത്തതിൽ പേടിച്ചുപോയെന്ന വി.ഡി.സതീശന്‍റെ പ്രതികരണത്തിന് ഇന്ന് കാട്ടാക്കടയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും. മുഖ്യമന്ത്രിയുടെ ജൽപ്പനങ്ങൾക്കുള്ള മറുപടി നാളത്തെ ഡിജിപി ഓഫീസ് മാർച്ചിൽ തരാമെന്നാണ് കെപിസിസി പ്രസിഡന്റിന്‍റെ മുന്നറിയിപ്പ്

12:26 PM (IST) Dec 22
നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ മുൻ സീനിയർ ഗവ പ്ലീഡർ പിജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങിയാൽ ജാമ്യാപേക്ഷയിൽ വൈകാതെ തീരൂമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
12:25 PM (IST) Dec 22
കായംകുളത്ത് ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് അജിമോൻ കണ്ടല്ലൂരിനെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. എഐസിസി അംഗം ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ് കേസെടുത്തത്. നവകേരള പ്രതിഷേധത്തിനിടെ ഡിവൈഎഫ് എഫ് ഐ പ്രവർത്തകരാണ് മർദിച്ചത്.
12:24 PM (IST) Dec 22
ഡിവൈഎഫ്ഐ അക്രമത്തെ തള്ളിപ്പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനുള്ളിൽ കയറിയുള്ള ഡിവൈഎഫ്ഐ അക്രമത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പൊലീസ് നോക്കിക്കോളുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള സദസിനോട് കോണ്‍ഗ്രസിന് പകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
12:24 PM (IST) Dec 22
തൃശൂർ വലപ്പാട് ക്രിമിനൽ കേസ് പ്രതി വെട്ടേറ്റ് മരിച്ചു. കയ്പമംഗലം സ്വദേശി ഹരിദാസൻ നായർ (52) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിദാസൻ നായരുടെ സുഹൃത്ത് സുരേഷിന്റെ വീട്ടിലാണ് കൊലപാതകം നടന്നത്.
12:23 PM (IST) Dec 22
മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവും പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേടായ റോഡിലെ കുഴി എണ്ണട്ടെ പൊതുപരാമത്ത് മന്ത്രിയെന്ന് സതീശൻ പറഞ്ഞു. മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായതിന്‍റെ കുഴപ്പമാണ് റിയാസിന്. മുഹമ്മദ് റിയാസ് മൂക്കാതെ പഴുത്തയാളാണ്. എന്റെ പാർട്ടിയിലെ സ്വാധീനമളക്കാൻ റിയാസ് വരേണ്ടെന്നും വിഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു. നവ കേരള സദസ്സിനോട് പ്രതിപക്ഷത്തിനല്ല, കേരളത്തിലെ ജനങ്ങൾക്കാണ് അലർജിയെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി വിഡി സതീശൻ പറഞ്ഞു.
12:23 PM (IST) Dec 22
സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ തൃശ്ശൂരില്‍ സപ്ലൈകോയുടെ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി. നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങിനെത്തിയ മേയറും എംഎൽഎയും ഉദ്ഘാടനം നിര്‍വഹിക്കാതെ മടങ്ങിപ്പോയി. ഉദ്ഘാടനത്തിന് മുമ്പ് സാധനങ്ങള്‍ എത്തുമെന്നാണ് കരുതിയിരുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. സബ്സിഡി സാധനങ്ങള്‍ ലഭിക്കുമെന്ന് കരുതി സപ്ലൈകോയിലെത്തിയ നിരവധി പേരാണ് നിരാശരായി മടങ്ങിയത്. ജോലിക്ക് പോലും പോകാതെയാണ് പലരും സാധനങ്ങള്‍ വാങ്ങാനെത്തിയത്.
12:22 PM (IST) Dec 22
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലുള്ള പ്രതി ഡോക്ടർ റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളാടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
12:22 PM (IST) Dec 22
വിധവ പെൻഷൻ കിട്ടാത്തത് ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജിയിൽ സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. സർക്കാരിന്‍റെ ഉരുക്കുമുഷ്ടിയുടെ ഇരയാണ് മറിയക്കുട്ടിയെപ്പോലുള്ളവരെന്ന് സിംഗിൾ ബെഞ്ച് വിമർശിച്ചു. ഇവരെപ്പോലുളള സാധാരണക്കാർ എങ്ങനെ ജീവിക്കുമെന്നും കോടതി ചോദിച്ചു. അതേസമയം, മറിയക്കുട്ടിയുടെ ഹർജി രാഷ്ടീയ പ്രേരിതമെന്നായിരുന്നു സർക്കാരിന്‍റെ നിലപാട്. പെൻഷൻ നൽകാൻ ആവശ്യത്തിന് പണമില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു
12:21 PM (IST) Dec 22
അയോഗ്യനായ ശേഷവും കണ്ണൂർ സർവകലാശാല മുൻ വിസി ഗോപിനാഥ് രവീന്ദ്രൻ നിയമനത്തിൽ ഇടപെട്ടെന്ന് ആരോപണം. സുപ്രീം കോടതി വിധി വന്ന ദിവസം അധ്യാപക നിയമന അഭിമുഖ പാനലിൽ നോമിനിയായി പ്രൊഫസറെ നിയോഗിച്ചത് ചട്ടവിരുദ്ധമാണെന്നാണ് പരാതി. മുൻ വിസിയുടെ കാലത്തെ എല്ലാ നിയമനങ്ങളും പുനപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചാൻസലറോട് ആവശ്യപ്പെട്ടു. പുനർനിയമനം റദ്ദായി പുറത്തുപോയശേഷമാണിപ്പോള്‍ ഡോ.ഗോപിനാഥ് രവീന്ദ്രനെതിരെ വീണ്ടും ആരോപണം ഉയരുന്നത്.സുപ്രീം കോടതി വിധി വന്ന ദിവസവും നടത്തിയ ഓൺലൈൻ അഭിമുഖത്തിലാണ് പുതിയ ആക്ഷേപം.
11:15 AM (IST) Dec 22
പത്തനംതിട്ട ഏഴംകുളത്ത് എബിവിപി പ്രവർത്തന്‍റെ വീട് അടിച്ചു തകർത്തു. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. പിന്നിൽ എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എബിവിപി നേതാക്കള്‍ ആരോപിച്ചു. എബിവിപി പ്രവര്‍ത്തകനും കോളേജ് വിദ്യാര്‍ത്ഥിയുമായ ശ്രീനാഥ് എന്ന ആളുടെ വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. ഇന്നലെ പന്തളം എൻഎസ്എസ് കോളേജിൽ നടന്ന എസ്എഫ്ഐ - എബിവിപി സംഘർഷത്തിൽ പ്രതിയാണ് ശ്രീനാഥ്. ഈ സംഘര്‍ഷത്തിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ രണ്ടോടെ ശ്രീനാഥിന്‍റെ വീടിനുനേരെ ആക്രമണം ഉണ്ടായത്.
10:14 AM (IST) Dec 22
തിരുവനന്തപുരത്ത് ടിപ്പര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍കാവിന് സമീപം വയലിക്കടയില്‍ ഇന്ന് രാവിലെയാണ് അപകടം. റോഡിലൂടെ ടിപ്പര്‍ പോകുന്നതിനിടെ ഒരാളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇയാള്‍ ടിപ്പറിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തെതുടര്‍ന്ന് ടിപ്പര്‍ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല.
09:52 AM (IST) Dec 22
തൃശ്ശൂർ കുട്ടനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ വായ്പാ ക്രമക്കേട് അറിയിച്ച ഉദ്യോഗസ്ഥനെതിരെ പ്രതികാര നടപടിയെടുത്ത് ബാങ്ക് ഭരണസമിതി. വായ്പാ ക്രമക്കേട് സംബന്ധിച്ച് 2017ൽ തന്നെ ആർബിട്രേഷൻ നോഡൽ ഓഫീസർ ബാങ്ക് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ ക്രമക്കേട് ശ്രദ്ധയിൽപെടുത്തിയ ഉദ്യോഗസ്ഥനെ സൂപ്പർമാർക്കറ്റിന്‍റെ ചുമതലയിലേക്ക് നീക്കുകയാണ് ഭരണസമിതി ചെയ്തത്. ക്രമക്കേടിനെക്കുറിച്ച് ആർബിട്രേഷൻ നോഡൽ ഓഫീസർ എം.എൻ ശശിധരന് നൽകിയ കത്തിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
09:26 AM (IST) Dec 22
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പോക്കറ്റടിക്കാരൻ പരാമർശത്തിൽ നടപടിയെടുക്കാൻ തെരഞ്ഞെുപ്പ് കമ്മീഷന് ദില്ലി ഹൈക്കോടതി നിർദ്ദേശം. രാഹുലിനെതിരെ 8 ആഴ്ചക്കുള്ളിൽ നടപടിയെടുക്കണം. പരാമർശത്തിൽ രാഹുൽ മറുപടി പറയാത്ത സാഹചര്യത്തിലാണ് നടപടിക്ക് നിർദ്ദേശം നൽകിയത്. രാഹുലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മിനി പുഷ്‌കർണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
09:25 AM (IST) Dec 22
തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചു 5 പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കോന്നി പാലം ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. തമിഴ്നാട് കൃഷ്ണഗിരി സ്വദേശികളാണ് അപകടത്തിൽ പെട്ടത്.
09:25 AM (IST) Dec 22
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കൊവിഡ് ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തു. നിലവിൽ 2606 ആണ് ആക്ടീവ് കേസുകൾ. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2997 ആണ് രാജ്യത്തെ ആക്ടീവ് കേസുകൾ. സംസ്ഥാനത്ത് ഇന്നലെ 300 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ആക്ടീവ് കേസുകൾ 2341 ആയിരുന്നു. മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു.
08:57 AM (IST) Dec 22
നവകേരള സദസ് വൻ വിജയമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അവകാശപ്പെടുമ്പോൾ പരാതി പരിഹാരത്തിന് ഒച്ചിഴയും വേഗം. കോഴിക്കോട് ലഭിച്ച പരാതികളില്‍ രണ്ട് ശതമാനത്തിന് പോലും ഇതുവരെ തീര്‍പ്പായിട്ടില്ല. നാല്‍പ്പത്തി ആറായിരത്തോളം നിവേദനങ്ങളില്‍ 733 എണ്ണം മാത്രമാണ് പരിഹരിക്കാനായത്.
08:56 AM (IST) Dec 22
ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രിയായ മലയാള ചിത്രം '2018'ന് പുറത്ത്. ചിത്രത്തിന് അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടം നേടാനായില്ല. ഏറെ പ്രതീക്ഷയോടെയാണ് ചിത്രം ഓസ്കറിനായി കാത്തിരുന്നത്. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രാമാണ് 2018. ടൊവിനൊ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, തുടങ്ങിയര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 2018. ആദ്യമായി മലയാളത്തില്‍ നിന്ന് 200 കോടി ക്ലബില്‍ എത്തുന്നതും 2018 ആണ്.
08:56 AM (IST) Dec 22
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പോക്കറ്റടിക്കാരൻ പരാമർശത്തിൽ നടപടിയെടുക്കാൻ തെരഞ്ഞെുപ്പ് കമ്മീഷന് ദില്ലി ഹൈക്കോടതി നിർദ്ദേശം. രാഹുലിനെതിരെ 8 ആഴ്ചക്കുള്ളിൽ നടപടിയെടുക്കണം. പരാമർശത്തിൽ രാഹുൽ മറുപടി പറയാത്ത സാഹചര്യത്തിലാണ് നടപടിക്ക് നിർദ്ദേശം നൽകിയത്. രാഹുലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മിനി പുഷ്‌കർണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
08:55 AM (IST) Dec 22
മുന്‍ മന്ത്രിയെ ഫേസ്ബുക്കിലൂടെ വിമർശിച്ചതിന്‍റെ പേരിൽ വിരമിച്ച ശേഷവും സർക്കാർ ഉദ്യോഗസ്ഥനെ വിടാതെ സർക്കാർ. പാലക്കാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിലെ മുൻ പേഴ്സണൽ അസിസ്റ്റൻറ് മുഹമ്മദാലിയുടെ പെൻഷൻ തുകയിൽ നിന്ന് മാസം 500 രൂപ പിടിക്കണമെന്നാണ് ഉത്തരവ്. എൻജിഒ യൂണിയൻ അംഗമായിരുന്ന ജീവനക്കാരനെതിരെയാണ് നടപടി.
08:54 AM (IST) Dec 22
ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ വീടു കയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പിന്നാലെ ആറ്റിങ്ങല്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍റെ വീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.യൂത്ത് കോണ്‍ഗ്രസുകാരുടെ വീട് കയറിയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് ആലംകോടും കരവാരം പഞ്ചായത്തിലും യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
08:31 AM (IST) Dec 22
കോൺഗ്രസ് നേതാവ് പ്രൊഫ. പി.ജെ കുര്യൻറെ ഭാര്യ സൂസൻ കുര്യൻ (80) അന്തരിച്ചു. ഇന്ന് രാവിലെ 6.37 ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്താർബുദത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
08:27 AM (IST) Dec 22
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സാക്ഷി മാലിക്കിനെ മത്സരിപ്പിക്കണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു. വരാണസിയിൽ മത്സരിപ്പിക്കണമെന്നാണ് നിർദ്ദേശം. ഇന്ത്യ സഖ്യ നേതാക്കളോടാണ് മമത ബാനർജി ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. ഇതിനിടെ, ഗുസ്തി ഫെഡറേഷനിലെ നീക്കങ്ങളിൽ സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവായി പ്രതിപക്ഷം രംഗത്തെത്തി.
08:11 AM (IST) Dec 22
ജമ്മു കശ്മീരിലെ രജൗരിയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ഇന്ന് രാവിലെ ചികിത്സയിലുണ്ടായിരുന്ന രണ്ടു സൈനികര്‍ കൂടി വീരമൃത്യു വരിച്ചു.ഇന്നലെ സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. മൂന്നുപേരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരില്‍ രണ്ടുപേരാണ് ഇന്ന് രാവിലെ വീരമൃത്യു വരിച്ചത്. അതേസമയം, രജൗരിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരർക്കായി വ്യാപക തെരച്ചിലാണ് സൈന്യം നടത്തുന്നത്. സംഭവത്തെതുടര്‍ന്ന് മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കി
06:41 AM (IST) Dec 22
ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ ചാള്‍സ് സർവകലാശാലയിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. അക്രമി നിരവധിപ്പേരെ വെടിവെച്ചു കൊല്ലുകയായിരുന്നു. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ചാള്‍സ് സര്‍വകലാശാലയിലെത്തിയ അക്രമി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണെന്ന് പൊലീസ് അറിയിച്ചു. അക്രമിയുടെ മൃതദേഹവും കണ്ടെത്തി. വെടിയുതിര്‍ത്തശേഷം ഇയാള്‍ സ്വയം ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. അക്രമിയുടെ അച്ഛനെയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അച്ഛനെ കൊന്ന ശേഷമാണ് സർവകലാശാലയിൽ വെടിവെപ്പിന് എത്തിയത് എന്ന് നിഗമനം.
06:41 AM (IST) Dec 22
ഡ്രോൺ ബുക്ക് ചെയ്യാൻ വിവരങ്ങൾ തിരക്കിയ എൻഎസ്‍യു നേതാവിനെ പൊലീസ് പിടികൂടിയ സംഭവം വിവാദത്തിൽ. ഡ്രോൺ ബുക്ക് ചെയ്യാൻ വിവരങ്ങൾ തിരക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത എൻഎസ്‍യു നേതാവ് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. ദേശീയ സെക്രട്ടറി എറിക് സ്റ്റീഫനാണ് കോടതിയെ സമീപിക്കുന്നത്. ഫോൺ വിവരങ്ങൾ അടക്കം പൊലീസ് ചോർത്തിയെന്നാരോപിച്ചാണ് ഹൈക്കോടതിയിൽ ഹർജി നൽകുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് എറിക് സ്റ്റീഫനെ വീട്ടിലെത്തി വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിലെ സ്വകര്യ കമ്പനിയിൽ ഡ്രോൺ ബുക്ക് ചെയ്തതിന്‍റെ പിന്നാലെയായിരുന്നു പൊലീസ് നടപടി. ഡ്രോൺ ബുക്ക് ചെയ്തത് പൊലീസ് അറിഞ്ഞത് ഫോൺ ചോർത്തിയിട്ടാണ് എന്നാണ് എറികിന്‍റെ ആരോപണം.
06:41 AM (IST) Dec 22
ജമ്മു കശ്മീരിലെ രജൗരിയിലെ ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികന് കൂടി വീരമൃത്യു. രജൗരിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍ തുടരുകയാണ്. ആകെ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. ഭീകരർക്കായി വ്യാപക തെരച്ചിലാണ് സൈന്യം നടത്തുന്നത്. ഇന്നലെ സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ രണ്ടു സൈനികര്‍ ആശുപത്രിയിൽ ചികിത്സയിൽ ആണ്. സംഭവത്തെതുടര്‍ന്ന് മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കി. അതിര്‍ത്തികളില്‍ ഉള്‍പ്പെടെ വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മേഖലയിലേക്ക് കൂടുതല്‍ സൈനികർ എത്തിയിട്ടുണ്ട്.