സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്നും റെഡ് അലർട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. തിരുവനന്തപുരത്ത് പുലർച്ചെ മുതൽ പലയിടത്തും ശക്തമായ മഴയാണ്. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശമുണ്ട്.

11:00 AM (IST) May 21
പെരിയാറില്‍ രാസമാലിന്യം കലര്‍ന്നതിനെതുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തുടരുന്നു. രാത്രിയിലാണ് മീനുകള്‍ ചത്തുപൊന്തുന്നത്. പെരിയാറില്‍ കൊച്ചി എടയാര്‍ വ്യവസായ മേഖലയിലാണ് മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. മത്സ്യകൃഷി ഉള്‍പ്പെടെ നടത്തിയ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.
11:00 AM (IST) May 21
സിപിഎം നേതാവ് ഇ.പി.ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെ സുധാകരൻ കുറ്റവിമുക്തൻ. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്‍റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഉത്തരവിറക്കിയത്.കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ ചുമത്തിയിരുന്നത്. കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
07:34 AM (IST) May 21
ഭാരതപ്പുഴയിൽ നീരൊഴുക്ക് വർദ്ധിച്ചതോടെ വെള്ളിയാങ്കല്ല് തടയണയുടെ അഞ്ച് ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് ക്രമീകരണത്തിനായി 50 സെൻ്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. പരമാവധി മൂന്നര മീറ്റർ സംഭരണ ശേഷിയുള്ള തടയണയിൽ 3. 15 മീറ്റർ ആണ് ഇപ്പോഴത്തെ ജലനിരപ്പ്. ചങ്ങണാംകുന്ന് റഗുലേറ്ററിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വെള്ളിയാങ്കല്ല് തടയണയുടെ കൂടുതൽ ഷട്ടറുകൾ ഉയർത്താൻ സാധ്യത ഉണ്ടെന്നും പുഴയിലിറങ്ങുന്നവരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു
07:33 AM (IST) May 21
നെടുമ്പാശേരി അവയവ കച്ചവടം. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.എറണാകുളം റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘം കേസ് അന്വേഷിക്കും
07:32 AM (IST) May 21
അവയവം ദാനം ചെയ്യാൻ ഷമീർ മൂന്നു വർഷം മുമ്പ് ശ്രമം നടത്തിയിരുന്നതായി മാതാവ് ഷാഹിന പറഞ്ഞു. മാതാപിതാക്കൾ എതിർത്തതിനാൽ വേണ്ടെന്നു വെച്ചു. ഒരു വർഷം മുമ്പ് വീട് വിട്ട് പോയ മകനെ കുറിച്ച് യാതൊരു വിവരവുമില്ല. ഷമീർ ഇറാനിൽ പോയ കാര്യം അറിയില്ല. പൊലീസ് വീട്ടിലെത്തി ഷമീറിനെ കുറിച്ച് അന്വേഷിച്ചിരുന്നതായി ഷാഹിന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
07:32 AM (IST) May 21
ഇടിച്ച വണ്ടി നിർത്താതെ പോയതിന് പിന്നാലെ അപകടത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത് സ്വകാര്യ ബസ് ജീവനക്കാർ.നെന്മാറ ഗോമതിയിലാണ് അപകടം ഉണ്ടായത്. പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്കേറ്റിരുന്നു. അപകടത്തെ തുടർന്ന് പിക്കപ്പ് വാൻ നിർത്താതെ പോയി. പരിക്കേറ്റ രണ്ടു പേരിൽ ഒരാളെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. രണ്ടാമത്തെയാളെ കൊണ്ടുപോകാൻ വാഹനം കാത്തു നിൽക്കുമ്പോഴാണ് സ്വകാര്യ ബസ് ജീവനക്കാർ തുണയായത്. ഗോവിന്ദാപുരം - തൃശൂർ റൂട്ടിലോടുന്ന ലതഗൗതം ബസിലെ ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്.