Published : Jul 01, 2023, 01:15 PM ISTUpdated : Jul 01, 2023, 01:18 PM IST

Malayalam news Live: വിദ്യയുടെ ജാമ്യാപേക്ഷ ഇന്ന് ഹോസ്ദുർ​ഗ് കോടതി പരി​ഗണിക്കും

Summary

വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ വിദ്യയുടെ ജാമ്യാപേക്ഷ ഇന്ന് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത കേസിലാണിത്. വിദ്യ ഇപ്പോൾ ഇടക്കാല ജാമ്യത്തിലാണ്. 

Malayalam news Live:  വിദ്യയുടെ ജാമ്യാപേക്ഷ ഇന്ന് ഹോസ്ദുർ​ഗ് കോടതി പരി​ഗണിക്കും

01:18 PM (IST) Jul 01

ടീസ്ത സെതൽവാദിന് തിരിച്ചടി

തീസ്ത സെതൽവാദിന്‍റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവ് നടപ്പാക്കുന്നത് 30 ദിവസത്തെക്ക് നീട്ടണമെന്ന അപേക്ഷയും അംഗീകരിച്ചില്ല.  ഉടൻ പൊലീസിന് മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ വർഷം ജൂൺ 25നാണ് തീസ്തയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 

01:18 PM (IST) Jul 01

എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം

എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം. ഹൗസ് സർജൻ ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്. വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദ്ദനം. സംഭവത്തിൽ 2 പേർ അറസ്റ്റിലായിട്ടുണ്ട്. പുലർച്ചെ 1.30 നാണ് സംഭവം നടന്നത്. മട്ടാഞ്ചേരി സ്വദേശികളായ റോഷൻ, ജോസനീൽ എന്നിവരാണ് അറസ്റ്റിലായത്. 

01:18 PM (IST) Jul 01

എഐ ക്യാമറ നിയന്ത്രിക്കുന്ന ഓഫിസിന്‍റെ ഫ്യൂസൂരി വീണ്ടും പ്രതികാരം

റോഡ് ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന മട്ടന്നൂർ ആർ ടി ഒ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. 57000 രൂപ വൈദ്യുതി ബില്ല് കുടിശ്ശിക ആയതിനെ തുടർന്ന് നടപടി. മാസങ്ങളായി വൈദ്യുത ബിൽ കുടിശ്ശിക ആയ സാഹചര്യത്തിലാണ് നടപടിയെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പല തവണ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ അതിന് മറുപടി ലഭിച്ചില്ല. തുടർന്ന് ഇന്ന് രാവിലെയാണ്  കെ എസ് ഇ ബി ഉദ്യോ​ഗസ്ഥർ ഓഫീസിലെത്തി ഫ്യൂസ് ഊരിയത്. 

01:17 PM (IST) Jul 01

പുനർജനി പദ്ധതിയിൽ വി ഡി സതീശനെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു

പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി ഇഡി. വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ഇഡിയും വിവരണശേഖരണം തുടങ്ങിയത്. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വി.ഡി സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവയും ഇ‍ഡി പരിശോധിക്കും.

01:17 PM (IST) Jul 01

റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന്റെ തോളെല്ലും മൂന്ന് വാരിയെല്ലും ഒടിഞ്ഞു

 പത്തനംതിട്ട നഗരത്തിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ​ഗുരുതര പരിക്ക്. കടയ്ക്കൽ സ്വദേശി മനോജിനാണ് പരിക്കേറ്റത്. മനോജിന്റെ മൂന്ന് വാരിയെല്ലും വലത്തെ തോളിലെ അസ്ഥിയും ഒടിഞ്ഞു. ഇയാളെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ കുഴികൾ അടയ്ക്കാനുള്ള കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. കുഴിയടയ്ക്കാൻ വാട്ടർ അതോറിറ്റി കരാറുകാരന് നൽകിയ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

01:17 PM (IST) Jul 01

ഡോ. വന്ദനദാസിന്റെ മാതാപിതാക്കൾ ഹൈക്കോടതിയിൽ

ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന് മാതാപിതാക്കൾ വിമർശിച്ചു. സുരക്ഷാവീഴ്ചകൾ പരിശോധിച്ചില്ല. സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹർജിയിൽ ഇവർ ആവശ്യപ്പെടുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ഡോ വന്ദന ദാസ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. 

01:17 PM (IST) Jul 01

ഏക സിവിൽ കോഡ്: എൻഡിഎയിലും പ്രതിഷേധം

ഏക സിവിൽ കോഡ് വിഷയത്തിൽ എൻഡിഎയിലും പ്രതിഷേധം ശക്തമാകുന്നു. നീക്കത്തെ എതിർത്ത് നാഷണൽ പീപ്പിൾസ് പാർട്ടിയും രം​ഗത്തെത്തി. ഇന്ത്യയെന്ന ആശയത്തിന് തന്നെ വിരുദ്ധമെന്ന് പാർട്ടി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറഡ് സാംഗ്മ പറഞ്ഞു. മണിപ്പൂരിലും എൻപിപി ബിജെപിയുടെ സഖ്യകക്ഷിയാണ്. 

01:16 PM (IST) Jul 01

ബാലസോർ ട്രെയിൻ അപകടം; അന്വേഷണ റിപ്പോർട്ട് പുറത്ത്

 ബാലസോർ ട്രെയിൻ അപകടത്തിലെ റെയിൽവേ സുരക്ഷ കമ്മീഷണർ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ പുറത്ത്. സിഗ്നലിംഗ്, ഓപ്പറേഷൻസ് (ട്രാഫിക് ) വിഭാഗത്തിന് വീഴ്ചയെന്ന് റിപ്പോർട്ടിലെ കണ്ടെത്തൽ. ബെഹനഗ സറ്റേഷനിലെ ഈ രണ്ടു വിഭാഗത്തിലെ ജീവനക്കാരാണ് അപകടത്തിന് ഉത്തരവാദികളെന്ന് റിപ്പോർട്ടിൽ പറയുന്നു.

01:16 PM (IST) Jul 01

കേരളത്തിൽ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം നിലനിൽക്കുന്നു

പ്ലസ് ടു കോഴക്കേസിൽ സർക്കാർ നടപടി താൻ പ്രതീക്ഷിച്ചത് തന്നെ എന്ന് കെഎം ഷാജി പോയിന്റ് ബ്ലാങ്കിൽ. തനിക്കെതിരെ
സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നത് വഴി പാഴാക്കുന്നത് പൊതുജനത്തിന്റെ പണമാണ്. തന്നെ ശാരീരികമായി ആക്രമിക്കാൻ പോലും ശ്രമമുണ്ടായേക്കാം. പിണറായിയോട് ചോദ്യങ്ങൾ ചോദിച്ചതാണ് തന്നെ ലക്ഷ്യം വയ്ക്കാൻ കാരണമെന്നും ഷാജി പോയിന്റ് ബ്ലാങ്കിൽ പറഞ്ഞു. വേട്ടയാടുന്നവർ ഭരണം മാറുമെന്ന കാര്യം മറക്കരുത്. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് നിലനിൽക്കുന്നതെന്നും ഷാജി പറഞ്ഞു. ​ഗുണം രാഷ്ട്രീയ നേതാക്കൾക്കാണ്. ജനങ്ങൾക്ക് നഷ്ടമാണെന്നും കെഎം ഷാജി കൂട്ടിച്ചേർത്തു. 

01:16 PM (IST) Jul 01

ബിരേൻസിം​ഗിന്റെ രാജി നാടകത്തിൽ അതൃപ്തി അറിയിച്ച് ബിജെപി

ബീരേൻ സിംഗിന്റെ രാജി നാടകത്തിൽ അതൃപ്തി അറിയിച്ച് ബിജെപി കേന്ദ്ര നേതൃത്വം. ബീരേൻ സിംഗ് രാജി വയ്ക്കാനുള്ള തീരുമാനം ഇല്ലായിരുന്നു എന്ന് കേന്ദ്ര നേതൃത്വം. പാർലമെൻററി ബോർഡാണ് തീരുമാനിക്കേണ്ടത് എന്നും നേതാക്കൾ എല്ലാവരും അറിഞ്ഞുള്ള നാടകമെന്ന് കോൺഗ്രസ് വിമർശിച്ചു. മണിപ്പൂരിൽ സ്കൂളുകൾക്കുള്ള അവധി ഈ മാസം എട്ടു വരെ നീട്ടി. ഒരു പ്രദേശത്തിന്റെ നിയന്ത്രണം ഒരു സേനയ്ക്കു മാത്രമാക്കി മാറ്റാൻ തീരുമാനം.