Published : Dec 16, 2024, 07:28 AM IST

Malayalam News Live : ഉസ്താദ് സാക്കിർ ഹുസൈൻ ഇനി ഓര്‍മ

Summary

ലോകപ്രശസ്തനായ തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന് വിട. ഹൃദയ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് അന്ത്യം. 73 വയസായിരുന്നു. ഉസ്താദിന്‍റെ മരണം കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചു. സാക്കിര്‍ ഹുസൈൻ ഐസിയുവിൽ ചികിത്സയിൽ തുടരുന്നതിനിടെ എല്ലാവരും അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലാണെന്നും കുടുംബാംഗങ്ങള്‍ അഭ്യർത്ഥിച്ചിരുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സാക്കിര്‍ ഹുസൈന്‍റെ മരണം കുടുംബം സ്ഥിരീകരിച്ചത്.  

Malayalam News Live :  ഉസ്താദ് സാക്കിർ ഹുസൈൻ ഇനി ഓര്‍മ

07:35 AM (IST) Dec 16

സക്കീർ ഹുസൈൻ്റെ വിയോഗം - അനുശോചിച്ച് മുഖ്യമന്ത്രി

സംസ്കാരങ്ങളും ഭാഷകളും രാജ്യാതിർത്തികളും കടന്ന് ലോകമാകെയുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയ തബല വിദ്വാനാണ് ഉസ്താദ് സക്കീർ ഹുസൈൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇന്ത്യൻ ക്ലാസിക്കൽ സംഗീത പാരമ്പര്യത്തിൽ ആഴത്തിലുള്ള ജ്ഞാനവും അപാരമായ സിദ്ധിയും സക്കീർ ഹുസൈനെ അനുപമനായ സംഗീതജ്ഞനാക്കി മാറ്റി. അതോടൊപ്പം ലോകസംഗീതവും അതിലെ സമകാലിക ഭാവുകത്വങ്ങളും തൻ്റെ കലയിൽ അദ്ദേഹം വിലയിപ്പിക്കുകയും അനുവാചകരെ നിരന്തരം വിസ്മയിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്  അഭിമാനം പകരുന്ന ഗ്രാമി ഉൾപ്പെടെയുള്ള അന്തർദ്ദേശിയ പുരസ്കാരങ്ങൾ നിരവധി തവണ അദ്ദേഹത്തെ തേടിയെത്തി. സക്കീർ ഹുസൈൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു.


More Trending News