അമൃതാനന്ദമയിയുടെ ജീവിതം സേവനത്തിനായി സമർപ്പിച്ചത്: കേന്ദ്ര മന്ത്രി ജെ പി നദ്ദ

Published : Sep 29, 2025, 03:19 PM IST
Amritavarsham 72

Synopsis

“അമൃതവർഷം 72” ഔദ്യോഗിക ഉദ്ഘാടനം കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ നിർവഹിച്ചു.

അമൃതാനന്ദമയിയുടെ 72-ാം ജന്മദിനം കൊല്ലം അമൃതപുരിയിൽ ആഘോഷിച്ചു. ഇന്ത്യയിലും വിദേശത്ത് നിന്നുമുള്ള അതിഥികൾ പങ്കെടുത്തു.

രാവിലെ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗവും സംഗീത സംവിധായകൻ ശരത്ത്, പിന്നണി ഗായിക മഞ്ജരി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഭക്തിഗാന സുധയും നടന്നു.

അമൃതാനന്ദമയിയെ ഗവർണർ രാജേന്ദ്ര അർലേക്കർ ഹാർപ്പാണം നടത്തി സ്വീകരിച്ചു. തുടർന്ന് പാദപൂജ നടന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആദിവാസിഗോത്രാംഗങ്ങൾ ചേർന്നു് 'ഒരു ലോകം, ഒരു ഹൃദയം' എന്ന സങ്കല്പത്തിലുള്ള ലോകശാന്തി പ്രാർത്ഥന നടത്തി.

“അമൃതവർഷം 72” ഔദ്യോഗിക ഉദ്ഘാടനം കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ നിർവഹിച്ചു.

അമ്മയുടെ ജീവിതം സേവനത്തിനായി മാത്രം സമർപ്പിച്ചതാണ്. അത് എല്ലാ അർത്ഥത്തിലും മാതൃകാപരമാണെന്നും ജെ പി നദ്ദ പറഞ്ഞു.

“ലോകത്തിന്റെ എല്ലാ മേഖലയിലും അമ്മയുടെ സേവനകാരുണ്യ പദ്ധതികൾ എത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയിൽ അമൃത ആശുപത്രി നടത്തുന്ന സേവനം ഏറെ മഹത്വമാണ്. വിദ്യാഭ്യാസ രംഗത്തും അമൃത ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നു. സ്ത്രീ ശാക്തീകരണ പദ്ധതിയിലൂടെ സമൂഹത്തിലെ സ്ത്രീകളുടെ ഉന്നമനമാണ് അമ്മ ലക്ഷ്യമിടുന്നത്. സുനാമിയും പ്രളയവും വന്നപ്പോഴെല്ലാം അത് തെളിയിക്കപ്പെട്ടു. അമ്മയുടെ ജന്മദിനം അതു കൊണ്ട് തന്നെ സേവന പദ്ധതികളാൽ മഹത്തരമാകുന്നു” - ജെപി നദ്ദ കൂട്ടിച്ചേർത്തു.

സാഹിത്യകാരൻ പി ആർ നാഥന് അമൃതകീർത്തി പുരസ്‌കാരവും ചടങ്ങിൽ ജെ പി നദ്ദ സമ്മാനിച്ചു. ആർട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത ഫലകവും ഒരു 1,23,456 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

“അമ്മ പകർന്ന സ്നേഹവും കരുണയും എല്ലാം തൻ്റെ മനസ്സിനെ സ്വാധീനിച്ചു. അത് കൊണ്ട് തന്നെ ഈ പുരസ്ക്കാരം അമ്മയ്ക്ക് സമർപ്പിക്കുന്നു” – പുരസ്കാരം സ്വീകരിച്ച് പി ആർ നാഥൻ പറഞ്ഞു.

“ഒരു ലോകം ഒരു ഹൃദയം” എന്ന വിഷയത്തിൽ സ്‌കൂൾ കുട്ടികൾക്കായി നടത്തുന്ന മലയാള ഉപന്യാസ മത്സരത്തിന്റെ ഉദ്ഘാടനവും 72 പ്രമുഖ വ്യക്തികൾ എഴുതിയ അനുഭവങ്ങളുടെ സമാഹാരമായ 'അമ്മക്കടൽ' എന്ന പുസ്‌തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.

കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, എൽ മുരുകൻ, ഹരിയാണയിൽ നിന്നുള്ള മന്ത്രി രാജേഷ് നാഗർ, എം പിമാരായ ശശി തരൂർ, എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാൽ, ജസ്റ്റിസ് ജയകുമാർ, മഹാ മണ്ഡലേശ്വർ സന്തോഷാനന്ദ് മഹാരാജ്, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി , സ്വാമി ഗീതാനന്ദ, സ്വാമി വിശാലാനന്ദ ഗിരി , മുൻ കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കർ, വി മുരളിധരൻ, സി ആർ മഹേഷ് എം എൽ എ, കുമ്മനം രാജശേഖരൻ, വെള്ളാപ്പളളി നടേശൻ ,തുഷാർ വെള്ളാപ്പള്ളി തുടങ്ങിവർ വിവിധ സേവന കർമ്മ പദ്ധതികളുടെ സർട്ടിഫിക്കറ്റ് വിതരണം നടത്തി.

കൊച്ചിയിലും ഫരീദാബാദിലും ഉള്ള അമൃത ആശുപത്രികളിൽ നടത്താൻ പോകുന്ന 300 സൗജന്യ ശാസ്ത്രക്രിയകളുടെ പ്രഖ്യാപനം, ISRO യുമായി സഹകരിച്ച് അമൃത ആശുപത്രി 1300 പേർക്ക് സൗജന്യ അപസ്മാരം ശസ്ത്രക്രിയ നടത്താനുള്ള ധാരണപത്രം കൈമാറൽ അമൃത യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള 'അസിസ്റ്റീവ് ടെക്നോളജി ഇൻ എജ്യൂക്കേഷൻ' എന്ന വിഭാഗത്തിന്റെ പുതിയ യുനെസ്കോ ചെയറിന്റെ പ്രഖ്യാപനം, കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ പാവപ്പെട്ടവർക്ക് 6000 ശൗചാലയങ്ങൾ നിർമ്മിച്ചു കൊടുക്കുന്നതിന്റെ പ്രഖ്യാപനം, പുതിയ ആശ്രമപ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും 17 സമൂഹ വിവാഹവും നടന്നു.

തുടർന്ന് ദർശനത്തിനെത്തിയ എല്ലാവർക്കും അമൃതാനന്ദമയി ആശ്ലേഷാനുഗ്രഹം നൽകി.

 

PREV
Read more Articles on
click me!

Recommended Stories

India H.O.G.™️ Rally 2025 – ഔദ്യോഗിക ഫ്യുവെലിങ് പാർട്ണറായി നയാര എനർജി
ലോക ഭിന്നശേഷി ദിനം – ഭിന്നശേഷി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിമാനയാത്ര സംഘടിപ്പിച്ച് ആസ്റ്റംർ മിംസ് കോട്ടയ്ക്കൽ