നാല് മാസത്തെ പോരാട്ടം വിജയം കണ്ടു; അപൂർവ രോഗം ഭേദമായി സാജിദ് തിരികെ ജീവിതത്തിലേക്ക്

Published : Sep 22, 2025, 07:04 PM IST
Rajagiri Hospital

Synopsis

ഒരു തുള്ളി വെള്ളം പോലും ഇറക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് സാജിദിനെ രാജഗിരി ആശുപത്രിയിൽ എത്തിച്ചത്.

ഗില്ലൻ ബാരി സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ച് ചലനശേഷി പൂർണ്ണമായും നഷ്ടപ്പെട്ട ലക്ഷദ്വീപ് സ്വദേശിയായ സാജിദ് മുറാദി തിരികെ ജീവിതത്തിലേക്ക്. ഒരു തുള്ളി വെള്ളം പോലും ഇറക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് സാജിദിനെ രാജഗിരി ആശുപത്രിയിൽ എത്തിച്ചത്. നാല് മാസത്തെ ചികിത്സയ്ക്ക് ഒടുവിൽ രോഗം പൂർണമായും ഭേദമായതോടെ സാജിദും, കുടുംബവും നാട്ടിലേക്ക് മടങ്ങി.

പതിവ് സമയം കഴിഞ്ഞിട്ടും ഉറക്കം ഉണരാത്തതിനെ തുടർന്നാണ് ലൈല മകൻ സാജിദിനെ വിളിച്ചത്. ക്ഷീണം തോന്നുന്നതിനാൽ കുറച്ച് കഴിഞ്ഞ് എഴുന്നേൽക്കാം എന്നായിരുന്നു മറുപടി. ക്ഷീണം പിന്നീട് കാലുകളിലെ ബലഹീനത, മരവിപ്പ് എന്നിവയിലേക്ക് എത്തി. പതിനാറുകാരനായ സാജിദിനെ ഉടൻ തന്നെ ലക്ഷദ്വീപിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടുത്തെ ഡോക്ടർമാരാണ് കൊച്ചിയിലെത്തിക്കാൻ നിർദ്ദേശിച്ചത്. കൈകാലുകൾ തളരുന്ന അവസ്ഥയിൽ ലക്ഷദ്വീപിൽ നിന്നും എയർ ആംബുലൻസ് മാർഗമാണ് കൊച്ചിയിൽ എത്തിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

രാജഗിരിയിൽ എത്തുമ്പോൾ വെന്റിലേറ്റർ സഹായത്തിൽ അത്യന്തം ഗുരുതരമായ അവസ്ഥയിലായിരുന്നു സാജിദ്. രാജഗിരിയിലെ പീഡിയാട്രിക് ഐസിയുവിൽ ഡോ. സൗമ്യ മേരി തോമസ്, പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിലെ ഡോ. ദർശൻ ജയറാം ദാസ്, ഡോ. നിഖിത റഫീഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പിന്നീടുളള ചികിത്സ. ശ്വസന പേശികളുടെ ബലക്കുറവ് മറികടക്കാൻ കൂടുതൽ കാലം വെന്റിലേറ്റർ പിന്തുണ അനിവാര്യമായിരുന്നു. ഇത് മനസ്സിലാക്കിയ ഡോക്ടർമാർ ഉടനെ ട്രക്കിയോസ്റ്റമി ചെയ്തു. പീഡിയാട്രിക് ഐസിയുവിൽ 21 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് റൂമിലേക്ക് മാറ്റിയത്. ഇതിനിടെ അഞ്ച് തവണ പ്ലാസ്മഫെറെസിസിന് വിധേയനായി.

പോർട്ടബിൾ വെന്റിലേറ്ററിന്റെ പിന്തുണയിൽ ആയതോടെ സാജിദിന് ഫിസിയോ തെറാപ്പി ആരംഭിച്ചു. ഡോ. രമ്യ മാത്യുവിന്റെ നേതൃത്വത്തിൽ ഫിസിയോതെറാപ്പിയിലൂടെ സാജിദ് ചലന ശേഷി വീണ്ടെടുത്തു. 90% ചലനശേഷി നഷ്ടപ്പെട്ട് ആശുപത്രിയിലെത്തിയ സാജിദ്, ഇന്ന് സ്വന്തമായി സംസാരിക്കാനും, നടക്കാനും, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനും സാധിക്കുന്ന നിലയിലേക്ക് എത്തി. ഐസിയുവിലെ നഴ്സുമാരുടെ അർപ്പണബോധവും, തീവ്രപരിചരണവും സാജിദിന്റെ മടങ്ങി വരവിൽ നിർണ്ണായകമായി.

ശരീരത്തിന്റെ പ്രതിരോധ സംവിധാനം നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന പ്രത്യേക രോഗാവസ്ഥയാണ് ഗില്ലിൻ ബാരെ സിൻഡ്രോം. ‍ഞരമ്പുകൾക്ക് സംഭവിക്കുന്ന ആഘാതം പേശീചലനത്തെയുൾപ്പെടെ സാരമായി ബാധിക്കും. പേശീബലം കുറയുകയും, പേശീവേദന, പനി എന്നീ ലക്ഷണങ്ങളും അനുഭവപ്പെടും. ശ്വസന പേശികളുടെ ബലക്കുറവ് വെന്റിലേറ്റർ പിന്തുണ ഏർപ്പെടുത്താൻ ഇടയാക്കാം. രോഗം കണ്ടെത്തി ഉടൻ വിഗ്ദധ ചികിത്സ ലഭ്യമാക്കിയില്ലങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗമാണിതെന്ന് പീഡിയാട്രിക് ഐസിയു വിഭാഗം മേധാവി ഡോ. സൗമ്യ മേരി തോമസ് പറഞ്ഞു.

ഒരു നാടിന്റെ പ്രാർത്ഥനയും, ഡോക്ടർമാരുടെയും നഴ്സുമാരുടെയും കൂട്ടായ പരിശ്രമവുമാണ് മകന്റെ ജീവൻ തിരികെ ലഭിക്കാൻ കാരണമെന്ന് ഉമ്മ പറഞ്ഞു. "നഷ്ടപ്പെട്ടെന്ന് കരുതിയതാ ഇവനെ...!" കിൽത്താൻ ദ്വീപിലെ കടൽത്തീരത്ത് കൂട്ടുകാർക്കൊപ്പം കളിക്കുന്ന മകനെ നോക്കി പിതാവ് ശിഹാബുദ്ദീൻ വിതുമ്പി. അവന്റെ കളിച്ചിരികൾ അവന്റെ ജീവിതം പോലെ ഒരു പുതിയ തുടക്കത്തെ അടയാളപ്പെടുത്തുന്നു.

 

PREV
Read more Articles on
click me!

Recommended Stories

India H.O.G.™️ Rally 2025 – ഔദ്യോഗിക ഫ്യുവെലിങ് പാർട്ണറായി നയാര എനർജി
ലോക ഭിന്നശേഷി ദിനം – ഭിന്നശേഷി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിമാനയാത്ര സംഘടിപ്പിച്ച് ആസ്റ്റംർ മിംസ് കോട്ടയ്ക്കൽ