ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ വാഹന പ്രേമം പ്രസിദ്ധമാണ്. നിരവധി ആഡംബര കാറുകളാല്‍ സമ്പന്നമാണ് അദ്ദേഹത്തിന്‍റെ ഗാരേജ്. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡർ കൂടിയാണ് കോലി. അതുകൊണ്ടാവണം ഔഡിയുടെ കാറുകളാണ് അവയില്‍ ഭൂരിഭാഗവും. ഔഡി ആർ‌എസ് 5, ഔഡി ആർ‌എസ് 6, ഔഡി എ 8 എൽ, ഔഡി ആർ 8 വി 10 എൽ‌എം‌എക്സ്, ഔഡി ക്യു 7 എന്നിങ്ങനെ കോലിയുടെ ഗാരേജിലെ ഓഡി കാറുകളുടെ പട്ടിക നീളുന്നു . കൂടാതെ ബെന്റ്ലി കോണ്ടിനെന്റൽ ജിടി, റേഞ്ച് റോവർ വോഗ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള മറ്റു നിരവധി ആഡംബര വാഹനങ്ങളും ഇദ്ദേഹത്തിനുണ്ട്. 

പറഞ്ഞുവരുന്നത് മറ്റൊരു കഥയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ഔഡി കാറിന്‍റെ ചിത്രങ്ങള്‍ വൈറലായി. മഴയും വെയിലുമേറ്റ് ശോചനീയാവസ്ഥയില്‍ ഒരു പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ കിടക്കുന്ന ഒരു ഔഡി ആര്‍8 ആയിരുന്നു ചിത്രത്തില്‍. 2012 മുതല്‍ 2016 വരെ കോലിയുടെ ഇഷ്‍ടവാഹനമായിരുന്നു ഈ വെളുത്ത ഔഡി ആർ 8 വി 10.  

ഈ 2012 മോഡല്‍ കാറിനോടുള്ള കോലിയുടെ താല്‍പര്യം ക്രിക്കറ്റ് - വാഹന പ്രേമികള്‍ക്കിടയിലും ചര്‍ച്ചയായിരുന്നു അക്കാലത്ത്. പലപ്പോഴും ഇതില്‍ നഗരം ചുറ്റുന്ന കോലി ഒരുകാലത്ത് പതിവുകാഴ്ചയായിരുന്നു. 2013ല്‍ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിനൊപ്പം ദില്ലിയിലെ റോഡുകളിൽ കോലി ഈ കാര്‍ ഓടിക്കുന്നതിന്റെ ഒരു വീഡിയോയും അന്ന് പ്രചരിച്ചിരുന്നു. 

ഈ കാറാണ് ഇപ്പോള്‍ മുംബൈയിലെ ഒരു പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ദയനീയാവസ്ഥയില്‍ കിടക്കുന്നത്. കാറിനെ ഈ ഗതികേടിലേക്ക് നയിച്ച കഥ ഇങ്ങനെ. 2016 ൽ കോലി തന്റെ കാറിനെ ഒരു ബ്രോക്കർ വഴി വിറ്റു. സാഗർ താക്കർ എന്നയാള്‍ തന്‍റെ കാമുകിക്കുള്ള സമ്മാനമായി ഈ കാര്‍ വാങ്ങി. 

പക്ഷേ ഒരു സാമ്പത്തിക ക്രമക്കേട് കേസില്‍ താക്കര്‍ മുംബൈ പൊലീസിന്‍റെ പിടിയിലായി. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽ പോയതോടെ വാഹനം പൊലീസ് പൊക്കി. അതോടെ കാറിന്‍റെ കഷ്‍ടകാലവും തുടങ്ങി. അനാഥപ്രേതമായി ഈ കിടപ്പ് തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. ഇടക്കാലത്തുണ്ടായ വെള്ളപ്പൊക്കത്തിനും പാവം കാര്‍ ഇരയായി. മുംബൈ നഗരത്തെ മുക്കിയ വെള്ളപ്പൊക്കത്തില്‍ പൊലീസ് സ്റ്റേഷന്‍ വളപ്പിലും വെള്ളം കയറി. അപ്പോള്‍ ദിവസങ്ങളോളം സ്റ്റേഷന്‍ വളപ്പില്‍ ഒഴുകി നടക്കുകയായിരുന്നു കാര്‍ എന്നാണ് കഥകള്‍.

ഇനി ഉപയോഗിക്കാനാകുമോ എന്ന് പറയാൻ സാധിക്കാത്ത വിധം കാര്‍ നശിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഔഡി ആര്‍8 പോലെ, രണ്ടരക്കോടി രൂപയോളം നിലവില്‍ വിപണി വിലയുള്ള ഒരു കാർ ഇങ്ങനെ അവശിഷ്ടങ്ങളിൽ കിടക്കുന്നത് ഏതൊരു വാഹനപ്രേമിയുടെ ചങ്കുപൊട്ടിക്കുന്ന കാഴ്‍ചയാണ്. 

കാറിനെ ഈ ഗതികേടില്‍ നിന്നും രക്ഷിക്കണമെന്നും സാധ്യമെങ്കിൽ അത് റീ സ്റ്റോര്‍ ചെയ്യണമെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ ഭൂരിഭാഗം വാഹന പ്രേമികളുടെയും ആവശ്യം. ഇന്ത്യയിലുടനീളം പൊലീസ് സ്റ്റേഷനുകളിൽ ധാരാളം സ്പോർട്‍സ് കാറുകളും സൂപ്പര്‍ കാറുകളുമൊക്കെ ഇങ്ങനെ അനാഥമായി കിടപ്പുണ്ടെന്നും വാഹനപ്രേമികള്‍ പറയുന്നു. ഇങ്ങനെ ദ്രവിച്ചു തീര്‍ക്കുന്നതിനു പകരം അവ ലേലം ചെയ്യുകയാണെങ്കില്‍ ഇത്തരം വാഹനങ്ങളെ സ്‍നേഹിക്കുന്ന സാദാവാഹന പ്രേമികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഈ ആഡംബര കാറുകള്‍ സ്വന്തമാക്കാമെന്നും സര്‍ക്കാരിന് ഇതിലൂടെ നല്ലൊരു വരുമാനം ലഭിക്കുമെന്നുമൊക്കെ പലരും അഭിപ്രായപ്പെടുന്നുണ്ട്. 

എന്തായാലും ഭാര്യ അനുഷ്‍ക ശര്‍മ്മയെയും വിരാട് കോലിയെയും കൊണ്ട് പുത്തന്‍ റേഞ്ച് റോവര്‍ വോഗും മറ്റുമുള്ള വണ്ടികള്‍ ഈ പൊലീസ് സ്റ്റേഷനു മുന്നിലൂടെ കടന്നു പോകുമ്പോഴൊക്കെ നരക ജീവിതം തള്ളിനീക്കി മരണത്തിലേക്ക് ഇഴയുന്ന ഈ പാവം ഔഡി ആര്‍8 ഇങ്ങനെ പിറുപിറുക്കുന്നുണ്ടാകും: "ഇന്നു ഞാന്‍ നാളെ നീ...!"